Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുസ്​ലിം ന്യൂനപക്ഷത്തിന്‍റെ അനുരഞ്ജന ഭാഷകൾ കീഴടങ്ങലിന്‍റെതോ സഹവർത്തിത്വത്തിന്‍റെതോ?
cancel
Homechevron_rightOpinionchevron_rightArticleschevron_rightമുസ്​ലിം...

മുസ്​ലിം ന്യൂനപക്ഷത്തിന്‍റെ അനുരഞ്ജന ഭാഷകൾ കീഴടങ്ങലിന്‍റെതോ സഹവർത്തിത്വത്തിന്‍റെതോ?

text_fields
bookmark_border

ഡെസ്‌മെണ്ട് മോറിസ് ദശാബ്ദങ്ങൾക്ക് മുമ്പെഴുതിയ 'നഗ്നവാനരനി'ലെ പല നിരീക്ഷണങ്ങളും കാലഹരണപ്പെട്ടവയായി ഗണിക്കപ്പെടാമെങ്കിലും മനുഷ്യ പ്രകൃതത്തെ സംബന്ധിക്കുന്ന അസാധാരണങ്ങളായ പല ഉൾക്കാഴ്ചകളും അടങ്ങിയതാണ് ആ ക്ലാസിക് കൃതി. ഒരു ജന്തുശാസ്ത്രജ്ഞൻ എന്ന നിലക്ക്, അദ്ദേഹം പരിണാമത്തിന്‍റെ ഏതോ ഒരു നിർണ്ണായക മുഹൂർത്തത്തിൽ രോമക്കുപ്പായങ്ങൾ അഴിച്ച് മാറ്റി നഗ്നവാനരായ നാമ്മളും കാടിന്‍റെ സ്വഛന്ദതയിൽ വിഹരിക്കുന്ന ആദിസസ്തനികളും തമ്മിൽ ചെറുതല്ലാത്ത സാദൃശ്യങ്ങൾ കാണുന്നുണ്ട്. ഒരുവേള, ഗോ ഭക്തീ വധങ്ങളും, ആൾക്കൂട്ടക്കൊലപാതകങ്ങളും ഗ്രസിച്ചിരിക്കുന്ന വർത്തമാന ഇന്ത്യയുടെ ഉന്മാദാവസ്ഥയെ വിവരിക്കുവാൻ മോറിസ്സിന്‍റെ ജന്തുശാസ്ത്രമായിരിക്കും, മാർക്‌സിന്‍റെയോ മാക്‌സ് വെബറിന്‍റെയോ സാമൂഹ്യ ശാസ്ത്രത്തേക്കാൾ അനുയോജ്യം. മൃഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന കലഹങ്ങളേയും തുടർന്നുണ്ടാകുന്ന അനുരഞ്ജനങ്ങളേയും കുറിച്ച് പറയുമ്പോൾ അദ്ദേഹം നിരീക്ഷിക്കുന്നു:


