‘തൊഴിലാളികളുടെ അടിമവത്കരണത്തിലേക്ക്’
text_fieldsനാല് പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിലാകുന്നതോടെ തൊഴിലാളികളുടെ അടിമവത്കരണമാണ് സംഭവിക്കാൻ പോകുന്നത്. ചില പരിമിതികളുണ്ടായിരുന്നുവെങ്കിലും തൊഴിലാളി അവകാശങ്ങളും തൊഴിലും സംരക്ഷിക്കാനും വേതനം ഉറപ്പുവരുത്താനും ഉതകുന്നതായിരുന്നു, ഇല്ലാതാക്കിയ 29 നിയമങ്ങൾ. ട്രേഡ് യൂനിയനുകൾ രൂപവത്കരിക്കാനും പ്രവർത്തിക്കാനും സംഘടിപ്പിക്കാനും ആവശ്യങ്ങൾ ഉന്നയിക്കാനും കൂട്ടായ വിലപേശലിനും പണിമുടക്കിനും ഉൾപ്പെടെ അവകാശങ്ങളും അവ ഉറപ്പുവരുത്തിയിരുന്നു.
എന്നാലിപ്പോൾ, പുതിയ കോഡും നിശ്ചിതകാല തൊഴിലും (ഫിക്സഡ് ടേം എംപ്ലോയ്മെന്റ്) 2025 ഒക്ടോബറിലെ ‘ശ്രം ശക്തിനീതി 2025’ എന്ന കേന്ദ്ര തൊഴിൽ നിയമവുമെല്ലാം ചേരുന്നതോടെ, എല്ലാ തൊഴിലാളി അവകാശങ്ങളും കവർന്നെടുക്കപ്പെടുകയാണ്. കോർപറേറ്റ് വത്കരണത്തിന്റെ തുടർച്ചയായുള്ള അടിമവത്കരണമാണിത്.
ആരെയും അറിയിച്ചില്ല
പാർലമെന്റിൽ ചർച്ച നടത്താതെയാണ് ലേബർ കോഡുകൾ കൊണ്ടുവന്നത്. സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇത്തരത്തിൽ നിയമങ്ങളും ചട്ടങ്ങളും ഇഴകീറി പരിശോധിക്കേണ്ടതെങ്കിലും ഒന്നുമുണ്ടായില്ല. ശക്തമായ എതിർപ്പുയർത്തിയ കേന്ദ്ര ട്രേഡ് യൂനിയനുകൾ, വ്യവസ്ഥകളിലെ അപകടങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും സർക്കാർ ഒരുതലത്തിലും ചർച്ച നടത്തിയില്ല.
പ്രധാനമന്ത്രി ചെയർമാനും അഞ്ച് കേന്ദ്രമന്ത്രിമാരും ട്രേഡ് യൂനിയനുകളും തൊഴിലുടമകളും ചേർന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐ.എൽ.സി) 2015ന് ശേഷം ഇതുവരെ ചേർന്നിട്ടില്ല. നെഹ്റുവിന്റെ കാലം മുതൽ എല്ലാ രണ്ടുവർഷവും കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിൽ ചേർന്നുവന്നിരുന്നതാണിത്.
കൂലി കുറക്കുമ്പോൾ
ലേബർ കോഡിലെ ഫ്ലോർ വേജ് നടപ്പാക്കുമ്പോൾ ഇന്ന് കേരളത്തിൽ കിട്ടിക്കൊണ്ടിരിക്കുന്ന മിനിമം വേതനം 700 രൂപയെന്നത് 206 ആയി കുറയും. ഇത് സർക്കാർ, പൊതുമേഖല, സ്വകാര്യ മേഖല തുടങ്ങി ആശ, അംഗൻവാടി വർക്കർമാർപോലെ സ്കീം വർക്കർ എന്നിവയിലെല്ലാം ഗുരുതര പ്രത്യാഘാതം ഉണ്ടാകും.
