Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഈ മൗനം അപകടമാണ്

ഈ മൗനം അപകടമാണ്

text_fields
bookmark_border
ഈ മൗനം അപകടമാണ്
cancel

ഇന്ത്യയിൽ മുസ്‌ലിം സമുദായത്തിനെതിരെ വ്യാപകമായ വിദ്വേഷവും അക്രമവും അരങ്ങേറുകയാണ്. പഹൽഗാം സംഭവത്തിന് ശേഷം പാക്കിസ്താനോട് ചേർത്ത് കെട്ടി വ്യാജ പ്രചരണങ്ങൾ നടത്തിയാണ് സംഘപരിവാർ അക്രമങ്ങൾ ശക്തിപ്പെടുത്തുന്നത്. മംഗളൂരുവിൽ മലയാളിയായ മുഹമ്മദ് അഷ്‌റഫിനെ ഹിന്ദുത്വ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ഈ വർധിച്ചുവരുന്ന മുസ്‌ലിം വിരുദ്ധ വംശീയതയുടെ ഞെട്ടിപ്പിക്കുന്ന ഉദാഹരണമാണ്.

വയനാട് പുൽപ്പള്ളി സ്വദേശിയായ അഷ്‌റഫ്, മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന ഒരു സാധാരണക്കാരനായിരുന്നു. ആക്രി പെറുക്കി വിറ്റ് ഉപജീവനം നടത്തിവരികയായിരുന്നു അഷറഫ്. പ്രാദേശിക തലത്തിൽ നടന്നുവരുന്ന ക്രിക്കറ്റ് മാച്ചിനിടെ അഷ്റഫിനെ സംഘപരിവാർ പ്രവർത്തകർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയും അതിനുശേഷം പാക്കിസ്താന് സിന്ദാബാദ് വിളിച്ചു എന്ന നിലക്ക് അഷ്റഫിനെതിരെ വിദ്വേഷ പ്രചരണം നടത്തുകയും ആണ് ചെയ്തത്. കേസിൽ ഇതുവരെയും അറസ്റ്റിലായ 20 പേരും ആർ.എസ്.എസ് ബജരംഗ് ദൾ പ്രവർത്തകരാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെൻഡ് ചെയ്യുകയുണ്ടായി.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല; മറിച്ച്, രാജ്യത്താകമാനം മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ അഴിച്ചുവിടപ്പെട്ടിരിക്കുന്ന വിദ്വേഷ പ്രചാരണത്തിന്റെയും അക്രമത്തിന്റെയും ഭാഗമാണ്. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പഠിക്കുകയും ജോലിചെയ്യുകയും കച്ചവടം നടത്തുകയും ചെയ്തു വന്നിരുന്ന നിരവധി കശ്മീരികളാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ ആക്രമിക്കപ്പെട്ടത്. ഈ സാഹചര്യത്തിൽ ഏതൊരു മനുഷ്യനെയും 'ദേശദ്രോഹി' എന്ന ലേബൽ ചാർത്തി ആക്രമിക്കാനും കൊലപ്പെടുത്താനും കഴിയുന്ന ഒരു അരക്ഷിതാവസ്ഥയാണ് നിലനിൽക്കുന്നത്.

മംഗളൂരു സംഭവത്തിൽ, അഷ്‌റഫിന്റെ കൊലപാതകത്തെ 'പാകിസ്താൻ അനുകൂല മുദ്രാവാക്യം' മുഴക്കിയവൻ എന്ന് ആരോപിക്കുന്നതിലൂടെ, വിദ്വേഷത്തിന്റെ വിത്തുകൾ പാകുകയും ദേശീയ വികാരം ജ്വലിപ്പിച്ച് മുസ്‌ലിംകളെ കൊന്നു തള്ളാനുള്ള കാരണങ്ങളെ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ, അഷ്‌റഫ് മാനസിക വെല്ലുവിളികൾ നേരിട്ടിരുന്ന ഒരാളായിരുന്നുവെന്നും, ആക്രി പെറുക്കി ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന സാധാരണക്കാരനായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ, ഒരു ദേശദ്രോഹി' യുടെ മയ്യിത്ത് സഹതാപം അർഹിക്കില്ല എന്ന മനോഭാവത്തെ വ്യാജ്യാരോപണങ്ങളിലൂടെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നത്.

ഈ സംഭവത്തിൽ കർണാടക സർക്കാർ കുറ്റവാളികളെ കണ്ടെത്തി ശക്തമായ ശിക്ഷ ഉറപ്പാക്കേണ്ടതുണ്ട്. മലയാളിയായ അഷ്‌റഫിന്റെ കൊലപാതകം, കേരള സർക്കാറിന്റെയും ശക്തമായ ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. കർണാടക ആഭ്യന്തര മന്ത്രി "കൊല്ലപ്പെട്ട വ്യക്തി പാകിസ്താന്‍ സിന്ദാബാദ് പറഞ്ഞുവെന്നത് തന്റെ പ്രസ്താവനയല്ലെന്നും ആള്‍ക്കൂട്ട സംഘത്തിലെ ചിലര്‍ പൊലീസിനോട് പറഞ്ഞ കാര്യമാണിതെന്ന്" തിരുത്തിപ്പറഞ്ഞത് പോലെ തന്നെ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്.