സ്വന്തം പ്രദേശം സംരക്ഷിക്കാൻ മൃഗങ്ങൾ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നു. അതിരുകൾ ലംഘിച്ച് നുഴഞ്ഞ് കയറുന്ന മൃഗങ്ങളെ വർണ-വർഗ വിവേചനം നോക്കാതെ മൃഗസാമാന്യം പല്ലും നഖവും ഉപയോഗിച്ച് നേരിടുന്നു. പക്ഷേ പലപ്പോഴും ഇത്തരം കലഹങ്ങൾ ഒരു സംഘട്ടനം കൂടാതെ തന്നെ അവസാനിച്ചേക്കും. ഇര പിടിക്കാനല്ലാതെ മൃഗങ്ങൾ പരസ്പരം കൊല്ലുക എന്നത് അത്യപൂർവമാണ്. പരാജയം മണക്കുന്ന മൃഗം എതിരാളിക്ക് കീഴടങ്ങലിന്‍റെ ചില സൂചനകൾ നൽകുന്നു. തന്‍റെ മേധാവിത്തം സ്ഥാപിക്കപ്പെട്ടതായി ഉറപ്പാക്കുന്നതോടെ എതിരാളിയെ ഒരു വിശ്വസ്ഥ മിത്രമായി മേലാളമൃഗം സ്വീകരിക്കുന്നു; പിന്നെ അവർ തമ്മിൽ കാര്യമായ അസ്വരാസ്യങ്ങളോ, 'ഈഗോ' പ്രശ്‌നങ്ങളോ ഒന്നും തന്നെയുണ്ടാകുന്നില്ല. പരിണാമ ശ്രേണിയിൽ നമ്മോട് വളരെ അടുത്ത് നിൽക്കുന്ന ചിംബാൻസികൾ കാണിക്കാറുളള കീഴടങ്ങൽ സൂചനകൾ കൗതുകം നിറഞ്ഞതാണ്. തോൽവി സമ്മതിക്കുന്ന ചിംബാൻസി എതിരാളിയെ വണങ്ങുകയും മൽപ്പിടുത്തത്തിൽ ചുളുക്ക് വീണ അവന്‍റെ രോമങ്ങൾ വിരലുകൾ കൊണ്ട് ചീകിയൊതുക്കിക്കൊടുക്കുകയും ചെയ്യുന്നു. മനുഷ്യരിലും കീഴടങ്ങലിന്‍റെയും അനുരഞ്ചനത്തിന്‍റെതുമായ ഇത്തരം ഉദാഹരണങ്ങൾ കാണാൻ കഴിയുമെന്നാണ് ഡെസ്മണ്ട് മോറിസിന്‍റെ പക്ഷം. സംഘർഷങ്ങൾക്ക് അയവ് വരുത്താനായുളള അനുരഞ്ജന സംഭാഷണങ്ങളും അവയ്ക്ക് അകമ്പടിയായുണ്ടാകാറുളള ആലിംഗനങ്ങളും, സദ്യാവട്ടങ്ങളും, ഹസ്തദാനങ്ങളും എല്ലാം ഈ ഗണത്തിലാണ് അദ്ദേഹം കണക്കാക്കുന്നത്.

വർത്തമാന ഇന്ത്യയിൽ, ഏതെങ്കിലും വിഭാഗം, കീഴടങ്ങലിന്‍റെയും അനുരഞ്ജനത്തിന്‍റേതുമായ ഇത്തരം സൂചനകൾ നിരന്തരം എതിരാളികൾക്ക് നൽകിക്കൊണ്ടിരിക്കുന്നുവെങ്കിൽ, അതിവിടത്തെ മുസ്​ലിം ന്യൂനപക്ഷമാണെന്നതിൽ സംശയമില്ല. ഈ മഹാമാരി കാലത്ത് പത്രങ്ങളിൽ ഏറെ പ്രാധാന്യത്തോടെ വന്ന കുറേ വാർത്തകൾ, ഉറ്റവരാൽ ഉപേക്ഷിപ്പെട്ട കോവിഡ് മൃതദേഹങ്ങൾ മുസ്​ലിം ചെറുപ്പക്കാർ ഒറ്റക്കും കൂട്ടായും പല സംഘടനാ ബാനറുകളിലും മറമാടിയതിനേയും ദഹിപ്പിച്ചതിനേയും കുറിച്ചായിരുന്നു. സാധാരണ ഗതിയിൽ പ്രകീർത്തിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യേണ്ടവയാണ് ഇത്തരം നടപടികൾ. പക്ഷെ, മാറിയ രാഷ്ട്രീയ പരിസ്ഥിതിയിൽ അവയെ വിലയിരുത്തുവാൻ ഡെസ്മണ്ട് മോറിസിന്‍റെ ജന്തുശാസ്ത്ര പദാവലികളായിരിക്കും കൂടുതൽ അനുയോജ്യം. ഇന്ന് നടക്കുന്ന പല ത്യാഗമാതൃകകളും ത്യജിപ്പിന്‍റെയും സ്വാർത്ഥരാഹിത്യത്തിന്‍റേതുമെന്നതിനേക്കാൾ വിധേയത്വത്തിേൻറതും കീഴടങ്ങലിെൻറതുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.


ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കുന്നതിലും, ജനാധിപത്യ സ്ഥാപനങ്ങളെ വെറും നോക്ക്കുത്തികളാക്കുന്നതിലും മോദി പൂർണ വിജയമാണ്. എന്നാൽ മോദിയുടെ ഏറ്റവും വലിയ വിജയം ഇവിടത്തെ ഏറ്റവും പ്ര/അബല ന്യൂനപക്ഷത്തെ, രാജ്യത്തിന്‍റെ പൊതുശത്രുക്കളായി അവതരിപ്പിക്കുന്നതിലും, അവരെ സ്ഥായിയായ അസ്ഥിത്വ ഭീഷണിയുടെ മുൾമുനയിൽ ഭയചകിതരാക്കി നിർത്തുന്നതിലുമാണ്. തന്‍റെ വലിയ നിയോജകപക്ഷത്തിന് ഇതിലൂടെ പരപീഢ രതിയും നൽകാനാകുന്നു. കശ്മീർ, സി.എ.എ, ബാബരി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ പൂർണമായും ഭൂരിപക്ഷ വർഗീയ അജണ്ടകൾ നടപ്പാക്കുന്നതിലൂടെ അവരനുഭവിക്കുന്നത് ആ സാഡിസ്‌ററിക് സംതൃപ്തിയാണ്. അതിനാൽ തന്നെ മുസ്​ലിം ന്യൂനപക്ഷം ഇന്ന് പൂർണ്ണമായും ഹതാശരും ഭീതിതരുമാണ്. കോവിഡ് ഭീതിയിൽ സി.എ.എയുടെ വിഷഗ്രന്ഥികൾ താൽക്കാലികമായി പിൻവലിയുന്നതിന് മുമ്പ്, അസം മുതൽ കേരളം വരെ മുസ്​ലിം ന്യൂനപക്ഷം, സ്‌കൂളുകളുടേയും റജിസ്‌റ്ററാഫീസുകളുടേയും മാറാല മേഞ്ഞ മൂലകളിൽ ഗുമസ്തൻമാരുടെ കയ്യും കാലും പിടിച്ച് തങ്ങളുടെ പൂർവ പിതാക്കൾ, ഇവിടെ വേര് പായിച്ചിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ തപ്പിത്തിരയുന്ന തിരക്കിലായിരുന്നു.


പഠിക്കുന്ന കാലത്ത് തികഞ്ഞ ഇടതുപക്ഷക്കാരനും തീവ്രമതവിരോധിയുമായിരുന്ന ഒരു സുഹൃത്തിനെ സി.എ.എയാനന്തരം ഒരു വിരുന്നിൽ കണ്ടത് ഓർമ്മ വരുന്നു. അയാൾക്ക് ഇതിനിടെ ഏറെ പരിണാമങ്ങൾ സംഭവിച്ചിരുന്നു. സംഭാഷണം വർത്തമാന മുസ്ലിം അവസ്ഥയെ കുറിച്ചായപ്പോൾ വലിയ സാഹിത്യ കുതുകിയായ അയാൾ പറഞ്ഞു: ഇന്ത്യയിലെ മുസ്ലീംകളുടെ ഇപ്പേഴത്തെ അവസ്ഥ Life of Pi യിലെ പൈയുടേത് പോലെയാണ്. അറ്റ്ലാന്‍റികിന്‍റെ നടുവിൽ ഒരു കൊച്ചുബോട്ടിൽ റിച്ചാർഡ് പാർക്കർ എന്ന ആൺ കടുവയോടൊപ്പം അകപ്പെട്ട അതേ അവസ്ഥ. പക്ഷേ, മേശക്കരികിൽ ഇരുന്ന അദ്ദേഹത്തിന്‍റെ കൂട്ടുകാരൻ വിയോജിച്ചു: യഥാർത്ഥത്തിൽ ഇന്ത്യൻ മുസ്ലീംകൾ അകപ്പെട്ടിരിക്കുന്നത് കടുവയോടൊപ്പമല്ല; മറിച്ച് കഴുതപ്പുലിയോടൊപ്പമാണ്. കടുവ കാര്യമെന്തായാലും ആദ്യം കഴുത്തറുത്ത്, മാന്യമായേ ഇരകളെ കൊന്ന് തിന്നൂ; പക്ഷെ, കഴുതപ്പുലി അങ്ങിനെയല്ല; വിശക്കുമ്പോൾ അതാദ്യം ഇരയുടെ കൈകാലുകൾ കടിച്ച് തിന്നും; പിന്നെ ചിലപ്പോൾ വയറിന്‍റെ ഒരു ഭാഗം; അങ്ങിനെ സാവധാനം ഇഞ്ചിഞ്ചായേ കൊല്ലൂ. ഇന്ത്യയിലെ സവർണ്ണ വർഗ്ഗീയതും ഇതുപോലെയാണ്. ആദ്യം കശ്മീർ, പിന്നെ ബാബരി മസ്ജിദ്, കുറച്ചു കഴിഞ്ഞ് സിഎഎ, ഇനി എന്തെല്ലാം വരാനിരിക്കുന്നു? കലിയുഗത്തിൽ, രാജ്യത്തെ കൂട്ടത്തോടെ അധിനിവേശിക്കുന്ന, കിരാതൻമാരെ കറിച്ച് ഹിന്ദു മതഗ്രന്ഥങ്ങളിൽ പരാമർശങ്ങളുണ്ടല്ലോ? ആ കിരാതർ മുസ്ലീംകളാണെന്ന രൂപത്തിലുളള ഒരാഖ്യാനം ഇവിടെ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. പലരും അത്തരത്തിലുളള കഥകളിൽ വിശ്വസിക്കുകയും ചെയ്യുന്നു; പിന്നെ എന്ത് പറയാൻ?


