അടിയന്തരാവസ്ഥ, അരിമ്പാറ, പോത്ത്!
text_fieldsഎം. കൃഷ്ണൻകുട്ടി,ഒ.വി. വിജയൻ,എൻ.എൻ. കക്കാട്
അടിയന്തരാവസ്ഥ ഒരു അരിമ്പാറയോ മറ്റൊരു പോത്തോ അല്ല. ഒ.വി. വിജയന്റെ ശ്രദ്ധേയമായ ‘അരിമ്പാറ’ എന്ന കഥയും കക്കാടിന്റെ പ്രശ്സതമായ ‘പോത്ത്’ എന്ന കവിതയും പക്ഷേ, അടിയന്തരാവസ്ഥ എന്തായിരുന്നു എന്ന് ബോധ്യപ്പെടുത്താൻ പര്യാപ്തമാണ്.
ഒരു മഞ്ചാടിക്കുരു വലുപ്പത്തിൽ, കൃഷ്ണൻകുട്ടിയുടെ കീഴ്ചുണ്ടിൽ ഒരു ഓമന കൗതുകമായി എങ്ങനെയോ കടന്നുകൂടിയ ഒരു കൊച്ചു അരിമ്പാറ പടിപടിയായി, പോത്തിനെയും കവച്ചുവെച്ച് വളർന്ന്, ഒടുവിൽ തനിക്ക് പോഷണം നൽകിയ മനുഷ്യനെ കൊണ്ടുതന്നെ, താൻ കടിച്ചുതുപ്പിയ അസ്വാതന്ത്ര്യത്തിന്റെ അവശിഷ്ടം തീറ്റിക്കുന്ന, ഭീകരരൂപിയായി മാറുന്നത് ഒരു ക്രൂരകാലത്തിന്റെ രൗദ്രതയെയാണ് അടയാളപ്പെടുത്തുന്നതെങ്കിൽ കക്കാടിന്റെ ‘പോത്ത്’ കവിത ആ അരിമ്പാറ മോഡൽ ഭീകരതക്കു മുന്നിൽ പരമശാന്തി അനുഭവിക്കുന്ന നിസ്സഹായ മനുഷ്യരുടെ അടിമത്തത്തെയാണ് ആവിഷ്കരിക്കുന്നത്.
ദീർഘമായ കഥയും ഹ്രസ്വമായ കവിതയും രണ്ടു വിധത്തിലാണെങ്കിലും പങ്കുവെക്കുന്നത്, അടിയന്തരാവസ്ഥ കാലത്തെ അത്രയെളുപ്പം സമാശ്വസിപ്പിക്കപ്പെടാനാവാത്ത അസ്വസ്ഥതകളാണ്. പകച്ചുപോകുന്ന മനുഷ്യരാണ്, ‘അരിമ്പാറ’ക്കഥയുടെ ഉള്ളടക്കമെങ്കിൽ, പുഞ്ചിരിക്കുന്ന സംതൃപ്ത അടിമകളാണ്, ‘പോത്ത്’ കവിതയിലെ പ്രമേയം. രണ്ടും രണ്ട് വഴികളിലൂടെ വളഞ്ഞുതിരിഞ്ഞ് എത്തിപ്പെടുന്നത്, ജനജീവിതത്തെ ദുസ്സഹമാക്കിയ അമിതാധികാരത്തിന്റെ ജീർണ അകത്തളങ്ങളിലേക്കാണ്.
സ്വന്തത്തെ തന്നെ ഭക്ഷിച്ച് കൊഴുത്ത്, ഒടുവിൽ ശവഭോജനവും ശവഭോഗവും നിർവഹിക്കുന്ന, കഥയിലെ കൃഷ്ണനുണ്ണിയുടെ ശരീരഭാഗമായി തുടങ്ങിയ, അരിമ്പാറയുടെ വളർച്ച സൃഷ്ടിക്കുന്ന സംഭ്രമത്തിനു മുന്നിൽ, കാഫ്കയുടെ പ്രശസ്തമായ ‘മെറ്റമോർഫോസിസ്’ അഥവാ ‘രൂപാന്തരം’ എന്ന കഥയിലെ കീടമായി മാറുന്ന ഗ്രീഹർ സാംസപോലും സ്തംഭിക്കും.
