Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightന്യായവിചാരം

ന്യായവിചാരം

text_fields
bookmark_border
ന്യായവിചാരം
cancel

നീതിന്യായ വ്യവസ്ഥയെക്കുറിച്ച് നമ്മുടെ ഭരണഘടനയുടെ സങ്കൽപമെന്തെന്നറിയാമോ? സൈബർ മാധ്യമങ്ങളുടെ ഭാഷ കടമെടുത്താൽ, അതുകേട്ടാൽ നിങ്ങൾ ഞെട്ടും; ചിലപ്പോൾ കോരിത്തരിച്ചെന്നും വരും. 'നിയമത്തെ താഴെ വീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെ പിടിക്കുന്ന സംവിധാന'മത്രെ ജുഡീഷ്യറി! നിയമനിർമാണം നടത്തുന്ന ലെജിസ്ലേച്ചറിനെയും നിയമം നടപ്പിലാക്കുന്ന എക്സിക്യൂട്ടിവിനെയും നേർവഴിക്ക് നടത്താനും ആവശ്യമെങ്കിൽ ചെവിക്കുപിടിക്കാനുമൊക്കെ അധികാരമുള്ള സ്ഥാപനമാണിതെന്നർഥം. പറഞ്ഞിട്ടെന്ത്; ഫാഷിസ്റ്റുകൾ അഴിഞ്ഞാടുമ്പോൾ ജനാധിപത്യത്തിന്റെ സകല തൂണുകളും പിഴുതെറിയപ്പെടും. അതിൽനിന്ന് ജുഡീഷ്യറിക്ക് മാത്രമായി മാറിനിൽക്കാനാകില്ല. ആ യാഥാർഥ്യം മനസ്സിലാക്കിയപ്പോഴാണ് നാലു വർഷം മുമ്പ് ജസ്റ്റിസ് ചെലമേശ്വറും സുപ്രീംകോടതിയിലെ മൂന്ന് സഹപ്രവർത്തകരും വാർത്തസമ്മേളനം വിളിച്ച് നീതിപീഠത്തിലെ നെറികേടുകളെക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞ് യുദ്ധത്തിനൊരുങ്ങിപ്പുറപ്പെട്ടത്. ആ ധർമയുദ്ധത്തിൽ ഭാഗമായിരുന്നില്ലെങ്കിലും കോടതിമുറിയിൽ മറ്റൊരു സഹപ്രവർത്തകൻ നിശ്ശബ്ദ പോരാട്ടത്തിലായിരുന്നു. പേര് ജസ്റ്റിസ് എൻ.വി. രമണ; പരമോന്നത നീതിപീഠത്തിന്റെ പരമാധ്യക്ഷനാണിപ്പോൾ. ഫാഷിസത്തിന്റെ നിഴൽപറ്റി സർവം അന്ധകാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ, അപ്രതീക്ഷിതമായി എവിടെനിന്നോ പതിക്കുന്ന ഇത്തിരിവെട്ടത്തിന്റെ പേരുകൂടിയാണത്.