തൊഴിലാളികൾ ക്രിമിനലുകളോ
തൊഴിലാളികളെ ക്രിമിനലുകളായി കാണുന്ന സൂചനകൾകൂടി തൊഴിൽ കോഡിലുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 111ാം വകുപ്പ് അനുസരിച്ച് തൊഴിലാളികൾ ആവശ്യങ്ങൾ ഉന്നയിക്കുന്നതും മുദ്രാവാക്യം മുഴക്കുന്നതും പണിമുടക്കുന്നതും എല്ലാം ക്രിമിനൽ കുറ്റമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലേബർ കോഡിൽ 14 ദിവസം മുമ്പ് പണിമുടക്ക് നോട്ടീസ് പോലുള്ള വ്യവസ്ഥ പറയുന്നുണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിതയിൽ ക്രിമിനൽ കുറ്റമാണ്. തൊഴിൽ നഷ്ടപ്പെടൽ മാത്രമല്ല, അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയാൽ ജയിലിൽ അടയ്ക്കാനുള്ള വ്യവസ്ഥകൾവരെ ഉണ്ട്.
സ്ഥിരം തൊഴിൽ പോയി
ഫിക്സഡ് ടൈം എംപ്ലോയ്മെന്റ് വന്നതോടെ സ്ഥിരം തൊഴിൽ സങ്കൽപം ഇല്ലാതാവുകയാണ്. ഗിഗ് തൊഴിലാളികളെ അംഗീകരിക്കൽ, സ്ത്രീകൾക്ക് തുല്യത തുടങ്ങിയവ കേന്ദ്ര സർക്കാറിന്റെ പതിവ് കണ്ണിൽ പൊടിയിടലുകളാണ്. ഇ ശ്രം പോർട്ടൽ എന്നൊരു സംവിധാനം കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു.
38 കോടിയോളം തൊഴിലാളികൾ ഇതിൽ ചേരുകയുണ്ടായി. ഈ പോർട്ടലിന്റെ പേരിലാണ് കേന്ദ്ര തൊഴിൽ മന്ത്രി അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐ.എൽ.ഒ) സമ്മേളനത്തിൽ പ്രസംഗിച്ചത്. ഞാൻ ആ സമ്മേളനത്തിൽ ട്രേഡ് യൂനിയൻ പ്രതിനിധിയായി പങ്കെടുത്തിരുന്നു. ഇ ശ്രം പോർട്ടൽ അനുസരിച്ച് തൊഴിലാളികൾക്ക് ഒരു സാമൂഹിക സുരക്ഷയും കിട്ടിയിട്ടില്ലെന്നത് നമ്മുടെ മുന്നിൽ തുറന്ന പുസ്തകം ആണല്ലോ.
ചെറുത്തുതോൽപിക്കുക
1991ൽ നരസിംഹറാവു സർക്കാർ ആഗോളവത്കരണം കൊണ്ടുവന്നതിന്റെ ഭാഗമായി പ്രത്യേക സാമ്പത്തിക മേഖലകൾ അടക്കം നടപ്പാക്കിയപ്പോൾ തൊഴിലാളി വിരുദ്ധ നയങ്ങളും പ്രാബല്യത്തിലായി. ഇതിന്റെ തുടർച്ചകൂടിയാണ് ലേബർ കോഡുകൾ. ഇതിനെ ചെറുക്കണമെങ്കിൽ സംഘടിതമായ ട്രേഡ് യൂനിയനുകൾ ആവശ്യമാണ്. കാർഷിക നിയമത്തെ 350 ദിവസത്തിലധികം നീണ്ട ഐതിഹാസിക സമരത്തിലൂടെ ചെറുത്തുതോൽപിച്ചത് പോലെ, തൊഴിൽ കോഡുകൾക്ക് എതിരെയും ഒത്തൊരുമയോടെയുള്ള സമരങ്ങൾ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