പുല്ലുകൾക്കിടയിൽ സൂചിമുട്ടുപോലെ ഒരു ‘പുഴു’വായി ചുരുങ്ങുന്ന ‘അരിമ്പാറ’യിലെ കൃഷ്ണനുണ്ണി, അമിതാധികാരത്തിനു മുന്നിൽ നിസ്സഹായരാവേണ്ടിവരുന്ന മനുഷ്യരെയാകെ ദൃശ്യപ്പെടുത്തുന്നൊരു കിക്കിടിലൻ, കണ്ണാടിയാണ്. അത്താണിയില്ലാത്ത മനസ്സിൽ ഇറച്ചിച്ചുമടായി വളർന്ന ആ അരിമ്പാറ ഇറക്കിവെക്കാനാവാതെ, ഞാൻ ആധികൊണ്ടു എന്ന് ഒ.വി. വിജയനെഴുതിയത് അൽപമെങ്കിലും ആത്മബോധം അവശേഷിക്കുന്ന മനുഷ്യരെക്കുറിച്ചാണെങ്കിൽ, കക്കാടിന്റെ ‘പോത്ത്’, ‘ചത്തകാലം പോൽ തളംകെട്ടിയ’ ആത്മനാശത്തിന്റെ ചെളിക്കുണ്ടിൽ പരമശാന്തി അനുഭവിക്കുന്നവരെക്കുറിച്ചാണ് രോഷപ്പെടുന്നത്. രണ്ടിലും വന്നുനിറയുന്നത് നിസ്സഹായരുടെ നിലവിളികളാണ്.
പുകഴ്ത്തൽ ഉരുളയും പുകയുന്ന വെടിയുണ്ടയും!
‘ധീരതേ, ദർശനവ്യക്തതേ, നിന്റെ പേർ ഇന്ദിരാഗാന്ധി എന്നാകുന്നു’ എന്ന് ഡി.കെ. ബറുവ. എന്നാൽ, ഏറക്കുറെ ഇന്ദിര ഗാന്ധി ആരാണ് എന്ന് ചോദിച്ചുകൊണ്ട് ഹാസ്യപോരാളി ചോ രാമസ്വാമി പറഞ്ഞത്, മോത്തിലാൽ നെഹ്റുവിന്റെ പൗത്രി, നെഹ്റുവിന്റെ പുത്രി, സഞ്ജയ് ഗാന്ധിയുടെ അമ്മ എന്നായിരുന്നു. പുകഴ്ത്തൽ ഉരുളക്കൊരു പുകയും വെടിയുണ്ടയുമാണ്, അല്ലാതെ ‘ഉപ്പേരി’യല്ല ചോ വിളമ്പിയത്. ‘
എന്റെ ശരീരത്തിന്റെ പോഷകങ്ങൾകൊണ്ട്, എന്റെ നീതിയുടെ മൗഢ്യംകൊണ്ട്, ഞാൻ എന്നിൽ അതിനെ ഉണ്ടാക്കി എന്ന ‘അരിമ്പാറ’യിലെ ഒരൊറ്റ വാക്യത്തിൽ ജനായത്തത്തിന്റെ ജാഗ്രതക്കുറവുകൊണ്ടുണ്ടാവുന്ന അടിയന്തരാവസ്ഥപോലുള്ള അപകടത്തിന്റെ ആഴമാണ് വ്യക്തമാക്കപ്പെടുന്നത്. ‘സഹോദരാ, നീതിമാനായ സഹോദരാ, സർവശക്തനായ സഹോദരാ’ ഞാനുരുവിട്ടു.
അരിമ്പാറ പ്രസാദിച്ചു. ബറുവ മണക്കുന്ന ഈയൊരു വരിക്കൊപ്പം, എഴുന്നള്ളിപ്പിനുള്ള കൊമ്പനാനയായി വളർന്ന, ‘അരിമ്പാറ’യെ നോക്കി ‘ഇത് ആനയല്ല, വിഷബീജമാണ്’ എന്ന കഥയിലെ താക്കീത് അടിയന്തരാവസ്ഥ കാലത്തെ മാത്രമല്ല, നവ ഫാഷിസ്റ്റ് ശക്തികൾ ഉണ്ടാക്കാവുന്ന ഉൾക്കിടിലത്തെക്കൂടി ഉൾക്കൊള്ളുംവിധം പ്രവചനാത്മകമാണ്. ഫ്രാൻസിലെ ലൂയി പതിനാലാമൻ ചക്രവർത്തി, ഞാനാണ് ‘രാഷ്ട്രം’ എന്നു പ്രഖ്യാപിച്ചത്, പതിനേഴാം നൂറ്റാണ്ടിൽ, തിരുവായ്ക്ക് എതിർവായ് ഇല്ലാത്തൊരു കാലത്താണ്.
