Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇന്ത്യയെ...

ഇന്ത്യയെ കണ്ടെത്തുകയല്ല, കീഴ്​പ്പെടുത്തുകയാണ്

text_fields
bookmark_border
ഇന്ത്യയെ കണ്ടെത്തുകയല്ല, കീഴ്​പ്പെടുത്തുകയാണ്
cancel

ഹാഥറസ് ഉള്ളുലക്കുന്ന ക്രൂരതയാണ്. എന്നാൽ, ഭരണകൂടം കൈകാര്യം ചെയ്തുവരുന്നത് പ്രതികളെയല്ല, പ്രതിഷേധങ്ങളെയാണ്. പ്രതിയും ഇരയും ബി.ജെ.പിക്ക് രണ്ടു വോട്ടുബാങ്കുകളുടെ പ്രതിനിധികളാണ്. ഇര യു.പിയിലെ ദലിതരിൽ വാല്മീകി വിഭാഗത്തിൽ പെട്ടവൾ. പ്രതികൾ ക്ഷത്രിയ കുലത്തിൽ ഭൂജാതരായ ഠാകൂർമാർ. ഭരിക്കാൻ ഏൽപിച്ചവരെ രോഷം മൂത്ത് ഠാകൂർമാർ കാർക്കിച്ചുതുപ്പരുത്. വാല്മീകിസമുദായക്കാർ സംഘടിച്ച് ബി.ജെ.പിക്കെതിരെ നിലവിളിക്കാതെ അമർത്തിയൊതുക്കണം. ഇതു രണ്ടും നടത്തിയെടുക്കാൻ പണിപ്പെടുേമ്പാഴാണ് പ്രതിഷേധം ദേശീയതലത്തിൽ ആളിപ്പടർന്നത്.

കുറ്റകൃത്യത്തെ കശാപ്പുചെയ്ത് പ്രതികളെ രക്ഷിക്കാനും മകളെ നഷ്​ടപ്പെട്ടവരുടെ രോദനം പുറംലോകത്തെത്താതെ കുടുംബത്തെ പൂട്ടിയിടാനും ശ്രമിക്കുന്ന യോഗിവര്യ​െൻറ തനിനിറം ഒരിക്കൽകൂടി വെളിയിൽ ചാടി. അതിെൻറ നീറ്റലിൽനിന്ന് രക്ഷപ്പെടാൻ പിന്നെയുള്ള വഴി പ്രതിഷേധങ്ങളെ നേരിടുകയാണ്. ഇതിനകം പലവട്ടം നടത്തി വിജയിപ്പിച്ചെടുത്ത പരീക്ഷണമാണത്. രാജ്യസ്നേഹമില്ലാത്ത ദേശദ്രോഹികളുടെ ഗൂഢാലോചന, വിദേശ ധനസഹായം, സർക്കാറിനെ അട്ടിമറിക്കാനുള്ള പദ്ധതി എന്നിവയെല്ലാം പ്രതിഷേധങ്ങൾക്ക് പിന്നിലുണ്ടെന്ന് പൊലീസും ഭരണകൂടവും പറഞ്ഞുപറഞ്ഞു സ്ഥാപിക്കുന്ന പണിയാണത്. കപട ദേശാഭിമാനത്തിെൻറ ആ പുകമറയിൽ കുറ്റകൃത്യവും യാഥാർഥ്യവും സർക്കാറിെൻറ പിഴവുകളുമെല്ലാം മറഞ്ഞു പോകും. ദുരഭിമാനബോധത്തിന് എരിവു പകർന്ന്, വാദിയെ പ്രതിയാക്കി, പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്നാണ് ഡൽഹിയിൽ വംശീയാതിക്രമം നടന്നപ്പോൾ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം കൊടുമ്പിരികൊണ്ടപ്പോൾ ഒക്കെ ബി.ജെ.പിയും ഭരണകൂടവും കാണിച്ചുതന്നത്. ചത്തവനു വേണ്ടിയുള്ള പ്രതിഷേധങ്ങൾക്കിടയിൽ ഉയർത്തിവിടുന്ന പുകമറയിലൂടെ കൊന്നവനും കൊല്ലിച്ചവനും രക്ഷപ്പെടുക മാത്രമല്ല, ഈ ഗൂഢരാഷ​്ട്രീയം കൂടുതൽ കരുത്തുനേടുകയും പ്രതിഷേധിച്ചവർ പ്രതികളായി മാറുകയും ചെയ്യുന്നു. ഹാഥറസിെൻറ പരിണതിയും മറ്റൊന്നാകാൻ ഇടയില്ല.

