Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുറന്നിട്ട 35 വർഷങ്ങൾ

text_fields
bookmark_border
1991 ജൂ​ലൈ 24ന് ​മ​ൻ​മോ​ഹ​ൻ സി​ങ് അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റ് ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക അ​ധ്യാ​യ​മാ​ണ്. സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്ക​ര​ണ​ത്തി​നും സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നും ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​നും വ​ഴി​യൊ​രു​ക്കി ‘തുറന്ന വിപണി’യായി ഇന്ത്യയെ പരിവർത്തിപ്പിച്ച ബജറ്റായിരുന്നു അത്. മൂന്നര പതിറ്റാണ്ടുകൾക്കിപ്പുറം, ആ ‘പരിഷ്‍കരണ’ ശ്രമങ്ങൾ ഇന്ത്യയെ മാറ്റിമറിച്ചത് എ​ങ്ങനെയൊക്കെയായിരുന്നു?
തുറന്നിട്ട 35 വർഷങ്ങൾ
cancel

ആ​ഗോ​ള​വ​ത്ക​ര​ണം ഇ​ന്ത്യ​ക്ക് വ​ള​ർ​ച്ച ന​ൽ​കി; വി​ക​സ​നം ന​ൽ​കി​യി​ല്ല. മു​പ്പ​ത്ത​ഞ്ചു വ​ർ​ഷ​ത്തെ ഈ ​പ​രീ​ക്ഷ​ണ​ത്തി​ന്റെ ക​ണ​ക്കെ​ടു​പ്പ് ഈ ​ഒ​രു വാ​ക്യ​ത്തി​ൽ തു​ട​ങ്ങ​ണം. 1991ലെ ​പ​രി​ഷ്കാ​ര​ങ്ങ​ൾ വി​ജ​യ​മാ​യി​രു​ന്നോ എ​ന്ന ചോ​ദ്യം ഇ​ന്ന് പ്ര​സ​ക്ത​മ​ല്ല. ക​ണ​ക്കു​ക​ൾ ത​ന്നെ അ​തി​ന് ഉ​ത്ത​രം ന​ൽ​കു​ന്നു​ണ്ട്. പ്ര​സ​ക്ത​മാ​യ ചോ​ദ്യം മ​റ്റൊ​ന്നാ​ണ്: ആ ​വി​ജ​യം ആ​രു​ടേ​താ​യി​രു​ന്നു? 1991 ജൂ​ലൈ​യി​ൽ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം ഏ​ക​ദേ​ശം 110 കോ​ടി ഡോ​ള​റാ​യി​രു​ന്നു. ഏ​ക​ദേ​ശം മൂ​ന്നാ​ഴ്ച​ത്തെ ഇ​റ​ക്കു​മ​തി​ക്കു മാ​ത്രം തി​ക​യു​ന്ന തു​ക. റി​സ​ർ​വ് ബാ​ങ്കി​ന് 47 ട​ൺ സ്വ​ർ​ണം ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടി​ൽ പ​ണ​യം വെ​ക്കേ​ണ്ടി​വ​ന്നു. ഈ ​വ​ർ​ഷം ആ​ഗ​സ്റ്റ് പ​കു​തി​യോ​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം 71,690 കോ​ടി ഡോ​ള​റി​ലെ​ത്തി. ഇ​ത് ഏ​ക​ദേ​ശം പ​തി​നൊ​ന്നു മാ​സ​ത്തെ ച​ര​ക്ക് ഇ​റ​ക്കു​മ​തി​ക്കു തി​ക​യും. അ​ന്ന് ഏ​ക​ദേ​ശം 27,000 കോ​ടി ഡോ​ള​റാ​യി​രു​ന്ന ജി.​ഡി.​പി ഇ​ന്ന് നാ​ലു ല​ക്ഷം കോ​ടി ഡോ​ള​ർ ക​ട​ന്നു. 2025-26 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ യ​ഥാ​ർ​ഥ വ​ള​ർ​ച്ച 7.4 ശ​ത​മാ​ന​മാ​ണെ​ന്ന് സാ​മ്പ​ത്തി​ക സ​ർ​വേ ക​ണ​ക്കാ​ക്കു​ന്നു.

ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​ന​ത്തി​ലാ​ണ് ഏ​റ്റ​വും വ​ലി​യ മാ​നു​ഷി​ക നേ​ട്ടം. ലോ​ക​ബാ​ങ്കി​ന്റെ പു​തു​ക്കി​യ ക​ണ​ക്ക​നു​സ​രി​ച്ച് അ​തി​ദ​രി​ദ്ര​രു​ടെ അ​നു​പാ​തം 2011-12ലെ ​ഏ​ക​ദേ​ശം 27 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 2022-23ൽ ​ഏ​ക​ദേ​ശം അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഒ​രു ടെ​ലി​ഫോ​ൺ ക​ണ​ക്ഷ​നു വേ​ണ്ടി വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന രാ​ജ്യ​ത്ത് ഇ​ന്ന് നൂ​റു​കോ​ടി​യി​ലേ​റെ മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​ൽ ഇ​ന്ത്യ ഇ​ന്ന് ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണ്. സേ​വ​ന ക​യ​റ്റു​മ​തി പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 38,000 കോ​ടി ഡോ​ള​റാ​യി.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കി​ട​യി​ലും തൊ​ഴി​ലി​ല്ലാ​യ്മ

മേ​ൽ​സൂ​ചി​പ്പി​ച്ച നേ​ട്ട​ങ്ങ​ൾ യ​ഥാ​ർ​ഥ​മാ​ണ്. എ​ന്നാ​ൽ, അ​വ​യെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​ല​യി​രു​ത്ത​ൽ അ​പൂ​ർ​ണ​മാ​കും. ആ​ഗോ​ള​വ​ത്ക​ക്ക​ര​ണ​ത്തി​ന്റെ പൂ​ർ​ണ ചി​ത്രം മ​ന​സ്സി​ലാ​ക്കാ​ൻ അ​തി​നു​ള്ളി​ലെ വൈ​രു​ധ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണം. ആ ​പ​രി​ശോ​ധ​ന തു​ട​ങ്ങേ​ണ്ട​ത് തൊ​ഴി​ലി​ൽ നി​ന്നാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന പ്ര​ധാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​ണ് ഇ​ന്ത്യ. എ​ന്നി​ട്ടും ന​ഗ​ര​ങ്ങ​ളി​ലെ യു​വാ​ക്ക​ളി​ൽ ഏ​ക​ദേ​ശം ആ​റി​ലൊ​രാ​ൾ​ക്ക് ജോ​ലി​യി​ല്ല. തൊ​ഴി​ൽ​ശ​ക്തി​യു​ടെ ഏ​ക​ദേ​ശം 45 ശ​ത​മാ​നം ഇ​പ്പോ​ഴും കൃ​ഷി​യി​ലാ​ണ്. ദേ​ശീ​യ മൂ​ല്യ​വ​ർ​ധ​ന​യി​ൽ കൃ​ഷി​യു​ടെ പ​ങ്കാ​ക​ട്ടെ ഏ​ക​ദേ​ശം 16-18 ശ​ത​മാ​നം മാ​ത്രം. 1991നു​ശേ​ഷം കൃ​ഷി​യി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും എ​ത്തി​യ​ത് ഫാ​ക്ട​റി​ക​ളി​ല​ല്ല, നി​ർ​മാ​ണ സൈ​റ്റു​ക​ളി​ലും ഡെ​ലി​വ​റി ആ​പ്പു​ക​ളി​ലു​മാ​ണ്. കോ​വി​ഡി​നു​ശേ​ഷം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​ർ കൃ​ഷി​യി​ലേ​ക്ക് തി​രി​ച്ചു​പോ​യി. ച​രി​ത്ര​ത്തി​ൽ ഒ​രു വി​ക​സ്വ​ര രാ​ഷ്ട്ര​വും ഈ ​ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചി​ട്ടി​ല്ല. തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​ക​ദേ​ശം 90 ശ​ത​മാ​ന​വും സാ​മൂ​ഹി​ക സു​ര​ക്ഷ​യി​ല്ലാ​ത്ത അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലാ​ണ്. ജോ​ലി സൃ​ഷ്ടി​ക്കാ​ത്ത വ​ള​ർ​ച്ച ഒ​രു ക​ണ​ക്കു മാ​ത്ര​മാ​ണ്, ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ അ​ത് എ​ത്തു​ന്നി​ല്ല.

