കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമോ?
text_fieldsലോക ഭിന്നശേഷി ദിനാചരണം ഡിസംബർ മൂന്നിന് കടന്നുവരുന്നു. ഭിന്നശേഷി സമൂഹത്തെ സംബന്ധിച്ച് സർക്കാർതലത്തിൽ പല പ്രചാരണങ്ങൾ നടത്തുമ്പോഴും, നമ്മുടെ സംസ്ഥാനം ഭിന്നശേഷി സൗഹൃദമാണെന്ന് അധികാരികൾ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും സമൂഹത്തിൽ ഏറ്റവും പരിഗണന അർഹിക്കുന്ന തീവ്ര ഭിന്നശേഷി സമൂഹത്തിന്‍റെ നിലവിലെ അവസ്ഥ യാഥാർL ബോധത്തോടെ വിലയിരുത്തുമ്പോൾ ഭിന്നശേഷിദിനം ആചരിക്കുന്ന ഈ വേളയിൽ യഥാർത്ഥ വസ്തുതകൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്.
ഭിന്നശേഷി സമൂഹത്തിന് മറ്റ് അവശവിഭാഗത്തിന്‍റെ പരിഗണന പോലുമില്ലേ?
സമൂഹത്തിലെ അവശതയനുഭവിക്കുന്ന വിധവകൾ, പ്രായമായവർ ഉൾപ്പെടെയുള്ളവർക്ക് സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നു. ഇപ്പോൾ പ്രതിമാസം 2000 രൂപയായി വർധിപ്പിച്ച ഈ പെൻഷൻ തന്നെയാണ് ഏറ്റവും അവശത അനുഭവിക്കുന്ന, തൊഴിലുറപ്പ്, വീട്ടുജോലികൾ പോലെയുള്ള ജോലികൾ പോലും ചെയ്യാൻ കഴിയാത്ത, തീവ്ര ഭിന്നശേഷിക്കാർക്കും നൽകുന്നത്. ഭിന്നശേഷിക്കാരല്ലാത്ത മറ്റ് അവശവിഭാഗങ്ങൾക്ക് മേൽ സൂചിപ്പിച്ച തൊഴിലുകൾ ചെയ്യാൻ കഴിയുമ്പോഴും അവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും ലഭിക്കുന്നു. എന്നാൽ ഏറ്റവും അവശത അനുഭവിക്കുന്ന, ജോലിചെയ്യാൻ പോലും കഴിയാത്ത ഭിന്നശേഷിക്കാർക്ക് മേൽ സൂചിപ്പിച്ച പെൻഷൻ മാത്രം. ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ RPWD ആക്ട് 2016 ലെ അധ്യായം 5 സെക്ഷൻ 24 (1) പ്രകാരം മറ്റ് അവശവിഭാഗങ്ങൾക്ക് നൽകുന്ന ആനുകൂല്യത്തേക്കാൾ ചുരുങ്ങിയത് 25 എങ്കിലും ആനുകൂല്യങ്ങൾ ഭിന്നശേഷിക്കാർക്ക് വർധിപ്പിച്ച് നൽകണമെന്ന് അനുശാസിക്കുന്നുണ്ട്. ഭിന്നശേഷി സമൂഹത്തിന് ആനുകൂല്യങ്ങൾ നൽകുന്നതിന് മാത്രമായി പ്രത്യേക ഡിസെബിലിറ്റി ഫണ്ട് സർക്കാരുകൾ രൂപീകരിക്കണമെന്ന് ആക്ടിൽ വ്യവസ്ഥ ചെയ്യുന്നു. വസ്തുതകളെല്ലാം ഇപ്രകാരമായിരിക്കെ, ഭിന്നശേഷി പെൻഷൻ പ്രത്യേക പെൻഷനായി വർധിപ്പിക്കാൻ നിർവാഹമില്ലെന്ന് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ഉൾപ്പെടെയുള്ള ഭിന്നശേഷി സംഘടനകൾക്ക് സർക്കാർ പലതവണ രേഖാമൂലം എഴുതി നൽകിയിരിക്കുന്നു.
