Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദുരൂഹതകള്‍...

ദുരൂഹതകള്‍ അവസാനിക്കുന്നില്ല

text_fields
bookmark_border
ദുരൂഹതകള്‍ അവസാനിക്കുന്നില്ല
cancel

നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക് എന്ന മിന്നലാക്രമണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ കടങ്കഥയായി ശേഷിക്കുന്നു. ഇത്തരമൊരു സുരക്ഷാനീക്കത്തിന്‍െറ പ്രത്യാഘാതങ്ങളും സംഭാവ്യതകളും അപഗ്രഥിച്ച് കൃത്യമായ നിഗമനത്തിലത്തെിച്ചേരാനുള്ള ശ്രമങ്ങള്‍ ജോണ്‍ നാഷ്, തോമസ് ഹര്‍സാനിയ തുടങ്ങിയ ഗണിതപ്രതിഭകള്‍ക്കുപോലും കനത്ത വെല്ലുവിളിയാകും.

വാസ്തവത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക് ഒരു പുതിയ കാര്യമല്ല. അതിര്‍ത്തി കടന്നുള്ള ഈ ആക്രമണരീതിയോട് പാകിസ്താന്‍ സാധാരണ ഗതിയില്‍ കടുത്ത എതിര്‍പ്പും പ്രതിഷേധവും രേഖപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍, തങ്ങളെ ഇന്ത്യ ആക്രമിച്ചിട്ടില്ളെന്നാണ് പാകിസ്താന്‍െറ വാദം. ഈ അവകാശവാദത്തിന് പിന്‍ബലം ലഭിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകരെ നിയന്ത്രണരേഖയില്‍ വിളിച്ചുവരുത്തി കുഴപ്പങ്ങളൊന്നും സംഭവിച്ചില്ളെന്ന് കാണിച്ചുകൊടുക്കുകയുമുണ്ടായി പാക് അധികൃതര്‍.

ഒരിക്കലും തമാശ പറഞ്ഞ് ചിരിക്കേണ്ട ലഘുവിഷയങ്ങളല്ല ഭീകരത, സര്‍ജിക്കല്‍ സ്ട്രൈക് തുടങ്ങിയവ. എന്നാല്‍, പാക് മാധ്യമപ്രവര്‍ത്തകന്‍ ഗുല്‍ ബുഖാരി ഇന്ത്യ-പാക് വാഗ്വാദത്തെ വൈഭവപൂര്‍വം സംക്ഷേപിക്കുന്നതിലെ ഹാസ്യം ആര്‍ക്കും നിഷേധിക്കാനാകില്ല.
അദ്ദേഹം ഹാസ്യരൂപത്തില്‍ എഴുതിയത് നോക്കുക:
‘ഇതുവരെ കാണാന്‍ സാധിച്ചതില്‍ വെച്ച് ഏറ്റവും ചിരിയുണര്‍ത്തുന്ന യുദ്ധം ഒരുപക്ഷേ, ഇതായിരിക്കും.
ഇന്ത്യ (പാകിസ്താനോട്): ഞങ്ങള്‍ നിങ്ങളെ ആക്രമിച്ചിരിക്കുകയാണ്.
പാകിസ്താന്‍: ഇല്ല, നിങ്ങള്‍ ഒരു കൈയേറ്റവും നടത്തിയിട്ടില്ല.
ഇന്ത്യ: അല്ല, ഞങ്ങള്‍ ശരിക്കും ആക്രമണം നടത്തി.
പാകിസ്താന്‍: ഏയ് ഇല്ളേ ഇല്ല.’

യുദ്ധം ചെയ്യുന്ന രണ്ട് ശത്രുരാജ്യങ്ങള്‍ തമ്മില്‍ ഇത്തരമൊരു സംഭാഷണം നടത്തുന്നത് സങ്കല്‍പിക്കാനാകുമോ? ദുരൂഹതയില്‍ പൊതിഞ്ഞ ഈ സമസ്യയുമായി ബന്ധപ്പെട്ട മറ്റൊരു വിരോധാഭാസവും ഇവിടെ ചൂണ്ടിക്കാട്ടാം. സര്‍ജിക്കല്‍ സ്ട്രൈക്കിന്‍െറ ഭാഗമായി ഒറ്റ ഇന്ത്യന്‍ ഭടനും നിയന്ത്രണരേഖ കടന്ന് പാക് മണ്ണില്‍ കാലുകുത്തിയിട്ടില്ളെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നു. അതേസമയം, ഒരു ഇന്ത്യന്‍ പട്ടാളക്കാരനെ തടവുകാരനാക്കിയതായും ഇസ്ലാമാബാദ് വിശദീകരിക്കുന്നു. പാകിസ്താന്‍െറ പരസ്പരഭിന്നമായ ഈ വാദങ്ങളും അവിശ്വസനീയമായ വൈചിത്ര്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഇന്ത്യന്‍ ഭടന്‍ അബദ്ധത്തില്‍ നിയന്ത്രണരേഖ മുറിച്ചുകടന്നതാകുമോ?