തൊ​ഴി​ൽ വ​ള​ർ​ന്നി​ല്ലെ​ങ്കി​ലും ലാ​ഭം വ​ള​ർ​ന്നു എ​ന്ന​താ​ണ് ഈ ​ചി​ത്ര​ത്തി​ന്റെ മ​റു​വ​ശം. കോ​ർ​പ​റേ​റ്റ് ലാ​ഭം ജി.​ഡി.​പി​യു​ടെ അ​നു​പാ​ത​ത്തി​ൽ പ​തി​ന​ഞ്ചു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണ്. അ​തേ​കാ​ല​ത്ത് ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യ​ഥാ​ർ​ഥ കൂ​ലി, അ​താ​യ​ത് വി​ല​ക്ക​യ​റ്റം കി​ഴി​ച്ചു​ള്ള കൂ​ലി, വ​ർ​ഷ​ങ്ങ​ളാ​യി ഏ​താ​ണ്ട് അ​ന​ങ്ങി​യി​ട്ടി​ല്ല. ഓ​ഹ​രി​വി​പ​ണി സൂ​ചി​ക​ക​ൾ റെ​ക്കോ​ഡു​ക​ൾ തി​രു​ത്തു​മ്പോ​ൾ ദേ​ശീ​യ​വ​രു​മാ​ന​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്ക് കു​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്നു. വേ​ൾ​ഡ് ഇ​ൻ​ഇ​ക്വാ​ലി​റ്റി ലാ​ബി​ന്റെ ക​ണ​ക്ക​നു​സ​രി​ച്ച് ദേ​ശീ​യ വ​രു​മാ​ന​ത്തി​ന്റെ ഏ​ക​ദേ​ശം 22 ശ​ത​മാ​ന​വും സ​മ്പ​ത്തി​ന്റെ 40 ശ​ത​മാ​ന​വും മു​ക​ളി​ലെ ഒ​രു ശ​ത​മാ​ന​ത്തി​ന്റെ കൈ​ക​ളി​ലാ​ണ്. ചി​ല അ​ള​വു​കോ​ലു​ക​ളി​ൽ ഇ​ത് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. കൊ​ളോ​ണി​യ​ൽ ഭ​ര​ണം അ​വ​സാ​നി​ച്ചി​ട്ട് എ​ഴു​പ​ത്തൊ​മ്പ​ത് വ​ർ​ഷ​മാ​യി. വ​രു​മാ​ന​ത്തി​ലെ ആ ​കൊ​ളോ​ണി​യ​ൽ അ​സ​മ​ത്വം ഇ​പ്പോ​ഴും തു​ട​രു​ന്നു.

ഇ​തി​നോ​ടൊ​പ്പം സ​മ്പ​ത്തി​ന്റെ കേ​ന്ദ്രീ​ക​ര​ണ​വും ന​ട​ക്കു​ന്നു. തു​റ​മു​ഖ​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ടെ​ലി​കോം, സി​മ​ന്റ്, ഊ​ർ​ജം തു​ട​ങ്ങി​യ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല​ക​ൾ ഏ​താ​നും വ്യ​വ​സാ​യ ഗ്രൂ​പ്പു​ക​ളു​ടെ കൈ​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. 1991ൽ ​നാം ഉ​പേ​ക്ഷി​ച്ച​ത് സ​ർ​ക്കാ​രി​ന്റെ കു​ത്ത​ക​യാ​ണ്. പ​ക​രം വ​രു​ന്ന​ത് സ്വ​കാ​ര്യ കു​ത്ത​ക​യാ​ണെ​ങ്കി​ൽ, സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​വി​ന് യ​ജ​മാ​ന​ന്റെ പേ​രു മാ​റി എ​ന്നേ​യു​ള്ളൂ.

ഇ​ന്ത്യ-​ചൈ​ന താ​ര​ത​മ്യം

ചൈ​ന​യു​മാ​യു​ള്ള താ​ര​ത​മ്യം ഈ ​ചി​ത്രം കൂ​ടു​ത​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 1991ൽ ​ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം ഏ​ക​ദേ​ശം തു​ല്യ​മാ​യി​രു​ന്നു, ഏ​താ​ണ്ട് 300-350 ഡോ​ള​ർ. ഇ​ന്ന് ചൈ​ന​യു​ടെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം ഏ​ക​ദേ​ശം 13,000 ഡോ​ള​റാ​ണ്. ഇ​ന്ത്യ​യു​ടേ​ത് 3,000 ഡോ​ള​റി​ൽ താ​ഴെ​യും. ഒ​രേ തു​ട​ക്ക​ത്തി​ൽ നി​ന്ന് നാ​ലി​ര​ട്ടി​യി​ല​ധി​കം അ​ക​ലം വ​ന്നു. ആ​ഗോ​ള ച​ര​ക്കു ക​യ​റ്റു​മ​തി​യി​ൽ ചൈ​ന​യു​ടെ പ​ങ്ക് ഏ​ക​ദേ​ശം 14 ശ​ത​മാ​ന​മാ​ണ്. ഇ​ന്ത്യ​യു​ടേ​ത് ര​ണ്ടു ശ​ത​മാ​ന​ത്തി​ൽ താ​ഴെ.