കീഴാളനുമേൽ ജന്മി വിരാജിച്ചുനിൽക്കുന്നതാണ് യു.പിയുടെ ചിത്രം. ദലിതൻ ആളെണ്ണത്തിൽ കൂടുതലാണെങ്കിലും അവരുടെ ബോധത്തെയും അടക്കി ഭരിക്കുകയാണ് ബ്രാഹ്മണ, ക്ഷത്രിയ വിഭാഗങ്ങൾ എത്രയോ കാലമായി അവിടെ. ആറോ ഏഴോ ശതമാനം മാത്രമാണ്​ ഠാകൂർ സമുദായമെങ്കിലും യു.പിയിലെ കൃഷിഭൂമിയിൽ പകുതിയും അവരുടെ കൈയിലാണ്. അതിൽ പണിയെടുത്തു കുടുംബം പുലർത്തേണ്ടവർക്ക്, ജന്മിയെ വണങ്ങി നിൽക്കാതെ പറ്റില്ല. അതുകൊണ്ട് ബി.ജെ.പിക്ക് ജന്മിയുടെ താൽപര്യം തന്നെ പരമപ്രധാനം. ഠാകൂർ വിഭാഗക്കാരനായ മുഖ്യമന്ത്രിയാണിപ്പോൾ യു.പി ഭരിക്കുന്ന അജയ് മോഹൻ ബിഷ്ത് എന്ന 48കാരനായ യോഗിവര്യൻ. അജയ് മോഹ​െൻറ തറവാട്ടുകാർ ഠാകൂർമാരും വാല്മീകിമാർ അവരുടെ ആശ്രിതരുമാണ്​. കാവിക്കൊടി നാട്ടി രണ്ടു കൂട്ടരുടെയും വോട്ടുതട്ടുന്ന ബി.ജെ.പിക്ക് ഇന്നും ഇന്നലെയും നാളെയും ആരാണ് പ്രധാനമെന്ന് വ്യക്തം. ബാക്കിയൊക്കെ കാട്ടിക്കൂട്ടലുകൾ. വാല്​മീകിമാർ യു.പിയിലെ ദലിതുകളിൽ ഒരു വിഭാഗം മാത്രം. ദലിതരുടെ ശബ്​ദമായി അവകാശപ്പെടുന്ന മായാവതിയുടെ ശക്തിസ്രോതസ്സ്​ ജാട്ടവ​വിഭാഗക്കാരാണ്. അവർക്ക് മേൽ​ൈക്ക നൽകിക്കൊണ്ടുതന്നെ അധഃസ്ഥിത വിഭാഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ മായാവതിക്ക് ഒരുകാലത്ത് കഴിഞ്ഞിരുന്നു.

