ആത്മപരിശോധനയില്ലാതെ ഇസ്‍ലാമോഫോബിയ പ്രതിരോധിക്കാനാവില്ല
text_fields2022 മാർച്ച് 15-ന് ഐക്യരാഷ്ട്രസഭ രാജ്യാന്തര ഇസ്‍ലാമോഫോബിയ വിരുദ്ധ ദിനമായി (International Day to Combat Islamophobia) പ്രഖ്യാപിച്ചപ്പോൾ, അത് കഴിഞ്ഞകാലത്തെ അനീതികളെ ഓർമിപ്പിക്കുന്നതോടൊപ്പം, ഭാവിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായിരുന്നു. 2023 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യകൾക്കെതിരായി അമേരിക്കയിലെയും യൂറോപ്പിലെയും യുവസമൂഹത്തിൽ വളരുന്ന ഐക്യദാർഢ്യ പ്രസ്ഥാനങ്ങൾ, ഇസ്‍ലാമോഫോബിയക്കെതിരായ മുന്നേറ്റത്തിന്റെകൂടി തെളിവുകളാണ്. എന്നാൽ അതേ രാജ്യങ്ങളിൽത്തന്നെ ഭരണകൂടങ്ങൾ പലപ്പോഴും, യാതൊരു മറയുമില്ലാതെ ഇസ്‍ലാമോഫോബിയയുടെ വാഹകരായി മാറുന്നു.
അമേരിക്കൻ ഭരണകൂട പ്രതിനിധിയായ മാർക്ക് റൂബിയോ ജർമനിയിലെ മ്യൂണിച്ചിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 14-നു നടന്ന ആനുവൽ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ നടത്തിയ പ്രസംഗം വരാനിരിക്കുന്ന സാമ്രാജ്യത്വ അധിനിവേശത്തിന്റെ തുറന്നുപറച്ചിലായിരുന്നു. ലോകത്ത് സാമ്രാജ്യത്വ അധിനിവേശങ്ങളും കൊളോണിയൽ ആധിപത്യവും തിരിച്ചുകൊണ്ടുവരാൻ യൂറോപ്പും അമേരിക്കയും ചേർന്നു ശ്രമിക്കണമെന്ന ആശയം അദ്ദേഹം പരസ്യമായി ഉയർത്തിയിരുന്നു. മുസ്‌ലിം വിരുദ്ധ വംശീയതയാണ് ഇസ്‌ലാമോഫോബിയ. അതാവട്ടെ നിരപേക്ഷമെന്നു തോന്നിപ്പിക്കുന്ന നിരവധി കോഡുകളിലൂടെയാണ് പ്രവർത്തിക്കുന്നത്.
ലോകജനസംഖ്യയിൽ കുടിയേറ്റക്കാർ ഏകദേശം 3.5 ശതമാനം മാത്രമാണെങ്കിലും, അവർ യൂറോ-അമേരിക്കൻ ആധിപത്യത്തിനുള്ള “യഥാർഥ ഭീഷണി” ആണെന്ന തരത്തിലുള്ള പ്രചാരണം വ്യാപകമായി നടക്കുന്നു. കുടിയേറ്റ വിരുദ്ധതയുടെ മറവിൽ മുസ്‍ലിം കുടിയേറ്റക്കാരെ ആക്രമിക്കുകയും അപമാനിക്കുകയും തടവിലിടുകയും ഇസ്‍ലാമോഫോബിയ വളർത്തുകയും ചെയ്യുന്നത് യൂറോ-അമേരിക്കൻ ജനതകളെ യുദ്ധത്തിനും വംശഹത്യക്കും തയ്യാറാക്കുന്നതിന്റെ ഭാഗമാണ്.
വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങൾ
ഇന്ത്യൻ സാഹചര്യവും ഇതിൽനിന്നു വ്യത്യസ്തമല്ല. 2024-മായി താരതമ്യം ചെയ്യുമ്പോൾ 2025-ൽ വിദ്വേഷ പ്രസ്താവനകളിൽ ഗണ്യമായ വർധനവുണ്ടായതായി ‘ഇന്ത്യാ ഹേറ്റ് ലാബ്’ അടക്കം പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിലും യാതൊരു നിയന്ത്രണവുമില്ലാതെ വിദ്വേഷ ഭാഷ പ്രചരിക്കുന്നു. 2024 ഏപ്രിൽ മുതൽ അടുത്തകാലം വരെ, വെള്ളാപ്പള്ളി നടേശൻ നടത്തിയത് അറുപതിലധികം ഇസ്‌ലാമോഫോബിക് വിദ്വേഷ പ്രസ്താവനകളാണ്.
കേരളത്തിൽ, ഹേറ്റ് സ്പീച്ച് അഥവാ വിദ്വേഷപ്രസ്താവനകൾ ഒരു സാമൂഹിക പ്രശ്നമായിത്തീർന്നിരിക്കുന്നു. ഇതിനെതിരെ നിയമനിർമാണം നടത്താൻ കർണാടക സർക്കാർ തയ്യാറായതുപോലെ കേരളവും തയ്യാറാവണം. പത്തുവർഷമായുള്ള എൽ.ഡി.എഫ് ഭരണത്തിൽ വിദ്വേഷ പ്രചാരണങ്ങൾ പുതിയ ഘട്ടത്തിലെത്തിയിരിക്കുന്നു. വിദ്വേഷ പ്രചാരകരെ വിലക്കുന്നതിനു പകരം, പരാതിക്കാരെത്തന്നെ പൊലീസ് വേട്ടയാടുന്ന അനുഭവമാണുള്ളതെന്ന് കൊടുങ്ങല്ലൂരിലെ സാമൂഹിക പ്രവർത്തകൻ വിപിൻദാസിന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.
ഇടതുപക്ഷ ഇസ്‍ലാമോഫോബിയ
മുസ്‍ലിംകളെക്കുറിച്ചുള്ള വ്യാജങ്ങളും വിദ്വേഷങ്ങളും വ്യാപിപ്പിക്കുന്നതിൽ ഭരണകക്ഷിയായ സി.പി.എമ്മിന്റെ ചില നിലപാടുകളും ഇടപെടലുകളും വലിയ ആശങ്ക സൃഷ്ടിക്കുന്നു. ജമാഅത്തെ ഇസ്‍ലാമിയുമായി യാതൊരു ബന്ധവുമില്ലാത്ത സംഭവങ്ങളിൽപ്പോലും, കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 75 തവണ സി.പി.എം അത്തരം ബന്ധം ആരോപിച്ചു പ്രചാരണം നടത്തിയതായാണ് ഈ ലേഖകൻ നടത്തിയ പരിശോധനയിൽ കണ്ടത്. ചിന്തകരും എഴുത്തുകാരുമായ സച്ചിദാനന്ദനും സണ്ണി എം. കപിക്കാടിനും പിന്നിൽ മാത്രമല്ല, മണ്ണാർക്കാട്ടെ പാർട്ടി വിമതൻ പി.കെ. ശശിക്കു പിന്നിൽ വരെ ജമാഅത്തെ ഇസ്‌ലാമിയാണെന്ന പ്രൊപഗണ്ടയാണ് സി.പി.എം അണികളും നേതൃത്വവും കഴിഞ്ഞ ഫെബ്രുവരി മാസം പ്രചരിപ്പിച്ചത്.
ഇതുവരെ ജമാഅത്തെ ഇസ്‍ലാമിയെ ‘മതരാഷ്ട്രവാദി’കളാ ക്കിയവർ ഇപ്പോൾ ലീഗിനും അതേ വിശേഷണം ചാർത്തി നൽകുകയാണ്. മുസ്‌ലിംകളിൽ ഒരു വിഭാഗത്തെ വേട്ടയാടാൻ വികസിപ്പിക്കുന്ന നിരപേക്ഷമെന്നു തോന്നിപ്പിക്കുന്ന കോഡഡ് പദാവലികൾ എല്ലാ മുസ്‌ലിംകളെയും വേട്ടയാടാൻ ഉപയോഗിക്കപ്പെടുന്നത് പുതിയ പ്രവണതയല്ല. തീവ്രവാദം, ഭീകരത തുടങ്ങിയ പദാവലികൾ മൊത്തം മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും പര്യായപദമാക്കിയതിന്റെ ചരിത്രപരിണാമങ്ങൾ ഇസ്‌ലാമോഫോബിയ പഠന വിദഗ്ധർ തെളിവുസഹിതം വിശദീകരിച്ചതാണ്.