ഈ ​വ്യ​ത്യാ​സ​ത്തി​ന്റെ കാ​ര​ണം ഒ​രു​ഘ​ട്ട​ത്തി​ന്റെ അ​ഭാ​വ​മാ​ണ്. ചൈ​ന ആ​ദ്യം പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും ആ​രോ​ഗ്യ​വും ഉ​റ​പ്പാ​ക്കി. പി​ന്നെ ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളെ ഫാ​ക്ട​റി​ക​ളി​ലെ​ത്തി​ച്ചു. അ​തി​നു ശേ​ഷ​മാ​ണ് സേ​വ​ന​മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്ന​ത്. ഇ​ന്ത്യ ന​ടു​വി​ലെ ഫാ​ക്ട​റി ഘ​ട്ടം ഒ​ഴി​വാ​ക്കി വ​യ​ലി​ൽ​നി​ന്ന് നേ​രി​ട്ട് ഐ.​ടി മേ​ഖ​ല​യി​ലേ​ക്ക് കു​തി​ക്കാ​ൻ ശ്ര​മി​ച്ചു. ഐ.​ടി രം​ഗ​ത്ത് ഇ​ന്ത്യ ലോ​ക​നി​ല​വാ​ര​ത്തി​ലെ​ത്തി. പ​ക്ഷേ ഐ.​ടി മേ​ഖ​ല നേ​രി​ട്ട് തൊ​ഴി​ൽ ന​ൽ​കു​ന്ന​ത് ഏ​ക​ദേ​ശം അ​മ്പ​തു ല​ക്ഷം പേ​ർ​ക്കു മാ​ത്ര​മാ​ണ്. നൂ​റ്റി​നാ​ൽ​പ​തു കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ളു​ള്ള ഒ​രു രാ​ജ്യ​ത്തി​ന് ആ ​തോ​തി​ലു​ള്ള ഒ​രു മേ​ഖ​ല മ​തി​യാ​വി​ല്ല. സോ​ഫ്റ്റ്‌​വെ​യ​ർ ന​മ്മെ ലോ​ക​ത്തി​ന്റെ ബാ​ക്ക് ഓ​ഫി​സാ​ക്കി. ലോ​ക​ത്തി​ന്റെ ഫാ​ക്ട​റി​യാ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ജി.​ഡി.​പി​യി​ൽ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യു​ടെ പ​ങ്ക് മു​പ്പ​ത്ത​ഞ്ചു വ​ർ​ഷ​മാ​യി 15-17 ശ​ത​മാ​ന​ത്തി​ൽ ത​ന്നെ​യാ​ണ്. ഈ ​കാ​ല​യ​ള​വി​ൽ പ​ല പേ​രു​ക​ളി​ൽ ഉ​ൽ​പാ​ദ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. ഈ ​അ​നു​പാ​ത​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി​ല്ല.

വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഈ ​അ​ന്ത​രം സം​സ്ഥാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​ന്ത​ര​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു. ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്റെ നേ​ട്ടം രാ​ജ്യ​ത്തെ​ല്ലാ​യി​ട​ത്തും ഒ​രു​പോ​ലെ എ​ത്തി​യി​ല്ല. ഗോ​വ, ക​ർ​ണാ​ട​ക, തെ​ല​ങ്കാ​ന, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​തി​ശീ​ർ​ഷ വ​രു​മാ​നം ബി​ഹാ​റി​നേ​ക്കാ​ൾ അ​ഞ്ചും ആ​റും ഇ​ര​ട്ടി​യാ​ണ്. ലോ​ക​ത്തോ​ട് ബ​ന്ധ​പ്പെ​ട്ട​ത് ഇ​ന്ത്യ​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളും തെ​ക്കും പ​ടി​ഞ്ഞാ​റു​മാ​ണ്. ഗം​ഗാ​സ​മ​ത​ലം ആ ​മാ​റ്റ​ത്തി​ന്റെ പു​റ​ത്തു​നി​ന്നു. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന പ്ര​ദേ​ശ​ങ്ങ​ളും സ​ബ്-​സ​ഹാ​റ​ൻ ആ​ഫ്രി​ക്ക​യു​ടെ നി​ല​വാ​ര​ത്തി​ൽ നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളും ഒ​രേ രാ​ജ്യ​ത്തി​നു​ള്ളി​ലു​ണ്ട്. ഈ ​അ​ന്ത​രം സാ​മ്പ​ത്തി​ക പ്ര​ശ്നം മാ​ത്ര​മ​ല്ല. ധ​ന​കാ​ര്യ ക​മീ​ഷ​ൻ വി​ഹി​തം, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം, ഭാ​ഷാ രാ​ഷ്ട്രീ​യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​ങ്ങ​ളെ​ല്ലാം ഇ​തി​ൽ നി​ന്നാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ കാ​ല​ക്ര​മേ​ണ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ലെ സം​ഘ​ർ​ഷ​മാ​യി മാ​റും.