സര്‍ജിക്കല്‍ സ്ട്രൈക്കിനെ സംബന്ധിച്ച് അധികൃതര്‍ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട വിശദീകരണങ്ങളും സ്തോഭജനകമായിരുന്നു. സ്ഥിരീകരിക്കാത്ത ഭാവനാവിലാസങ്ങള്‍ വരെ കലര്‍ത്തി ആക്രമണകഥ കമനീയമാക്കാനായിരുന്നു ശ്രമങ്ങള്‍. മിന്നലാക്രമണത്തിന് ഭീകരര്‍ക്കിടയില്‍ കനത്ത ആള്‍നാശം വരുത്താന്‍ സാധിച്ചതായി സെപ്റ്റംബര്‍ 29ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സൈനിക ഓപറേഷനുകള്‍ക്കുള്ള ഡയറക്ടര്‍ ജനറല്‍ രണ്‍ബീര്‍ സിങ് അവകാശപ്പെട്ടിരുന്നു. പിന്നീട് ഇതുസംബന്ധമായി ചെറിയ പരാമര്‍ശമെങ്കിലും പുറത്തുവിട്ടത് വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആണ്.

നിയന്ത്രണരേഖ മുറിച്ചുകടക്കാന്‍ സൈനികര്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കുകയുണ്ടായില്ളെന്നും ഇന്ത്യന്‍ സേന വ്യോമാക്രമണം നടത്തിയിരുന്നില്ളെന്നും മന്ത്രി വിശദീകരിച്ചു. ആക്രമണം എത്ര കേന്ദ്രങ്ങളില്‍ അരങ്ങേറി, സ്പെഷല്‍ ഫോഴ്സ് പങ്കാളികളായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് വെളിപ്പെടുത്തിയിരുന്നില്ളെങ്കിലും സ്പെഷല്‍ ഫോഴ്സ് കമാന്‍ഡോകളാണ് പ്രധാന ആക്രമണങ്ങള്‍ നടത്തിയത് എന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന പ്രചാരണം.

സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട നിരുപദ്രവകരമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍നിന്ന് മറച്ചുവെക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ശ്രമിച്ചു എന്ന ചോദ്യവും ഉത്തരമില്ലാതെ ശേഷിക്കുകയാണ്. നിലപാടുകള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ പാകിസ്താന് പ്രേരണയാകുമോ എന്ന ഭയമാകാം ഇതിനു പിന്നില്‍. അതേസമയം, ജനങ്ങളെ ആവേശോന്മാദത്തിലേക്ക് തള്ളിവിടുന്ന റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ കുത്തിനിറക്കപ്പെട്ടത്. ഇത്തരം വൈകാരിക ജ്വലനങ്ങള്‍ അതിര്‍ത്തികളില്‍ ആവേശവേലിയേറ്റത്തിന് ഹേതുവാകുമെന്ന് സര്‍ക്കാര്‍ മുന്‍കൂര്‍ കണക്കുകൂട്ടാതിരിക്കാന്‍ ഇടയില്ല.

മുന്‍കാല സര്‍ജിക്കല്‍ ആക്രമണങ്ങള്‍ക്ക് ഈ രീതിയില്‍ വ്യാപകമായ പബ്ളിസിറ്റി ലഭിച്ചിരുന്നില്ല എന്ന യാഥാര്‍ഥ്യവും ഓര്‍മിക്കുക. പാകിസ്താന് ലഘുശിക്ഷ നല്‍കേണ്ടതിനായിരുന്നു അന്ന് അത്തരം ആക്രമണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍, വന്‍ ആക്രമണങ്ങള്‍ നടത്തി എന്ന അവകാശവാദവുമായാണ് സര്‍ക്കാര്‍ ഇത്തവണ ജനങ്ങള്‍ക്കു മുമ്പാകെ പ്രത്യക്ഷപ്പെട്ടത്. സംഭവം ഇന്ത്യയില്‍ വ്യാപകമായ ജനകീയ ശ്രദ്ധ കവര്‍ന്നു; പക്ഷേ, ആക്രമണത്തിന്‍െറ സന്ദേശം അതിര്‍ത്തി കടന്ന് ലക്ഷ്യപ്രാപ്തി കൈവരിക്കുകയുണ്ടായോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