ലൂയി പതിനഞ്ചാമൻ അതുപോലെ അമ്മാവനെ നിത്യമായി അനുസ്മരിപ്പിക്കുംവിധം, എനിക്കുശേഷം പ്രളയം എന്ന് കൂവിവിളിച്ചതും അരചൻ ചൊല്ല് കല്ലേ പിളർക്കുന്ന, അതേ രാജ കാലത്താണ്. ഞാനാണ് രാജാവ് എന്നു കരുതുന്ന ഭ്രാന്തരേക്കാൾ, ഞാൻ എല്ലായ്പോഴും രാജാവായിരിക്കുമെന്ന് കരുതുന്ന, രാജാക്കന്മാരാണ് യഥാർഥ ഭ്രാന്തർ. ആദ്യം പരാമർശിച്ച ശരിക്കുള്ള ഭ്രാന്തർക്ക് സ്വന്തം ഭ്രാന്ത് മാറിയാൽ തങ്ങൾ രാജാവല്ലെന്ന തിരിച്ചറിവുണ്ടാവും.
എന്നാൽ, അധികാരഭ്രാന്ത് പിടിപ്പെട്ടവർക്ക് ആ ഭ്രാന്തിൽനിന്നും പുറത്തുകടക്കാൻ സ്വയം സമരം നിർവഹിക്കുന്നില്ലെങ്കിൽ ജനംപിടിച്ച് അവരെ അധികാരത്തിൽനിന്ന് പുറത്തിട്ടാലും അവരുടെ ഭ്രാന്ത് ഒരിക്കലും മാറാൻ പോവുന്നില്ല. സവിശേഷമായ ഒരു രാഷ്ട്രീയ ക്രമത്തിന് അകത്ത് മാത്രമാണ്, തന്റെ അധികാരം നിലനിൽക്കുന്നതെന്നും അതിനു പുറത്ത്, മറ്റെല്ലാ മനുഷ്യരെപ്പോലെയാണ് താനെന്നും അധികാര സ്ഥാനത്തുള്ള മനുഷ്യർ മറന്നുതുടങ്ങുമ്പോഴാണ് അധികാരം ഒരു മാറാരോഗമാവുന്നത്. അതിന്റെ ലക്ഷണങ്ങളിൽ ഒന്നുമാത്രമാണ് താൻ സർവസ്വവുമാണെന്ന അശ്ലീല മിഥ്യ.
ബറുവയുടെ സുവിശേഷം
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ മുഴങ്ങിയ അശ്ലീല മുദ്രാവാക്യം എഴുതിയത് മുമ്പേ വ്യക്തമാക്കിയവിധം ഒരു കവികൂടിയായ, അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ബറുവയായിരുന്നു. ആ ബറുവയെ ഇന്നാരെങ്കിലും ഓർക്കുന്നുണ്ടെങ്കിൽ, ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ എന്നൊരൊറ്റ മുദ്രാവാക്യ സമാനമായൊരു അധമവാക്യത്തിന്റെ പേരിലായിരിക്കും.
മഹാത്മാഗാന്ധിയാണ് ഇന്ത്യ എന്നുപോലും ഒരിക്കലും വിളിച്ചിട്ടില്ലാത്ത ഒരു ജനതയുടെ മനസ്സിലേക്കാണ്, ഈയൊരു ആഭാസവാക്യം അടിച്ചുകയറ്റാൻ അടിയന്തരാവസ്ഥക്കാലം ശ്രമിച്ചത്. എന്നാൽ, അമിതാധികാരത്തിന് ഏത് ആഭാസവാക്യങ്ങളെയും സ്വന്തം ആദർശമാക്കി മാറ്റാൻ കഴിയുമെന്ന് ഇന്ത്യാചരിത്രം താൽക്കാലികമായെങ്കിലും അന്ന് തെളിയിച്ചു.
അധികാരം അതിന്റെ സുഖ ശീതള തണലിലും, ജനങ്ങൾ അകംവേവും തീവെയിലുമായി കഴിഞ്ഞ, ജനായത്ത അവകാശങ്ങളൊക്കെയും എടുത്തുമാറ്റപ്പെട്ട ആ കാലത്തിന്റെ വിശുദ്ധമന്ത്രമായി; നാവടക്കൂ പണിയെടുക്കൂ എന്നുള്ളത് മാറി! മുറിച്ചുമാറ്റപ്പെട്ട ആ നാവിലെ ചോര കലർന്ന വാക്കുകൾ തകർക്കപ്പെട്ട സ്വന്തം വീടുകൾക്കു മുന്നിൽ വന്ന് നിസ്സഹായമായി നിലവിളിച്ചു. ‘ഭയവും ദുഃഖവും സഹനത്തിന്റെ അധമത്വം കാരണവും എനിക്ക് കാലം ദുരൂഹമായിത്തീർന്നിരിക്കുന്നു’വെന്ന്, ‘അരിമ്പാറ’യിൽ ഒ.വി. വിജയനെഴുതിയത്, അക്ഷരംപ്രതി ശരിവെക്കും വിധം കാലം കീഴ്മേൽ മറിഞ്ഞു. ‘മിസ’ എന്ന ആഭ്യന്തര സുരക്ഷാനിയമം, ഇന്ദിര-സഞ്ജയ് സംരക്ഷണ നിയമമായി നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു.
