Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബിരുദ കോഴ്സുകളിൽ ഇന്റേൺഷിപ്; നയവും നടത്തിപ്പും
cancel
camera_alt

പ്രതീകാത്മക ചിത്രം

ഡോ. ആബിദ ഫാറൂഖി

2024ൽ ആരംഭിച്ച നാലുവർഷ ബിരുദ പ്രോഗ്രാമിലെ കാലോചിതമായ ഒരാശയമാണ് ഇന്റേൺഷിപ്. മെഡിസിൻ, എൻജിനീയറിങ്, ലോ, മാനേജ്മന്റ് തുടങ്ങിയ മേഖലകളിൽ മുമ്പേ പ്രാബല്യത്തിലുള്ളതും ഹോട്ടൽ മാനേജ്മെന്റ് പോലെയുള്ള സെമി പ്രഫഷനൽ ബിരുദ പ്രോഗ്രാമുകളിൽ ഒതുങ്ങിനിന്നിരുന്നതുമായ ഈ ആശയം എല്ലാ ബിരുദ പ്രോഗ്രാമുകൾക്കും ബാധകമാക്കുകയാണ്. എല്ലാ ബിരുദ വിദ്യാർഥികളും രണ്ട് ക്രെഡിറ്റ് മൂല്യമുള്ള 60 മണിക്കൂർ ഇന്റേൺഷിപ് ചെയ്യണമെന്നാണ് വ്യവസ്ഥ. നമ്മുടെ ബിരുദ വിദ്യാഭ്യാസം കൂടുതൽ തിയററ്റിക്കലും കുറച്ചുമാത്രം പ്രാക്ടിക്കലുമാണെന്ന അപര്യാപ്തതയും നൈപുണ്യ കമ്മിയും നികത്തുന്നതിനും ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കാം. അതിനൊപ്പം ഈ നൂതനാശയത്തിന്റെ സാധ്യത, നടത്തിപ്പ്, സാമൂഹിക നീതി, ലക്ഷ്യപ്രാപ്തി എന്നിവ സംബന്ധിച്ച ആശങ്കകളും ചർച്ച ചെയ്യേണ്ടതുണ്ട്.ഒന്നാമതായി, സംസ്ഥാനത്ത് ബിരുദപ്രവേശനം നേടുന്ന ലക്ഷക്കണക്കിന് വിദ്യാർഥികളിൽ ഓരോരുത്തരും അനുയോജ്യമായ സ്ഥാപനങ്ങൾ കണ്ടെത്തി അർഥവത്തായ ഇന്റേൺഷിപ് പൂർത്തീകരിക്കുക എന്നതുതന്നെ ശ്രമകരമാണ്.

സംസ്ഥാന സർക്കാറിന്റെ കേന്ദ്രീകൃത ഇന്റേൺഷിപ് രജിസ്ട്രേഷൻ പോർട്ടലും സ്ഥാപനങ്ങളുടെ എംപാനൽഡ് ലിസ്റ്റും പുറത്തുവന്നപ്പോൾ രണ്ടുതരം ഇന്റേൺഷിപ് സാധ്യതകളെപ്പറ്റി പറയുന്നുണ്ട്- ഫീ അടച്ചുകൊണ്ടുള്ളതും സൗജന്യമായതും. എന്നാൽ, സൗജന്യ ഇന്റേൺഷിപ്പിന്റെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമല്ല.വിദ്യാർഥികൾക്ക് മാന്യമായ സ്റ്റൈപെൻഡ് നൽകി വേണം യഥാർഥത്തിൽ ഇന്റേൺഷിപ് നടത്തേണ്ടത്. ഗൂഗ്ൾ, ഇന്റൽ പോലെയുള്ള കമ്പനികൾ കാമ്പസ് ഇന്റർവ്യൂ നടത്തി മികച്ച വിദ്യാർഥികളെ തെരഞ്ഞെടുത്ത് നല്ല സ്റ്റൈപെൻഡും നൽകി പരിശീലിപ്പിച്ച് മിടുക്കരെ സ്ഥിരപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. അതൊക്കെ പ്രീമിയർ സ്ഥാപനങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന ന്യായം നിരത്തിയാലും ഇന്റേൺഷിപ്പിനായി ഭീമമായ ഫീസ് ഈടാക്കുന്നത് ഒരുവിധേനയും നീതീകരിക്കാനാവില്ല.