കെ.എഫ്.ബി ഉൾപ്പെടെയുള്ള ഈ സംഘടനകൾ നിരന്തരം നിവേദനം നൽകുകയും സമരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തതിന്‍റെ അനന്തരഫലമായാണ് ഇത്തരത്തിലുള്ള സമീപനം സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കെ.എഫ്.ബി, ബഹുമാനപ്പെട്ട ഹൈകോടതിയിൽ ഭിന്നശേഷി പെൻഷൻ ആക്ടിന്‍റെ അടിസ്ഥാനത്തിൽ കുറഞ്ഞത് 25 എങ്കിലും വർധിപ്പിക്കണമെന്നും വാർധക്യകാല പെൻഷൻ നൽകുന്നതുപോലെ, മക്കളുടെയോ ആശ്രിതരുടെയോ വരുമാനം നോക്കാതെ ഭിന്നശേഷിക്കാരുടെ വ്യകതിഗത വരുമാനം പരിഗണിച്ച് പെൻഷൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞാഴ്ച റിട്ട് ഫയൽ ചെയ്തതും പെറ്റീഷൻ നൽകിയതുമാണ്. കേസ് പരിഗണിച്ച ഹൈകോടതി പ്രാഥമികവാദം കേൾക്കവെ, ഭിന്നശേഷിക്കാർക്ക് നിയമപ്രകാരം പ്രത്യേകപെൻഷനായി വർധിപ്പിക്കേണ്ടതല്ലേ എന്ന് സർക്കാരിനോട് ആരായുകയും ചെയ്തിട്ടുള്ളതാണ്. സർക്കാരിന്‍റെ മറുപടി ഡിസംബർ 16ന് സമർപ്പിക്കാൻ വേണ്ടി കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രപ്രദേശ്, ഗോവ, ഹരിയാന, മഹാരാഷ്ട്ര, തെലങ്കാന, ഒറീസ, പുതുച്ചേരി പോലെയുള്ള സംസ്ഥാനങ്ങളിൽ ഭിന്നശേഷി പെൻഷൻ വർധിച്ച നിരക്കിലാണ് എന്നുള്ളത് ഇവിടെ എടുത്തുപറയേണ്ടതാണ്. ഈ സംസ്ഥാനങ്ങളിൽ വർധിച്ച തോതിൽ നൽകുന്ന ഭിന്നശേഷി പെൻഷനുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പ് ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ പാർലമെന്‍റ് അംഗീകരിച്ച് രാഷ്ട്രപതി ഒപ്പുവെച്ച നിയമം നടപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ട സർക്കാരുകൾ, അത് നിർവഹിക്കാത്ത സാഹചര്യത്തിലാണ് സമൂഹത്തിലെ ഏറ്റവും അവശതയനുഭവിക്കുന്ന ഈ വിഭാഗം അവർക്ക് ലഭിക്കേണ്ട പരിമിതമായ സഹായം നേടിയെടുക്കുന്നതിന് തെരുവീഥികളിൽ സമരം നടത്തുന്നതിനും നീതിപീഠങ്ങളിൽ കയറിയിറങ്ങുന്നതിനും നിർബന്ധരായത്.