ഇ​തേ അ​സ​മ​ത്വം ഉ​പ​ഭോ​ഗ​ത്തി​ന്റെ രീ​തി​യി​ലും കാ​ണാം. ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യു​ടെ പ്ര​ധാ​ന​ശ​ക്തി ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗ​മാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. എ​ന്നാ​ൽ ആ ​ഉ​പ​ഭോ​ഗ​ത്തി​ന് എ​വി​ടെ നി​ന്നാ​ണ് പ​ണം വ​രു​ന്ന​ത് എ​ന്ന ചോ​ദ്യം അ​ധി​കം ഉ​ന്ന​യി​ക്ക​പ്പെ​ടു​ന്നി​ല്ല. കു​ടും​ബ​ങ്ങ​ളു​ടെ അ​റ്റ സാ​മ്പ​ത്തി​ക സ​മ്പാ​ദ്യം 2022-23ൽ ​ജി.​ഡി.​പി​യു​ടെ ഏ​ക​ദേ​ശം അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. പ​തി​റ്റാ​ണ്ടു​ക​ളി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യാ​ണി​ത്. ഇ​തേ കാ​ല​ത്ത് വ്യ​ക്തി​ഗ​ത വാ​യ്പ​ക​ളും ക്രെ​ഡി​റ്റ് കാ​ർ​ഡ് ക​ട​വും വേ​ഗ​ത്തി​ൽ വ​ർ​ധി​ച്ചു. ആ​ഡം​ബ​ര കാ​റു​ക​ളു​ടെ വി​ൽ​പ​ന കൂ​ടു​മ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന വ​ർ​ഷ​ങ്ങ​ളോ​ളം മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. ഉ​യ​ർ​ന്ന വ​രു​മാ​ന​ക്കാ​രു​ടെ ഉ​പ​ഭോ​ഗം ഉ​യ​രു​ക​യും താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രു​ടേ​ത് താ​ഴു​ക​യും ചെ​യ്യു​ന്ന ഈ ​രീ​തി​യെ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ ‘K-ആ​കൃ​തി​യി​ലു​ള്ള’ വ​ള​ർ​ച്ച എ​ന്നു വി​ളി​ക്കു​ന്നു. സ​മ്പാ​ദി​ച്ച പ​ണം കൊ​ണ്ടു​ള്ള ഉ​പ​ഭോ​ഗം സ​മൃ​ദ്ധി​യു​ടെ സൂ​ച​ന​യാ​ണ്. ക​ടം വാ​ങ്ങി​യു​ള്ള ഉ​പ​ഭോ​ഗം ഭാ​വി​യി​ലെ വ​രു​മാ​നം ഇ​ന്നേ ചെ​ല​വ​ഴി​ക്ക​ലാ​ണ്.

പു​റ​ത്തു​നി​ന്നു​ള്ള ഭീ​ഷ​ണി​ക​ൾ

ആ​ഭ്യ​ന്ത​ര ദൗ​ർ​ബ​ല്യ​ങ്ങ​ൾ​ക്കൊ​പ്പം പു​റ​ത്തു​നി​ന്നു​ള്ള ഭീ​ഷ​ണി​ക​ളു​മു​ണ്ട്. സ്വ​യം​പ​ര്യാ​പ്ത​ത ല​ക്ഷ്യ​മി​ട്ടാ​ണ് 1991ൽ ​വാ​തി​ൽ തു​റ​ന്ന​ത്. എ​ന്നാ​ൽ ആ ​വാ​തി​ലി​ലൂ​ടെ പു​തി​യ ആ​ശ്രി​ത​ത്വ​ങ്ങ​ളും വ​ന്നു. ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര​ക്ക​മ്മി ഏ​ക​ദേ​ശം 10,000 കോ​ടി ഡോ​ള​റാ​ണ്. മ​രു​ന്നു​ക​ളു​ടെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളി​ൽ ഏ​ക​ദേ​ശം 70 ശ​ത​മാ​ന​വും ചൈ​ന​യി​ൽ​നി​ന്നാ​ണ്. സോ​ളാ​ർ സെ​ല്ലു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ഘ​ട​ക​ങ്ങ​ൾ, അ​പൂ​ർ​വ ധാ​തു​ക്ക​ൾ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ലും സ്ഥി​തി സ​മാ​ന​മാ​ണ്. ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ 85 ശ​ത​മാ​ന​ത്തി​ലേ​റെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നു. ‘ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത്’ എ​ന്ന് പ്ര​ഖ്യാ​പി​ക്കു​മ്പോ​ഴും ന​മ്മു​ടെ ദേ​ശീ​യ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല വി​ത​ര​ണ ശൃം​ഖ​ല​ക​ളും നി​യ​ന്ത്രി​ക്കു​ന്ന​ത് മ​റ്റു രാ​ജ്യ​ങ്ങ​ളാ​ണ്.