ഇന്ദിര ഗാന്ധിയുടെ ഉപദേശകനും ആയുധശാലയുടെ ഉടമയുമായി യോഗാചാര്യൻ, ധീരേന്ദ്രബ്രഹ്മചാരി, ഒരു രാഷ്ട്രത്തിന്റെ അജണ്ടകൾ തീരുമാനിക്കുന്നിടത്തോളം ജനായത്തം അധഃപതിച്ചു. ‘തോക്കേന്തിയ’ ഈയൊരു സന്യാസിയെക്കുറിച്ചൊരു, കാർട്ടൂൺ അക്കാലത്ത് ആരെങ്കിലും വരച്ചുവോ എന്നറിയില്ല.
‘ആത്മഗാഥ’, അഗ്നി
എഴുത്തോ നിന്റെ കഴുത്തോ/ ഏറെ കൂറേതിനോട്/എന്നൊരുവൻ ചോദിച്ച്/ എൻ മുമ്പിൽ വരും മുേമ്പ/ ദൈവമേ നീ ഉണ്മയെങ്കിൽ/ എന്നെ കെട്ടിയെടുത്തേക്ക്/ നരകത്തിങ്കലങ്ങോട്ട് എന്ന് അക്കാലത്തെക്കുറിച്ച് എം. ഗോവിന്ദൻ എഴുതി. നാവിൽ ആരോ ഭാരമാർന്നൊരു ഇരുമ്പുകട്ട എടുത്തുവെച്ചപോലെ, അതിനെ തോൽപിക്കും വിധമുള്ള ഒരമ്മിക്കുട്ടി തലച്ചോറിലും!
ഇന്ദിര ഗാന്ധിയുടെ ഇരുപതിന പരിപാടിയും സഞ്ജയ് ഗാന്ധിയുടെ അഞ്ചിനവുംകൂടി അന്തരീക്ഷം പരസ്യ പ്രക്ഷുബദ്ധമാക്കിയപ്പോഴും അതിനെ മഹത്ത്വപൂർണം, അമ്പമ്പോ മഹത്ത്വപൂർണം എന്ന് പാടിപ്പുകഴ്ത്താൻ കേരളത്തിലും കൊട്ടാരം വിദൂഷകരുണ്ടായി. അവരൊക്കെയും പരിക്കൊന്നുമേൽക്കാതെ പുകഴ്ത്തപ്പെടുമ്പോഴും വാക്കിനെ തീയുണ്ടയാക്കി, തടവറയെ സമരവേദിയാക്കി, ജീവിതത്തെ അതെത്രമേൽ യാതനാനിർഭരമാവുമ്പോഴും ആത്മാഭിമാനത്തിന്റെ കൊടിയാക്കിമാറ്റിയ, ‘പൂവുകളെന്തിന് പുലരികളെന്തിന്/ പുഷ്പാഭരണ വിഭൂഷിത/ മോഹനസന്ധ്യകളെന്തിന്... അമ്മേ നിന്റെ തളിർകയ്യുകളിലിരുന്നു/ വിലങ്ങു കിലുങ്ങുംനേരം...’ എന്ന് ഇടനെഞ്ച് പൊട്ടി പാടിയ എം. കൃഷ്ണൻകുട്ടി മാഷിനെ, അദ്ദേഹം അർഹിക്കുംവിധം ശരിക്കും അടയാളപ്പെടുത്താൻ ഇനിയും മലയാളി സമൂഹത്തിനും നമ്മുടെ സാഹിത്യചരിത്രത്തിനും കഴിഞ്ഞിട്ടില്ല.
