Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്ത്യൻ ജനത...

ഇന്ത്യൻ ജനത രാഷ്ട്രീയമാറ്റം കൊതിക്കുന്നുണ്ട്

text_fields
bookmark_border
political change
cancel

ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ നിലപാടുകൾ ആഴത്തിൽ പരിശോധിക്കുമ്പോൾ ഒന്ന് വ്യക്തം: ഒരേ കക്ഷിയുടെ ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നില്ല. പഞ്ചാബിൽ അകാലിദളും കർണാ ടകയിൽ ദേവരാജ്‌ അർസും മഹാരാഷ്ട്രയിൽ ശരദ് പവാറും തമിഴ്‌ നാട്ടിൽ ഡി.എം.കെ. യും പഴയ ആന്ധ്രപ്രദേശിൽ തെലുഗു ദേശവും കോൺഗ്രസിന്‌ ഫലപ്രദമായ ബദൽ സൃഷ്ടിച്ചിട്ടുണ്ട്‌. കേരളത്തിലും ബംഗാളിലും ത്രിപുരയിലും സി.പി.എം സർക്കാറുകൾ രൂപവത്കരിച്ചിട്ടുണ്ട്‌. അസമിൽ ആസുവിന്റെ നേതൃത്വത്തിലും മഹാരാഷ്ട്ര ഗോമന്തക്‌ പാർട്ടിയുടെ കീഴിൽ ഗോവയിലും നേരത്തേ ഇത്തരം ഭരണമാറ്റങ്ങൾ രൂപം കൊണ്ടിരുന്നു. ജമ്മു-കാശ്മീരിൽ നാഷനൽ കോൺഫറൻസ്‌ തനിച്ച്‌ അധികാരത്തിൽ വന്നിട്ടുണ്ട്‌. ഉത്തർ പ്രദേശിലും ബിഹാറിലും സോഷ്യലിസ്റ്റ്‌ പാർട്ടികളുടെ സർക്കാറുകൾ നിലവിൽവന്നിരുന്നു.അതിന്റെ അർഥം ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയ മാറ്റം സുസാധ്യമാണെന്ന് കണ്ടാൽ അത്തരം അവസരങ്ങൾ പാഴാക്കിയിട്ടില്ലെന്നാണ്‌. അവസരത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്നത് പലരും കാണുന്നില്ല, ചിലർ കണ്ടില്ലെന്ന് നടിക്കുന്നു.

പഞ്ചാബിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്‌ വിദൂരസാധ്യതയായി ചിന്തിക്കാൻ കഴിയാത്ത ഘട്ടത്തിലാണ് 2017 ൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ ഭരണം പിടിക്കുന്നത്. അത്‌ നിലനിർത്താനോ സിങ്ങിനെപ്പോലും പാർട്ടിയിൽ പിടിച്ചുനിർത്താനോ കഴിഞ്ഞില്ലെന്നത് വേറെ കാര്യം.

കോൺഗ്രസിൽ വലിയ രീതിയിൽ പൊരുത്തക്കേടും പൊരുത്തപ്പെടലും നടക്കുന്നു എന്ന് എല്ലാവർക്കുമറിയാം. മുതിർന്ന ധാരാളം നേതാക്കൾ സംഘടനയുടെ പ്രവർത്തനരീതിയിൽ പരസ്യമായി അസംതൃപ്തി പ്രകടിപ്പിച്ചിട്ടും അത്‌ പരിഹരിക്കാൻ ശക്തവും അനുയോജ്യവുമായ നടപടികളുണ്ടായില്ല എന്നു മാത്രമല്ല ഒന്നിലും കൂട്ടായ തീരുമാനം ഉണ്ടായതുമില്ല.