രക്ഷിതാക്കളുടെ ദൈനംദിന പരിചരണം ആവശ്യമുള്ള തീവ്ര ഭിന്നശേഷിക്കാർക്ക്, രക്ഷിതാവിന്‍റെ സാന്നിധ്യം വീട്ടിൽ അനിവാര്യമാണ്. ഇതുമൂലം രക്ഷിതാക്കൾക്ക് ജോലിക്ക് പോലും പോകാൻ കഴിയാതെ വരുന്നു. ഈ രക്ഷിതാക്കൾക്ക് നൽകുന്ന ആശ്വാസകിരണം കേവലം 600 രൂപ മാത്രം. അതും 2018 മാർച്ച് വരെ അപേക്ഷിച്ച് അവർക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. 2025 ഒക്ടോബർ 30ന് സർക്കാർ പല ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ആരോഗ്യമുള്ളവർക്ക് പോലും ആയിരം രൂപ പ്രതിമാസം നൽകുമെന്ന് ഉത്തരവിട്ടെങ്കിലും സമൂഹത്തിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന തീവ്ര ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കും കിടപ്പുരോഗികശുടെ ആശ്രിതർക്കും നൽകുന്ന 600 രൂപയിൽ ഒരു പൈസ പോലും വർദ്ധിപ്പിച്ചു നൽകാത്തത് കേരളീയസമൂഹം ലജ്ജയോടെയാണ് നോക്കിക്കാണുന്നത്. സ്വന്തം മകനോ മകൾക്കോ ജോലി ചെയ്യാനോ ദിനചര്യകൾ നിർവ്വഹിക്കാനോ സാധിക്കാത്തതിനാൽ രക്ഷിതാക്കളുടെ സാന്നിധ്യം അനിവാര്യമായതുകൊണ്ടും മക്കളെ പരിചരിക്കേണ്ടതുള്ളതുകൊണ്ടും ജോലിക്ക് പോകാൻ കഴിയാതെ, മൂന്നുനേരത്തെ ആഹാരത്തിനുള്ള വക കണ്ടെത്താൻ കഴിയാതെ, ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് പ്രതിമാസം കേവലം 600 രൂപ ഏതെങ്കിലും ഘട്ടങ്ങളിൽ നൽകിയതുകൊണ്ട് എന്ത് കാര്യം? ഈ വിഷയത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പ്രതിമാസം 6000 രൂപയെങ്കിലും നൽകിയാൽ മാത്രമേ ഇവരുടെ പരിമിതമായ നിത്യവൃത്തി നിർവഹിക്കുവാൻ സാധിക്കുകയുള്ളൂ.
തൊഴിൽസംവരണം നടപ്പാക്കുന്നതിലും അട്ടിമറിശ്രമം
നമ്മുടെ സംസ്ഥാനത്ത് ഭിന്നശേഷി മേഖലയിലുള്ള തൊഴിൽസംവരണം നടപ്പാക്കുന്നത് തന്നെ കെ.എഫ്.ബിയുടെ നിയമപോരാട്ടത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണ്. അവസരസമത്വവും തുല്യപങ്കാളിത്തവും പ്രദാനം ചെയ്യുന്ന, 1995ൽ ഇന്ത്യൻ പാർലമെന്‍റ് അംഗീകരിച്ച ഭിന്നശേഷി സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്ക് മൂന്ന് ശതമാനം തൊഴിൽസംവരണം നൽകണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാൽ ഈ നിയമത്തിന്‍റെ തുടർനടപടിയായി സംസ്ഥാന സർക്കാർ തൊഴിൽസംവരണം നടപ്പാക്കുന്നതിനാവശ്യമായ ഉത്തരവ് നൽകുകയും ഓരോവിഭാഗം ഭിന്നശേഷിക്കാർക്കും അനുയോജ്യമായ തൊഴിൽ തിരിച്ചറിഞ്ഞ്, തൊഴിൽസംവരണം നടപ്പാക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും ഈ ഉത്തരവ് പ്രാവർത്തികമാക്കിയത് ഭാഗികമായി മാത്രം. 