Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയുദ്ധാഭിമാനികള്‍...

യുദ്ധാഭിമാനികള്‍ കാണാതെ പോകുന്നത്

text_fields
bookmark_border
യുദ്ധാഭിമാനികള്‍ കാണാതെ പോകുന്നത്
cancel
camera_alt????? ???????, ??????????? ?????

‘പനി മാത്രമേ കുറവുള്ളൂ. കാല്‍വേദന ഇപ്പോഴുമുണ്ട്. നടക്കുന്നത് വേച്ചുവേച്ച്,  പക്ഷേ, ഇനിയും അവധിയാക്കാന്‍ വയ്യാത്തതുകൊണ്ട് റോഡ് അടിച്ചുവാരാന്‍ വന്നുതുടങ്ങി’ -സാവിത്രി ദീദി വീട്ടിലെല്ലാവരും പനിച്ചു കിടക്കുന്ന കാര്യം പറഞ്ഞു.  ഈ വര്‍ഷം തണുപ്പുകാലം നേരത്തേ എത്തും -കഴിഞ്ഞകുറി ചൂടുകുപ്പായം കൊണ്ടുതന്ന കുട്ടികള്‍ ഇത്തവണയും വരില്ളേ  എന്ന് ചോദിക്കുന്നു അടുത്ത ഗലിയില്‍ പാര്‍ക്കുന്ന ദാദീമ്മ. പരിപ്പിനും രജ്മക്കും ചുണ്ടിനിടയില്‍ വെക്കുന്ന തമ്പാക്കിനുപോലും വിലകൂടിയതിന്‍െറ സങ്കടമാണ് മെട്രോ സ്റ്റേഷന്‍ എത്തുംവരെ റിക്ഷാക്കാരന്‍ ഫഖ്റുദ്ദീന്‍ ചാച്ച പറഞ്ഞത്. ഭൂമിയില്‍ പാര്‍ക്കുന്ന ഈ മനുഷ്യരെ വിട്ട് മെട്രോ സ്റ്റേഷനിലെ ഒഴുക്കുപടി കയറുന്നതോടെ രംഗവും സംഭാഷണങ്ങളും മാറുന്നു- പ്ളാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍ വെറിപ്പുക മണം കൃത്യമായി അറിയാം. ആളുകളേറെയും ചര്‍ച്ച ചെയ്യുന്നത് ഒരേവിഷയം-അതിര്‍ത്തിക്കപ്പുറത്തേക്ക് തീയുണ്ടകള്‍ പായിക്കേണ്ടത് എങ്ങനെയെന്ന്. സ്റ്റേഷനില്‍വെച്ചോ വണ്ടിക്കുള്ളില്‍വെച്ചോ കാണുമ്പോള്‍ പുഞ്ചിരിച്ചാല്‍ മറുചിരി തരാന്‍ പിശുക്കുന്നവര്‍  യുദ്ധാക്രാന്തത്തില്‍ അലറിച്ചിരിക്കുന്നു.

അവര്‍ക്കൊപ്പം കയറേണ്ടെന്നുറച്ച് മറ്റൊരു ബോഗിയില്‍ കയറിനില്‍ക്കുമ്പോഴും കേള്‍ക്കുന്നത് സമാനമായ വര്‍ത്തമാനം; യുദ്ധാക്രാന്ത ചിരികള്‍. ഇടക്ക് യുദ്ധത്തിന് ചെലവിടുന്ന പണമുണ്ടായിരുന്നെങ്കില്‍ ഇരുരാജ്യങ്ങളിലെയും പട്ടിണി മാറിയേനെ എന്നുപറഞ്ഞ രണ്ടുപേരെ എതിര്‍രാജ്യത്തിന്‍െറ ഏജന്‍റുമാരെന്ന് വിളിച്ചപ്പോള്‍ ആള്‍ക്കൂട്ടം ആര്‍ത്തുവിളിച്ച് അംഗീകരിച്ചു. ഓഫിസ് വളപ്പിലത്തെുമ്പോള്‍ അവിടെയും യുദ്ധാഭിമാനികളുടെ ആര്‍പ്പുകൂട്ടങ്ങള്‍. തലസ്ഥാനത്തെ പ്രതിഷേധപ്പറമ്പായ ജന്തര്‍മന്തറില്‍ ചെന്നപ്പോഴുണ്ട് സൈന്യത്തിനായി യാഗം നടക്കുന്നു -മഹാത്മഗാന്ധിയെ വധിച്ച സംഘത്തിന്‍െറ ഭാഗമാണെന്നതില്‍ അഭിമാനിക്കുന്നുവെന്ന് പറയാറുള്ള ഹിന്ദുമഹാസഭാ നേതാവ് സ്വാമി ഓംജിയുണ്ട് മുന്നില്‍തന്നെ. ഇരുരാജ്യത്തിനും അണുബോംബുകളുണ്ട്. യുദ്ധം തുടങ്ങിയാല്‍ അവര്‍ പ്രയോഗിച്ചേക്കും. അതുകൊണ്ട് സമയം കളയാതെ അണുബോംബുകളിട്ട് ആ രാജ്യത്തെ തീര്‍ത്തുകളയുകയാണ് വേണ്ടത്. ഫോണില്‍ ഗെയിം കളിക്കുന്ന ലാഘവത്തില്‍ ഗോഡ്സേയിസ്റ്റ് യുദ്ധോപദേശം നല്‍കുന്നു. ഈ യാഗമണ്ഡപത്തിന് ഏതാനും വാര അകലെയായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കമെന്നാവശ്യപ്പെട്ട് മാസങ്ങളായി സമരം ചെയ്യുന്ന വയോധികരായ പട്ടാളക്കാര്‍ ഇരിക്കുന്നു.