2025 ആ​ഗ​സ്റ്റി​ൽ അ​മേ​രി​ക്ക ഇ​ന്ത്യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം തീ​രു​വ ചു​മ​ത്തി​യ​പ്പോ​ൾ ഒ​രു കാ​ര്യം വ്യ​ക്ത​മാ​യി. ‘ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി’ എ​ന്ന പ​ദ​വി വ്യാ​പാ​ര താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സം​ര​ക്ഷ​ണം ന​ൽ​കു​ന്നി​ല്ല. ഫെ​ബ്രു​വ​രി​യി​ൽ 72,849 കോ​ടി ഡോ​ള​റെ​ന്ന റെ​ക്കോ​ഡി​ലെ​ത്തി​യ വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. 1991ൽ ​ഒ​രു ഡോ​ള​റി​ന് ഏ​ക​ദേ​ശം 18 രൂ​പ​യാ​യി​രു​ന്നു. ഇ​ന്ന് അ​ത് 85 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണ്. ഇ​ന്ത്യ ലോ​ക​വു​മാ​യി കൂ​ടു​ത​ൽ ബ​ന്ധി​ത​മാ​യി. ഒ​പ്പം പു​റ​ത്തു​നി​ന്നു​ള്ള ആ​ഘാ​ത​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വി​ധേ​യ​വു​മാ​യി.

ഈ ​വൈ​രു​ദ്ധ്യ​ങ്ങ​ളെ​ല്ലാം ഒ​രു​മി​ച്ച് കാ​ണാ​വു​ന്ന സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​ഭോ​ക്താ​വും അ​തി​ന്റെ പ​രി​മി​തി​ക​ൾ ഏ​റ്റ​വും വ്യ​ക്ത​മാ​യി കാ​ണി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​വും കേ​ര​ളം ത​ന്നെ. രാ​ജ്യ​ത്തേ​ക്കു​ള്ള പ്ര​വാ​സി​പ്പ​ണം ഏ​ക​ദേ​ശം 13,500 കോ​ടി ഡോ​ള​റാ​ണ്. അ​തി​ൽ ഗ​ണ്യ​മാ​യ പ​ങ്ക് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്നു. എ​ന്നാ​ൽ ഈ ​പ​ണം പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത് വീ​ടു​നി​ർ​മാ​ണ​ത്തി​ലും സ്വ​ർ​ണ​ത്തി​ലും ബാ​ങ്ക് നി​ക്ഷേ​പ​ത്തി​ലു​മാ​ണ്. പു​തി​യ സം​രം​ഭ​ങ്ങ​ളി​ലേ​ക്കും ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ലേ​ക്കും ഇ​ത് കാ​ര്യ​മാ​യി എ​ത്തു​ന്നി​ല്ല. ആ​സി​യാ​ൻ വ്യാ​പാ​ര​ക്ക​രാ​റി​ന് ശേ​ഷം റ​ബ​ർ, കു​രു​മു​ള​ക്, ഏ​ലം ക​ർ​ഷ​ക​ർ വി​ല​ത്ത​ക​ർ​ച്ച നേ​രി​ട്ടു. ക​ശു​വ​ണ്ടി, ക​യ​ർ മേ​ഖ​ല​ക​ൾ ദു​ർ​ബ​ല​മാ​യി. വി​ദ്യാ​ഭ്യാ​സം നേ​ടി​യ യു​വാ​ക്ക​ൾ വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്നു. പ​ല ഗ്രാ​മ​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ൾ മാ​ത്രം ശേ​ഷി​ക്കു​ന്നു. കേ​ര​ളം ലോ​ക​ത്തി​ന് പ്ര​ധാ​ന​മാ​യും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത് സ്വ​ന്തം യു​വ​ത​ല​മു​റ​യെ​യാ​ണ്. അ​ത് വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ വി​ജ​യ​മാ​ണ്. അ​വ​ർ​ക്ക് നാ​ട്ടി​ൽ ജോ​ലി ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​ത് വി​ക​സ​ന ന​യ​ത്തി​ന്റെ പ​രാ​ജ​യ​വു​മാ​ണ്.

ഇ​നി​യു​ള്ള വ​ർ​ഷ​ങ്ങ​ൾ ഇ​തി​ലും ക​ടു​പ്പ​മേ​റി​യ​താ​കും. 1991ൽ ​ഇ​ന്ത്യ പ്ര​വേ​ശി​ച്ച​ത് സ്വ​ത​ന്ത്ര വ്യാ​പാ​ര​ത്തി​ന് ലോ​ക​മെ​ങ്ങും പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്ന കാ​ല​ത്താ​ണ്. ഇ​ന്ന് സ്ഥി​തി മാ​റി. വ്യാ​പാ​രം ഇ​ന്ന് രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ​ത്തി​നു​ള്ള ഉ​പ​ക​ര​ണ​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. കാ​ലാ​വ​സ്ഥ നി​യ​മ​ങ്ങ​ൾ പു​തി​യ വ്യാ​പാ​ര ത​ട​സ്സ​ങ്ങ​ളാ​യി മാ​റു​ന്നു. യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ കാ​ർ​ബ​ൺ അ​തി​ർ​ത്തി നി​കു​തി ഇ​ന്ത്യ​ൻ സ്റ്റീ​ൽ, അ​ലു​മി​നി​യം ക​യ​റ്റു​മ​തി​യെ നേ​രി​ട്ടു ബാ​ധി​ക്കും. ബ്രി​ട്ട​ൻ, ഒ​മാ​ൻ, ന്യൂ​സി​ലാ​ൻ​ഡ് എ​ന്നി​വ​യു​മാ​യി ഇ​ന്ത്യ വ്യാ​പാ​ര​ക്ക​രാ​റു​ക​ൾ ഒ​പ്പു​വെ​ച്ചു. യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ 2026 ജ​നു​വ​രി​യി​ൽ പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ ഈ ​ക​രാ​റു​ക​ളു​ടെ നേ​ട്ട​ത്തി​ന്റെ ഒ​രു ഭാ​ഗം കാ​ർ​ബ​ൺ നി​കു​തി​യി​ലൂ​ടെ ന​ഷ്ട​മാ​കാ​നി​ട​യു​ണ്ട്.