2016ൽ ഇന്ത്യൻ പാർലമെന്‍റ് അംഗീകരിച്ച ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽസംവരണം നാലുശതമാനം ഉയർത്തുകയും എയ്ഡഡ് മേഖലയിലും ഈ സംവരണം നടപ്പാക്കാൻ നിയമം അനുശാസിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എയ്ഡഡ് മാനേജ്മെന്‍റുകൾ ഈ നിയമം ലംഘിച്ചുകൊണ്ട് ഭിന്നശേഷി സംവരണം പാലിക്കാതെ നിയമനങ്ങൾ തുടർന്നുകൊണ്ടിരുന്ന സാഹചര്യത്തിലാണ് 18.11.2018 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചിട്ടും മാനേജ്മെന്‍റുകൾ അത് പാലിച്ചില്ലെന്നു മാത്രമല്ല, ഈ ഉത്തരവ് കോടതിയിൽ ചോദ്യംചെയ്ത് സംവരണം പാലിക്കാതെ മുന്നോട്ടുപോകാനുള്ള വഴികൾ തേടുകയാണ് ചെയ്തത്. ചില മാനേജ്മെന്‍റുകൾ 18.11.2018 ലെ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ഹരജി 1806/ 2019, 2800/ 2019 എന്നീ കേസുകൾ ഫയൽ ചെയ്തു. കേരള ഹൈകോടതി ഈ കേസുകൾ മാനേജ്മെന്‍റുകൾക്ക് എതിരായി വിധിക്കുകയും ഭിന്നശേഷി സംവരണം പാലിക്കുവാൻ ഉത്തരവിറക്കുകയും ചെയ്തു. ഈ വിധിക്കെതിരായി ഫയൽ ചെയ്ത അപ്പീലുകൾ ഡിവിഷൻ വെഞ്ചും സുപ്രീംകോടതിയും തള്ളി.
തുടർന്നും മാനേജ്മെന്‍റുകൾ ഭിന്നശേഷി സംവരണം നടപ്പാക്കണം എന്ന ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും കർശന നിർദേശം ചോദ്യം ചെയ്തുകൊണ്ട് നിയമവ്യവഹാരങ്ങൾ തുടരുകയാണ് ചെയ്തത്. ഇന്ത്യൻ പാർലമെന്‍റ് സമൂഹത്തിൽ ഏറ്റവും അവശത അനുഭവിക്കുന്ന ഭിന്നശേഷി സമൂഹത്തിന് തൊഴിൽസംവരണം നാല് ശതമാനം നൽകണമെന്ന് 2016 ൽ തന്നെ ഞജണഉ ആക്ടിന്‍റെ അടിസ്ഥാനത്തിൽ നിയമമാക്കുകയും അത് കേന്ദ്രസംസ്ഥാന സർക്കാരുകൾ നടപ്പിലാക്കേണ്ടതാണ് എന്ന് നിർദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. ഈ നിയമം കാറ്റിൽ പറത്തിയാണ് ഭിന്നശേഷി തൊഴിൽസംവരണം അട്ടിമറിക്കാൻ എയ്ഡഡ് മാനേജ്മെന്‍റുകൾ പലതരത്തിലുള്ള രാഷ്ട്രീയ സമ്മർദ്ദവും കുൽസിതമാർഗങ്ങളും സ്വീകരിക്കുന്നത്. സംവരണം നടപ്പാക്കുന്നതിന്‍റെ മാർഗ്ഗരേഖയായി സംസ്ഥാനജില്ലഉപജില്ലാ തലങ്ങളിലെ ബന്ധപ്പെട്ട ഓഫീസ് മേലാധികാരികളുടെ (DGE, DDE, DEO, AEO) നേതൃത്വത്തിൽ സമിതി രൂപീകരിക്കുകയും തൊഴിൽസംവരണം നടപ്പിലാക്കേണ്ട വിദ്യാലയങ്ങളിലെ ഒഴിവുകൾ ശേഖരിച്ച് സമയബന്ധിതമായി നിയമനം നടത്തുകയും ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുള്ളത്. ഈ നിർദ്ദേശം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി അതത് ഓഫീസർമാർ 15 ദിവസത്തിനകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും നിയമനം സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ ഇക്കാര്യം ഇഴഞ്ഞു നീങ്ങുകയാണ്.
സർക്കാർ ചെലവിൽ വ്യാജ സർട്ടിഫിക്കറ്റോ!