സൈന്യത്തോട് സ്നേഹമുണ്ടെന്ന് അവകാശപ്പെടുന്ന ഭരണകൂടത്തിനാല്‍ വഞ്ചിക്കപ്പെട്ട പോരാളികള്‍. യുദ്ധം നാശമാണെന്നാണ് അവരുടെ പക്ഷം.  അതിനിടയില്‍ ഇന്ത്യയിലും പാകിസ്താനിലുമുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഇടക്കൊരു സംയുക്ത ശാന്തിസന്ദേശമിറക്കി -സൈനിക നീക്കങ്ങളല്ല, നയതന്ത്ര ചര്‍ച്ചകളാണ് വേണ്ടതെന്ന്. യുദ്ധം ആണത്തത്തിന്‍െറ കളിയാണെന്നും മാധ്യമപ്രവര്‍ത്തകരല്ല അത് തീരുമാനിക്കേണ്ടതെന്നും പറഞ്ഞ് നമ്മളതിനെ പുച്ഛിച്ചു. സമാധാനത്തിനുവേണ്ടി വാദിക്കുന്നതും മിന്നലാക്രമണം പാടില്ളെന്ന് പറയുന്നതും സൈനികരുടെ മനോബലം തകര്‍ക്കുന്ന കുറ്റമായാണ് വിധിക്കപ്പെടുന്നത്. പക്ഷേ, യുദ്ധം വേണമെന്ന് വാദിക്കാന്‍ മാധ്യമങ്ങള്‍ക്ക് തടസ്സമേതുമില്ല-സ്റ്റുഡിയോയിലാണ് അണുബോംബിന്‍െറ റിമോട്ട് സൂക്ഷിച്ചിരിക്കുന്നത് എന്ന മട്ടില്‍ ന്യൂസ് അവര്‍ ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു. അര്‍ണാബും രാഹുല്‍ കന്‍വലൂം ജനറല്‍ ബക്ഷിയും മേജര്‍ രവിയുമെല്ലാം പോര്‍മുന്നണിയിലാണിപ്പോള്‍. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ദേശീയപതാകയെയും സൈനികരെയും അപമാനിച്ചെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ച ബക്ഷിക്ക് ഒരു പട്ടാളക്കാരന്‍െറ പിതാവിനെ അടിച്ചുകൊന്ന കേസിലെ കുറ്റാരോപിതനായ യുവാവിന്‍െറ മൃതദേഹം പതാകയിട്ട് പുതപ്പിച്ചതില്‍ തെല്ലുമില്ല സങ്കടം.