നി​ർ​മി​ത​ബു​ദ്ധി ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി

ഇ​വ​യെ​ക്കാ​ളെ​ല്ലാം ഗൗ​ര​വ​മു​ള്ള വെ​ല്ലു​വി​ളി നി​ർ​മി​ത​ബു​ദ്ധി​യാ​ണ്. ഇ​ന്ത്യ​യു​ടെ ആ​ഗോ​ള​വ​ത്ക​ര​ണ വി​ജ​യ​ത്തി​ന്റെ അ​ടി​സ്ഥാ​നം കു​റ​ഞ്ഞ ചെ​ല​വി​ൽ ല​ഭ്യ​മാ​യ വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. കോ​ഡി​ങ്, ക​സ്റ്റ​മ​ർ സ​പ്പോ​ർ​ട്ട്, അ​ക്കൗ​ണ്ടി​ങ് പോ​ലു​ള്ള ജോ​ലി​ക​ൾ കൃ​ത്രി​മ​ബു​ദ്ധി ഏ​റ്റെ​ടു​ത്തു​തു​ട​ങ്ങു​മ്പോ​ൾ ആ ​നേ​ട്ടം കു​റ​യും. ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം ഒ​രു കോ​ടി യു​വാ​ക്ക​ൾ തൊ​ഴി​ൽ ക​മ്പോ​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. 2040ഓ​ടെ ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ പ്രാ​യ​മാ​കാ​ൻ തു​ട​ങ്ങും. ഇ​പ്പോ​ഴ​ത്തെ ജ​ന​സം​ഖ്യാ​പ​ര​മാ​യ നേ​ട്ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​ക്ക് ഏ​ക​ദേ​ശം പ​തി​ന​ഞ്ചു വ​ർ​ഷ​മേ ബാ​ക്കി​യു​ള്ളൂ. ഈ ​അ​വ​സ​രം ന​ഷ്ട​പ്പെ​ട്ടാ​ൽ വീ​ണ്ടും ല​ഭി​ക്കി​ല്ല. ആ​ഗോ​ള​വ​ത്ക​ര​ണ​ത്തെ പൂ​ർ​ണ​മാ​യി എ​തി​ർ​ക്കു​ന്ന​വ​രും പൂ​ർ​ണ​മാ​യി പി​ന്തു​ണ​ക്കു​ന്ന​വ​രും ഒ​രേ തെ​റ്റാ​ണ് ചെ​യ്യു​ന്ന​ത്. ആ​ഗോ​ള​വ​ത്ക​ര​ണം ഒ​രു ല​ക്ഷ്യ​മ​ല്ല, ഒ​രു മാ​ർ​ഗം മാ​ത്ര​മാ​ണ്. അ​തി​നെ വി​ല​യി​രു​ത്തേ​ണ്ട​ത് കൃ​ത്യ​മാ​യ ചി​ല ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ആ​രോ​ഗ്യ​ത്തി​നു​ള്ള സ​ർ​ക്കാ​ർ ചെ​ല​വ് ഇ​പ്പോ​ഴും ജി.​ഡി.​പി​യു​ടെ ര​ണ്ടു ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണ്. വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള പൊ​തു​ചെ​ല​വും താ​ഴ്ന്ന നി​ല​യി​ലാ​ണ്. ഇ​ങ്ങ​നെ ഒ​രു രാ​ജ്യ​ത്തി​ന് ആ​ഗോ​ള മ​ത്സ​ര​ത്തി​ൽ ദീ​ർ​ഘ​കാ​ലം മു​ന്നി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യു​മോ? ഗ​വേ​ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും ഇ​ന്ത്യ ചെ​ല​വ​ഴി​ക്കു​ന്ന​ത് ജി.​ഡി.​പി​യു​ടെ ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. ഈ ​നി​ല​യി​ൽ ഇ​ന്ത്യ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ക്കു​ന്ന രാ​ജ്യ​മാ​കു​മോ, അ​തോ മ​റ്റു​ള്ള​വ​ർ വി​ക​സി​പ്പി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​മാ​യി മാ​ത്രം തു​ട​രു​മോ?