ആഗസ്‌റ്റ് 5, ന്യൂനപക്ഷങ്ങളേയും വിശാല സെക്യുലർ സമൂഹത്തെയും സംബന്ധിച്ചിടത്തോളം ഏറെ പ്രതീകാത്മകമായിരുന്നു. ആഗസ്‌റ്റ് 15എന്ന ചരിത്രത്തിൽ ചിരപ്രഷ്ഠ നേടിയ മറെറാരു പ്രതീകത്തിന്‍റെ ഔപചാരികമായ തമസ്കരണവും തിരിസ്കാരവും അരങ്ങേറിയ ദിനം. ആഗസ്റ്റ് അഞ്ച് സത്യത്തിന്ന് മേൽ മിത്തിനും, ചരിത്രത്തിന് മേൽ ഇതിഹാസത്തിനും, നീതിക്ക് മേൽ മുഷ്‌കിനും നേടിയ വിജയത്തിന്‍റെ പേരാണ്. ജനാധിപത്യ ഭരണഘടനയുടെ നൂൽപ്പഴുതിലൂടെ സ്വേഛാധിപത്യത്തിന്ന് അതിന്‍റെ ട്രോജൻ കുതിരകളെ തെളിച്ച് കയറ്റാനാകുമെന്ന് ലോകം മൂകസാക്ഷിയായിരുന്ന ദിനം കൂടിയായിരുന്നു അത്. ഈ കൃത്യ നിർവ്വഹണത്തിന് സാരഥ്യം വഹിച്ചത് ഏതോ പുരോഹിതനല്ല, മറിച്ച് രാജ്യത്തിന്‍റെ ഭരണാധിപനാണ്. ഗോദ്‌സേക്ക് ഉന്നം പിഴച്ചുവെന്നും ഗാന്ധിയുടെ നെഞ്ചിന് പകരം നെഹ്‌റുവിന്‍റെ തലയോട്ടിയായിരുന്നു ടിയാൻ ലക്ഷ്യം വെക്കേണ്ടിയിരുന്നതെന്നും ഈയടുത്താണ് കേരളത്തിലെ ഒരു പരിവാർ പ്രമുഖൻ പറഞ്ഞ് വെച്ചത്. ആഗസ്റ്റ് അഞ്ചിന് അയോധ്യയിൽ നടന്നത് യഥാർത്ഥത്തിൽ, ഗോദ്‌സേക്ക് സംഭവിച്ച ഈ തെറ്റുതിരുത്തലായിരുന്നു. അവിടെ ഉയർന്ന് വരാൻ പോകുന്നത് ഭക്തിയുടെ നിറവിൽ പരിലസിക്കുന്ന ഒരു ക്ഷേത്രസമുഛമായിരിക്കില്ല, മറിച്ച് ഇന്ത്യൻ മതേതരത്വത്തിന്‍റെയുംനെഹ്‌റുവിയൻ സ്വപ്‌നങ്ങളുടേയും സമാധിമന്ദിരമായിരിക്കും.