യുദ്ധത്തിനെതിരെ പറയുന്നത് രാജ്യത്തിനെതിരായി വ്യാഖ്യാനിക്കപ്പെടുമെന്ന് പേടിച്ച് മൗനം പൂണ്ടവര്‍ക്കിടയില്‍നിന്ന് ഭയലേശമില്ലാതെ പറയാന്‍ ധൈര്യപ്പെട്ട ചിലരാണ് യുദ്ധമേഘങ്ങള്‍ക്കപ്പുറം തെളിമയുള്ള ആകാശക്കീറുണ്ടെന്നും അതില്‍ നിറയെ നക്ഷത്രപ്പൂക്കള്‍ മൊട്ടിട്ടുനില്‍പ്പുണ്ടെന്നും വിശ്വസിക്കാന്‍ ധൈര്യം പകരുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്‍െറ മകള്‍ ഗുര്‍മെഹര്‍ കൗര്‍ തയാറാക്കിയ വിഡിയോ സന്ദേശമാണ് അതിലൊന്ന്. പാകിസ്താനല്ല, യുദ്ധമാണ് തന്നെ അനാഥയാക്കിയതെന്നും യുദ്ധമില്ലായിരുന്നെങ്കില്‍ അച്ഛനിപ്പോഴും ജീവിച്ചിരുന്നേനെ എന്നും വിശ്വസിക്കുന്ന ഗുര്‍മെഹര്‍  യുദ്ധം നിര്‍ത്തി സമാധാനത്തിനും പുരോഗതിക്കും പ്രയത്നിക്കാന്‍ ഇരു രാജ്യനേതാക്കളോടും ആഹ്വാനം ചെയ്യുന്നു.  ഉന്നം പിടിച്ചുനില്‍ക്കുന്ന സായുധസേനാ പ്രത്യേകാധികാര നിയമത്തിനെതിരെ സ്വശരീരം ആയുധമാക്കി പൊരുതിയ ഇറോം ചാനു ശര്‍മിളയായിരുന്നു മറ്റൊരാള്‍ -ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ പട്ടാളനിയമം പിന്‍വലിക്കണം  എന്നു പറയുന്നത് ശരിയോ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സമാധാനത്തിനുവേണ്ടി വാദിക്കാന്‍ നേരവും കാലവും നോക്കേണ്ടതില്ളെന്ന്  മറുമൊഴി നല്‍കി ഇറോം. നിരാഹാരസമരം നിര്‍ത്തിയെങ്കിലും ഇറോം പോരാട്ടം നിര്‍ത്തിയിട്ടില്ല. പ്രത്യേകനിയമത്തിന്‍െറ മറവില്‍ സൈന്യം നടത്തുന്ന അരുതായ്മകളെ ചോദ്യം ചെയ്യുന്നതിനും അവര്‍ ഒട്ടും അമാന്തിച്ചില്ല.

ഭരണകൂടത്തിന്, അതിനോട് ഒട്ടിനില്‍ക്കുന്നവര്‍ക്ക് യുദ്ധം എന്നും ഇരട്ടിലാഭം നല്‍കുന്ന കച്ചവടമാണ്. ഭരണപരാജയത്തില്‍നിന്നും അഴിമതി ആരോപണങ്ങളില്‍നിന്നും ക്ഷണനേരം കൊണ്ട് രക്ഷനല്‍കുന്ന രണ്ടക്ഷര ഫോര്‍മുല. ആയുധങ്ങളും പോര്‍വിമാനങ്ങളും വാങ്ങി കോടികള്‍ തരപ്പെടുത്താവുന്ന ചാകരക്കാലമാണ്. രാജ്യസ്നേഹ മുദ്രാവാക്യങ്ങള്‍ മുഴക്കി രജ്മ പയറിന് വിലകൂടിയത് മുക്കിക്കളയാം.  പാവങ്ങളുടെ പനിമരണങ്ങളെ മറച്ചുവെക്കാം.  പക്ഷേ, ഏതെങ്കിലുമൊരു വീട്ടില്‍ മക്കള്‍ക്ക് ചായപ്പെന്‍സില്‍ കൊണ്ടുവരാമെന്നേറ്റ് അതിര്‍ത്തിയില്‍ പോയോരച്ഛന്‍ അവധിക്കുമുന്നേ പൂമാല ചാര്‍ത്തിയൊരു ഛായാചിത്രമായി തിരിച്ചത്തെിയെങ്കില്‍ ആ കുടുംബത്തിന് യുദ്ധം പരാജയം തന്നെയാണ്. വീരചക്രങ്ങള്‍ കൊണ്ട് നികത്താനാവാത്ത പാതകം.

