Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശിരോവസ്ത്രമാണോ ക്രമസമാധാന പ്രശ്നം?
cancel
camera_alt

കടപ്പാട്: raw pixel

Homechevron_rightOpinionchevron_rightArticleschevron_rightശിരോവസ്ത്രമാണോ...

ശിരോവസ്ത്രമാണോ ക്രമസമാധാന പ്രശ്നം?

text_fields
bookmark_border
വിദ്യാഭ്യാസവും ജോലിയും നേടുന്നതിനുള്ള നിബന്ധനയായി ഒരു സ്ത്രീയുടെ ശിരോവസ്ത്രം അഴിപ്പിക്കുന്നതും ആൾക്കൂട്ടം പരസ്യമായി അപമാനിക്കുന്നതും ഭരണഘടനയുടെ മാത്രമല്ല, സാമാന്യമര്യാദകളുടെതന്നെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു നിയമവിദഗ്ധയായ ലേഖിക

സ്കൂളുകളുടെയും കോളജുകളുടെയും കവാടത്തിൽവെച്ച് പരസ്യമായി വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ഹിജാബും ബുർഖയുമഴിപ്പിക്കുന്ന കാഴ്ച രാജ്യം അവിശ്വസനീയതയോടെയാണ് ടിവിയിൽ കണ്ടത്. വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന നടത്തുമ്പോൾപോലും പ്രത്യേകമായ മറവെച്ച് സ്ത്രീകളുടെ സ്വകാര്യതയെയും അന്തസ്സിനെയും മാനിക്കുന്ന രാജ്യത്ത് വിദ്യാഭ്യാസവും ജോലിയും നിലനിർത്തുന്നതിന് ഇത്തരം അപമാനത്തിന് വിധേയരാവുക എന്നത് അസഹ്യമായി തോന്നി. മഹാഭാരതത്തിലെ ദ്രൗപദിയുടെ ദുരവസ്ഥയാണ് ആർക്കും പൊടുന്നനെ ഓർമ വരുക. സംരക്ഷിക്കാൻ നിയമപരമായും ധാർമികമായും ബാധ്യതയുള്ളവർതന്നെ അവരെ നിരാശപ്പെടുത്തുന്ന അവസ്ഥ. സഭയിലേക്ക് വലിച്ചിഴക്കപ്പെട്ട ദ്രൗപദി അവിടെയിരിക്കുന്ന മുതിർന്നവരോട് ചോദിക്കുന്നുണ്ട്- ഇതാണോ ധർമം? അവളുടെ ചോദ്യത്തിന് മൗനമായിരുന്നു മറുപടി. അതേ ശക്തിഹീനമായ നിശ്ശബ്ദതയാണ് ഇന്ന് നമുക്ക് ചുറ്റും.

ഗോവധം ആരോപിച്ച് രാജ്യത്തുടനീളം ജനങ്ങളെ തല്ലിക്കൊന്ന ആൾക്കൂട്ട കാവൽസേനകളെപ്പോലെ കർണാടകത്തിലെ സ്‌കൂളുകളിലും കോളജുകളിലും ശിരോവസ്ത്രം ധരിച്ചെത്തുന്ന സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്യുന്ന കാവി ധരിച്ച ആൾക്കൂട്ടക്കാവൽ സംഘങ്ങളെക്കുറിച്ച് വാർത്ത വന്നപ്പോൾ നമ്മളതിനെ സാമാന്യവത്കരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം അശ്ലീലങ്ങളെ അവഗണിച്ചാൽ താനേ ശമിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, ഈ സ്വയം പ്രഖ്യാപിത കാവി സദാചാര പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുപകരം ഹിജാബ് ധരിക്കുന്നത് നിരോധിക്കുക എന്ന അഭൂതപൂർവവും ഏകപക്ഷീയവുമായ നടപടിയാണ് കർണാടക സർക്കാർ കൈക്കൊണ്ടത്.

ആരാണ് ക്രമസമാധാനത്തിന് തടസ്സം?