ബി.ജെ.പി യും കോൺഗ്രസും പലർക്കും ഇന്ന് അധികാര ലഭ്യത ഉറപ്പ്‌ വരുത്താനുള്ള ചവിട്ടുപടികൾ മാത്രമാണെങ്കിലും ജ്യോതിരാദിത്യ രാജ്‌ സിന്ധ്യയുടെ രാജി കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ണ്‌ തുറപ്പിക്കേണ്ടതായിരുന്നു. അത്‌ ആരും ഗൗരവത്തിലെടുത്തതേ ഇല്ല. രാഹുൽ ഗാന്ധിയുടെ മറ്റൊരു സന്തത സഹചാരി ജിതിൻ പ്രസാദ്‌ പെട്ടെന്നൊരു ദിവസം ബി.ജെ.പിയിൽ ചേക്കേറിയത്‌ അതിനാൽ ആരെയും അതിശയിപ്പിച്ചില്ല. കോൺഗ്രസ് വിമുക്ത ഇന്ത്യ എന്ന ബി.ജെ.പി ലക്ഷ്യം പ്രാപിക്കാനുള്ള രാഷ്ട്രീയ കുതന്ത്രങ്ങളായി മാത്രം ഈ നീക്കങ്ങളെ വ്യാഖ്യാനിച്ചത്‌ ശരിയായില്ല എന്ന് സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു.

മമത ബാനർജിയുടെ തകർപ്പൻ വിജയത്തിനു പിറകെ അവർ കോൺഗ്രസ് പ്രസിഡന്റിനെ സന്ദർശിക്കാൻ ഡൽഹിയിൽ വന്നത്‌ പ്രതിപക്ഷ നിരയിലും രാഷ്ട്രീയ നിരീക്ഷകരിലും വലിയ പ്രതീക്ഷ വളർത്തിയിരുന്നു. തുടർ നടപടികളുടെ അഭാവം അക്കാരണത്താൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ രാഷ്ട്രീയപ്രാധാന്യം ഉണ്ടായിരുന്ന യു.പി, പഞ്ചാബ്‌ അടക്കം അഞ്ച്‌ നിയസഭകളിലേക്ക്‌ 2022 ൽ നടന്ന തെരഞ്ഞെടുപ്പിനായി കാര്യമായ മുന്നൊരുക്കം നടത്തണമെന്ന നിർദേശം ബന്ധപ്പെട്ട ആരും ശ്രദ്ധിച്ചില്ല. പ്രതിപക്ഷ ഐക്യം എന്ന മുദ്രാവാക്യവും അവഗണിക്കപ്പെട്ടു എന്ന ധാരണ ശക്തിപ്പെടാൻ അത്‌ വഴി ഒരുക്കുകയും ചെയ്തു.

എന്നാൽ ഗുലാം നബി ആസാദിന്റെ കോൺഗ്രസിൽ നിന്നുള്ള രാജി പ്രതിപക്ഷ ഐക്യം ലക്ഷ്യമിടുന്ന പുതിയ നീക്കങ്ങൾ ദുർബലമാക്കുമെന്ന് കരുതുന്നവർ നിരാശപ്പെടേണ്ടി വരും. ഒരു രാഷ്ട്രീയ ബദലിന്‌ വേണ്ടിയുള്ള ഇന്ത്യയുടെ പൊതുജനാഭിപ്രായം കൂടുതൽ നിശിതമാകാൻ പോകുകയാണെന്ന് ഭാവി തെളിയിക്കും. കോൺഗ്രസിനെ സ്നേഹിക്കുന്നവരിലും കോൺഗ്രസ് തിരിച്ചുവരുന്നത്‌ പ്രതീക്ഷിക്കുന്നവരിലും ഈ രാജി വളർത്തുന്ന രോഷം കോൺഗ്രസിനനുകൂലമാവാനാണ്‌ സാധ്യത. ജനവികാരം അറിയാതെയും ജനാഭിലാഷം മാനിക്കാതെയും എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കപ്പെടുമെന്ന് കരുതുന്നത്‌ വെറുതെ.

