Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമോദിയുടെ...

മോദിയുടെ ബലപരീക്ഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല

text_fields
bookmark_border
മോദിയുടെ ബലപരീക്ഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല
cancel

നിയന്ത്രണരേഖ മറികടന്ന് പാക് മണ്ണില്‍ ‘സര്‍ജിക്കല്‍ സ്ട്രൈക്’ എന്ന മിന്നലാക്രമണം നടത്തിയതിന്‍െറ നേട്ടങ്ങള്‍ ആര്‍ക്കാണ്? ഈ ആക്രമണത്തോടെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഒരു ധീര നൂതന ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന പ്രതീതി ഉളവാക്കപ്പെട്ടിട്ടുണ്ട്. ഈ ആക്രമണത്തിന്‍െറ ഏറക്കുറെ മുഴുവന്‍ ലാഭവും ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയത്തിന് മാത്രമാണ്. ലോകരാജ്യങ്ങള്‍ ഇതില്‍ അത്ര വലിയ ഒൗത്സുക്യമൊന്നും പ്രകടിപ്പിക്കുന്നില്ല. സ്വന്തം തന്ത്രങ്ങള്‍ മൂന്നുരീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ മോദിക്ക് സാധിച്ചു. ഒന്നാമതായി അതിര്‍ത്തി കടന്നുവരുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരായ ജനരോഷത്തെ മുതലെടുക്കാന്‍ മോദിക്ക് കഴിഞ്ഞു. പ്രത്യേകിച്ച്, 19 സൈനികരുടെ ജീവഹാനിക്ക് കാരണമായ സെപ്റ്റംബര്‍ 18ലെ ഉറി ആക്രമണ പശ്ചാത്തലത്തില്‍ വ്യാപകമായ ജനവികാരത്തെ രണ്ടാമതായി, ആഭ്യന്തര അഭിപ്രായ രൂപവത്കരണങ്ങളെ ശക്തമായി സ്വാധീനിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഭിന്നിച്ചുനില്‍ക്കുന്ന പ്രതിപക്ഷത്തിന്‍െറപോലും താല്‍ക്കാലിക പിന്തുണ ആര്‍ജിക്കുന്നതിലും ഈ ആക്രമണം തുണയായി.

മൂന്നാമതായി, ഭരണകക്ഷിയായ ബി.ജെ.പിയിലെ പേരും പെരുമയും ഭദ്രമാക്കുന്നതിനും ഇതുവഴി പ്രധാനമന്ത്രിക്ക് സാധിച്ചു. പാകിസ്താനോട് കണക്കുതീര്‍ക്കാന്‍ ത്രാണിയുള്ള നേതാവായി പാര്‍ട്ടി അദ്ദേഹത്തെ ഇപ്പോള്‍ വീക്ഷിക്കുന്നു. നിയന്ത്രണരേഖയില്‍ സര്‍ജിക്കല്‍ ആക്രമണം അരങ്ങേറുന്നത് ഇതാദ്യമല്ല. എന്നാല്‍, ഇത്തവണ വന്‍തോതിലുള്ള ആക്രമണമാണ് അരങ്ങേറിയത്. ആക്രമണത്തിന് വന്‍ പ്രചാരണവും ലഭിച്ചു. പാതിരാവില്‍ അതിനിഗൂഢം നടത്തിയ ആക്രമണം വ്യാപകമായി പരസ്യപ്പെടുത്തിയതിന് പിന്നിലെ രഹസ്യം മറ്റൊന്നുമല്ല. ഇത്തരമൊരു നീക്കം ആഭ്യന്തര രാഷ്ട്രീയത്തില്‍ ഉളവാക്കുന്ന പ്രഭാവത്തിന്‍െറ പ്രാധാന്യം മോദിയും സംഘവും കൃത്യമായി കണക്കുട്ടി  എന്നതാണത്. ധൂര്‍ത്തും ചെലവേറിയ പര്യടനങ്ങളും കരുത്തനും പ്രാപ്തനുമായ നായകന്‍ എന്ന മോദിയുടെ പ്രതിച്ഛായക്ക് കളങ്കംചാര്‍ത്തിയിരുന്നു.