കോൺഗ്രസിനോട്, ബി.ജെ.പിയോട് ഓരോ കാരണങ്ങളാൽ മേൽജാതിക്കാർക്ക് ഉണ്ടായ അമർഷം മായാവതിയെ പിന്തുണച്ച്​ അവർ പ്രകടിപ്പിച്ചിട്ടുണ്ടെന്നതും പഴങ്കഥ. എന്നാൽ, മായാവതിയോടുള്ള കൂറ് ജാട്ടവിലേക്കു മാത്രമായി ഒതുക്കി ഒട്ടുമിക്ക പിന്നാക്ക വിഭാഗങ്ങളെയും ഹിന്ദുവികാരമുണർത്തി ബി.ജെ.പി ഹൈജാക് ചെയ്തുകഴിഞ്ഞു. കാവിക്കൊടിയും കാവിച്ചരടുമായി നിൽക്കുന്നവരെ തിരിച്ചുപിടിക്കാനുള്ള േമാഹത്തോടെ, അവരുടെ വികാരം എതിരാകാതെ നോക്കാനുള്ള മൗനമാണ് ഇന്ന് മായാവതി പുലർത്തുന്നത്. ബി.ജെ.പി സ്വന്തം വോട്ട്​ ചോർത്തിക്കൊണ്ടുപോകുമെന്ന് ഭയക്കുന്ന വിഷയങ്ങളിലെല്ലാം അവർക്ക് മൗനമാണ്. ഇത് മായാവതിക്കു മാത്രമല്ല, യാദവ കുലാധിപന്മാരായി നടന്ന മുലായം കുടുംബത്തിനും സംഭവിച്ചിട്ടുണ്ട്. വെള്ളമെല്ലാം ഒഴുകിപ്പോയിക്കഴിഞ്ഞ് ചിറ കെട്ടി സംഭരിക്കാൻ പണിപ്പെടുകയാണവർ. കാലം മാറി; കഥ മാറി. അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നതിെൻറ തട്ടുമുട്ടുകളോടെ 2022ൽ യു.പി തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ ആനയും സൈക്കിളും കൈപ്പത്തിയുമൊക്കെ കാവിയാരവത്തിൽ തെറിച്ചു പോകുമെന്നാണ് ബി.ജെ.പിയുടെ കണക്ക്. രണ്ടാംകിട പൗരന്മാരായി വെളിമ്പുറത്തായ ന്യൂനപക്ഷങ്ങളെക്കുറിച്ച് എന്തു പറയാൻ! അവരെ ഇതിനകം തന്നെ തർക്കഭൂമിയിൽ നിന്ന് 25 കിലോമീറ്റർ അകലേക്ക് എടുത്തെറിഞ്ഞുകഴിഞ്ഞു.

ഹാഥറസിനും അഞ്ചുവർഷം മുമ്പ് 2015ലാണ് ഗോമാംസ ആരോപണം ഉന്നയിച്ച് അമ്പതുകാരനായ മുഹമ്മദ് അഖ്​​ലാഖിനെ പശുഗുണ്ടകൾ തല്ലിക്കൊന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ത​െൻറ പ്രചാരണത്തിന് തുടക്കം കുറിച്ചത് ദാദ്രി പ്രതികളുടെ കൂടി സാന്നിധ്യത്തിൽ ആ ഗ്രാമത്തിൽ വെച്ചായിരുന്നു. ക്രൂരസംഭവത്തെക്കുറിച്ച് ഒരു ഖേദപ്രകടനം പോലും ഉണ്ടായില്ല. ഗൗതംബുദ്ധ നഗർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി വിജയം ആവർത്തിച്ചു. മുസ്​ലിംവിരോധം വളർത്തി യു.പി ഹിന്ദുത്വ ദുരഭിമാനികളുടെ ഭൂമിയാക്കുന്നതിൽ നേടിയ വിജയത്തിെൻറ പല പ്രതീകങ്ങളിലൊന്നാണ് ഗൗതംബുദ്ധ നഗർ. അവിടെ ഇരക്കൊപ്പമല്ല, പ്രതിക്കൊപ്പമാണ് യോഗിവര്യന്മാർ എന്നതിൽ അമ്പരപ്പുണ്ടാവില്ല. എന്നാൽ, ഹാഥറസിലെ ഇരയും പ്രതിയുമല്ല മുസ്​ലിം. അവിടെയും ഇരക്കൊപ്പമല്ല, പ്രതിക്കൊപ്പമാണ് യോഗി. ഠാകൂറും വാല്മീകിയും തമ്മിലുള്ള വിഷയത്തിൽ മുൻകൂർ നീതി ഠാകൂറിന്. പെൺകുട്ടിയുടെ വീട്ടിലേക്ക് കടന്നുചെല്ലാനോ സാന്ത്വനം നൽകാനോ യോഗിയും ഒപ്പമുള്ളവരും തയാറാകാത്തതിലും ആ രാഷ​​്ട്രീയമാണ്. ഇത് തുറന്നുകാണിക്കപ്പെടുന്നുവെന്ന് വന്നപ്പോഴാണ്, അന്താരാഷ്​ട്ര ഗൂഢാലോചനാ സിദ്ധാന്തം എടുത്തിട്ടത്. കോവിഡ് നിയന്ത്രണങ്ങൾ പറഞ്ഞാണ് രാഹുൽ ഗാന്ധിയെ പൊലീസ് പുറകോട്ടു തള്ളിയതെങ്കിൽ, ഗൂഢാലോചന സിദ്ധാന്തത്തിെൻറ വിലങ്ങും വടവും ഉപയോഗിച്ചാണ് മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പനെ തളച്ചിരിക്കുന്നത്.