ഇൻസ്റ്റന്റ് ന്യൂഡിൽസുകളുടെ കാലമാണിത്. മണിക്കൂറുകൾ പാചകംചെയ്ത് കഴിക്കുന്ന ഭക്ഷണശീലമൊക്കെ മാറി; രണ്ടു മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന വിവിധതരം ന്യൂഡിൽസുകളുണ്ടാകുമ്പോൾ പിന്നെയെന്തിന് ഈ കാത്തിരിപ്പ്? ഭക്ഷണത്തിന്റെ ഈ ലോജിക്ക് വെച്ച് ആരും കോടതിയിലേക്ക് വരരുത് എന്നാണ് ജസ്റ്റിസ് രമണയുടെ ന്യായം. ന്യൂഡിൽസ് പോലെ 'ഇൻസ്റ്റന്റ് ജസ്റ്റിസ്' നൽകുന്ന സ്ഥലമല്ലിത്. നിയമപുസ്തകം മാത്രം നോക്കി വിധിപറയാനാണെങ്കിൽ അതുമതി. അങ്ങനെ പറയുന്നവരുമുണ്ട്. പക്ഷേ, ആ വിധിയിൽ നീതിയുണ്ടാവില്ല; പണ്ടാരോ പറഞ്ഞതുപോലെ നീതിക്കുപകരം അവിടെ പ്രഖ്യാപിക്കപ്പെടുന്നത് ഒരാളുടെ ഭാഗ്യമോ നിർഭാഗ്യമോ ആയിരിക്കും. അതിനാൽ, നിയമവും അതിന്റെ മെറിറ്റും ഇഴ കീറിപരിശോധിക്കുന്നതിനൊപ്പം കക്ഷികളുടെ സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തലംകൂടി കണക്കിലെടുത്തിട്ടുവേണം വിധി പുറപ്പെടുവിക്കാൻ. അപ്പോഴേ അത് നീതിയാകൂ; ജനങ്ങളുടെ അവസാന ആശ്രയമെന്നനിലയിൽ കോടതിമുറികൾ ആ നിമിഷങ്ങളിലേ വിശ്വസ്തകേന്ദ്രങ്ങളാകൂ. ഈ ന്യായവിചാരം ജസ്റ്റിസ് രമണ പരസ്യമാക്കിയത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്. മദ്രാസ് ഹൈകോടതിയിൽ നടന്ന ചടങ്ങിൽ ജഡ്ജിമാർക്കുമുമ്പാകെയാണ് മനഃസാക്ഷിയുടെ ഈ സത്യവാങ്മൂലം ജസ്റ്റിസ് രമണ വായിച്ചത്.

അതൊരു വെറും പ്രസംഗമായിരുന്നില്ലെന്ന് കഴിഞ്ഞദിവസങ്ങളിൽ തെളിഞ്ഞു. പറഞ്ഞല്ലോ, ജുഡീഷ്യറി വരെ ഫാഷിസത്തിന് കീഴ്പ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ്. എഴുതുന്നതും പ്രസംഗിക്കുന്നതുമെല്ലാം വലിയ രാജ്യദ്രോഹക്കുറ്റമായി കണക്കാക്കപ്പെടുന്ന കാലം. സമാധാനാഹ്വാനംപോലും കുറ്റകൃത്യമായിരിക്കുന്നു. ഈ 'കുറ്റകൃത്യങ്ങളു'ടെ പേരിൽ പതിനായിരങ്ങൾ അഴിക്കുള്ളിലകപ്പെട്ടിരിക്കുന്നു. ഇതിന് ലക്ഷണമൊത്തൊരു നിയമവും പണ്ട് വെള്ളക്കാർ പടച്ചുവെച്ചിട്ടുണ്ട് -രാജ്യദ്രോഹനിയമം. വകുപ്പ് പറയുകയാണെങ്കിൽ 124 എ. ഈയിനത്തിൽ 13,000ലധികം പേരാണ് രാജ്യത്തെ വിവിധ ജയിലുകളിൽ കിടക്കുന്നത്. ബഹുഭൂരിഭാഗവും ഏമാന്മാർ കെട്ടിച്ചമച്ചുണ്ടാക്കിയത്. അതുകൊണ്ടുതന്നെ, ഈ 'കൊളോണിയൽ കുരുക്ക്' അഴിച്ചുമാറ്റണമെന്ന ആവശ്യം കാലങ്ങളായി നീതിപീഠത്തിന് മുന്നിലുണ്ട്. കോളനിഭരണം പോയി ജനാധിപത്യം വന്നിട്ട് മുക്കാൽ നൂറ്റാണ്ടായിട്ടും നീതിന്യായത്തിൽ നമുക്കിപ്പോഴും കൊളോണിയൽ പക്ഷമാണ്. നന്നേ ചുരുങ്ങിയത് ഇതുപോലുള്ള നിയമങ്ങളെങ്കിലും മാറ്റി പകരം പുതിയ കാലത്തിനനുസൃതമായതൊന്ന് കൊണ്ടുവന്നുകൂടെ എന്ന് പലതവണ ജസ്റ്റിസ് രമണ കേന്ദ്രത്തോട് ചോദിച്ചതാണ്. പക്ഷേ, കേസ് വിളിക്കുമ്പോഴെല്ലാം മോദിയും സംഘവും ഒളിച്ചുകളിക്കും; കൂടിപ്പോയാൽ പുതിയ നിയമനിർമാണത്തെക്കുറിച്ച് ആലോചിക്കുന്നുവെന്ന് അറിയിച്ച് കോടതിയിൽനിന്ന് ഇറങ്ങിപ്പോരും. ഈ കളി കുറെയായപ്പോഴാണ്, 'എന്നാപ്പിന്നെ പുതിയ നിയമം വരുംവരെ പഴയ നിയമവും വേണ്ടെ'ന്ന് ജസ്റ്റിസ് രമണ തുറന്നടിച്ചത്. അതോടെ, ഒന്നര നൂറ്റാണ്ടായുള്ള ഒരു മാരണം ഒഴിഞ്ഞുകിട്ടി. പുതിയ നിയമം വരുംവരെ, 124 എ അനുസരിച്ച് എഫ്.ഐ.ആറും അന്വേഷണവും ചോദ്യംചെയ്യലും ഉരുട്ടലുമൊന്നും ഉണ്ടാകില്ല. തൽക്കാലത്തേക്കെങ്കിലും ആശ്വാസം. പുതിയ നിയമം എന്താകുമെന്ന് കണ്ടറിയണം. അത് വേറെ കാര്യം.