ഒറ്റദിവസംകൊണ്ട് ആത്മവീര്യം വര്‍ധിച്ച മോദിഅനുയായികളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ ഇതേകാര്യംതന്നെയാണ് വിളംബരം ചെയ്യുന്നത്. ഭീകരതക്കെതിരായ ഈ മുന്നേറ്റത്തിലൂടെ മോദിക്കു കീഴില്‍ രാഷ്ട്രം ഭദ്രമാണെന്ന ബോധം ഇതാദ്യമായി ജനഹൃദയങ്ങളില്‍ അങ്കുരിക്കുന്നു എന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനം ചില സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. യു.പിയിലും തുടര്‍ന്ന് പഞ്ചാബിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് ഹിന്ദുത്വ ദേശീയവാദികള്‍ക്ക് ആവേശം പകരുന്ന കാഹളനാദമാണ് അമിത് ഷാ മുഴക്കിയിരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുവരെ ലക്ഷ്യമിടുന്ന ദീര്‍ഘസന്ദേശം. ആഴ്ചകളും മാസങ്ങളും പിന്നിട്ട് ഹേമന്തകാലം പിറക്കുകയും ആവേശഗ്രന്ഥികള്‍ തണുക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍െറ ഓര്‍മകള്‍ക്കും മങ്ങലേല്‍ക്കാതിരിക്കില്ല. ഒരു ദശകമായി നിയന്ത്രണരേഖയില്‍ നിലനിന്ന അസാധാരണമായ സമാധാനാന്തരീക്ഷത്തിനാണ് ഇപ്പോള്‍ ഭംഗം സംഭവിച്ചിരിക്കുന്നതെന്ന പ്രവീണ്‍ സാമിയുടെ നിരീക്ഷണം ചിന്തോദ്ദീപകമാണ്.

ഒരു വിരോധാഭാസം ഇവിടെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. 2003ല്‍ വാജ്പേയി നയിച്ച ബി.ജെ.പി സര്‍ക്കാറിന്‍െറ സുപ്രധാന നേട്ടമായിരുന്നു നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍. മേഖലയിലെ ഏറ്റുമുട്ടലുകളും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും ഗണ്യമായി തടയാന്‍ അത് സഹായകമായി. കശ്മീരിലെ സംഘര്‍ഷാവസ്ഥയിലും ആശാവഹമായ മാറ്റങ്ങള്‍ക്ക് കരാര്‍ നിദാനമായി. എന്നാല്‍, 2003ലെ ഈ ധാരണ ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇരുപക്ഷത്തും സൈന്യം പഴയ ക്യാമ്പുകള്‍ വിട്ട് മുന്നേറ്റത്തിന് തയാറെടുക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. സര്‍ജിക്കല്‍ സ്ട്രൈക്കിന് പാകിസ്താന്‍ തിരിച്ചടി നല്‍കില്ല എന്ന് കരുതാന്‍ വയ്യ. സമയത്തിന്‍െറ പ്രശ്നം മാത്രമാണത്. സര്‍ജിക്കല്‍ സ്ട്രൈക്കിനെ അംഗീകരിക്കാന്‍ പാക് സേന ഒരിക്കലും തയാറാകില്ല.