സുരക്ഷാ പരിഗണനകള്‍ മുന്‍നിര്‍ത്തിയായിരുന്നു വിശദാംശങ്ങള്‍ പുറത്തുവിടാതിരുന്നത് എന്ന വാദത്തില്‍ കഴമ്പില്ല. ഏഴിടങ്ങളിലായിരുന്നുവത്രെ ആക്രമണം. ആക്രമണവിധേയമായ ഈ സ്ഥലങ്ങളെ സംബന്ധിച്ച് തീര്‍ച്ചയായും പാക് സൈനികര്‍ക്കും ഭീകരസംഘടനകള്‍ക്കും വ്യക്തമായ ധാരണ ഉണ്ടാകാതിരിക്കില്ല. അപ്പോള്‍ ആ സ്ഥലങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാതിരിക്കുന്നതില്‍ സുരക്ഷാഭദ്രതയുടെ പ്രശ്നം ഉദിക്കുന്നില്ല.

ആക്രമണം നടന്ന കേന്ദ്രങ്ങളില്‍ എത്ര പേര്‍ വീതം കൊല്ലപ്പെട്ടു എന്ന കാര്യവും വ്യക്തമല്ല. ആക്രമണാനന്തരം പാകിസ്താനും ഭീകരസംഘടനകളും കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞ വസ്തുതകളും ഇന്ത്യന്‍ പൗരന്മാരില്‍നിന്ന് മറച്ചുപിടിക്കുന്നത് വിരോധാഭാസവും അസംബന്ധവുമാണ്. അതേസമയം, കമാന്‍ഡോകള്‍ നിയന്ത്രണരേഖ വരെ മാത്രമാണ് കോപ്ടറുകളെ ആശ്രയിച്ചതെന്ന രഹസ്യം സര്‍ക്കാര്‍ വകതിരിവില്ലാതെ പുറത്തുവിടുകയും ചെയ്തു.

ഒരുപക്ഷേ, സൈനിക കാഴ്ചപ്പാടില്‍ വീക്ഷിക്കുമ്പോള്‍ അപ്രധാന ലക്ഷ്യങ്ങളിലായിരിക്കണം ഈ ആക്രമണങ്ങള്‍ അരങ്ങേറിയിരിക്കുക. ആക്രമണ വാര്‍ത്തകള്‍ അധികൃതര്‍ അതിശയോക്തികള്‍ കലര്‍ത്തി പര്‍വതീകരിക്കുകയും ചെയ്തിട്ടുണ്ടാകാം. നേരത്തേതന്നെ ഇന്ത്യയുടെ വെടിവെപ്പിന് ഇരയായ സ്ഥലങ്ങള്‍ നിര്‍ണയിച്ച് ആവര്‍ത്തിച്ച് ആക്രമണം സംഘടിപ്പിച്ചു എന്നതും അവഗണിക്കാനാകാത്ത സംഭാവ്യതയാണ്.

ഏതായാലും, ഭീകരതയെ അഭിമുഖീകരിക്കുന്നതില്‍ സര്‍ക്കാര്‍ നയവ്യതിയാനത്തിനു തുടക്കംകുറിച്ചിരിക്കുന്നു. രീതി ശാസ്ത്രത്തിലെ ഈ ദിശാമാറ്റത്തിന്‍െറ ഫലപ്രാപ്തി സംശയാസ്പദമാണ്. മിന്നലാക്രമണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ദൂരീകരിക്കാനാകണം സര്‍ക്കാര്‍ തയാറാകേണ്ടത്. ആക്രമണത്തെ സംബന്ധിച്ച് പാകിസ്താന് ഗ്രഹിക്കാന്‍ സാധിച്ച വിവരങ്ങള്‍ പൗരന്മാരുമായി പങ്കുവെക്കാനുള്ള സന്നദ്ധതയും സര്‍ക്കാറില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian surgical strike
News Summary - indian surgical strike
Next Story