ഇതാദ്യമായല്ല, രമണ കോടതിമുറിയിൽ ഇങ്ങനെ 'വിപ്ലവ'മുണ്ടാക്കുന്നത്. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ഒരുപോലെ അവരുടെ ദൗത്യനിർവഹണത്തിൽ ഇടപെടണമെന്നാഗ്രഹിക്കുന്നയാളാണ്. എല്ലാവരും അവരവരുടെ ജോലി വെടിപ്പായി ചെയ്യട്ടെ. അപ്പോഴേ എല്ലാം ശരിയാകൂ. മുന്നിലെത്തുന്ന കേസുകളുടെ കാര്യത്തിലും ഇതാണ് നയം. കഴിഞ്ഞമാസം നടന്ന സംഭവം മാത്രം പറയാം. സുപ്രീംകോടതിയിലെ സ്ഥിരം വക്കീലന്മാരിലൊരാളും ബി.ജെ.പിയുടെ അടുത്തയാളുമായ അശ്വിനി ഉപാധ്യായയാണ് പരാതിയുമായി മുന്നിൽ. രാജ്യത്തെ മുഴുവൻ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി, തടവിൽവെച്ച് ഒരുവർഷത്തിനുള്ളിൽ നാടുകടത്തണമെന്നാണ് ടിയാന്റെ ആവശ്യം. ഹരജി വായിച്ച ജസ്റ്റിസിന് ശരിക്കും അരിശംവന്നു. ഇത് പാർലമെന്റ് അല്ല; കോടതിയാണെന്ന് വക്കീലിനെ ഓർമപ്പെടുത്തി. പാർലമെന്റിൽ ബില്ല് പാസാക്കി നിയമമാക്കി നടത്തേണ്ട ഏർപ്പാടാണ് ഒരൊറ്റ ഉത്തരവിലൂടെ നടപ്പാക്കാൻ വക്കീൽ ആവശ്യപ്പെട്ടിരിക്കുന്നത്. പോയി പണിനോക്കാൻ പറഞ്ഞു ജസ്റ്റിസ് രമണ. കേന്ദ്രത്തിന്റെ ചില സ്ഥിരം വക്കീലന്മാർക്കും ഇമ്മാതിരി പണി വേറെയും കിട്ടിയിട്ടുണ്ട്. 'സീൽ വെച്ച കവർ' എന്നത് അവരുടെ സ്ഥിരം ആയുധമാണല്ലോ. മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്താനുണ്ടാകുമ്പോൾ 'സീൽഡ് കവർ' കോടതിയിലെത്തിക്കും. പട്ന ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയിലെത്തിയ കേസായിരുന്നു. സർക്കാർ വാദം പതിവുപോലെ 'മുദ്രിത'മായെത്തിയപ്പോൾ ഈ പരിപാടി ഇവിടെ നടക്കില്ലെന്ന് തീർത്തുപറഞ്ഞു. മീഡിയവൺ കേസിൽ ഹൈകോടതിയിൽ നടത്തിയതും ഇതേ പ്രകടനമായിരുന്നല്ലോ. പക്ഷേ, സുപ്രീംകോടതിയിലെത്തിയപ്പോൾ കേന്ദ്രം കളി മാറ്റിപ്പിടിച്ചതിന്റെ കാരണം ഈ മുന്നറിയിപ്പാണ്. ഇനിയുമുണ്ട്, രമണയുടെ ചരിത്രപരമായ എത്രയോ ഇടപെടലുകൾ. ജുഡീഷ്യൽ വ്യവസ്ഥയുടെ പരിഷ്കരണമായിരുന്നു ഏത് ഇടപെടലുകളുടെയും കാതൽ. അതിനായി കോടതിക്കകത്തും പുറത്തും ഒരുപാട് ശബ്ദിച്ചു. സംസ്ഥാനങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന നൂറുകണക്കിന് ജുഡീഷ്യൽ തസ്തികകൾ നികത്താൻ പലകുറി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കശ്മീരിൽ ഇൻറർനെറ്റ് വിച്ഛേദിച്ചതിനെതിരെ നടത്തിയ വിധിന്യായമടക്കം നീതിയുടെ പക്ഷത്തുനിലകൊണ്ട എത്രയോ സന്ദർഭങ്ങൾ വേറെയും. ഈ കെട്ടകാലത്തും പ്രതീക്ഷയുടെ നേർത്തശബ്ദമായി ജസ്റ്റിസ് രമണയെ വായിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്.