ഭിന്നശേഷി മേഖലയിലെ തൊഴിൽസംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന നിയമപോരാട്ടങ്ങൾക്ക് കേരള ഹൈക്കോടതിയുടെയും ഭാരതത്തിന്‍റെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയുടെയും നീതിയുകതമായ വിധിന്യായങ്ങൾ നടപ്പിലാക്കാൻ സർക്കാർ നിർബന്ധിതമായപ്പോൾ, എയ്ഡഡ് വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും മാനേജ്മെന്‍റുകൾക്ക് അതിൽനിന്ന് തലയൂരാൻ നിവൃത്തിയില്ലാത്ത സാഹചര്യം വന്നതിനാൽ, പരമാവധി കോടതി നിയമവ്യവഹാരങ്ങളിലൂടെയും സർക്കാർതലത്തിലുള്ള സ്വാധീനത്തിലൂടെയും നിയമനം എങ്ങനെയെങ്കിലും വൈകിപ്പിക്കാമോ എന്ന് നോക്കുകയായിരുന്നു ഒരുവശത്ത്. മറുവശത്താകട്ടെ, സർക്കാർ ഉടമസ്ഥതയിലുള്ള താലൂക്ക് ആശുപത്രികളിലെ ഡോക്ടർമാർ, ഭിന്നശേഷിക്കാരല്ലാത്തവർക്ക്, പണം കൊടുത്താൽ എത്രശതമാനം ഭിന്നശേഷി സർട്ടിഫിക്കറ്റ് വേണമെങ്കിലും നൽകാൻ തയ്യാറായ സാഹചര്യവും. ഇത്തരത്തിൽ ഭിന്നശേഷിക്കാരല്ലാത്തവർക്ക് സർക്കാർ ശമ്പളം പറ്റുന്ന, സർക്കാർ ആശുപത്രികളിലെ തന്നെ ഡോക്ടർമാരും സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നവരുടെ അടുത്തുള്ള ആശുപത്രികളിൽ ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകുന്നതിന് ലക്ഷങ്ങൾ ആവശ്യപ്പെട്ട് വ്യാജ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിക്കൊടുക്കുന്ന വൻ മാഫിയ സംഘവും ചേർന്ന് പണം കൊയ്യുന്നു.
കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, കൊയിലാണ്ടി മേഖലകളിൽ ഇത്തരത്തിലുള്ള മാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നതായും നൂറുകണക്കിന് പേർക്ക് ലക്ഷങ്ങൾ വാങ്ങി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതായും അപ്രകാരം ഭിന്നശേഷിക്കാരല്ലാത്തവരെ ഭിന്നശേഷിക്കാരാക്കി ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതായും ഈ പ്രദേശങ്ങളിലെ പൗരാവകാശ സന്നദ്ധ പ്രവർത്തകർ കണ്ടെത്തുകയും തെളിവുസഹിതം വാർത്താമാധ്യമങ്ങൾക്ക് നൽകി മാധ്യമങ്ങൾ അത് വളരെ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. കണ്ണടയില്ലാതെ പോലും പുസ്തകം വായിച്ചു കൊടുക്കുകയും ബോർഡിൽ എഴുതുകയും ചെയ്യുന്ന ടീച്ചർക്ക് 80 ശതമാനം കാഴ്ചയില്ലെന്ന സർട്ടിഫിക്കറ്റ്. ഡ്രൈവിങ് ലൈസൻസും ഈ ടീച്ചർ നേടിയിട്ടുണ്ട്. കാലിന് ശേഷിയില്ലാത്ത വ്യകതി ബൈക്കോടിച്ച് ഓഫീസിൽ പോകുന്ന സർക്കാർ ഉദ്യോഗസ്ഥൻ. ഇത്തരത്തിൽ നിരവധി ദൃശ്യങ്ങൾ വാർത്താമാധ്യമങ്ങൾ പുറത്തുവിട്ടിട്ടും ഇവരുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ഈ വിഷയത്തിൽ അന്വേഷണം നടത്തി അനർഹമായി ജോലി നേടിയവരിൽനിന്ന് തുക