Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രത്യാശ നല്‍കി...

പ്രത്യാശ നല്‍കി അവള്‍ക്കായി ഒരു ദിനം

text_fields
bookmark_border
പ്രത്യാശ നല്‍കി അവള്‍ക്കായി ഒരു ദിനം
cancel

"പതിനഞ്ചാം വയസ്സില്‍,........ ഒരു ചെറുപ്പക്കാരന്‍ ത​െൻറ അമ്മയും ഒരു ക്യാമയുമായി എ​െൻറ വീട്ടില്‍ വിരുന്നുവന്നു...... ഫോട്ടോ എടുക്കാനായി എന്നെ പല പോസുകളില്‍ നിര്‍ത്തി. ഒരു ബന്ധുവുമായുള്ള എ​െൻറ വിവാഹനിശ്ചയം അന്നേ കഴിഞ്ഞിരുന്നു. അ​ല്ലെങ്കില്‍ ഞാന്‍ അന്ന്, അവിടെവെച്ച് ആ ചെറുപ്പക്കാരനുമായി പ്രേമബന്ധത്തിലാവുമായിരുന്നു..... എ​െൻറ വിവാഹത്തിനു വന്നപ്പോള്‍, അന്നു രാത്രിയിലെ കഥകളി കാണാന്‍ അയാളുടെ സമീപം ചെന്നിരിക്കണമെന്ന് അയാള്‍ എന്നോടാവശ്യപ്പെട്ടു. പക്ഷെ, എ​െൻറ ഭര്‍ത്താവ് എന്നെ കിടപ്പറയില്‍ സൂക്ഷിച്ചു. അതുകൊണ്ട് ജനാലക്കടുത്ത് ചെന്നിരുന്ന് വിദൂരതയിലെ മൃദുവായ ചെണ്ടമേളം കേള്‍ക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. എന്നേക്കാള്‍ വളരെ പ്രായക്കൂടുതലുള്ള ഭര്‍ത്താവ് ആ രാത്രി എന്നെ ബലമായി ഭോഗിച്ചു..... ഞാന്‍ കഥകളിക്കു പോയി  പത്തൊമ്പതുകാരനായ കാമുക​െൻറ കൈപിടിച്ചിരിക്കേണ്ടതായിരുന്നു.....'

‘എന്‍്റെ കഥ' എന്ന ആത്മകഥയില്‍ ഒരു പതിനഞ്ചുവയസ്സുകാരിയുടെ സ്വപ്നങ്ങളും മോഹങ്ങളും മലയാളത്തി​െൻറ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി തുറന്നുപറഞ്ഞിട്ട് ദശാബ്ദങ്ങളായി. ചെറിയ പ്രായത്തിലുള്ള വിവാഹവും അതു മനസ്സിനേല്‍പ്പിച്ച മുറിവുകളും മോഹഭംഗങ്ങളുമെല്ലാം അവര്‍ ലോകത്തോടു വിളിച്ചു പറഞ്ഞു. 1973ല്‍ മാധവിക്കുട്ടി എഴുതിയ ആത്മകഥ വരച്ചുകാട്ടിയത് ആ കാലത്തുള്ള പെണ്‍കുട്ടികളുടെ ജീവിതത്തി​െൻറ നേര്‍ചിത്രമായിരുന്നു. എന്നാല്‍ ഇന്നും ആ അവസ്ഥക്ക് തെല്ലും മാറ്റം വന്നിട്ടിലെന്നത് വേദനാജനകമാണ്.  ‘വൈ ഷുഡ് ബോയ്സ് ഹാവ് ഓള്‍ ദ ഫണ്‍’ എന്ന പരസ്യവാചകം ഇന്നും നിലനില്‍ക്കുന്ന ലിംഗവിവേചനത്തിന്‍െറ തീരാക്കണ്ണികളെ ഓര്‍മിപ്പിക്കുന്നു. പെണ്‍കുട്ടികളുടെ മോഹങ്ങള്‍ക്കുമേല്‍ കറുത്ത ചായം തേക്കുന്ന സമുഹത്തിലെ അനാചാരങ്ങള്‍ക്ക് അന്നും ഇന്നും ഒരു വിത്യാസവുമില്ല.

ഒക്ടോബര്‍ 11- അന്തരാഷ്ട്ര ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുതിനും അവര്‍ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനുമായി എല്ലാവര്‍ഷവും   ഈ ദിനം അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നു. ജനനത്തിനു മുമ്പു തന്നെ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള വിവേചനം രൂപപ്പെടുന്നു. ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും  ലോകത്തിന്‍്റെ എല്ലാ ഭാഗത്തും ഇതു നടക്കുന്നുണ്ട്. സമൂഹത്തിന്‍്റെ വിവേചനശാസ്ത്രത്തില്‍ ഇന്നും പെണ്‍കുട്ടികള്‍ക്ക് രണ്ടാം സ്ഥാനം മാത്രം. അതിനാല്‍ പെണ്‍കുട്ടിയാണെന്ന് തെളിഞ്ഞാല്‍ പലരും യാതൊരു മടിയുമില്ലാതെ ഗര്‍ഭച്ഛിദ്രത്തിന് തയ്യാറാവുന്നു. ഒരു മനുഷ്യജീവന്‍ ഇല്ലാതാവുന്നത് വെറും ചെലവുചുരുക്കലിന്‍്റെ കൂട്ടത്തിലുള്‍പ്പെടുത്താവുന്ന ലാഘവത്തോടെ കാണാന്‍ സമൂഹത്തിനാവുന്നു. ജനിച്ചുകഴിഞ്ഞാല്‍ ആണിന് നീലയും പെണ്ണിന് പിങ്കും നിറത്തിലുള്ള വസ്ത്രം വാങ്ങുന്നതോടെ ജീവിതാവസാനം വരെ ലിംഗവിവേചനത്തിന്‍്റെ ചക്രം നിര്‍ത്താതെ ഉരുളാന്‍ തുടങ്ങുന്നു.