നുതലപ്പാട്ടി വെങ്കിട്ട രമണ എന്നാണ് പൂർണ നാമധേയം. 1957 ആഗസ്റ്റ് 27ന് ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ പൊന്നാവരം എന്ന ഗ്രാമത്തിൽ ജനനം. ഒരു കർഷക കുടുംബമായിരുന്നു രമണയുടേത്. ആചാര്യ നാഗാർജുന സർവകലാശാലയിൽനിന്ന് ബി.എസ്.സി ബിരുദം; അതേ സർവകലാശാലയിൽനിന്ന് നിയമബിരുദവും. ശേഷം, 'ഈനാട്' പത്രത്തിൽ ഒരുവർഷം ജേണലിസ്റ്റ്. പിന്നെയും മൂന്നു വർഷം കഴിഞ്ഞാണ് വക്കീൽ ഗൗണിട്ടത്. 2000വരെ വക്കീൽ പണിയെടുത്തു. ആന്ധ്ര ഹൈകോടതിയായിരുന്നു പ്രധാന തട്ടകം. കൂടാതെ, കേന്ദ്ര-സംസ്ഥാന ട്രൈബ്യൂണലുകളിലും സുപ്രീംകോടതിയിലും പലകുറി ഹാജരായി. ഇതിനിടെ, സംസ്ഥാന സർക്കാറിന്റെ അഡീഷനൽ എ.ജിയായി. റെയിൽവേ കോടതിയിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലുമെല്ലാം കേന്ദ്രത്തിന്റെ വക്കാലത്തും എടുത്തു. പുതുനൂറ്റാണ്ടിന്റെ തുടക്കത്തിൽ ജഡ്ജിയായി. ആന്ധ്ര ഹൈകോടതിയിലായിരുന്നു തുടക്കം. 12 വർഷത്തിനുശേഷം, ആക്ടിങ് ചീഫ് ജസ്റ്റിസ്. അതുകഴിഞ്ഞ് കുറച്ചുകാലം ഡൽഹി ഹൈകോടതിയിൽ ചീഫ് ജസ്റ്റിസ്. 2014 ഫെബ്രുവരിയിൽ സുപ്രീംകോടതി ജഡ്ജിയായി. ഏഴു വർഷത്തിനുശേഷം ചീഫ് ജസ്റ്റിസ്. ആഗസ്റ്റിൽ വിരമിക്കും. ന്യായാധിപവേഷത്തിൽ ഇനി നൂറ് ദിവസം മാത്രം. ശിവമാലയാണ് ഭാര്യ. രണ്ടു പെൺമക്കൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jasti ChelameswarNV Ramanaindian judicial system
Next Story