തിരിച്ചുപിടിച്ച് ഇത്തരം കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഡിജിപി ഉൾപ്പെടെയുള്ള ഉന്നതർക്ക് നിവേദനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. മനുഷ്യക്കടത്തുപോലെ, ആട് തേക്ക് മാഞ്ചിയം തട്ടിപ്പ് പോലെ, കിഡ്നി മോഷണം പോലെ അത്യന്തം ഗൗരവമുള്ള ഈ മാഫിയക്കെതിരെ ശകതമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നതിൽ ആശ്ചര്യവും ആതിയായ ആശങ്കയുമുണ്ട്. ഈ വിഷയം ഉന്നയിച്ച് ഏറ്റവും ഒടുവിൽ നവംബർ 22 ശനിയാഴ്ച കുറ്റ്യാടി മേഖലയിൽ വിവിധ സംഘടനകളെ അണിനിരത്തി കെ.എഫ്.ബിയുടെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ മാർച്ചും ധർണയും നടത്തിയതും ഈ സമരത്തിന്‍റെ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനായ സി.ആർ നീലകണ്ഠൻ നിർവഹിച്ചതും ഈ സമരം സംസ്ഥാനതലം വരെ വ്യാപിപ്പിക്കാനുള്ള പ്രഖ്യാപനം ഉണ്ടായതും ഇവിടെ രേഖപ്പെടുത്തുന്നു.
കാഴ്ചയില്ലാത്തവർക്ക് സ്വയംതൊഴിൽ ചെയ്യാൻ പോലും സംരക്ഷണമില്ലേ?
സ്ഥിരജോലി ലഭിക്കുവാൻ സാഹചര്യമില്ലാത്ത ഭിന്നശേഷിക്കാർ പലപ്പോഴും ലോട്ടറി കച്ചവടം പോലെയുള്ള ജോലി ചെയ്യാൻ നിർബന്ധരാകുന്നു. പ്രത്യേകിച്ച്, കാഴ്ചയില്ലാത്ത ലോട്ടറി കച്ചവടക്കാർ ദുരിതവും യാതനയും അനുഭവിക്കുന്ന വാർത്തകൾ മാധ്യമങ്ങളിൽ നിരന്തരം റിപ്പോർട്ട് ചെയ്തിട്ടുണ്ട് തങ്ങളുടെ വെല്ലുവിളികളെ അതിജീവിച്ച് ലോട്ടറി കച്ചവടം ചെയ്യുമ്പോൾ സാമൂഹ്യവിരുദ്ധർ അവരുടെ ബാഗും ടിക്കറ്റും പിടിച്ചുപറിച്ച് കടന്നുകളയുന്ന സംഭവങ്ങൾ ധാരാളം. പരാതി കൊടുക്കുമ്പോൾ മാത്രം പ്രത്യേകമായ ഒരു അന്വേഷണം നടത്തുക എന്നതിലുപരിയായി ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാതിരിക്കുന്നതിന്, ശാശ്വതമായ പരിഹാരം കാണുന്നതിന്, സ്ഥായിയായ ഒരു നടപടിയുമില്ല. ഭിന്നശേഷിമേഖലയിൽ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, സാമൂഹ്യനീതി വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയ വകുപ്പുകൾ ധാരാളം ഫണ്ടുകൾ ചെലവഴിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച് കാഴ്ചയില്ലാത്ത ലോട്ടറി കച്ചവടം പോലെയുള്ള സ്വയംതൊഴിൽ കണ്ടെത്തുന്ന വ്യകതികൾക്ക് പ്രയാസം കൂടാതെ തൊഴിൽ ചെയ്യുന്നതിന് സഹായിക്കുന്ന ഒരു സഹായ സാങ്കേതിക ഉപകരണം പോലും ഇതുവരെ ലഭ്യമായിട്ടില്ല. പൊതുവേ നൽകുന്ന ചെറിയ സഹായം ലഭിക്കുന്നതിനുപോലും നൂലാമാലകളും കടമ്പകളും ഏറെ. ഈ വിഷയങ്ങളെല്ലാം സർക്കാരിനെയും ബന്ധപ്പെട്ട വകുപ്പുകളെയും നിരന്തരം അറിയിക്കുകയും അവർക്കാവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുകയും ചെയ്തിട്ടും അധികൃതർക്ക് ഒരു അനക്കവുമില്ല.