സംസ്ഥാന വ്യവസായ വകുപ്പിന്റെയും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിന്റെയും കീഴിൽ 14 ജില്ലകളിലും ഗവ. അംഗീകൃത കോഴ്സുകൾ നടത്തുന്ന കേരള റൂട്രോണിക്സ് 2500 രൂപ മുതൽ ഫീസ് ഈടാക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ കീഴിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് നൽകുന്ന ഇന്റേൺഷിപ് ചെയ്യാൻ 11,800 രൂപ നൽകണം. കെൽട്രോൺ മുഖാന്തരം നടത്തുന്ന ഇന്റേൺഷിപ്പിന് ശരാശരി 4000 രൂപയാണ് നിരക്ക്. എല്ലാ വിഭാഗത്തിൽ പെടുന്ന വിദ്യാർഥികളും ഫീസ് കൊടുത്ത് ഇന്റേൺഷിപ് നിർബന്ധമായും ചെയ്യേണ്ട സാഹചര്യം സാമൂഹിക നീതിയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. സൗജന്യമായി ഇന്റേൺഷിപ് ചെയ്യാനുള്ള അവസരങ്ങളുടെ അഭാവവും അജ്ഞതയും സ്വകാര്യ സ്ഥാപങ്ങളുടെ ചൂഷണത്തിന് വഴിയൊരുക്കും. മാർച്ച് 12ന് നടന്ന കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ ലേഖിക ഈ വിഷയം ഉന്നയിച്ചിരുന്നു. സർക്കാർ അർധ-സർക്കാർ സ്ഥാപനങ്ങളിലെ സൗജന്യ ഇന്റേൺഷിപ് സാധ്യതകളെക്കുറിച്ച് വിദ്യാർഥികൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്.

ഇന്റേൺഷിപ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്ന കോഴ്സുകൾ കൂടുതലും കമ്പ്യൂട്ടർ സയൻസ് പോലെയുള്ള വിഷയങ്ങളെ അധികരിച്ചാണ്. പ്രഫഷനൽ അല്ലെങ്കിൽ സാങ്കേതിക മേഖലകളിൽനിന്ന് വ്യത്യസ്തമായി, സാഹിത്യം, ചരിത്രം, സാമൂഹികശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ എല്ലായ്പോഴും പരമ്പരാഗത ഇന്റേൺഷിപ് മോഡലുകൾക്ക് വിധേയപ്പെടുന്നവയല്ല. ഓരോ വിഷയവും മേഖലയും തിരിച്ചു വിദ്യാർഥികൾക്ക് സൗജന്യമായി ഇന്റേൺഷിപ് ചെയ്യാനുള്ള അവസരങ്ങൾ ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പുതുമയുള്ള ഇന്റേൺഷിപ്പുകളെക്കുറിച്ച് ആലോചിക്കാവുന്നതാണ്. വിദ്യാർഥികൾക്ക് പ്രാദേശിക സ്ഥാപനങ്ങളുമായി -സ്കൂളുകൾ, പഞ്ചായത്തുകൾ, ലൈബ്രറികൾ, എൻ.ജി.ഒകൾ, ആർകൈവുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് അവരവരുടെ സാമൂഹിക പശ്ചാത്തലവും വ്യക്തിഗത അഭിരുചിയും കണക്കിലെടുത്തുകൊണ്ട് പഠനം ആവാം. സ്ഥാപനങ്ങൾ അധികവും നഗരകേന്ദ്രീകൃതമാകയാൽ ഗ്രാമീണ അല്ലെങ്കിൽ അർധനഗര പ്രദേശങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കുള്ള അവസര പരിമിതി മറികടക്കാനും ഇത് സഹായിക്കും.

ഇന്റേൺഷിപ് എന്ന വ്യാജേന കോഴ്സുകൾ നൽകുന്ന രീതിയുമുണ്ട്. നിശ്ചിത സമയം ക്ലാസുകൾ അറ്റൻഡ് ചെയ്തതിന് സർട്ടിഫിക്കറ്റ് കൊടുക്കുകയും അത് ഇന്റേൺഷിപ്പായി കണക്കാക്കുകയും ചെയ്യുന്നതായി കാണുന്നു. ഇത് ഇന്റേൺഷിപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂർണമായി ഇല്ലായ്മ ചെയ്യലാണ്. ഇന്റേൺഷിപ് നിർബന്ധമാക്കിയ സാഹചര്യത്തിൽ അവസരങ്ങളുടെ കുറവ് നികത്താൻ കോളജുകൾ ഇന്റേൺഷിപ് നൽകി പരസ്പരം വിദ്യാർഥികളെ കൈമാറുന്നതായും കണ്ടുവരുന്നു. ഇതിൽ കോളജുകൾ ശ്രദ്ധിക്കേണ്ട കാര്യം ഇൻഡസ്ട്രിയുമായി കൈകോർത്ത് അവരുടെ ഫീൽഡ് നോളജ് വിദ്യാർഥികൾക്കു ലഭ്യമാകുന്ന രീതിയിൽ ക്രമീകരിക്കണം എന്നതാണ്.

