കേരളത്തിന്​ ഒരു രാഷ്​ട്രീയ പാഠപുസ്തകം

  • പണ്ടൊക്കെ ഞങ്ങൾ ദൈവമില്ലെന്നൊക്കെ ഒരുപാട് വാദിച്ചിട്ടുണ്ട്. എന്നാലിവിടെ ഞാനിപ്പോൾ ഒറ്റക്കാണ് കഴിയുന്നത്. എനിക്ക് ആരുമില്ല. ഞാൻ രാത്രികാലത്ത് ദൈവത്തെ പ്രാർഥിക്കുന്നുണ്ട്. ഈ പ്രായത്തിലും ഞാൻ എഴുന്നേറ്റുനടക്കുന്നുണ്ടല്ലോ. അതുതന്നെ വലിയ കാര്യമാണ്.

കളത്തിൽപറമ്പിൽ രാമൻ ഗൗരിയെന്ന കെ.ആർ. ഗൗരിയമ്മ, സമാനതകളില്ലാത്ത നേതാവി​​​െൻറ ധീരോദാത്തവും ത്യാേഗാജ്ജ്വലവുമായ ജീവിതയാത്രകൾ കേരളരാഷ്​ട്രീയത്തിലെ ധന്യവും സമ്പുഷ്​ടവുമായ ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായി കഴിഞ്ഞ ദശകങ്ങളിൽ തലയെടുപ്പോടെ നിലകൊണ്ട ഈ സവിശേഷ വ്യക്തിത്വത്തെ വിലയിരുത്തുേമ്പാൾ ലഭിക്കുന്ന ഉത്തരം ഏവരും മനനംചെയ്യേണ്ട പാഠപുസ്തകമെന്നായിരിക്കും.

ഗൗരിയമ്മക്ക് സമം ഗൗരിയമ്മ മാത്രമേയുള്ളൂ.  രാഷ്​ട്രീയത്തിനപ്പുറം പ്രായഭേദങ്ങളില്ലാതെ ഓരോ മലയാളിയും ഗൗരിയമ്മയെ അത്രയേറെ നെഞ്ചേറ്റുന്നു. തലമുതിർന്ന നേതാവായി പരിലസിക്കുേമ്പാഴാണ് കാൽനൂറ്റാണ്ട​ു മുമ്പ് കെ.ആർ. ഗൗരിയമ്മ സി.പി.എമ്മിൽനിന്നു പുറത്താക്കപ്പെടുന്നതും സമാന ചിന്താഗതിക്കാരുടെ പിന്തുണയോടെ ജനാധിപത്യ സംരക്ഷണ സമിതി രൂപവത്​കരിക്കുന്നതും. അന്നുമുതൽ  ജെ.എസ്.എസി​​​െൻറ ജനറൽ സെക്രട്ടറി പദവി അലങ്കരിക്കുന്ന കെ.ആർ. ഗൗരിയമ്മ ശതാബ്​ദിയുടെ നിറവിലാണ്. 
1919 ജൂലൈ 14ന് മിഥുനത്തിലെ തിരുവോണ നാളിലാണ് രാമൻ-പാർവതി ദമ്പതികളുടെ മകളായി ചേർത്തലക്കടുത്ത അന്ധകാരനഴിയിൽ ജനനം. 101ാം പിറന്നാളാഘോഷങ്ങൾ കെ.ആർ. ഗൗരിയമ്മ ജന്മശതാബ്​ദി മഹാമഹമായി ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളുമായി അവരുടെ തട്ടകമായ ആലപ്പുഴയിൽ ഇന്ന് ആരംഭിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷച്ചടങ്ങിലെ മുഖ്യാതിഥി. തിരക്കിട്ട പിറന്നാളാഘോഷ പരിപാടികൾ പുറത്ത് നടക്കുേമ്പാൾ ആലപ്പുഴ നഗരത്തിലെ ചാത്തനാട്ടെ കളത്തിൽപറമ്പിൽ വീട്ടിൽ വാർധക്യത്തി​​​െൻറ അവശതകളുണ്ടെങ്കിലും ദിനചര്യകളിലൊന്നും മാറ്റംവരുത്താതെ പതിവ് ചിട്ടകളുമായി കഴിയുകയാണ് കേരളത്തി​​​െൻറ ഒരേയൊരു ഗൗരിയമ്മ.