ഈ അക്രമങ്ങൾക്ക് പിന്നിൽ, മുസ്‌ലിം വിരുദ്ധ വിദ്വേഷത്തെ ആളിക്കത്തിക്കുന്ന മാധ്യമങ്ങളുടെയും നേതാക്കളുടെയും ഉന്മാദ ദേശീയതയുടെയും പങ്ക് അവഗണിക്കാനാവില്ല. 2002-ലെ ഗോദ്ര ട്രെയിൻ തീപിടുത്തത്തിനു ശേഷം ഗുജറാത്തിൽ മുസ്‌ലിംകൾക്കെതിരെ നടന്ന വംശഹത്യയുടെ ഓർമകൾ ഇന്നും ഭീതിജനകമാണ്. ആ കാലത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് എന്നത്, ഈ വിദ്വേഷ രാഷ്ട്രീയത്തിന്റെ ആഴം രാജ്യത്ത് എത്രത്തോളം വേരുപിടിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു.

കേരളത്തിൽ തന്നെയും, മുസ്‌ലിം വിരുദ്ധ അക്രമങ്ങൾക്ക് പ്രചോദനം നൽകുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളും കമന്റുകളും വർധിച്ചുവരുന്നു. ഇതിനെതിരെ നടപടി എടുക്കേണ്ട ഭരണകൂടം, പലപ്പോഴും സംഘ്പരിവാർ അനുകൂല പരാതികൾക്ക് മുൻഗണന നൽകുന്ന പ്രവണത കാണിക്കുന്നു. പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം, ഈ വിവേചനപരമായ സമീപനത്തിന്റെ തുടർച്ചയാണ്.

അഷ്റഫിന്റെ കൊലപാതകത്തോട് കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തുള്ളവർ സ്വീകരിക്കുന്ന മൗനം അങ്ങേയറ്റം അപകടകരമാണ്. കേരളത്തിലെ മാധ്യമങ്ങൾ അഷ്റഫിന്റെ കൊലപാതകത്തെ സംബന്ധിച്ച് മൗനം പാലിക്കുകയാണ്. മുഖ്യധാരാ ഇടതു വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും യുവജന യുവജനപ്രസ്ഥാനങ്ങളും സാമൂഹ്യ സാംസ്കാരിക രംഗത്തെ ആളുകളും ഒരു പ്രസ്താവന കൊണ്ടു പോലും ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നത് അത്യന്തം അപകടകരമായ സാഹചര്യമാണ്.

കർണാടക സർക്കാറുമായി ബന്ധപ്പെട്ട് അഷ്റഫിന് നീതിയുറപ്പാക്കാൻ ഇടപെടുമെന്ന് പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പ്രതികരിച്ചതല്ലാതെ. ഇത്രമേൽ ക്രൂരമായ ഒരു അതിക്രമം നമ്മുടെ ചുറ്റുവട്ടത്തെ ഒരു മനുഷ്യനെ നേരെ ഉണ്ടായിട്ടും പാലിക്കപ്പെടുന്ന മൗനം സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അടുത്ത മനുഷ്യരിലേക്കും സമൂഹങ്ങളിലേക്കും ആയുധമുയർത്തുവാനുള്ള ഇന്ധനമാണ്. സംഘപരിവാർ വംശീയ ഉന്മൂലന അജണ്ടകൾ സാധാരണതും കൈവരിക്കുക എന്നത് അവരുടെ അജണ്ടകൾ ഈ സമൂഹത്തിൽ ആഴത്തിൽ നടപ്പിലാക്കപ്പെടുന്നതിന്റെ ഉദാഹരണമാണ്.

ഈ അക്രമങ്ങൾക്കെതിരെ വ്യത്യസ്ത സമുദായങ്ങളെല്ലാം ഒന്നിച്ചു നിൽക്കേണ്ട സമയമാണിത്. വിദ്വേഷം പടർത്തുന്നവരെ തടയാനും, നീതി ഉറപ്പാക്കാനും, അത്തരത്തിൽ ഓരോരുത്തരും ഉത്തരവാദിത്തം ഏറ്റെടുക്കണം. അഷ്‌റഫിന്റെ കൊലപാതകം, നമ്മുടെ സമൂഹത്തിൽ വേരൂന്നിയിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെയും വിദ്വേഷത്തിന്റെയും പ്രതിഫലനമാണ് എന്ന തിരിച്ചറിവും അതിൽ പ്രധാനമാണ്.

(എസ്ഐഒ സംസ്ഥാന പ്രസിഡൻ്റാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim communityViolence
News Summary - India is witnessing widespread hatred and violence against the Muslim community
Next Story