ബിഹാറിലെ ഭരണമാറ്റവും ഇതര സംഭവവികാസങ്ങളും ബി.ജെ.പിയുടെ സ്വസ്ഥത കെടുത്തിയിരിക്കുന്നു. ഭാരത്‌ ജോഡോ യാത്രക്ക് ഇതുവരെ ലഭിച്ച സ്വീകാര്യത ആർക്കും അവഗണിക്കാനാവില്ല. ഉയർന്ന ഉദ്യോഗങ്ങളിൽ നിന്ന് വിരമിച്ച പ്രമുഖരും വിരമിച്ച ന്യായാധിപന്മാരും കലാകാരനണമാരും സാംസ്ക്കാരിക പ്രവർത്തകരും അടക്കം നൂറുകണക്കിനാളുകൾ ഇന്നത്തെ കേന്ദ്ര ഭരണകൂടത്തിന്റെ സമീപനങ്ങൾ രാജ്യതാൽപര്യങ്ങൾക്ക്‌ വിരുദ്ധമാണെന്ന് തുറന്നടിച്ചിരിക്കുന്നു. ബിൽകീസ്‌ ബാനു വിഷയത്തിൽ ജയിൽ മോചിതരായവർക്ക്‌ സ്വീകരിക്കണം ഏർപ്പാടാക്കിയ നീചരീതിക്കെതിരെ ബി.ജെ.പി സഹയാത്രികയായ ഖുഷ്‌ബു സുന്ദറിന്റെ വിതുമ്പലിൽ അവസാനിച്ച പൊട്ടിത്തെറിയും നിർഭയയുടെ അമ്മ ആശാദേവിയുടെയും സുഹാസിനിയുടെയും അഭിപ്രായങ്ങളും സ്ത്രീകൾ എങ്ങനെ പ്രതികരിക്കുമെന്നതിന്റെ വ്യക്തമായ സൂചന തന്നെ.

കേന്ദ്രത്തിൽ ഭരണമാറ്റം വേണമെന്ന അഭിപ്രായം ശക്തിപ്പെടുത്തുന്നത്‌ ഈ സാഹചര്യത്തിൽ കൂടിയാണ്. ശരദ് പവാറും നിതീഷ്‌ കുമാറും ഇക്കാര്യത്തിൽ കാണിക്കുന്ന ജാഗ്രത പ്രത്യാശ ഉണർത്തുന്നു. ഇത്തരുണത്തിൽ ജനങ്ങളുടെയും പ്രതിപക്ഷ നേതൃത്വത്തിന്റെയും അടിയന്തര ശ്രദ്ധ പതിയേണ്ട അനേകം കാര്യങ്ങളുണ്ട്‌. 1) ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയനിലപാട്‌ സ്വീകരിക്കുന്നവർ ഒന്നിച്ച്‌ നിന്ന് തെരഞ്ഞെടുപ്പ്‌ നേരിടുന്ന സാഹചര്യം ഒരുക്കുന്നതിന്‌ പ്രമുഖരുടെ ഒരു സംഘം അതത്‌ സംസ്ഥാന നേതൃത്വവുമായി സഹകരിച്ച്‌ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം. 2) ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി, ഉത്തർപ്രദേശ്‌ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്‌ എന്നിവരെ വിശ്വാസത്തിലെടുക്കാൻ മുതിർന്ന നേതാക്കളായ ശരദ് പവാറും, നിതീഷ്‌ കുമാറും , കമൽ നാഥും, ഭുപീന്ദർ സിങ് ഹൂഡയും, ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവും സമയം കണ്ടെത്തേണ്ടി വരും. 3) അതത്‌ സംസ്ഥാനത്തിന്റെ രാഷ്ട്രീയ യാഥാർഥ്യം കണക്കിലെടുത്ത്‌ കരുക്കൾ നീക്കാൻ എല്ലാവരും സന്നദ്ധത കാണിക്കണമെന്ന പൊതു അഭിപ്രായവും തേജസ്വി യാദവിന്റെ ഉറച്ച നിലപാടും അംഗീകരിക്കപ്പെടണം. 5) ബി.ജെ.പി. ഇതര സംഘടനകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും അതത്‌ ഭരണകൂടങ്ങളുടെ ഐക്യം ഉറപ്പുവരുത്തുകയും വേണം. 6) എത്ര പ്രകോപനമുണ്ടായാലും നിയമം കൈയിലെടുക്കാതിരിക്കാനും ജനങ്ങളുടെയിടയിൽ സമചിത്തതയും സഹവർത്തിത്വവും വളർത്താനും പ്രാദേശികമായ സംരംഭങ്ങളുണ്ടാവണം.

l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central govtCongreespolitical change
News Summary - Indian people want political change
Next Story