101ാം പിറന്നാൾ വരുകയാണല്ലോ, സന്തോഷമല്ലേ?
എന്തു സന്തോഷവും സന്താപവും. രണ്ടും ഒ​േരപോലെ. നൂറ് വയസ്സായല്ലോയെന്നോർത്ത് പ്രത്യേകിച്ചൊരു ചിരിയില്ല. എന്നാൽ, അതോർത്ത് കരച്ചിലുമില്ല. കഴിഞ്ഞ തവണ പിറന്നാൾ ആഘോഷിച്ചപ്പോൾ നിങ്ങളടക്കം എല്ലാവരും വന്നു. അതി​​​െൻറ കടമെല്ലാം തീർത്ത് സുഖമായിരിക്കുകയാണ്.  ഇനി ഞാനായിട്ട് ഒരു പിറന്നാൾ ആേഘാഷമൊന്നും നടത്തുന്നില്ല. രാജൻ ബാബു പാർട്ടിയിലേക്ക് തിരികെ വന്നപ്പോൾ 101ാം പിറന്നാൾ ആഘോഷം കേമമായി നടത്തണമെന്ന് അയാൾ ആഗ്രഹം പറഞ്ഞു. ഞാനൊന്നിനുമില്ലെന്ന് അപ്പോൾതന്നെ തുറന്നുപറഞ്ഞതാണ്.

സഹായിച്ചവർ കൂടെ നിൽക്കുന്നില്ലെന്ന് തോന്നലുണ്ടോ?
ആരും സഹായിച്ചില്ലെങ്കിലും വേണ്ടില്ല. വഴക്കിടാതിരുന്നാൽ  മതി. തിരുമല ദേവസ്വത്തി​​​െൻറ കുടിയാനായിരുന്ന അച്ഛന് നാലായിരം ഏക്കർ നിലമുണ്ടായിരുന്നു. അദ്ദേഹം മരിച്ചു. ഞാൻതന്നെ കൊണ്ടുവന്ന ഭൂപരിഷ്​കരണ നിയമപ്രകാരം കുടികിടപ്പുകാരായിരുന്ന പലർക്കും ഭൂമി ലഭിച്ചു. തറവാട് വീടും ബാക്കി പറമ്പും നാട്ടിൽതന്നെ കിടപ്പുണ്ട്.

നടൻ മോഹൻലാലാണല്ലോ ജന്മശതാബ്​ദി ലോഗോ പ്രകാശനം ചെയ്തത്?
മോഹൻലാൽ വലിയ നടനൊക്കെതന്നെ. എന്നാൽ, എനിക്ക്​ അയാൾ വിശ്വനാഥൻ നായരുടെ മകനാണ്. ഞാൻ നിയമമന്ത്രിയായിരിക്കുന്ന കാലയളവിൽ ലോ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഓഫിസിൽ വന്ന് കണ്ടിട്ടുണ്ട്. അങ്ങനെ എ​​​െൻറ കൺമുന്നിൽ വളർന്ന ചെറുക്കനാണ് ഈ മോഹൻലാൽ; അറിയുമോ?

സ്ത്രീശാക്തീകരണത്തെക്കുറിച്ച്? ശബരിമലയിലെ സ്ത്രീപ്രവേശനം?
സ്ത്രീശാക്തീകരണത്തെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നാൽ, ശബരിമല സ്ത്രീപ്രവേശനം അങ്ങനെയൊന്നല്ല. ശബരിമല എന്നു മാത്രമല്ല, കേരളത്തിലെ ഏതു പൊതുസ്ഥലത്തും സ്ത്രീകൾക്ക് പ്രവേശിക്കാം. അത്തരമൊരു വിവേചനം പാടില്ല.  ആർക്കെങ്കിലും സ്വന്തം വീട്ടിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് ഇഷ്​ടമില്ലെങ്കിൽ വേണ്ട. എന്നാൽ, പൊതുസ്ഥാപനങ്ങളിൽ അതൊന്നും പറ്റില്ല. പുരുഷനെപ്പോലെ സ്ത്രീക്ക് തുല്യമായ അവകാശമുണ്ട്.