പ്രതിപക്ഷവും പ്രതിഷേധവും സാമൂഹികപ്രവർത്തനവും ഇല്ലാതാക്കി വിയോജിപ്പുകൾ അടിച്ചമർത്തി സ്വേച്ഛാധിപത്യം സ്ഥാപിക്കുന്ന മോദി-യോഗിമാരുടെ ഇന്ത്യയിൽ ബി.ജെ.പിയെ താങ്ങിയ സഖ്യകക്ഷികളെയും പുറംകാലിന് തൊഴിച്ച് ഒതുക്കി വരുകയാണ്. ജമ്മു-കശ്മീരിൽ ഭരണം പിടിക്കാൻ ബി.ജെ.പിയെയും കൂട്ടുപിടിക്കാൻ തയാറായ മഹ്ബൂബ മുഫ്തിയെ ഒരു വർഷം പിന്നിട്ട തടങ്കലിൽനിന്ന് മോചിപ്പിച്ചുകിട്ടാൻ സുപ്രീംകോടതിയുടെ കനിവുതേടുകയാണ് മകൾ ഇൽതിജയും പി.ഡി.പിയും. എൻ.ഡി.എ എന്ന ബി.ജെ.പി സഖ്യത്തിന് ചീട്ടുകൊട്ടാരത്തിെൻറ കെട്ടുറപ്പു മാത്രമുണ്ടായിരുന്ന പ്രാരംഭ കാലം മുതൽ ബി.ജെ.പിയെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഹായിച്ചുനിന്ന ശിരോമണി അകാലിദൾ ഇറങ്ങിപ്പോയതിനു പുറമെപറയുന്ന കാരണം കാർഷിക ബില്ലാണെന്നു മാത്രം. സമാന ചിന്താഗതിക്കാരായിരുന്ന ശിവസേന ഇറങ്ങിപ്പോയപ്പോൾ കറിവേപ്പിലയുടെ വിലയാണ് ബി.ജെ.പി കൽപിച്ചത്. ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞ ഈ സഖ്യകക്ഷികളൊന്നും പഴയ പ്രതാപം വീണ്ടെടുക്കാനിടയില്ല. സഖ്യകക്ഷികളെന്നു പറയുേമ്പാൾ തന്നെ, ഭരണപരമായ തീരുമാനങ്ങളോ അധികാരത്തിെൻറ ആനുപാതിക പങ്കോ ഇവർക്ക് കിട്ടിയിട്ടില്ല. വന്നുവന്ന്, മോദിമന്ത്രിസഭയിലെ ഏക സഖ്യകക്ഷി പ്രതിനിധി, സഹമന്ത്രിസ്ഥാനം മാത്രമുള്ള ആർ.പി.ഐ നേതാവ് രാംദാസ് അതാവാലെയാണ്.