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലും അവഗണന
കാഴ്ചയില്ലായ്മ ഉൾപ്പെടെയുള്ള, പലതരത്തിലുള്ള ഭിന്നശേഷി അവസ്ഥയിൽ കുട്ടികൾ ജനിച്ചാൽ ആദ്യഘട്ടമായി രക്ഷിതാക്കൾ ചികിഝയിലൂടെ ആ അവസ്ഥ മാറ്റാൻ കഴിയുമോ എന്ന് നിരന്തരം ശ്രമിക്കുകയും അത് പരാജയപ്പെട്ടാൽ മാത്രം അവരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ വിദ്യാഭ്യാസം നൽകുകയും ചെയ്യേണ്ടിവരുന്നു. തങ്ങളുടെ പരിമിതികളെ അതിജീവിച്ച് ചലനാത്മകമായ മറ്റു ശേഷികൾ പ്രയോജനപ്പെടുത്തി പ്രത്യേക വിദ്യാലയങ്ങളിലും പൊതുവിദ്യാലയങ്ങളിലും കോളേജിലും ഒക്കെ വിദ്യ അഭ്യസിക്കുന്ന ഇത്തരം കുട്ടികളുടെ ആനുകൂല്യങ്ങൾ പോലും, ശാരീരിക മാനസിക പരിമിതികളൊന്നുമില്ലാത്ത, സാമൂഹ്യമായി മാത്രം പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ പകുതി പോലും ഇല്ലെന്ന വസ്തുത കേട്ടാൽ ഞെട്ടും. ഫിഷറീസ് സ്കൂൾ, സ്പോർട്സ് സ്കൂൾ പോലെയുള്ള വിദ്യാലയങ്ങളിൽ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികളുടെ പ്രതിമാസ അലവൻസ് 3500 രൂപ നിരക്കിൽ നൽകുന്നു. കാഴ്ച, കേൾവി പരിമിതി ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലെ മെസ് അലവൻസാകട്ടെ പ്രതിമാസം 1500 രൂപ മാത്രം. താരതമ്യേന അവശത കുറഞ്ഞ വിദ്യാർഥികളുടെ മെസ് അലവൻസിനേക്കാൾ പകുതിയിലും കുറവ്. 2015ലെ ഉത്തരവനുസരിച്ചാണ് ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക വിദ്യാലയങ്ങളിൽ പ്രതിമാസം 1500 രൂപ അവലവൻസായി നൽകുന്നത്. ഭിന്നശേഷിക്കാരായ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള മറ്റ് ആനുകൂല്യങ്ങളിലും കാലോചിതമായ ഒരു വർദ്ധനവുമില്ല.