കവിതയെഴുത്തിന് തടവിലാക്കപ്പെട്ട ഏക മലയാളി എഴുത്തുകാരനായിട്ടും, അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടപ്പോഴും വിട്ടയക്കപ്പെടാതിരുന്ന കവിയായിട്ടും ആ കവിയെ അർഹിക്കുംവിധം നമ്മളിൽ പലരും തിരിച്ചറിഞ്ഞില്ല. ‘അലറുന്ന തോക്കുകൾ തുപ്പും തീയുണ്ടകൾ/ വിരിമാർത്തടങ്ങൾ തകർക്കുമ്പോഴും/ അണമുറിഞ്ഞൊഴുകുന്ന ചോരയിൽ ജീവന്റെ/ തിരിനാളം മുങ്ങിപ്പൊലിയുമ്പോഴും/ പതറാതെ, തളരാതെ, പൊരുതിക്കയറിയോർ/ പടവെട്ടിച്ചത്ത പ്രിയ സഖാക്കൾ/ അവരാണ് ഞങ്ങളെയാദ്യം പഠിപ്പിച്ചത് അവകാശ ബോധത്തിൻ ബാലപാഠം...’ എന്ന് തുടങ്ങുന്ന ‘ആത്മഗാഥ’ എന്ന കവിതയാണ് അന്ന്, അധികാര ശിങ്കിടികളെ അമർഷംകൊള്ളിച്ചത്. ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്ന ജനകീയ മുദ്രാവാക്യത്തെ ജ്വലിപ്പിച്ച, ‘ആത്മഗാഥ’ എന്ന മലയാളത്തിലെ ശ്രദ്ധേയമായ സമരകവിത എഴുതിയ കവിക്ക്, ആ കവിത ജയിലിലേക്കുള്ള വഴി തുറന്നപ്പോൾ ജയിലിലും പോരാട്ടം തുടരുകയായിരുന്നു മലയാളത്തിന്റെ അഭിമാനമായി മാറിയ പ്രിയ കവി എം. കൃഷ്ണൻകുട്ടി മാഷ്. എം. കൃഷ്ണൻകുട്ടി മാഷ് ഉൾപ്പെടെ നിരവധി പ്രതിഭകൾ തീജ്വാലകളായി ആളിക്കത്തിയപ്പോൾ, മലയാളി മധ്യവർഗ വിഭാഗത്തിൽ അധികവും കുരുതികഴിക്കപ്പെട്ട ജനായത്തമൂല്യങ്ങളുടെ ചോരയും കണ്ണീരും കാണാതെ അധികാരത്തിന്റെ കാര്യക്ഷമ പരസ്യങ്ങളിൽ, കോരിത്തരിക്കുകയായിരുന്നു. അത്തരക്കാരെയാണ് കക്കാട് മുമ്പേ വിശദമാക്കിയ ‘പോത്തി’ലും; ഒ.വി. വിജയൻ, ‘അരിമ്പാറ’യിലും ആഞ്ഞുവെട്ടി വരവുവെച്ചത്!
കൽപിക്കുന്ന അരിമ്പാറയും അനുസരിക്കുന്ന പോത്തും
‘ചത്തകാലംപോൽ തളംകെട്ടിയ ചളിക്കുണ്ടിൽ കൊഴുത്ത് മെയ് ആകവേ താഴ്ത്തി’ ശവംനാറിപ്പുല്ലും തിന്ന് കഴിയുന്ന, ആ പോത്തിൽ കക്കാട് കാണിച്ചുതന്നത് ഒരു കൊള്ളരുതായ്മക്കുമെതിരെ ഒന്ന് മുറുമുറുക്കുകപോലും ചെയ്യാതെ, സർവ പ്രതാപത്തോടെയും അധികാരത്തിന്റെ സുഖശീതള ലോകങ്ങളിൽ പാർത്തുപോരുന്ന മധ്യവർഗ അരാഷ്ട്രീയ മനുഷ്യരുടെ അൽപത്തത്തെയാണ്. ‘പട്ടക്കൊമ്പുകളുടെ കീഴെ/ തുറിച്ച മന്ദൻ കണ്ണാൽ നോക്കി/ കണ്ടതും കാണാത്തതുമറിയാതെ’/ കഴിഞ്ഞ പ്രസ്തുത, പോത്തുകളെനോക്കി, ‘നിന്റെയൊക്കെ ജീവനിലിഴുകിയ ഭാഗ്യമെന്തൊരു ഭാഗ്യം എന്നൊരൊറ്റ മടവാൾ വാക്യത്തിലൂടെ കക്കാട് വെട്ടിപ്പൊളിച്ചത്, അടിയന്തരാവസ്ഥയെ, ‘ഒരടിയന്തരമാക്കി’ ആഘോഷിച്ച അരാഷ്ട്രീയ മനുഷ്യരെ മുഴുവനുമാണ്!
പ്രതിഭാശാലികളായ എത്രയെത്ര മനുഷ്യരാണ് അന്ന് അധികാരത്തിന്റെ പോത്ത് പട്ടികയിൽപെടാൻ പാടുപെട്ടതെന്നോർക്കുമ്പോൾ ഇന്നും നമുക്ക് അറപ്പ് അനുഭവപ്പെടും! ആ അളിഞ്ഞ അറപ്പിനെയാണ്, ഒ.വി. വിജയന്റെ ‘അരിമ്പാറ’ എന്ന കഥ, സംഭ്രമജനകമായി, യാഥാർഥ്യവും അസംബന്ധവും സംയോജിപ്പിച്ച്, അസ്തിത്വത്തിന്റെ ആഴങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് ആവിഷ്കരിച്ചത്. ഒരു മഞ്ചാടിക്കുരു വലുപ്പത്തിൽ, പരാന്നഭുക്കായി തുടങ്ങി, ഒരു കൊമ്പനാന വമ്പത്തരത്തിലേക്ക് സ്വതന്ത്രമായി വളർന്ന, ആ അരിമ്പാറ ഒരസ്വസ്ഥകാല സംഭ്രമത്തിന്റെ മഹാരൂപകമാണ്. ‘നീ എന്നോട് സംസാരിക്കുമ്പോൾ ഇനിമേലിൽ എന്നെ സഹോദരാ എന്ന് വിളിക്കണം’ അരിമ്പാറ പറഞ്ഞു.