ഡെസ്മണ്ട് മോറിസിന്‍റെ 'നഗ്ന വാനരനി'ലേക്ക് തന്നെ തിരിച്ച് പോകട്ടെ. മറ്റ് ജീവികളിൽ നിന്ന് വ്യത്യസ്ഥമായി ഇരുകാലിയായ നഗ്നവാനരൻ ഏററവും വിനാശകാരിയും, മുൻപിൻ ബോധമില്ലാത്തവനുമായ പോരാളിയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. തങ്ങളുടെ ആവാസപരിസരം സുരക്ഷിതമാണെന്ന് ഉറപ്പായാൽ, അല്ലെങ്കിൽ പഴയ അധികാരക്രമം പുനസ്ഥാപിതമായാൽ, ചിംബാൻസികളും ഗൊറില്ലകളും പോര് മറന്ന് കൂട്ട്കൂടും. എന്നാൽ മനുഷ്യൻ അങ്ങനയല്ല. ശത്രുവിന് മാത്രമല്ല, സ്വന്തത്തിന് തന്നെയും പൂർണ്ണനാശത്തിന് കാരണമാകുന്നത്ര 'മൃഗീയ'വിധ്വംസകതയുമായി ജീവിക്കുന്ന അപകടകാരിയായ ജന്തുവാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സമകാലികാവസ്ഥ ഉന്നതാധികാര കേന്ദ്രങ്ങൾ മുതൽ നാലാം കൂലി പോലീസുകാർ വരേ കീഴടങ്ങലിന്‍റെയും രഞ്ജിപ്പിന്‍റേതുമായ ഭാഷകളിൽ കൂടുതൽ കുനിയാനും കമിഴ്ന്ന് നീന്താനുമുളള ആജ്ഞകൾ നൽകികൊണ്ടിരിക്കുകയാണ്. സമുദായം അത് ശിരസ്സാവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഒരു ലഹള സമയത്ത്, ന്യൂനപക്ഷ നെഞ്ചുകൾ നിയമപാലകരുടെ ഉന്നവും ലാക്കും പരിശോധനക്കുളള റബ്ബർ ഡമ്മികളാകുമ്പോൾ തന്നെ ലഹളയുടെ യഥാർത്ഥ ആസൂത്രകർ നിയമപാലകരുടെ പരിലാളനകൾക്ക് പാത്രമാകുന്നു. അവർക്ക് എറിയാൻ കല്ലും, വെട്ടാൻ വാളും, ഉടുക്കാൻ നിക്കറും പൊലീസുകാർ തന്നെ എത്തിച്ച് കൊടുക്കുന്നു. ബാംഗ്ലൂരുവിൽ പ്രവാചകവിരുദ്ധപോസ്‌റ്റിട്ടതിനെ തുടർന്നുണ്ടായ അരുതായ്മക്കുത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കർണ്ണാടക സർക്കാർ തിടുക്കം കൂട്ടുമ്പോൾ, അതിനേക്കാൾ നൂറ് മടങ്ങ് ബീഭത്സമായിരുന്ന, ഡൽഹികലാപത്തിന് കാർമ്മികത്വം വഹിച്ചവർക്ക് പൊലീസ് വെഞ്ചാമരം വീശിക്കൊടുക്കുകയാണ്, കാരണം ആ കലാപകാരികൾ വന്ദേമാതരം ചൊല്ലുന്ന ദേശഭക്തരാണല്ലോ.

ജിം ക്രോ കാലത്ത് അമേരിക്കയിലെ കറുത്ത വർഗ്ഗങ്ങൾക്കിടയിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന കാവ്യശകലമിങ്ങനെയാണ്. Ask a white boy/ Who a policeman is/ A guardian of law, he would say/Ask the black boy/ Who the policeman is / A Pig, he will say... വെളുത്തവർ അനുഭവിക്കുന്ന പൊലീസല്ല, കറുത്ത വർഗക്കാർ അഭിമുഖീകരിക്കുന്നത്. ആഫ്രോ-അമേരിക്കൻ വംശജർക്ക് നേരെ അമേരിക്കൻ പൊലീസ് കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ വെച്ച് നോക്കുമ്പോൾ ഈ വിളിയിൽ കാവ്യനീതിയുണ്ട്. അരുന്ധതി റോയ് 'കൊച്ചു കാര്യങ്ങളുടെ ഉടയതമ്പുരാനിൽ' വ്യക്തമാക്കുന്ന് പോലെ നിയമപാലകർക്ക് ആരെ, എപ്പോൾ, എങ്ങിനെ 'പെരുമാറാമെന്ന'തിനെ കുറിച്ച് ചില സ്വകീയാവബോധങ്ങളുണ്ട്. അസ്പൃശരുടെ ദേഹത്ത് അവർക്ക് എപ്പോൾ വേണമെങ്കിലും പാഞ്ഞ് കയറാം; അവരുടെ സ്ത്രീകളുടെ ചാരിത്ര്യം ചായ കുടിക്കുന്ന ലാഘവത്തോടെ പിച്ചി ചീന്താം. മാറിയ സാഹചര്യത്തിൽ, പക്ഷെ, ദലിതന്‍റെ ആ കളളിയിൽ നിലകൊള്ളുന്നത് മുസ്ലീംകളാണെന്നാണ് 'പരമാനന്ദത്തിന്‍റെ റിപബ്ലിക്കി'ൽ റോയ് വരഞ്ഞ് കാണിക്കുന്നു.