സർവകലാശാല ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പരീക്ഷകൾ അവധിക്കാലത്ത് ക്രമീകരിക്കാതിരിക്കൽ. ക്രമം തെറ്റിയ അക്കാദമിക് കലണ്ടർമൂലം അവസാന സെമസ്റ്റർ അല്ലാത്ത മറ്റു പരീക്ഷകൾ വേനലവധിക്ക് ക്രമീകരിക്കുന്നതായി കണ്ടുവരുന്നു. ഓരോ സെമസ്റ്ററും അതിന്റെ പരീക്ഷയും നിശ്ചയിച്ച സമയത്ത് നടക്കുകയും 90 ദിവസംകൊണ്ട് സെമസ്റ്റർ പൂർത്തിയാക്കുകയും ചെയ്‌താൽ അവധിക്കാലത്ത് വിദ്യാർഥികൾക്ക് ഇന്റേൺഷിപ് പൂർത്തിയാക്കാം.10 വർഷം പ്രവർത്തന അനുഭവമുള്ള സ്ഥാപനങ്ങളിൽ മാത്രമേ ഇന്റേൺഷിപ് ചെയ്യാവൂ എന്ന വ്യവസ്ഥ തിരുത്തിയത് 10 വർഷമാവാത്ത എന്നാൽ വിജയകരമായി പ്രവർത്തിക്കുന്ന പുതിയ സ്റ്റാർട്ട്അപ്പുകളിലും മറ്റും വിദ്യാർഥികൾക്ക് പരിശീലനം നേടാനും നവസംരംഭകരുടെ രീതികൾ പരിചിതമാകാനും ഗുണകരമാകും.

ഇന്റേൺഷിപ് നിർബന്ധമാക്കിയ പുതിയ വിദ്യാഭ്യാസ സമീപനം ലക്ഷ്യമിടുന്നത് നൈപുണ്യവികസനവും തൊഴിൽക്ഷമതയുംതന്നെയാണെങ്കിലും, നിലവിലുള്ള സംവിധാനത്തിലെ അസമത്വങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ കുറവും ഈ ലക്ഷ്യസാക്ഷാത്കാരത്തിന് മുന്നിൽ ഗൗരവമായ തടസ്സങ്ങളായി നിൽക്കുന്നു. ഫീസ് അധിഷ്ഠിത ഇന്റേൺഷിപ്പുകളുടെ വ്യാപനം, സൗജന്യ അവസരങ്ങളുടെ അഭാവം, മേഖലാപരമായ അസന്തുലിതാവസ്ഥ, അക്കാദമിക് കലണ്ടറിലെ ക്രമക്കേടുകൾ -ഇവ ഒക്കെയും ചേർന്നപ്പോൾ ഇന്റേൺഷിപ് ഒരു അവസരമെന്നതിലുപരി പലർക്കും ഭാരമായി മാറുന്ന സാഹചര്യം രൂപപ്പെടുന്നു.

ഈ സാഹചര്യത്തിൽ, സർക്കാർ-സർവകലാശാല-വ്യവസായ മേഖലകൾ തമ്മിലുള്ള സുസംഘടിതമായ പങ്കാളിത്തമാണ് പരിഹാരത്തിന്റെ അടിസ്ഥാനം. സൗജന്യവും സ്റ്റൈപെൻഡോടുകൂടിയതുമായ ഇന്റേൺഷിപ്പുകൾ വർധിപ്പിക്കുക, ആർട്സ്-ഹുമാനിറ്റീസ് മേഖലകൾക്ക് അനുയോജ്യമായ മോഡലുകൾ വികസിപ്പിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സജീവമായി ഉൾപ്പെടുത്തുക എന്നിവ അത്യാവശ്യമാണ്. കൂടാതെ, സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിൽ നിയന്ത്രണം ഏർപ്പെടുത്തൽ, പിന്നാക്ക വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം, ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗകര്യം ഒരുക്കൽ തുടങ്ങിയവ നയതലത്തിൽ ഉറപ്പാക്കണം.

ഇന്റേൺഷിപ് യഥാർഥത്തിൽ പഠനത്തിന്റെ ഒരു വിപുലീകരണമായി മാറണമെങ്കിൽ, അത് ഒരു നിർബന്ധിത ചുമതലയായി ചുരുങ്ങാതെ, ഗുണമേന്മയുള്ള അനുഭവമായി രൂപപ്പെടണം. അതിന് ആവശ്യമായ അക്കാദമിക-സാമൂഹിക ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. അവസരങ്ങളുടെ വാതായനങ്ങൾ സമതുലിതമായി തുറന്നിടുമ്പോഴേ, ആത്മവിശ്വാസവും പ്രായോഗിക നൈപുണ്യവും കൈവരിച്ച ഒരു പുതിയ തലമുറയെ നമുക്ക് രൂപപ്പെടുത്താൻ കഴിയൂ.

(കാലിക്കറ്റ് സർവകലാശാല സെനറ്റ് മെംബറും കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChallengesJob opportunitiesinternshipFour year undergraduate programme in education
News Summary - Internship in undergraduate courses; policy and implementation
Next Story