ഇതൊരു ക്രമസമാധാന വിഷയമാണെന്ന് സർക്കാർ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടും സർക്കാറും സർക്കാറിതരും ചേർന്ന് മുസ്‍ലിം സ്ത്രീകൾക്കു നേരെ കൈയേറ്റം നടത്തവെ അതേക്കുറിച്ച് ചർച്ചചെയ്യാതെ സ്ത്രീ ശാക്തീകരണ സംവാദവുമായി മാധ്യമങ്ങളും ഒപ്പം ചേർന്നു. വിരോധാഭാസമെന്നു പറയട്ടെ, ഹിജാബ് ധരിച്ച മുസ്‍ലിം വിദ്യാർഥികൾക്കെതിരെ തെരുവിലിറങ്ങിയ കാവി ആൾക്കൂട്ടം, കുറച്ചു വർഷം മുമ്പ് ചെറിയ വസ്ത്രം ധരിക്കുന്നതും പബുകളിൽ പോകുന്നതും ഇന്ത്യൻ സംസ്കാരത്തിന്റെ ലംഘനമാണെന്ന് പറഞ്ഞ് സ്ത്രീകളെ ആക്രമിച്ചവരാണ്.


ഇതെല്ലാം സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയോ കോളജിലെ യൂനിഫോം പാലിക്കുന്നതിനോ ആയിരുന്നെങ്കിൽ,ഹിജാബ് നിരോധിക്കുന്നതിൽ പരിമിതപ്പെടുത്തരുതായിരുന്നു. മറിച്ച്, എല്ലാ വിദ്യാർഥികളും ധരിക്കുന്ന പൊട്ടും സിന്ദൂരവും മംഗളസൂത്രവും ഉൾപ്പെടെയുള്ള എല്ലാ സ്വത്വചിഹ്നങ്ങളിലേക്കും ഇത് വ്യാപിക്കണമായിരുന്നു. ശാക്തീകരണം എന്ന ലക്ഷ്യം മാത്രമായിരുന്നെങ്കിൽ സംസ്ഥാന സർക്കാറിന്റെ തീരുമാനം ഇത്തരമൊരു ലക്ഷ്യത്തിനെതിരെ പരീക്ഷിക്കാമായിരുന്നു. എന്നാൽ, സർക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യം ക്രമസമാധാനമായതിനാൽ, തെരഞ്ഞെടുക്കാൻ ഭരണഘടന നൽകുന്ന സ്വാതന്ത്ര്യം വെട്ടിക്കുറക്കാൻ ഭരണകൂടത്തിന് സാധിക്കുമോ എന്ന് കോടതികൾ പരിശോധിക്കണം. ക്രമസമാധാനം നിലനിർത്താൻ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും വസ്ത്രധാരണ തെരഞ്ഞെടുപ്പാണോ അതോ ആൾക്കൂട്ടക്കാവൽ സംഘങ്ങളെയാണോ നിയന്ത്രിക്കേണ്ടത്?

മറ്റുള്ളവരുടെ തെരഞ്ഞെടുപ്പുകളെ മാനിക്കുക

ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വലുതോ ചെറുതോ, ന്യൂനപക്ഷമോ ഭൂരിപക്ഷമോ, സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ നമുക്ക് (ഇന്ത്യയിലെ ജനങ്ങൾക്ക്) ചിന്താ സ്വാതന്ത്ര്യം, ആവിഷ്‌കാരം, വിശ്വാസം, ആരാധന എന്നിവക്കുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. നമ്മൾ എന്ത് ധരിക്കുന്നു എന്നത് നമ്മുടെ പേരോ നമ്മൾ കഴിക്കുന്നതോ സംസാരിക്കുന്ന ഭാഷയോപോലെ തന്നെ നമ്മുടെ ഐഡന്റിറ്റിയുടെ ഭാഗമാണ്.

തഹ്സീൻ പൂനാവാല vs യൂനിയൻ ഓഫ് ഇന്ത്യ (2018) കേസിൽ സാഹോദര്യത്തിന്റെ സാരാംശം സുപ്രീംകോടതി വിശദീകരിച്ചിരുന്നു. 'നാനാത്വത്തിൽ ഏകത്വം' എന്നതിന്റെ സവിശേഷത പൗരരിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും തിരഞ്ഞെടുപ്പുകളെയും മാനിക്കുന്ന ഒരു സംസ്കാരം വളർത്തിയെടുക്കുന്നു എന്നതാണ്. അത് ബഹുസ്വരതയുടെ സ്വീകാര്യതയുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുകയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും ബോധം പകർന്ന് സഹിഷ്ണുതയെ പരിപോഷിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കോടതി പറഞ്ഞത്.