മഹാരാജാസിൽ ചങ്ങമ്പുഴ സഹപാഠിയായിരുന്നുവല്ലോ? 
ചങ്ങമ്പുഴ കൃഷ്ണപിള്ള ഞങ്ങൾ കോളജിൽ പഠിക്കുേമ്പാൾതന്നെ അറിയപ്പെടുന്ന കവിയാണ്. ‘കാനനഛായയിൽ ആടുമേയ്​ക്കാൻ ഞാനും വരട്ടയോ നി​​​െൻറ കൂടെ...’ എന്ന രമണനിലെ വരി ആളുകൾ പാടിനടക്കുന്ന കാലം. ഒരു ദിവസം അയാൾ എ​​​െൻറയടുത്തു വന്ന് വിവാഹം കഴിക്കാനുള്ള ആഗ്രഹം പറഞ്ഞു. സാധിക്കില്ലെന്ന് ഞാൻ മറുപടി നൽകി. കാരണം എനിക്ക് അന്ന് മറ്റൊ
രാളോട് മനസ്സിൽ ഇഷ്​ടമുണ്ടായിരുന്നു. പാലക്കാട് സ്വദേശിയായ രാജൻ. പഠനകാലത്തിനുശേഷം അയാളുമായി ബന്ധമൊന്നുമുണ്ടായില്ല. ജെ.എസ്.എസ് രൂപവത്​കരണ കാലയളവിൽ പാലക്കാടുനിന്നുള്ള ഒരു സുകുമാരനെ കണ്ടപ്പോൾ ഞാൻ രാജനെ തിരക്കി. അയാളുടെ അടുത്ത ബന്ധുവാണ് സുകുമാരനെന്ന് അന്നെനിക്ക് അറിയാമായിരുന്നു. രാജൻ ജീവിച്ചിരിപ്പില്ലെന്ന കാര്യം അപ്പോ
ഴാണ് അറിഞ്ഞത്. എന്നാണ് മരിച്ചതെന്നൊന്നും അറിയില്ല. 1948 കാലഘട്ടത്തിൽ ഞാൻ ജയിലിലുള്ള കാലത്തായിരിക്കണം. അതിനാലാകണം അന്ന് വിവരമൊന്നും അറിയാതെപോയത്. 
തിരുവനന്തപുരത്ത് നിയമത്തിന് പഠിക്കാനായി ചേർന്നപ്പോൾ മറ്റൊരാൾ പ്രേമാഭ്യർഥനയുമായി സമീപിച്ചിരുന്നു. എറണാകുളം സ​​​െൻറ് തെരേസാസിലൊക്കെ പഠിച്ചതിനാൽ ഞാൻ സാരിയായിരുന്നു ഉടുക്കാറുള്ളത്.  അവിടത്തുകാരാകട്ടെ മുണ്ടും നേരിയതുമൊക്കെയായിരുന്നു. സാരിയുടുത്ത് കോളജിലെത്തുന്ന എന്നെ കാണാൻ ആൺകുട്ടികൾ കൗതുകത്തോടെ കാത്തുനിൽക്കുമായിരുന്നു. എന്നാൽ, അവർ പിന്നാലെ കൂടുന്നത് എനിക്ക് പേടിയുള്ള കാര്യമായിരുന്നു. ഞാൻ താമസിക്കുന്ന സദനത്തിൽനിന്ന്​ എനിക്ക് എന്നും ഉച്ചഭക്ഷണവുമായി പ്യൂൺ വരും. എ​​​െൻറ ഭക്ഷണത്തിനുശേഷം അയാളും കഴിച്ച് മടങ്ങുകയാണ് പതിവ്. ഒരു ദിവസം ഭക്ഷണം കഴിച്ച് കൈകഴുകിക്കൊണ്ടിരിക്കെ ഒരാൾ ദൂരെനിന്ന് ഞങ്ങളിരിക്കുന്നിടത്തേക്ക് വരുന്നത് കണ്ടു. അയാളെങ്ങാനും അകത്തേക്കു കയറിയാലോ എന്നു കരുതി വേഗം പുറത്തിറങ്ങിനിന്നു. വന്നയുടനെ അയാൾ ചോദിച്ചു; ‘കിട്ടിയോ എന്ന്’. എനിക്കൊന്നും മനസ്സിലായില്ല. എന്താണെന്ന് തിരിച്ച് ചോദിച്ചപ്പോഴാണ് പേരുവെക്കാതെ അയാൾ  ഒരു പ്രേമലേഖനം അയച്ചിരുന്നുവെന്ന് മനസ്സിലായത്. ഓ, അത് താനായിരുന്നുവോയെന്ന് ഞാൻ ചോദിച്ചു. എന്നിട്ട് അയാളോട് ഞാൻ വെട്ടിത്തുറന്ന് പറഞ്ഞു: ‘‘എനിക്ക് തന്നോട് ഇഷ്​ടമാണ്. പക്ഷേ, പ്രേമമില്ല.’’ 
െഞട്ടിപ്പോയ അയാൾ ഒടുവിൽ ഓർമക്കായി എ​​​െൻറ കൈവിരലിലുണ്ടായിരുന്ന ശ്രീകൃഷ്​ണ​​​​െൻറ മോതിരം കൊണ്ടാണ് പോയത്. ശരത്ചന്ദ്രൻ നായർ എന്നായിരുന്നു  പേര്.