‘സഹോദരാ, ഞാൻ വിളിച്ചു.’ ‘അങ്ങനെയല്ല’ അരിമ്പാറ തിരുത്തി. ‘എങ്ങനെ’ ഞാൻ ചോദിച്ചു. ‘ഇങ്ങനെ’, അരിമ്പാറ പറഞ്ഞു. ഹീനമായ ദാസ്യത്തിന്റെ അറിവ് അരിമ്പാറ എനിക്ക് തന്നു. ഒരു നിമിഷം ഞാൻ പകച്ചു. വാക്കുകളുടെ അർഥങ്ങൾ മാറുന്നു. അവ കീരിയുടെയും മരങ്കൊത്തിയുടെയും വികടസ്വരങ്ങളായി പരിണമിക്കുന്നു.’ അടിയന്തരാവസ്ഥപോലുള്ള കാലങ്ങളിൽ, ഒരു ജനതക്ക് മറ്റു പലതിനോടുമൊപ്പം നഷ്ടമാവുന്നത് സ്വയം ആവിഷ്കരിക്കാനുള്ളൊരു സ്വതന്ത്ര മനുഷ്യഭാഷകൂടിയാണ്.
അന്ന് അങ്ങനെയും ഇന്ന് ഇങ്ങനെയും
2025ൽനിന്ന്, 1975നെ ഓർമിക്കുമ്പോൾ, ആ ഓർമകളും വർത്തമാനകാല അവസ്ഥയും തമ്മിലുള്ള അടുപ്പവും അകലവും വേണ്ടവിധം അടയാളപ്പെടുത്തപ്പെടാതെ പോവുകയാണോ എന്ന ആശങ്കയിൽ തന്നെയാണ്, ഇപ്പോഴും നാം ഉടക്കിനിൽക്കുന്നത്. അന്നത്തേത് പ്രഖ്യാപിത അടിയന്തരാവസ്ഥയും ഇന്നത്തേത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുമാണെന്ന വിശകലനംപോലും ഒരലസ അപഗ്രഥനത്തിന്റെ ഭാഗമാണ്. എന്തൊക്കെ പറഞ്ഞാലും, ആ പഴയ ജനായത്ത കശാപ്പിന്, ജനമനസ്സിൽ ആഴത്തിൽ വേരിറക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല.
എന്നാൽ, ഇന്നത്തെ നവഫാഷിസ്റ്റ് അവസ്ഥ, മുകളിൽനിന്നുള്ള അധികാര പ്രയോഗത്തോടൊപ്പം അടിയിൽനിന്നുള്ള സാമാന്യബോധത്തിന്റെ നിർലോഭമായ പിന്തുണകൂടി നേടിയെടുത്തിട്ടുണ്ട്. അന്നത്തെ അടിയന്തരാവസ്ഥ ഒരിക്കൽ അവസാനിപ്പിക്കപ്പെട്ടതോടുകൂടി അവസാനിച്ചെങ്കിൽ, ഇന്നത്തെ നവഫാഷിസം ആവിധം അവസാനിപ്പിക്കപ്പെട്ടാലും അത്രവേഗത്തിൽ അവസാനിക്കുകയില്ല.
അന്നൊരു ബറുവ മാത്രമാണ്, അതും ഒരു വ്യക്തിയെക്കുറിച്ചാണ് അസംബന്ധ പ്രലപനം നടത്തിയതെങ്കിൽ, ഇന്ന് ആ സ്ഥാനത്ത് വ്യാജ ദേശീയതയെ കേന്ദ്രമാക്കിക്കൊണ്ടുള്ള അചരിത്രപരമായ പ്രകീർത്തനങ്ങളാണ് സർവത്ര കൊഴുത്തുകൊണ്ടിരിക്കുന്നത്. ദേശസ്നേഹം ദേശപൂജയായി മാറിയാൽ അതുമാത്രം മതിയാവും ചിലപ്പോൾ ഒരു ജനതയാകെ വെട്ടിലാവാൻ!