പുരോഗതിയുടെ അളവ്കോൽ

സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ​പ​ങ്കാ​ളി​ത്തം ഇ​പ്പോ​ഴും ലോ​ക​നി​ല​വാ​ര​ത്തേ​ക്കാ​ൾ വ​ള​രെ താ​ഴെ​യാ​ണ്. ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം വ​രു​ന്ന സ്ത്രീ​ക​ളെ തൊ​ഴി​ൽ​രം​ഗ​ത്ത് പൂ​ർ​ണ​മാ​യി ഉ​ൾ​പ്പെ​ടു​ത്താ​തെ ഒ​രു രാ​ജ്യ​ത്തി​ന് വി​ക​സി​ത രാ​ഷ്ട്ര​മാ​കാ​ൻ ക​ഴി​യി​ല്ല. ഏ​റ്റ​വും അ​ടി​സ്ഥാ​ന​പ​ര​മാ​യ ഒ​രു ചോ​ദ്യം കൂ​ടി ബാ​ക്കി​യാ​ണ്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ നേ​ട്ടം സ​മൂ​ഹ​ത്തി​ന്റെ താ​ഴെ​ത്ത​ട്ടി​ലേ​ക്ക് സ്വാ​ഭാ​വി​ക​മാ​യി എ​ത്തി​ച്ചേ​രും എ​ന്ന ധാ​ര​ണ മു​പ്പ​ത്ത​ഞ്ചു വ​ർ​ഷ​മാ​യി പ​രീ​ക്ഷി​ക്ക​പ്പെ​ട്ടു. ആ ​ധാ​ര​ണ ഇ​നി​യും തു​ട​ര​ണോ, അ​തോ ബോ​ധ​പൂ​ർ​വ​മാ​യ ന​യ​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ച്ച​യു​ടെ നേ​ട്ടം എ​ല്ലാ​വ​രി​ലും എ​ത്തി​ക്ക​ണോ എ​ന്ന് രാ​ജ്യം തീ​രു​മാ​നി​ക്കേ​ണ്ട സ​മ​യ​മാ​യി. 1991ലെ ​പ്ര​തി​സ​ന്ധി വി​ദേ​ശ​നാ​ണ്യ​ത്തി​ന്റേ​താ​യി​രു​ന്നു. സ്വ​ർ​ണം പ​ണ​യം വെ​ച്ച് അ​ന്ന് അ​ത് മ​റി​ക​ട​ന്നു. 2026-ലെ ​പ്ര​തി​സ​ന്ധി തൊ​ഴി​ലി​ന്റെ​യും സാ​മൂ​ഹി​ക നീ​തി​യു​ടെ​യും ഭാ​വി​യു​ടേ​തു​മാ​ണ്. അ​ത് മ​റി​ക​ട​ക്കാ​ൻ അ​ത്ത​രം ഒ​രു എ​ളു​പ്പ​വ​ഴി​യി​ല്ല.

1991ലെ ​പ​രി​ഷ്കാ​ര​ങ്ങ​ൾ സ​ർ​ക്കാ​റി​നെ ക​മ്പോ​ള​ത്തി​ൽ​നി​ന്ന് പി​ൻ​വ​ലി​ച്ചു. ഇ​നി ആ​വ​ശ്യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ മ​നു​ഷ്യ​വി​ക​സ​ന​ത്തി​ൽ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ഇ​ട​പെ​ടു​ന്ന​തി​നു​ള്ള​വ​യാ​ണ്. ലൈ​സ​ൻ​സ് രാ​ജ് അ​വ​സാ​നി​പ്പി​ക്കാ​ൻ രാ​ജ്യം ധൈ​ര്യം കാ​ണി​ച്ചു. സ​മ്പ​ത്തി​ന്റെ അ​മി​ത കേ​ന്ദ്രീ​ക​ര​ണം നി​യ​ന്ത്രി​ക്കാ​നും അ​തേ ധൈ​ര്യം വേ​ണം. ഇ​നി​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി അ​ള​ക്കേ​ണ്ട​ത് ജി.​ഡി.​പി എ​ത്ര ട്രി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി എ​ന്ന​തി​ലൂ​ടെ മാ​ത്ര​മ​ല്ല. ബി​ഹാ​റി​ലെ ഒ​രു ഗ്രാ​മീ​ണ പെ​ൺ​കു​ട്ടി​ക്ക് സ്വ​ന്തം നാ​ട്ടി​ൽ മാ​ന്യ​മാ​യ ഒ​രു ജോ​ലി ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന​തും അ​തി​ന്റെ അ​ള​വു​കോ​ലാ​ക​ണം.

(‘കുസാറ്റി’ലെ സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസിന്റെ ഡയറക്ടറാണ് ലേഖകൻ)

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India’s Unequal Globalisation
Next Story