മക്കളില്ലാത്തതിൽ ദുഃഖമുണ്ടോ?
ഞാനെന്തിനാണ് അങ്ങനെയൊക്കെ ചിന്തിച്ച് വിഷമിക്കുന്നത്? ‘എനിക്ക് മക്കളുണ്ടായിരുന്നുവെങ്കിൽ’ എന്ന പേരിൽ വേണമെങ്കിൽ ഒരു  പുസ്തകം എഴുതാം. പണ്ടൊക്കെ ഞങ്ങൾ ദൈവമില്ലെന്നൊക്കെ ഒരുപാട് വാദിച്ചിട്ടുണ്ട്. എന്നാലിവിടെ ഞാനിപ്പോൾ ഒറ്റക്കാണ് കഴിയുന്നത്. എനിക്ക് ആരുമില്ല.  ഞാൻ രാത്രികാലത്ത് ദൈവത്തെ പ്രാർഥിക്കുന്നുണ്ട്. ഈ പ്രായത്തിലും ഞാൻ എഴുന്നേറ്റുനടക്കുന്നുണ്ടല്ലോ. അതുതന്നെ വലിയ കാര്യമാണ്.

പണ്ട് ചീരകൃഷിയും മറ്റും ചെയ്തിരുന്നു?
ചീരകൃഷി മാത്രമല്ല, പശുവളർത്തലുമുണ്ടായിരുന്നു. ഒരിക്കലുമത് വിനോദത്തിനുവേണ്ടിയായിരുന്നില്ല. അന്ന് പണത്തിന് നല്ല ഞെരുക്കമായിരുന്നു. സാമ്പത്തികലക്ഷ്യം മുൻനിർത്തിയാണ് പച്ചക്കറികൃഷി തുടങ്ങിയത്. എന്നേക്കാൾ പൊക്കമുള്ള ചീര ഈ പറമ്പിൽ വളർന്നുനിന്നിരുന്നു. ഞാനത് പറിച്ച് വിൽക്കും. നിരവധി പേർ ചീര വാങ്ങാൻ എത്തുമായിരുന്നു. പശുവിനെ വളർത്തി പാൽ കറന്നെടുത്ത് വിൽക്കും. പുല്ലും വയ്​ക്കോലും മറ്റും കുട്ടനാട്ടിൽനിന്നാണ് കൊണ്ടുവന്നിരുന്നത്. 
അത്രക്കും കഷ്​ടപ്പെട്ടത് സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിനായിരുന്നു. 1957ലെ മന്ത്രിസഭക്കുശേഷം ടി.വി. തോമസ് തെരഞ്ഞെടുപ്പിൽ തോറ്റതോടെ എ​​​െൻറ വരുമാനംകൊണ്ട് ജീവിക്കേണ്ട അവസ്ഥ വന്നു. ടി.വിക്ക് ഓരോ ദിവസവും ചെലവിനുള്ള പണം ഞാൻ  പഴ്സിൽ വെക്കും.  രണ്ടു രൂപ എന്നതായിരുന്നു കണക്ക്. 14 അണ പ്ലയേഴ്സ് സിഗരറ്റിന്. രണ്ടണ ബീഡിക്ക്. ഒരു രൂപ കള്ളിനു മാത്രമായി വേണം. പുറത്തുപോയി മദ്യപിക്കുന്നത് ഒഴിവാക്കാനും ആരോഗ്യത്തിന് ഹാനികുറഞ്ഞ വീര്യംകുറഞ്ഞ മദ്യം വാങ്ങിക്കൊണ്ടുവരുന്നതിനുംവേണ്ടി വീണ്ടും 14 അണ കൊടുത്ത് ഞാനൊരാളെ ഏർപ്പാടാക്കിയിരുന്നു.
 