കേന്ദ്രമന്ത്രിസഭയിൽ അർഹിക്കുന്ന പ്രാതിനിധ്യം കിട്ടാതെ രണ്ടാം മോദിസർക്കാറിൽ മന്ത്രിപദം വേണ്ടെന്നുവെച്ചു പരിഭവിച്ചയാളാണ് ജനതാദൾ-യു നേതാവ് നിതീഷ്കുമാർ. എൻ.ഡി.എ സഖ്യത്തിൽ മോദി-അമിത്ഷാമാർക്ക് ഒതുക്കി മൂലക്കാക്കാൻ ബാക്കിനിൽക്കുന്ന ഏക നേതാവ് നിതീഷാണ്. ബിഹാർ തെരഞ്ഞെടുപ്പിൽ വീണ്ടും ഭരണത്തിൽ വരാൻ സാഹചര്യം ഒരുങ്ങിയാൽപോലും, നിതീഷ് മുഖ്യമന്ത്രിയാവുമോ എന്ന് കണ്ടറിയണം. ആ ഒതുക്കലിന് ലോക്ജൻശക്തി പാർട്ടിയുടെ യുവനേതാവ് ചിരാഗ് പാസ്വാനെ ചട്ടുകമാക്കുന്ന അണിയറ നീക്കമാണ് ബി.ജെ.പി നടത്തുന്നത്. പാസ്വാൻ സഖ്യം വിട്ട് നിതീഷിനോട് പോരടിക്കുകയും ബി.ജെ.പിയെ പിന്തുണക്കുകയും ചെയ്യുേമ്പാൾ ജനതാദൾ-യു സ്ഥാനാർഥികൾ നേരിടേണ്ടിവരുന്നത് കാലുവാരലാണ്. പക്ഷേ, ഇരുട്ടടി വെളിച്ചത്തുപറയാനാകാതെ നിൽക്കുകയാണ് നിതീഷ്കുമാർ. പുറത്തുനിന്ന് പിന്തുണക്കുന്നവരോ? ജഗൻമോഹൻ റെഡ്​ഡിയും നവീൻ പട്നായിക്കും പളനിസ്വാമി-പന്നീർസെൽവാദികളും വെറും സാമന്തന്മാർ. മോദിക്കെതിരെ മത്സരിച്ച അരവിന്ദ് കെജ്​രിവാൾ പോലും അവസരവാദ രാഷ്​ട്രീയത്തിൽ ഊളിയിട്ടുനടക്കുന്ന ഇന്ത്യയിൽ ഇങ്ങനെയെല്ലാം സ്വേച്ഛാധിപത്യത്തിെൻറ അഴിഞ്ഞാട്ടമാണ് നടക്കുന്നത്.

ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിെൻറ ക്വിറ്റ്​ഇന്ത്യ സമരകാലത്തെ ജയിൽ കുറിപ്പുകളാണ് 'ഇന്ത്യയെ കണ്ടെത്തൽ'. ഇന്ത്യയെ ആഴത്തിൽ മനസ്സിലാക്കിയ വിഖ്യാതഗ്രന്ഥം. ക്വിറ്റ്​ ഇന്ത്യ സമരം പോലൊന്ന് ആവശ്യമായി വരുന്നവിധം മാറിയ 'പുതിയ ഇന്ത്യ'യിലെ ആദ്യ പ്രധാനമന്ത്രിക്കു കീഴിൽ നടക്കുന്നത് ഇന്ത്യയുടെ ആത്മാവു കണ്ടെത്തുകയല്ല; പലവിധത്തിൽ മുറിവേൽപിച്ചു കീഴ്​പ്പെടുത്തുകയാണ്.

Show Full Article
TAGS:india subdued 
Web Title - India is being subdued
Next Story