വ്യക്തിസ്തുതി എത്രമേൽ അടിച്ചുപരത്തിയാലും, ആ വ്യക്തി അവസാനിക്കുന്നതോടെ അവശിഷ്ടങ്ങൾ മാത്രം ബാക്കിവെച്ച് അത് അവസാനിക്കും. എന്നാൽ ജീർണ ആശയങ്ങൾ, പ്രത്യേകിച്ച് പ്രസ്തുത ആശയങ്ങൾ രാജ്യസ്നേഹവുമായി കൃത്രിമമായി ചേർത്തുകെട്ടുമ്പോൾ അതിനെതിരെ, നിരന്തര ചെറുത്തുനിൽപുകൾ ഉണ്ടാവുന്നില്ലെങ്കിൽ ആ വിധം അവസാനിക്കുകയില്ല.
അടിയന്തരാവസ്ഥയെ ഒരൊറ്റ തെരഞ്ഞെടുപ്പ് വിജയംകൊണ്ട് അന്ന് അവസാനിപ്പിക്കാൻ കഴിഞ്ഞു. അതേപോലെ ഇപ്പോഴുള്ള ഇന്ത്യൻ നവഫാഷിസത്തെ മറ്റൊരു തെരഞ്ഞെടുപ്പ് വിജയംകൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ല. നവഫാഷിസ്റ്റുകൾ സ്വന്തം ജനായത്തവിരുദ്ധത മറച്ചുവെക്കാനുള്ള സന്ദർഭമായിട്ടാണ് ഇപ്പോൾ അമ്പത് വർഷം മുമ്പുള്ള അടിയന്തരാവസ്ഥയെ കാണുന്നത്.
എന്നാൽ ജനായത്ത ശക്തികൾക്ക് ജാതി മേൽക്കോയ്മയും കോർപറേറ്റ് മൂലധനവും ഉരുകിച്ചേർന്ന് ജനങ്ങളിൽ വലിയൊരു വിഭാഗത്തെ അപരവിദ്വേഷത്തിന്റെ പ്രചാരകരാക്കുന്നതിൽ വിജയിച്ചുകഴിഞ്ഞ, വിയോജിക്കുന്നവരെപ്പോലും സ്വന്തം നിലപാടുകളിലേക്ക് വലിച്ചടുപ്പിക്കുന്നതിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഭരണമുള്ളപ്പോൾ പലപ്പോഴും വിജയിക്കുന്ന, ഭരണമില്ലാത്തപ്പോഴും അത്രയധികം സാധ്യമല്ലെങ്കിലും കുറേയൊക്കെ വിജയിക്കുന്ന മേൽക്കോയ്മാ ശക്തികളോടാണ് എതിരിടാനുള്ളത്.
1975ലെ അടിയന്തരാവസ്ഥക്ക് ഇന്ത്യയിൽ താൽക്കാലിക രാഷ്ട്രീയാധിപത്യം നേടാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അതേൽപിച്ച പരിക്കുകൾ ഏറെ ഭീകരമായിരുന്നെങ്കിലും! എന്നാൽ, 2014ന് ശേഷമുള്ള നവഫാഷിസ്റ്റ് രാഷ്ട്രീയാധികാരം ഏറക്കുറെ സമഗ്രം എന്നുതന്നെ വിളിക്കാവുന്ന, മേൽക്കോയ്മ നേടിക്കൊണ്ടിരിക്കുന്നു. ചെറുത്തുനിൽപുകൾ കുറയുന്തോറും ആ മേൽക്കോയ്മ മുന്നേറിക്കൊേണ്ടയിരിക്കും! അപ്പോൾ അരിമ്പാറയും ആ പോത്തുകളും പരസ്പരം അഭിവാദ്യം ചെയ്യുന്നത് തുടർന്നുകൊണ്ടേയിരിക്കും.
പ്രബുദ്ധ കേരളം എന്തേ ഇങ്ങനെ?
ജീവിതത്തിലിന്നേവരെ ഒരു വിമാനത്തിലും കയറിയിട്ടില്ലാത്തവർപോലും കൃത്യസമയത്ത് വിമാനം പറക്കുന്നുവെന്ന പരസ്യത്തിൽ വ്യാമുഗ്ധരായി! സമര രഹിതമായ ഈയൊരു മധുര മനോജ്ഞകാലം മുമ്പേ വരേണ്ടതായിരുന്നുവെന്ന് കരുതിയവർപോലും അന്ന് കേരളത്തിലുണ്ടായിരുന്നു.