വി.എസ്. അച്യുതാനന്ദൻ
അച്യുതാനന്ദ​​​​െൻറ കല്യാണത്തിന് വലിയ തിരക്കായിരുന്നുവെന്ന് ഓർക്കുന്നു. പിന്നീട്​ തിരുവനന്തപുരത്തെ തൈക്കാട് ഹൗസിൽ രണ്ടുപേരും എ​​​െൻറ അതിഥികളായി വരുകയും ചെയ്തു. 

എ.കെ.ജി
വളരെ മിടുക്കനായ നേതാവായിരുന്നു എ.കെ. ഗോപാലൻ. പ്രസ്ഥാനത്തിനായി വിവാഹംപോലും വേണ്ടെന്നുവെച്ച സഖാവ്. എന്നിട്ടും ഒരിക്കൽ എന്നോട് വിവാഹാഭ്യർഥന നടത്തി. മരിക്കുന്നതുവരെ എന്നെ ഇഷ്​ടവുമായിരുന്നു. ഒരിക്കൽ ഞാനിവിടെ സൂക്കേടായി കിടന്നു. സുശീല വന്ന് കണ്ടിട്ടുണ്ടാകുമെന്ന് അദ്ദേഹം കരുതി. പാർലമ​​​െൻറ് സമ്മേളനം കഴിഞ്ഞ് രണ്ടു പേരുംകൂടി കാണാൻ വന്നപ്പോഴാണ്  സുശീല വന്നില്ലെന്ന കാര്യം എ.കെ.ജി അറിഞ്ഞത്. അന്ന് സുശീലയെ സഖാവ്  ഒരുപാട് വഴക്കുപറഞ്ഞു.

ആരായിരുന്നു ജീവിതത്തിലെ റോൾമോഡൽ?
എ​​​െൻറ അച്ഛൻ. ഒരുപാട് പേരെ അദ്ദേഹം എല്ലാതരത്തിലും സഹായിച്ചിട്ടുണ്ട്. ഞാൻ വാസ്തവം പറഞ്ഞാൽ അച്ഛ​​​​െൻറ മകളായിരുന്നു. നാരായണി ചേച്ചിയെയും ഏറെ ഇഷ്​ടമായിരുന്നു. എന്നാലും അമ്മ എന്നെ എല്ലായ്പ്പോഴും ഞാൻ അച്ഛ​​​​െൻറയാളാണ് എന്നു പറഞ്ഞ് കളിയാക്കുമായിരുന്നു. സഹോദരിമാർ എന്തെങ്കിലും തെറ്റു ചെയ്താൽ അവളെ സൂക്ഷിച്ചോ അച്ഛൻ വരുേമ്പാൾ പറഞ്ഞുകൊടുക്കുമെന്ന് പറയുമായിരുന്നു.

കലയും സ്പോർട്​സും​?
അന്ധകാരനഴിയിലെ വീടിനു മുന്നിൽ ഞങ്ങൾ ബാഡ്​മിൻറൺ കളിക്കുമായിരുന്നു. സ്കൂളിലും കോളജിലും ഞാനായിരുന്നു പതിവായി സ്വാഗതഗാനം പാടിയിരുന്നത്. നാരായണി ചേച്ചിയായിരുന്നു നല്ല കലാകാരി. അവർ നന്നായി വീണ വായിക്കുമായിരുന്നു. വോക്കലും (വായ്പാട്ട്) അറിയാം. കൂടാതെ, ഫിഡിലും ഹാർമോണിയവും ഭംഗിയായി കൈകാര്യം ചെയ്യുമായിരുന്നു.

 ആത്മകഥയിൽ 1946 വരെ മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ. ബാക്കി?
അത് എഴുതിത്തീർത്തിട്ടുണ്ട്. അച്ചടിക്കാൻ ഏൽപിച്ചയാളും പ്രസാധകരും തമ്മിലുള്ള തർക്കമാണ് പ്രശ്നം. 102 വയസ്സുവരെയുള്ള കാര്യങ്ങൾ എഴുതണമെന്നുണ്ട്. ബംഗാളിലും ഡൽഹിയിലുമൊക്കെ പോയതും മറ്റുമായ കാര്യങ്ങൾ അതിലുണ്ട്. കൽക്കത്തയിൽ വെച്ച് എരിവുള്ള മീൻകറി കൂട്ടിയതും എരിവുകൂടിയപ്പോൾ പഞ്ചസാരയിട്ട് തന്നതുമായ രസകരമായ അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്.  

Loading...
COMMENTS