ഒരു ലോക ഭിന്നശേഷി ദിനം കൂടി കടന്നുവന്ന ഈ സാഹചര്യത്തിൽ എങ്ങനെ നമ്മുടെ സംസ്ഥാനത്തെ ഒരു ഭിന്നശേഷി സൗഹൃദ സംസ്ഥാനം ആക്കാം എന്ന ചോദ്യങ്ങൾക്ക് ഇവിടെ രേഖപ്പെടുത്തിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലൂടെ യഥാർത്ഥ ഭിന്നശേഷി സൗഹൃദ സംസ്ഥാനം രൂപം കൊള്ളും. പ്രശ്നപരിഹാരത്തിനായി കെ.എഫ്.ബി പോലെ ഭിന്നശേഷിമേഖലയിൽ പ്രവർത്തിക്കുന്ന ബഹുജന സംഘടനകളുമായി തുറന്ന ചർച്ച നടത്തേണ്ടതുണ്ട്. പൊതുസമൂഹത്തിൽ ഭിന്നശേഷിക്കാരും അവരുടെ ആശ്രിതരുമായി ഏകദേശം 15 ലക്ഷം പേർ ഉണ്ട് എന്നത് അധികാരികളും രാഷ്ട്രീയ പാർട്ടികളും ഓർക്കണം. ഭിന്നശേഷി സമൂഹത്തോട് ചേർന്ന് നിൽക്കുന്ന, അവരുടെ ദുരിതം നേരിൽ കാണുന്ന, മനുഷ്യസ്നേഹികളായ ഒരു വലിയ സമൂഹം വേറെയും. ഈ ഡിസംബർ മൂന്നിനെങ്കിലും നമ്മുടെ സർക്കാർ കേരളത്തെ യഥാർത്ഥ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുമെന്ന് മേൽ സൂചിപ്പിച്ച ?ഗൗരവതരമായ വസ്തുതകൾ വിലയിരുത്തി ഇനിയെങ്കിലും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം.
പോയിന്‍റ്സ്
1.ഒരു ലോക ഭിന്നശേഷി ദിനം കൂടി ആചരിക്കുമ്പോൾ കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന സർക്കാർ തലത്തിലുള്ള പ്രഖ്യാപനത്തിന്‍റെ വസ്തുത യാഥാർഥ്യവുമായി എങ്ങനെ പൊരുത്തപ്പെടും?
2. ഏറ്റവും അവശരായ ഭിന്നശേഷിക്കാർക്ക് മറ്റ് അവശരുടെ പരിഗണന പോലും നൽകുന്നില്ല.
3. ഭിന്നശേഷി അവകാശം അനുശാസിക്കുന്ന പെൻഷൻ പോലുമില്ല.
4. വാർദ്ധക്യം അനുഭവിക്കുന്നവരുടെ ആശ്രിതരുടെ വരുമാനം നോക്കാതെ വ്യകതിഗത വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ വർധക്യകാല പെൻഷൻ നൽകുമ്പോൾ ഒരു ജോലി പോലും ചെയ്യാൻ കഴിയാത്ത തീവ്ര ഭിന്നശേഷിക്കാർക്ക് അവരുടെ കുടുംബാംഗങ്ങളുടെ വരുമാനം പരിഗണിച്ച് മാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ.
5. താരതമ്യേന അവശത കുറഞ്ഞ വിദ്യാർഥികൾക്ക് നൽകുന്ന ഹോസ്റ്റൽ മെസ്സ് അലവൻസിന്‍റെ പകുതിപോലും ഏറ്റവും അവശരായ ഭിന്നശേഷി വിദ്യാർഥികൾക്ക് നൽകുന്നില്ല.
6. നിയമം അനുശാസിക്കുന്ന, ഭിന്നശേഷി മേഖലയിലെ സർക്കാർ എയ്ഡഡ് തൊഴിൽസംവരണം നടപ്പക്കാൻ ഉത്തരവാദിത്തപ്പെട്ട അധികൃതർ തന്നെ അത് നടപ്പാക്കാതിരിക്കാനുള്ള പഴുതുകൾ തേടുന്നു.
7. ലോട്ടറി കച്ചവടം പോലെയുള്ള സ്വയംതൊഴിൽ ചെയ്ത് ജീവിക്കുന്ന കാഴ്ചയില്ലാത്തവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് സാമൂഹ്യവിരുദ്ധരിൽ നിന്നും നിരന്തരം ഉപദ്രവങ്ങൾ നേരിടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ധാരാളം പരാതികൾ നൽകിയെങ്കിലും മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് നിരന്തരം റിപ്പോർട്ട് നൽകിയെങ്കിലും ഇത്തരം പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണാൻ ഒരു നീക്കവുമില്ല.
(കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