തടവറയിൽ തകർക്കപ്പെട്ട പതിനായിരങ്ങളുടെ ആർത്തനാദങ്ങൾക്ക് മുകളിലും അടിയന്തരാവസ്ഥക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ‘പ്രബുദ്ധ കേരളം’ കേട്ടത് ആ അരാഷ്ട്രീയ മനുഷ്യരുടെ പൊട്ടിച്ചിരികളാണ്. നിങ്ങളെന്റെ മകനെ ഇനിയും എന്തിനാണ് മഴയത്ത് നിർത്തുന്നതെന്ന് ഈച്ചര വാര്യർ മാഷിന്റെ മഴയെ തോൽപിച്ച കണ്ണീർപ്പെയ്ത്ത്, അവരെ പിടിച്ചുലച്ചില്ല!
പിണറായി വിജയൻ,ഈച്ചരവാര്യർ
കേരള അസംബ്ലിയിൽ 1977 മാർച്ച് 30ന് പിണറായി വിജയൻ എത്ര വെയിൽ കൊണ്ടാലും ഉണങ്ങാത്ത കാക്കിപ്പട കശക്കിപ്പിഴിഞ്ഞൊരു ശരീരത്തിന്റെ സ്മാരകമായി മാറിയ സ്വന്തം ചോരയുടെ ചുവപ്പ് പടർന്ന, കീറിയ കുപ്പായം ഉയർത്തിപ്പിടിച്ച് നിർവഹിച്ച ചരിത്ര പ്രസിദ്ധമായ പ്രസംഗം അവർ കേട്ടില്ല.
നീതിയുടെ സൂേര്യാദയങ്ങൾ സ്വപ്നം കണ്ടതിന്റെ പേരിൽ മാത്രം നട്ടെല്ല് തകർക്കപ്പെട്ട, പതിനായിരങ്ങളുടെ ചുരുട്ടിയ മുഷ്ടികൾക്കിടയിൽ ജ്വലിച്ച തീപ്പന്തങ്ങൾ അവർ കണ്ടില്ല. അധികാരം ഇടിച്ചു ചമ്മന്തിയാക്കിയ മൂല്യങ്ങൾക്ക് മുകളിലവർ പട്ടുമെത്ത വിരിച്ച് അടിയന്തരാവസ്ഥക്കാലം ഒരിക്കലും അവസാനിക്കുകയില്ലെന്ന ആശ്വാസത്തിൽ കാലിന്മേൽ കാൽവെച്ചിരുന്ന് അർമാദിച്ചു!
ഇന്ത്യ ഇന്ദിരയല്ല, ഇന്ത്യൻ ജനതയാണെന്ന ശബ്ദം ചോരച്ചാലുകൾ നീന്തി, ജനായത്തത്തിന്റെ കരങ്ങൾക്ക് ശക്തിപകർന്നപ്പോഴും കേരളം വേണ്ടുംവിധം അതൊന്നും കാണാതെ തലതാഴ്ത്തി നിന്നു! ഇന്ദിര ഗാന്ധി റായ്ബറേലിയിലും സഞ്ജയ് ഗാന്ധി അമേത്തിയിലും തോറ്റു.
ജനവിധിക്ക് മുന്നിൽ ആരും അജയ്യരല്ല എന്ന ജനായത്തത്തിന്റെ ആ വിളംബര ശബ്ദം ഏറ്റവും ഉച്ചത്തിൽ മുഴങ്ങുമെന്ന് പ്രതീക്ഷിക്കപ്പെട്ട, നമ്മുടെ പ്രബുദ്ധ കേരളത്തിൽമാത്രം ജനവിധി മറിച്ചായത്, അമ്പത് വർഷങ്ങൾക്കുശേഷവും ഇന്നും നമ്മെ അസ്വസ്ഥമാക്കണം. സ്വന്തം ജീവിതം നീതിക്ക് സമർപ്പിച്ച സമരയോദ്ധാക്കളോട്, അടിയന്തരാവസ്ഥ അറബിക്കടലിൽ ഒലിച്ചുപോയ ശേഷവും കാലം ആവശ്യപ്പെടും വിധം മനുഷ്യാവകാശമൂല്യങ്ങളിലേക്ക് ഉയരാത്ത ഒരു സമൂഹമായി നമ്മൾ മാറിപ്പോയോ എന്ന ചോദ്യം അസ്വസ്ഥ പരമ്പരകൾ സൃഷ്ടിച്ചുകൊണ്ട് ഇനിയും നമ്മെ പിന്തുടരണം!
ഒരു മനുഷ്യന് അവനെത്തന്നെ കാണിച്ചുകൊടുക്കാൻ കഴിഞ്ഞാൽ അവൻ മെച്ചപ്പെടുമെന്ന് ചെക്കോവ് പറഞ്ഞത് മനുഷ്യാവകാശങ്ങൾ പരിമിതമായ തോതിലെങ്കിലും നിലനിൽക്കുകയാണെങ്കിൽ മാത്രമാണെന്ന് മനസ്സിലുണ്ടാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