വർത്തമാനത്തിന്റെ ഭാവി
പ്രതീക്ഷ നൽകുന്ന ചില മാറ്റങ്ങളും കേരളത്തിലുണ്ട്. ഭരണകക്ഷികളിൽനിന്നു വ്യത്യസ്തമായി, ഇടതുപക്ഷ സ്വഭാവമുള്ള നിരവധി സിവിൽ സൊസൈറ്റി സംഘടനകളും വിവിധ ദലിത്-ബഹുജന പ്രസ്ഥാനങ്ങളും ചില ക്രൈസ്തവ മതമേലധ്യക്ഷന്മാരും ഇസ്‍ലാമോഫോബിയക്കെതിരെ നിലപാടു സ്വീകരിക്കുന്നുണ്ട്.
2022-ൽ രൂപവത്കരിച്ച 'കേരള നെറ്റ്‌വർക്ക് എഗൈൻസ്റ്റ് ഇസ്‌ലാമോഫോബിയ', ഈ വിഷയത്തിൽ നൂറ്റമ്പതോളം ലേഖനങ്ങളും ശ്രദ്ധേയമായ പുസ്തകങ്ങളും നിരവധി പൊതുപരിപാടികളും കഴിഞ്ഞ നാലുവർഷമായി നടത്തിയിട്ടുണ്ട്. നിരവധി പുസ്തകങ്ങളും കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഈ വിഷയത്തിൽ പുറത്തിറങ്ങി. ഈ അഞ്ചാം വർഷം ‘ഇസ്‍ലാമോഫോബിയ വാച്ച്’ എന്ന വെബ്സൈറ്റും (https://islamophobiawatch.org/) ‘ദി അദർ പെർസ്പെക്ടീവ്’ എന്ന യൂട്യൂബ് ചാനലും (https://www.youtube.com/@the.topmedia) ആരംഭിക്കുകയാണ്.
ഈ പോരാട്ടത്തിൽ മുസ്‍ലിം സംഘടനകളുടെ പങ്ക് നിർണായകമാണ്. പലപ്പോഴും കക്ഷിരാഷ്ട്രീയ താൽപര്യങ്ങൾക്കു വഴങ്ങി, 'ഗുഡ് മുസ്‍ലിം / ബാഡ് മുസ്‌ലിം' എന്ന ബൈനറിയെ തൃപ്തിപ്പെടുത്തുന്ന ദുർബലമായ നിലപാടുകൾ സ്വീകരിക്കുന്ന ചില മുസ്‍ലിം നേതൃത്വങ്ങളെങ്കിലുമുണ്ടെന്നത് ദുഃഖകരമാണ്. അതേസമയം, അതിനെ ചോദ്യം ചെയ്യുന്ന ശക്തമായ ഇടപെടലുകൾ, വിശേഷിച്ച് മുസ്‍ലിം യുവജനങ്ങളുടെ സാംസ്കാരികമായ ചെറുത്തുനില്പ് സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വികസിക്കുന്നുമുണ്ട്.
ഇസ്‍ലാമോഫോബിയക്കെതിരായ പോരാട്ടത്തിൽ ഹിന്ദുത്വവിരുദ്ധരായ എല്ലാ സാമൂഹിക-രാഷ്ട്രീയ വിഭാഗങ്ങളും ഒരുമിച്ചുനിൽക്കേണ്ടതുണ്ട്. അതിനാദ്യമായി, നമ്മുടെ പുരോഗമന/മതേതര ശീലങ്ങളിലും പ്രവർത്തനങ്ങളിലും ചിന്തകളിലും ഭാഷകളിലും പ്രയോഗങ്ങളിലും നയപരിപാടികളിലും ഒളിഞ്ഞിരിക്കുന്ന ഇസ്‍ലാമോഫോബിക് പ്രവണതകൾ സൂക്ഷ്മമായിത്തന്നെ വിമർശന വിധേയമാക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