*** *** ***
ഉപ്പാക്ക് ചുമ മരുന്നുവാങ്ങാന്‍ പോയ മകന്‍ മടങ്ങിയത്തെുമ്പോള്‍ വീട്ടിലെല്ലാവരും പള്ളിക്കാട്ടിലായിരുന്നു. മകന്‍ ഭീകരകള്ളക്കേസില്‍ കുടുങ്ങിയെന്നറിഞ്ഞ് നെഞ്ചുപൊട്ടി മരിച്ച ഉപ്പയുടെ പത്താമത്തെ ആണ്ടായിരുന്നത്രെ അന്ന്. അല്ല, ഇതൊരു ഇരവാദ കവിവാക്യമല്ല, ദേശസ്നേഹത്തിന്‍െറ പേരില്‍ ബ്ളാക്മെയില്‍ ചെയ്ത് ഇരുട്ടറയില്‍ തള്ളപ്പെട്ട ഒരു സമുദായത്തിന്‍െറ വേദനയാണ്. ഗാന്ധിജയന്തി ദിനത്തില്‍ ഇന്നസന്‍സ് നെറ്റ്വര്‍ക് എന്ന ബാനറിന് ചുവട്ടില്‍ തലസ്ഥാനത്ത് ഒത്തുകൂടിയ നിരപരാധികളായ മനുഷ്യര്‍ പറഞ്ഞ കലര്‍പ്പില്ലാത്ത ജീവിതമാണ്. മുഹമ്മദ് അമീര്‍ ഖാനെ ഡല്‍ഹിയില്‍നിന്ന് പിടിച്ചുകൊണ്ടുപോയത് 19 ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ചാണ്. 14 വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞപ്പോള്‍ നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യമായി. വീട്ടിലത്തെുമ്പോള്‍ പിതാവ് മരിച്ചുപോയിരുന്നു. ഉമ്മ അവശയായിത്തീര്‍ന്നിരുന്നു.  പുതിയ പാലങ്ങള്‍, റോഡുകള്‍...നാടാകെ മാറിയിരിക്കുന്നു. സമാനമായ കള്ളനാടകങ്ങളില്‍പെടുത്തപ്പെട്ട  നൂറുകണക്കിന് ചെറുപ്പക്കാര്‍.  തീവ്രവാദവേട്ടയുടെ പുത്തന്‍ തിരക്കഥകള്‍ കേള്‍ക്കുമ്പോള്‍ കണ്ണുമടച്ച് വിശ്വസിച്ച് കൈയടിക്കാന്‍ മനസ്സുവരാത്തത് ഇത്തരം ജീവിതങ്ങളൊരുപാട് മുന്നില്‍ നേര്‍സാക്ഷ്യങ്ങളായി ഉള്ളതുകൊണ്ടാണ്. ബോംബ് സ്ഫോടനങ്ങളുടെ പേരില്‍ ഭീകരവാദ മുദ്രചാര്‍ത്തി പിടിച്ചുകൊണ്ടുപോയി പതിറ്റാണ്ടിലേറെ ജയിലില്‍ പാര്‍പ്പിച്ച് നിരപരാധികളെന്ന് കണ്ട് വെറുതെ വിട്ടപ്പോഴേക്കും അവരുടെ ജീവിതത്തില്‍നിന്ന് നിറങ്ങളെല്ലാം ചോര്‍ന്നുപോയിരുന്നു.  ഈ പീഡനങ്ങളെല്ലാം പേറുമ്പോഴും ഈ മനുഷ്യരും അവരുടെ സമുദായവും അഭയം തേടിയതും പരാതിപറഞ്ഞതും അല്‍ഖാഇദയോടോ അല്‍ ബഗ്ദാദിയോടോ അല്ല. ഡോ. അംബേദ്കര്‍ എന്ന മഹാമനുഷ്യന്‍ എഴുതിവെച്ച നിയമസംഹിതയോടും അതിനുമേല്‍ പടുത്തുയര്‍ത്തിയ നീതിപീഠങ്ങളോടുമാണ്. വിദ്യാര്‍ഥിയായിരിക്കെ ജയിലിലടക്കപ്പെട്ട് നിസാറുദ്ദീന്‍ അഹ്മദ് നിരപരാധിയെന്ന് ബോധ്യപ്പെടാന്‍ നീതിപീഠം 23 വര്‍ഷമെടുത്തു. താന്‍ ശ്വാസം കഴിക്കുന്നുവെന്നേയുള്ളൂ, മരിച്ചുപോയിരിക്കുന്നു എന്നു പറയുന്ന ആ മനുഷ്യനോട്  ഭരണഘടനയെ കുഴിച്ചുമൂടാന്‍ തക്കംപാര്‍ത്ത് നടക്കുന്ന സംഘക്കാര്‍ വന്ന് ദേശസ്നേഹത്തിന്‍െറ ആധാര്‍ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നതല്ളേ ഏറ്റവും ക്രൂരമായ യുദ്ധം?

Show Full Article
TAGS:Irom Sharmila gur mehar kaur 
News Summary - irom sharmila, gur mehar kaur
Next Story