2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഒക്ടോബര്‍ 11 അന്തരാഷ്ട്ര ബാലികാദിനമായി ആചരിച്ചു തുടങ്ങിയത്. 2011 ഡിസംബര്‍ 19ന് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തു ചേര്‍ന്ന സമ്മേളനത്തിലാണ് പെണ്‍കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്‍്റെ പ്രമേയം അംഗീകരിച്ചത്. ലിംഗവിവേചനമാണ് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളുടെ അടിസഥാനകാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂര്‍ണമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് പ്ളാന്‍ ഇന്‍്റര്‍നാഷണല്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബര്‍ 11ന് ആദ്യത്തെ ബാലികാദിനം ആചരിച്ചു. പിന്നീട് 2013ല്‍ പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിനായുള്ള നവീകരണം, 2014ല്‍ കുമാരിമാരുടെ ശാക്തീകരണം: അക്രമപരമ്പരയുടെ അന്ത്യം, 2015ല്‍ കൗമാരക്കാരിയുടെ കരുത്ത്: 2030ലേക്കുള്ള വീക്ഷണം എന്നിവയായിരുന്നു ബാലികാദിന മുദ്രാവാക്യങ്ങള്‍.

2016ലെ ബാലികാദിനത്തിന്‍്റെ മുദ്രാവാക്യം "പെണ്‍കുട്ടികളുടെ പുരോഗതി സമം ലക്ഷ്യങ്ങളുടെ പുരോഗതി: ആഗോള ബാലികാവിവര ശേഖരണം' എന്നതാണ്. 1.1 ബില്ല്യണ്‍ പെണ്‍കുട്ടികള്‍ ഇന്നീ ലോകത്തുണ്ട്. എല്ലാവര്‍ക്കും ഒരു സുസ്ഥിര ലോകം രൂപപ്പെടുത്തുന്നതിനായുള്ള പ്രതിഭയും ക്രിയാത്മകതയുമുള്ളവര്‍. എന്നാല്‍ അവരുടെ സ്വപ്നങ്ങളും കഴിവുകളും പലപ്പോഴും വിവേചനം, അക്രമം, അവസരസമത്വമില്ലായ്മ എന്നീ കാരണങ്ങളാല്‍ തടസ്സപ്പെടുന്നു. പെണ്‍കുട്ടികള്‍ നേരിടുന്ന പ്രത്യേക ആവശ്യങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള വസ്തുതാപഠനത്തില്‍ കാര്യമായ പിഴവുകളുണ്ട്. ഇത് ശരിയായ രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും എല്ലാ പെണ്‍കുട്ടികളിലേക്കും പദ്ധതിയുടെ ഗുണം എത്തിക്കാനും കഴിയാതെ വരുന്നതിന് കാരണമാകുന്നു. അതിനാല്‍ പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് കൂടുതല്‍ പഠനങ്ങളും വിവരശേഖരണവും നടത്തുക എന്നതാണ് ഈ വര്‍ഷത്തെ ബാലികാദിനം ആഹ്വാനം ചെയ്യുത്. 2030ലേക്കുള്ള കാര്യപരിപാടി പെണ്‍കുട്ടികളെക്കുറിച്ചുള്ള വിവരശേഖരണം മെച്ചപ്പെടുത്താനും അവരെ ലക്ഷ്യങ്ങള്‍ നിറവേറ്റുതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും നിര്‍ണായകമാണ്.

വികസ്വര രാജ്യങ്ങളിലെ കണക്കെടുത്താല്‍ ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ മൂന്നില്‍ ഒന്ന് പെണ്‍കുട്ടികള്‍ 18 വയസ്സിനു മുമ്പ് വിവാഹിതരാവുന്നു. ഇന്നു ജീവിച്ചിരിക്കുന്ന സ്ത്രീകളില്‍ 700 മില്ല്യണ്‍ പേര്‍ 18 വയസ്സിനു മുമ്പ് വിവാഹിതരായവരാണ്. അതില്‍ തന്നെ മൂന്നിലൊന്നു പേര്‍ 15 വയസ്സിനു മുമ്പ് വിവാഹിതരായവര്‍. ബാലികവധുമാര്‍ക്ക് അവരുടെ വിദ്യാഭ്യാസം നഷ്ടപ്പെടുന്നു എന്നു മാത്രമല്ല അവര്‍ നേരിടേണ്ടി വരുന്ന ശാരീരികവും ലൈംഗികവുമായ അക്രമങ്ങള്‍ വളരെ കൂടുതലാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണത്തിനും അവരില്‍ അവകാശങ്ങളെ കുറിച്ചുള്ള അവബോധം രൂപപ്പെടുത്തുന്നതിനും ശൈശവ വിവാഹത്തെ തടയാനുള്ള നിയമങ്ങളും നയങ്ങളും  നടപ്പാക്കാനും യുഎന്‍ ലോകമെമ്പാടും നിരവധി  പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്. സ്ത്രീസുരക്ഷാ പാഠങ്ങളും ചര്‍ച്ചകളും നിഷ്ഫലമാകുമ്പോഴും പ്രതീക്ഷ വറ്റാതെ പെണ്‍കുട്ടികള്‍ അവരുടെ അവകാശങ്ങളിലേക്ക് ഉറ്റു നോക്കുന്നു...

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:girl child day
News Summary - international girl child day
Next Story