ആക്രമണത്തിന് ഏത് തന്ത്രവും സ്വീകരിക്കാന്‍ പാക് സേനക്ക് മടിയില്ല. അമേരിക്കയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പതിവായി ആക്രമണം നടത്താറുള്ള രാജ്യമാണ് പാകിസ്താന്‍. കാരണം, പാക് അസ്തിത്വത്തിനുതന്നെ ഭീഷണിയായി അവര്‍ ഇന്ത്യയെ കണക്കാക്കുന്നതിനാല്‍ ഇന്ത്യക്കെതിരെ കൂടുതല്‍ ലക്ഷ്യ വേധിയായ ആക്രമണങ്ങള്‍ക്ക് സജ്ജരാകാനാണ് ഏറെ സാധ്യതകള്‍. പാകിസ്താനില്‍ സമ്മര്‍ദം ചെലുത്താന്‍ സാധ്യമാകാത്ത നിലയിലാണ് യു.എസ് ഭരണകൂടം. കാരണം, അഫ്ഗാനിലെ ഭീകരഗ്രൂപ്പുകള്‍ക്കെതിരായ യുദ്ധത്തില്‍ യു.എസിന് മികച്ച പിന്തുണ നല്‍കിയ രാജ്യമാണ് പാകിസ്താന്‍. മാത്രമല്ല, യു.എസ് സൈനികത്താവളങ്ങള്‍ പാകിസ്താനില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുകയുമാണ്. വടക്കന്‍ വസീറിസ്താനില്‍ പാക് സൈന്യം നടത്തിയ ഭീകരതാവിരുദ്ധയുദ്ധം അന്താരാഷ്ട്ര സുരക്ഷക്കുതന്നെ സഹായകമായതായി യു.എസ് വിലയിരുത്തുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ചേ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍െറ പ്രഹരശേഷി അവലോകനം ചെയ്യാനാകൂ.

പാക് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള സേനാവിന്യാസത്തിന് നാം ഊന്നല്‍ നല്‍കുന്നത് ആഭ്യന്തരരംഗത്തെ സുരക്ഷാപാലനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കില്ല. പ്രശ്നകാരിയായ ചൈനക്കെതിരായ അതിര്‍ത്തി കാവലുകള്‍ അവഗണിക്കപ്പെടുമെന്ന പരിണതിയും വിപല്‍ക്കരമായിത്തീരും.
വിദേശരംഗത്തെ വലിയ ഭീഷണി ചൈനയാണെന്ന വാദം ഭരണകര്‍ത്താക്കള്‍ക്ക് ഉപേക്ഷിക്കേണ്ടിവരും. നമ്മുടെ നയം കശ്മീര്‍ കേന്ദ്രിതമോ പാക് കേന്ദ്രിതമോ ആയി ന്യൂനീകരിക്കപ്പെടും. പാകിസ്താനുമായി നേരിട്ട് സംഭാഷണങ്ങള്‍ ആരംഭിക്കുന്നതും മൂന്നാംകക്ഷിയുടെ മധ്യസ്ഥതയില്‍ നടത്തുന്ന സംഭാഷണങ്ങളും പുതിയ സാഹചര്യത്തില്‍ രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് ഇടയാക്കും.

അതേസമയം, പാകിസ്താനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തുമെന്ന പ്രഖ്യാപനവും പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കും. വികസന വാഗ്ദാനവുമായി തെരഞ്ഞെടുപ്പ് വിജയം കൊയ്ത മോദി വികസന അജണ്ടകള്‍ മാറ്റിവെക്കാനും നിര്‍ബന്ധിതമാകും. ഓഹരിവിപണി ഇപ്പോഴേ കൂപ്പുകുത്തിയത് ഒരു ചൂണ്ടുപലകയാണ്. സര്‍ജിക്കല്‍ സ്ട്രൈക്കോടെ മോദിയുടെ പരീക്ഷണങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. സ്വയംനിര്‍മിത ഹിന്ദുത്വ ദേശീയവാദത്തിന്‍െറ കരുത്തിന്‍െറ പ്രതീകമെന്ന പ്രതിച്ഛായക്കകത്ത് കുരുങ്ങിനില്‍ക്കുകയാണ് പ്രധാനമന്ത്രി. വൈരുധ്യങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹം തയാറാകേണ്ടതുണ്ട്. സ്ഥായിയായ പരിഹാരം കണ്ടത്തെുക എന്ന ഉത്തമബോധത്തോടെ കശ്മീര്‍ പ്രതിസന്ധിയെ അഭിസംബോധന ചെയ്യാന്‍ തയാറാവുക എന്നതാണ് പ്രതിസന്ധി നിവാരണത്തിന്‍െറ പ്രഥമ പടി എന്ന് ഞാന്‍ കരുതുന്നു.

(തുര്‍ക്കി, ഉസ്ബകിസ്താന്‍ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു ലേഖകന്‍)
കടപ്പാട്: ഏഷ്യന്‍ ടൈംസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modinawaz sharifindia pak issues
News Summary - india pak issues
Next Story