ഗസ്സയിലെ പട്ടങ്ങളെയും ഇസ്രായേൽ ഭയക്കുന്നു
text_fieldsഗസ്സയിൽനിന്ന് പട്ടങ്ങൾ പറത്തുന്നത് ഹമാസാണെന്ന് ആരോപിച്ച ഇസ്രായേൽ സൈന്യം, ആ ‘മാരകായുധ’ത്തിനെതിരെയും അത് പ്രവർത്തിപ്പിക്കുന്നവർക്കെതിരെയും സൈനികനടപടി സ്വീകരിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. ‘‘നെതന്യാഹുവിന് തൃപ്തിയേകാൻ, ട്രംപിന് തൃപ്തിയേകാൻ, കാറ്റ്‌സിന് തൃപ്തിയേകാൻ... ഞങ്ങൾ ഇഷ്ടപ്പെടുന്ന ചെറുകാര്യങ്ങൾപോലും ഞങ്ങളിൽനിന്ന് തട്ടിയെടുക്കാനാണ് അവർ ആഗ്രഹിക്കുന്നത്’’- കണ്ണീരോടെ ഇതു പറഞ്ഞ് സ്വന്തം കടലാസുപട്ടം കീറിയെറിയുന്ന ഒരു ഫലസ്തീൻ ബാലന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ കാണാം. ഗസ്സ മുനമ്പിൽനിന്ന് പട്ടങ്ങൾ പറത്തുന്ന ആർക്കെതിരെയും കടുത്ത നടപടി സ്വീകരിക്കാൻ ഇസ്രായേൽ സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സും ആഗസ്റ്റ് 23 ഞായറാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിഡിയോ പുറത്തുവന്നത്. വ്യോമാക്രമണങ്ങൾ, ഉന്നമിട്ടുള്ള വധം, ജനവാസമേഖലകൾ ഒഴിപ്പിക്കൽ തുടങ്ങിയ നടപടികളാണ് ഇതിൽ ഉൾപ്പെടുന്നത്.
‘‘ഈ മാരകായുധത്തിനെതിരെ സാധ്യമായതെല്ലാം ചെയ്യാനും അവ പ്രവർത്തിപ്പിക്കുന്നവരെ വധിക്കാനും, അത് വിക്ഷേപിച്ച സ്ഥലം ആക്രമിക്കാനും-ഗസ്സ അതിർത്തിപ്രദേശങ്ങളിലെയും മറ്റിടങ്ങളിലെയും നമ്മുടെ പൗരരെ സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യാനുമാണ് പ്രതിരോധവിഭാഗത്തിനും ഐ.ഡി.എഫിനും ഞാൻ നൽകിയിരിക്കുന്ന നിർദേശം’’ എന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.
വാരാന്ത്യത്തിൽ ഗസ്സ മുനമ്പിന് സമീപമുള്ള ഇസ്രായേലി മേഖലയായ നഹൽ ഓസിന് മുകളിലൂടെ നാല് പട്ടങ്ങൾ പറന്നതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. അവയിൽ ‘‘സംശയാസ്പദമായ’’ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പൊതുജനങ്ങൾക്ക് അവ യാതൊരുവിധ അപകടവും ഉണ്ടാക്കിയിട്ടില്ലെന്നും സൈന്യം തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ, മുൻവർഷങ്ങളിൽ തെക്കൻ ഇസ്രായേലിന് ഭീഷണിയായതായി പറയപ്പെടുന്ന തീപിടിപ്പിക്കുന്ന പട്ടങ്ങൾ, ബലൂണുകൾ, ഡ്രോണുകൾ എന്നിവയുമായി ഇതിനെ ബന്ധപ്പെടുത്തിക്കൊണ്ട്, പട്ടങ്ങൾ പറത്തുന്നത് ഹമാസാണെന്ന് ഇസ്രായേൽ സൈന്യം കുറ്റപ്പെടുത്തി. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം ഇസ്രായേൽ യുദ്ധവിമാനങ്ങൾ അസ്സവായ്ദ പട്ടണത്തിലെ ഒരു വെയർഹൗസിലും മധ്യഗസ്സയിലെ സലാഹുദ്ധീൻ സ്ട്രീറ്റിലെ മറ്റ് രണ്ട് സ്ഥലങ്ങളിലും ആക്രമണം നടത്തി. നാല് വയസ്സുള്ള ഒരു കുഞ്ഞുൾപ്പെടെ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആഗസ്റ്റ് 24-ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിലും വെടിവെപ്പുകളിലും രണ്ട് കുട്ടികൾ ഉൾപ്പെടെ കുറഞ്ഞത് ഏഴ് ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യു.എസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടവുമായി മുന്നോട്ട് പോകുന്നതിനായി ഗസ്സയിലെ ആക്രമണങ്ങൾ കുറക്കണമെന്ന് യു.എസ് പ്രതിനിധി ജാരെഡ് കുഷ്‌നർ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് ഒരാഴ്ചക്ക് ശേഷമാണ് പട്ടങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളും തുടർന്നുള്ള ആക്രമണങ്ങളും ഉണ്ടായത്. പട്ടങ്ങളെക്കുറിച്ചുള്ള ഇസ്രായേലിന്റെ ആരോപണങ്ങൾ നിഷേധിച്ച ഹമാസ്, അവ അഭയാർഥി ക്യാമ്പുകളിലെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ മാത്രമാണെന്ന് വ്യക്തമാക്കി.
ഇസ്രായേലിന്റെ ഭീഷണികൾ ‘‘കെട്ടിച്ചമച്ച ഒഴികഴിവുകളെ അടിസ്ഥാനമാക്കിയുള്ളതാണ്’’ എന്നും ഗസ്സയിലെ കുട്ടികൾ ഉൾപ്പെടെയുള്ള ഫലസ്തീൻ ജനതക്കെതിരെയുള്ള ‘‘ആക്രമണങ്ങളും നിയമലംഘനങ്ങളും തുടരുന്നതിനെ ന്യായീകരിക്കാനുള്ള ശ്രമമാണിത്’’ എന്നും ഹമാസ് വക്താവ് ഹസീം ഖാസിം ചൂണ്ടിക്കാട്ടുന്നു.
ഫലസ്തീനികൾക്കെതിരായ ‘‘അനിയന്ത്രിതമായ ആക്രമണം’’ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് ട്രംപ് ഭരണകൂടത്തോടും വെടിനിർത്തൽ കരാറിന്റെ മധ്യസ്ഥരോടും ബോർഡ് ഓഫ് പീസിനോടും ഖാസിം ആവശ്യപ്പെട്ടു.
‘‘ഫലസ്തീൻ പക്ഷം പൂർണമായും പ്രതിജ്ഞാബദ്ധമായിരുന്ന’’ വെടിനിർത്തൽ കരാറിനെ തകർക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഗസ്സയിൽനിന്നുള്ള പട്ടംപറത്തലുകൾ തടയാൻ യു.എസ് പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസിന് അന്ത്യശാസനം നൽകിയ ഇസ്രായേൽ സർക്കാർ അല്ലാത്തപക്ഷം യുദ്ധക്കെടുതി അനുഭവിക്കുന്ന പ്രദേശത്തിന്മേലുള്ള ആക്രമണം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി.
‘‘ഏതൊരു കുട്ടിക്കും നിർമിക്കാൻ കഴിയുന്ന ഒന്നിനെ നേരിടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്’’ എന്ന് ബി.ഒ.പിയിലെ അജ്ഞാത ഉദ്യോഗസ്ഥർ പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും സമിതി ഇസ്രായേലിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയെന്നാണ് വിവരം.
നിലവിലുള്ള സംവിധാനം വഴി ‘‘പട്ടങ്ങൾ പറത്തുന്നത് ഉൾപ്പെടെയുള്ള എല്ലാ ഭീകരപ്രവർത്തനങ്ങളും അവസാനിപ്പിക്കാൻ’’ ഹമാസിനോട് ആവശ്യപ്പെട്ടതായി ബി.ഒ.പി അംഗം അറിയിച്ചെന്ന് ഇസ്രായേലി ടിവി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

