ഇന്ന് ലോക വയോജന ദിനം; ഒരുക്കാം ഊർജസ്വലമായ വാർധക്യം
text_fieldsപ്രതീകാത്മക ചിത്രം
‘‘ദീർഘായുസ്സിന്റെ യുഗം: നീണ്ട ജീവിതത്തിനായി സംവിധാനങ്ങളെ പുനർചിന്തനം ചെയ്യാം’’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വയോജനദിന പ്രമേയം. ആയുസ്സ് കൂടുന്നതിനൊപ്പം ആ ജീവിതം ആരോഗ്യകരവും അന്തസ്സുറ്റതും തുല്യതയുള്ളതുമാകണമെന്നാണ് ഇതിലൂടെ ഓർമിപ്പിക്കുന്നത്. ഈ വയോജനദിനത്തിൽ നാം ഏറ്റെടുക്കേണ്ട സാമൂഹിക ഉത്തരവാദിത്തം, ദീർഘായുസ്സിന്റെ കാലഘട്ടത്തിൽ വാർധക്യത്തെ പുനർനിർവചിക്കുക എന്നതാണ്. ഇവിടെ ഊർജസ്വലമായ വാർധക്യമെന്നാൽ ആരോഗ്യം, സാമൂഹികപങ്കാളിത്തം, സുരക്ഷ എന്നിവ ഒരുപോലെ സമന്വയിക്കുന്ന ഒന്നാണ്. ജീവിതാനുഭവങ്ങളുടെ ഭാരവും പേറി വാർധക്യത്തിന്റെ പടവുകൾ കയറുന്നവർക്ക് നൽകേണ്ടത് സഹതാപമല്ല; മറിച്ച്, സഹാനുഭൂതിയും അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുമാണ്.
ആഗോള മാറ്റങ്ങളും മുന്നറിയിപ്പുകളും
2023-ൽ 60 വയസ്സിന് മുകളിലുള്ള 110 കോടി ആളുകളാണ് ലോകത്തുണ്ടായിരുന്നത്. 2050-ഓടെ ഇത് 210 കോടിയാകുമെന്നും, അന്ന് ലോകജനസംഖ്യയിലെ അഞ്ചിലൊരാൾ വയോജനമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. 2020 മുതൽതന്നെ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളേക്കാൾ കൂടുതലാണ് 60 കഴിഞ്ഞവരുടെ എണ്ണം. 1995-നു ശേഷം ആഗോള ആയുർദൈർഘ്യം 8.4 വർഷം വർധിച്ച് 2024-ൽ 73.3 വർഷത്തിലെത്തി. 2050-ഓടെ വയോജനങ്ങളിൽ ഏകദേശം 80 ശതമാനവും ഇന്ത്യ ഉൾപ്പെടെയുള്ള താഴ്ന്ന, ഇടത്തരം വരുമാന രാജ്യങ്ങളിലാണ് ജീവിക്കുകയെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
28 രാജ്യങ്ങളിൽ 52 പഠനങ്ങൾ നടത്തി തയാറാക്കിയ 2017-ലെ ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് വിശകലന പ്രകാരം, 60 കഴിഞ്ഞവരിൽ ആറിൽ ഒരാൾ (15.7%) ഒരു വർഷത്തിനിടെ ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിടുന്നുണ്ട്. 2025-ൽ പ്രസിദ്ധീകരിച്ച 35 രാജ്യങ്ങളിലെ പുതിയൊരു അവലോകനത്തിൽ ഇത് 27.6 ശതമാനം വരെയാകാമെന്നും ദക്ഷിണേഷ്യയിൽ ഇത് ഏകദേശം 32 ശതമാനമാണെന്നും ചൂണ്ടിക്കാണിക്കുന്നു. മാനസികപീഡനവും അവഗണനയുമാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ, ലോകാരോഗ്യ സംഘടനയുടെ സോഷ്യൽ കണക്ഷൻ കമീഷൻ റിപ്പോർട്ട് പ്രകാരം ഏകാന്തത ലോകത്ത് ആറിൽ ഒരാളെ ബാധിക്കുന്നുണ്ട്. വയോജനങ്ങളിൽ മൂന്നിലൊരാളെ വരെ സാമൂഹിക ഒറ്റപ്പെടൽ ബാധിച്ചേക്കാമെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.
കേരളത്തിന് പ്രായമാകുമ്പോൾ
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി, ജനസംഖ്യാപരമായ ഈ ആഗോള മാറ്റങ്ങളുടെ മുൻനിരയിലാണ് കേരളം. ഉയർന്ന സാക്ഷരത, ആരോഗ്യരംഗത്തെ നേട്ടങ്ങൾ, കുറഞ്ഞ ജനനനിരക്ക്, വ്യാപകമായ കുടിയേറ്റം എന്നിവയാണ് ഈ മാറ്റങ്ങൾ ഇവിടെ നേരത്തെ എത്തിച്ചത്. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടെ കേരളത്തിലെ 60 കഴിഞ്ഞവരുടെ അനുപാതം 5.1 ശതമാനത്തിൽനിന്ന് 16.5 ശതമാനമായി ഉയർന്നു. ഇത് രാജ്യത്തെതന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. 2036-ഓടെ ഇത് 22.8 ശതമാനമായി മാറുമെന്നാണ് അനുമാനം.