ആൾക്കൂട്ടക്കാവൽ ഏത് ആവശ്യത്തിനായാലും എന്തു കാരണംകൊണ്ടായാലും ഭരണകൂടത്തിന്റെ നിയമപരമായ സ്ഥാപനങ്ങളെ തുരങ്കംവെക്കുന്നുവെന്നും അത് അരാജകത്വവും നിയമരാഹിത്യവുമായി പടരാതിരിക്കാനും പകർച്ചവ്യാധിപോലെ വ്യാപിച്ച് രാജ്യത്തെ നശിപ്പിക്കാതിരിക്കാനും നിയമസംരക്ഷണത്തിന്റെ മറവിൽ നടത്തുന്ന ഇത്തരം നിയമവിരുദ്ധ ശ്രമങ്ങൾ മുളയിലേ നുള്ളണമെന്നും അതേ വിധിയിൽതന്നെ കോടതി പറഞ്ഞിട്ടുണ്ട്. മതേതരവും ബഹുസ്വരവും ബഹു സാംസ്കാരികവുമായ സാമൂഹികക്രമം വളർത്തിയെടുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. അതുവഴി ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വതന്ത്രമായ ചലനവും വിഭിന്ന കാഴ്ചപ്പാടുകളുടെ സഹവർത്തിത്വവും സാധ്യമാക്കും.


ആൾക്കൂട്ട ജാഗ്രതാസംഘങ്ങളെ നിയന്ത്രിക്കുന്നതിന് സർക്കാറുകൾ പിന്തുടരേണ്ട വിവിധ പ്രതിരോധ പരിഹാരങ്ങളും ശിക്ഷാനടപടികളും സുപ്രീംകോടതി ശിപാർശ ചെയ്തിരുന്നു.

ഭൂരിപക്ഷ മതവാദത്തെ പ്രീണിപ്പിക്കും വിധം ഹിജാബ് മുസ്‍ലിം വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് കോടതിയിൽ വാദം നിരത്തിയ കർണാടക സർക്കാർ ഭരണഘടനാനുസൃതമായി പ്രവർത്തിക്കാനുള്ള കഴിവുകേടാണ് പ്രകടമാക്കിയത്. വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും അല്ലെങ്കിലും ആൾക്കൂട്ടം ഒരു സ്ത്രീയുടെ ശിരോവസ്ത്രം അഴിച്ചുമാറ്റുന്നതും നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്നതുമെല്ലാം സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിനും നിയമവാഴ്ച നിലനിർത്തുന്നതിനുമുള്ള നമ്മുടെ ഭരണഘടനയുടെ കൽപനക്ക് വിരുദ്ധമാണ്.

ഇതേക്കുറിച്ച് പറയാൻ ആരും ഭരണഘടനാ വിദഗ്ധരൊന്നും ആവേണ്ടതില്ല. വിദ്യാഭ്യാസം നേടുന്നതിനുള്ള നിബന്ധനയായി ഒരു സ്ത്രീയുടെ ശിരോവസ്ത്രം അഴിപ്പിക്കുന്നതും ആൾക്കൂട്ടം പരസ്യമായി അപമാനിക്കുന്നതും ശരിയായ കാര്യമല്ലെന്ന് സാമാന്യബോധമുള്ള ഏതൊരു സാധാരണക്കാർക്കുമറിയാം. ഒരു പെൺകുട്ടി സ്വയം ശാക്തീകരിക്കാൻ ശ്രമിക്കുന്നതുകണ്ട് ചകിതരാവുന്നത് അത്യന്തം അസ്വസ്ഥമായ സമൂഹം മാത്രമായിരിക്കും. നമ്മുടെ രാഷ്ട്രീയത്തിലും സമൂഹത്തിലും സാമാന്യ മര്യാദ പുനഃസ്ഥാപിക്കാൻ ദൈവിക ഇടപെടൽ വേണ്ടിവന്നേക്കില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.

(ഡൽഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകയാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hijab banHijab Row
News Summary - Is the hijab a law and order issue?
Next Story