തീൻമേശയിൽ, കഴുതപ്പുലിയെക്കുറിച്ച് സംസാരിച്ച് കൊണ്ടിരുന്ന സുഹൃത്ത് നിർത്താനുളള ഭാവത്തിലായിരുന്നില്ല. ഓരോ വളവിലും തിരിവിലും ഇന്ന്, മുസ്ലിംകൾ ദേശസ്‌നേഹവും കൂറും തെളിയിക്കേണ്ട അവസ്ഥയിലാണ്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ മദ്‌റസയിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളുമെല്ലാം ദേശീയ പതാകയുമേന്തി പ്രകടനം നടത്തുമ്പോൾ തൊട്ടടുത്ത സർക്കാർ സ്‌കൂളിലെ അദ്ധ്യാപകർ അവരുടെ വീടുകളിൽ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. അവർക്ക് കൂറ് തെളിയിക്കേണ്ടതില്ലല്ലോ? ഒരു എൽ.പിസ്‌കൂൾ വിദ്യാർത്ഥി വരക്കുന്ന ഇന്ത്യാ ഭൂപടം ഒന്ന് പാളിപ്പോയാൽ യൂ.എ.പി.എ ചുമത്താമെന്നതാണ് അവസ്ഥ. 'അത്ര പറയല്ലേ', ഞാൻ ഇടപെട്ടു. 'എങ്ങിനെ പറയാതിരിക്കും?' അയാൾ വിടാനുളള ഭാവത്തിലായിരുന്നില്ല. മരിച്ച് പോയ മുസ്ലിം ഉമ്മമാരുടെ കുഴിമാടങ്ങൾ കുത്തിത്തുരന്ന് ബലാത്സംഗം ചെയ്യണമെന്ന് പറയുന്നവരല്ലേ ഇവിടെ ഭരണത്തിലിരിക്കുന്നത്?

വീട്ടിൽ തിരിച്ചെത്തിയപ്പോൾ ബുക്ക് ഷെൽഫിലൂടെ ഉഴറി നടന്ന കണ്ണുകൾ ബി.ജെ.പി നേതാവും മുൻമന്ത്രിയുമായ എം.ജെ അക്ബർ എഴുതിയ The Shade of Swords എന്ന പുസ്തകത്തിൽ ചെന്നുടക്കി. വർത്തമാന മുസ്ലിം പരിതോവസ്ഥയും പ്രതിസന്ധിയുമാണ് പുസ്തകത്തിലെ പ്രധാന പ്രമേയം. അതിലൊരിടത്ത് അക്ബർ പറയുന്നു. ഒരു സമൂഹം അതിന്‍റെ ഇഛാഭംഗം പല രൂപത്തിൽ ആവിഷ്‌കരിക്കുന്നു. അത് പലപ്പോഴും കലയുടേയും കവിതയുടേയും കാൽപ്പനികതാളങ്ങളിൽ അഭയം കാണുന്നു. പക്ഷെ, ചിലപ്പോഴെങ്കിലും ആത്മവിനാശത്തിലേക്ക് നയിക്കുന്ന വിധ്വംസകത്തിന് അത് സ്വയം പ്രേരിതമാകുന്നു. അല്ലാഹ്...ഞാൻ എന്‍റെ രാജ്യത്തേയും, സമുദായത്തേയും ഓർത്ത് അറിയാതെ ആകാശത്തേക്ക് കൈ ഉയർത്തി. ഇല്ല, ദൈവം നമ്മെ ആ വഴിക്ക് നയിക്കാതിരിക്കട്ടെ; ലോകമഹായുദ്ധത്തിന്‍റെ ചാരത്തിൽ നിന്ന് പോലും പൂവ് തളിർത്ത് വരുന്നത് പിക്കാസ്സോക്ക് സ്വപ്‌നം കാണാനായെങ്കിൽ, ഈ രാജ്യത്ത് ഇനിയും ജനാധിപത്യത്തിന് പ്രതീക്ഷയുണ്ട്.

(കാലിക്കറ്റ് സർവകലാശാലയിൽ ഇംഗ്ലിഷ് വിഭാഗം അധ്യാപകനാണ് ലേഖകൻ. ലേഖനത്തിലെ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimsminoritiesindian muslim
Next Story