ഇവിടെയാണ് നാം ആർജിച്ചെടുത്ത വിദ്യാഭ്യാസത്തിന്റെയും ഉയർന്ന സാമൂഹികബോധത്തിന്റെയും ഗുണഫലങ്ങൾ പ്രയോഗത്തിൽ വരുത്തേണ്ടത്. ശാരീരികാരോഗ്യത്തിനു നൽകുന്ന അതേ പ്രാധാന്യത്തോടെ മാനസികാരോഗ്യത്തെയും പരിഗണിക്കുക എന്നതാണ് പ്രധാനം. പ്രായമേറുമ്പോൾ വിഷാദവും ഉത്കണ്ഠയും ഓർമക്കുറവും സ്വാഭാവികമായി ഉണ്ടാകുന്നതാണെന്ന പൊതുബോധം മാറണം. വയോജനങ്ങൾക്ക് സംസാരിക്കാനും കേൾക്കപ്പെടാനും സൗകര്യമൊരുക്കുന്ന കൗൺസലിങ് സംവിധാനങ്ങൾ, കൂട്ടായ്മകൾ, സന്നദ്ധപ്രവർത്തകർ എന്നിവ ഈ പ്രശ്നങ്ങളെ നേരിടാൻ അനിവാര്യമാണ്. അവരെ മാറ്റിനിർത്തുന്നത് കൂടുതൽ മാനസികപ്രശ്നങ്ങൾക്ക് കാരണമാകും. ലോകത്ത് രണ്ടിൽ ഒരാൾ വയോജനങ്ങളോട് വിവേചനപരമായ മനോഭാവം പുലർത്തുന്നുണ്ടെന്നും ഇത് അവരുടെ ആയുസ്സ് കുറയ്ക്കാൻ ഇടയാക്കുന്നുവെന്നും യു.എന്നിന്റെ ഏജിസം റിപ്പോർട്ട് ഓർമിപ്പിക്കുന്നു.
ഒപ്പം കൂട്ടാം ഇ-ലോകത്തും
സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ആധുനിക സേവനങ്ങളിൽ വയോജനങ്ങൾ പലപ്പോഴും പിന്തള്ളപ്പെടുന്നുണ്ട്. ഡിജിറ്റൽ സാക്ഷരതയിലുള്ള ഈ വിടവ് വലിയൊരു തടസ്സമാണ്. അടുത്തിടെ പുറത്തുവന്ന സർവേകൾ പ്രകാരം വലിയൊരു ശതമാനം വയോജനങ്ങളും സാധാരണ ഫോണുകളാണ് ഉപയോഗിക്കുന്നത്; ബാങ്കിങ്, ആരോഗ്യ ആപ്പുകൾ തുടങ്ങിയ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഇവിടെ നിർണായക പങ്കുവഹിക്കാനുള്ളത് പുതിയ തലമുറക്കാണ്. വയോജനങ്ങൾക്കായുള്ള ഡിജിറ്റൽ സാക്ഷരതായജ്ഞങ്ങൾ യുവതലമുറ ഏറ്റെടുക്കണം. പ്രാദേശികതലത്തിൽ കൂട്ടായ്മകൾ രൂപീകരിച്ച് മുതിർന്നവരെ സ്മാർട്ട്ഫോണുകളും ഓൺലൈൻ സേവനങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കണം.
പ്രതീക്ഷയേകുന്ന കേരള മാതൃക
എപ്പോഴുമെന്നപോലെ, ജനസംഖ്യാപരമായ ഈ മാറ്റങ്ങളെയും മുൻകൂട്ടി കണ്ട് ഉൾക്കൊള്ളാൻ കേരളം തയ്യാറെടുക്കുകയാണ്. സാമൂഹികനീതി വകുപ്പിന് കീഴിൽ ചിതറിക്കിടന്നിരുന്ന വയോജനപദ്ധതികളെ ഏകോപിപ്പിക്കുന്നതിനായി രാജ്യത്തുതന്നെ ആദ്യമായി ഒരു പ്രത്യേക വയോജനക്ഷേമ വകുപ്പ് രൂപവത്കരിച്ചത് ഇതിന്റെ മികച്ച ഉദാഹരണമാണ്.
വയോജനങ്ങളുടെ സാന്നിധ്യം നാടിന്റെ വികസനത്തിലേക്കും സാമൂഹികമുന്നേറ്റത്തിലേക്കുമുള്ള വലിയൊരു മുതൽക്കൂട്ടാണ്. ജനങ്ങളും ഭരണകൂടവും കൈകോർത്തുകൊണ്ട് അവരെ ചേർത്തുപിടിക്കാം; തുല്യതയും സന്തോഷവും നിറഞ്ഞ ഊർജസ്വലമായ ഒരു വാർധക്യം അവർക്കായി ഒരുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

