സമ്പദ് വ്യവസ്ഥ കരകാണാക്കയത്തില്‍ 

  • ‘തെറ്റായ നയങ്ങള്‍’ എന്നു പറഞ്ഞാല്‍ തീരുന്നതല്ല മോദിയുടെ സാമ്പത്തിക ദുര്‍ഭരണത്തി​െൻറ വിശേഷണം. അവ പലതും സാമ്പത്തികശാസ്ത്ര നിരക്ഷരതയുടെ, സാമ്പത്തിക അരക്ഷിതത്വം സൃഷ്​ടിച്ച്​ അതില്‍നിന്ന് രാഷ്​ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗവും അടിസ്ഥാനപരമായി ‘സ്വന്തം ചങ്ങാതിമാർക്കായി നടത്തുന്ന ഭരണം’ എന്ന അർഥമുള്ള ക്രോണി മുതലാളിത്ത നയങ്ങള്‍ സ്വീകരിക്കുന്നവയുമായിരുന്നു...

08:23 AM
28/01/2020

ഇന്ത്യയില്‍ ഉരുണ്ടുകൂടുന്ന സാമ്പത്തിക കുഴപ്പത്തെക്കുറിച്ചും അതി​​​െൻറ ആഗോള പ്രത്യാഘാതങ്ങളെക്കുറിച്ചും അന്താരാഷ്​ട്ര നാണയ നിധി (​െഎ.എം.എഫ്​) നടത്തിയ പ്രസ്താവന വളരെ ഗൗരവമുള്ളതാണ്. ഇന്ത്യയിലെ സാമ്പത്തികക്കുഴപ്പം ഇന്ത്യക്കു പരിഹരിക്കാൻ കഴിയുന്നില്ലെന്നും അതുകൊണ്ടുതന്നെ ആഗോള സമ്പദ് വ്യവസ്ഥക്ക്​ ഇന്ത്യ ഒരു ഭാരമാവുകയാണ്​ എന്നുമാണ്​ ഐ.എം.എഫ് വ്യക്തമാക്കിയത്. ഈ നിരീക്ഷണത്തി​​​െൻറ അടിസ്ഥാനത്തിൽ ഈ സ്ഥിതിയില്‍ രാഷ്​ട്രം എങ്ങനെ എത്തിച്ചേര്‍ന്നു എന്നും ഭാവി എന്താണെന്നും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ പംക്തിയില്‍ നിരവധി തവണ ഇതേക്കുറിച്ചുള്ള ആശങ്കകള്‍ പങ്കു​െവച്ചിട്ടുള്ളതാണ്‌. കഴിഞ്ഞ മാസം ഇതേ പംക്തിയില്‍ എഴുതിയ ലേഖനത്തില്‍ ഇതേ കാര്യം വ്യക്തമായി സൂചിപ്പിച്ചിരുന്നു: “ഇന്ത്യയില്‍ പണപ്പെരുപ്പവും മാന്ദ്യവും ഒരുമിച്ചു സംഭവിക്കുന്നതിനും നമ്മള്‍ സാക്ഷ്യംവഹിക്കുകയാണ്. പക്ഷേ, ലോക സാമ്പത്തികക്കുഴപ്പം കൂടുതല്‍ ദൃഢീകൃതമാകുന്നതോടെ അതി​​​െൻറ ആഘാതങ്ങള്‍ പതിന്മടങ്ങ്‌ ശക്തിയില്‍ ഇന്ത്യയില്‍ ആഞ്ഞടിക്കാനുള്ള സാധ്യതയാണ് കാണാന്‍ കഴിയുന്നത്‌. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യ ഇപ്പോള്‍ ആഗോള സാമ്പത്തികക്കുഴപ്പത്തെ ചെറുത്തുനിൽക്കുന്ന സമ്പദ്​ വ്യവസ്ഥയല്ല. മറിച്ച്​, അതിന്​ ആക്കം കൂട്ടുന്ന ഒരു പ്രധാന കണ്ണിയാണ്” (തകരുന്ന സമ്പദ് വ്യവസ്ഥ, പതറുന്ന ഭരണകൂടം. ‘മാധ്യമം’ ഡിസംബർ 18, 2019).

 

ഇപ്പോൾ ഐ.എം.എഫ് എത്തിച്ചേർന്ന നിഗമനവും മറ്റൊന്നല്ല. മൂന്നു കാര്യങ്ങളിലാണ് ഐ.എം.എഫ് പ്രധാനമാ‍യും ഊന്നിയത്. ഒന്ന്, ഈ അടുത്തകാലം വരെ  വ്യവസ്ഥയുടെ ചാലകശക്തികളിൽ ഒന്നായിരുന്നു ഇന്ത്യ. എന്നാൽ, ഇന്ന് ഇന്ത്യക്ക്​ ആ സ്ഥാനം നഷ്​ടപ്പെട്ടിരിക്കുന്നു എന്നു മാത്രമല്ല, ഇന്ത്യ കേവലം ലോക സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിപ്പിക്കുന്ന ശക്തികളിൽ ഒന്നായി മാറിയിരിക്കുന്നു. രണ്ട്, നിക്ഷേപവും ഉപഭോഗവും കാര്യമായി കുറഞ്ഞ്​ സമ്പദ്​ വ്യവസ്ഥ നിശ്ചലമാവുകയാണ്. അതി​​​െൻറ ഫലമായി നികുതിവരുമാനവും കുറഞ്ഞിരിക്കുന്നു. മൂന്ന്, കൂടുന്ന കടവും ഉയർന്ന പലിശ അടക്കലും മൂലം സർക്കാറിന് ഒന്നും ചെയ്യാൻ കഴിയാതെയായി. യഥാർഥത്തിൽ ഇവ മൂന്നും പരസ്പര ബന്ധിതങ്ങളായ കാര്യങ്ങളാണ്​. ഉപഭോഗം കുറയുമ്പോള്‍ ഉൽപാദനം കുറയുകയും തൊഴിലില്ലായ്മ കൂടുകയും ചെയ്യും. ക്രയശേഷി പൊതുവില്‍ കുറയുന്നതോടെ നിക്ഷേപങ്ങള്‍ വീണ്ടും കുറയും. ഇത് കൂടുതല്‍ തൊഴിലില്ലായ്മയിലേക്കും ഉപഭോഗത്തിലുള്ള ഇടിവിലേക്കും നയിക്കും. ഇതാവട്ടെ, സര്‍ക്കാറിന്​ ലഭിക്കാനുള്ള എല്ലാതരം നികുതികളെയും ബാധിക്കും. അതോടെ സാമ്പത്തികഞെരുക്കം മറികടക്കാന്‍ വഴിയില്ലാത്ത അവസ്ഥയില്‍ സര്‍ക്കാറും എത്തിച്ചേരും.

ഇത് സൂചിപ്പിക്കുന്ന വസ്തുത വളരെ ഗൗരവമുള്ളതാണ്. ഇന്ത്യയില്‍ ഇപ്പോഴുണ്ടായിട്ടുള്ള സാമ്പത്തികക്കുഴപ്പത്തില്‍നിന്ന് കരകയറുക എളുപ്പമല്ല എന്നത് മാത്രമല്ല പ്രധാന പ്രശ്നമായി ഉയര്‍ന്നുവരുന്നത്. കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഈ പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള കഴിവോ താൽപര്യം പോലുമോ ഇല്ല എന്നതുകൂടിയാണ്. ഇന്ത്യ ഒരു സാമ്പത്തിക മാന്ദ്യത്തെ നേര്‍ക്കുനേര്‍ കാണുകയാണ് എന്നത് പുതിയ കാര്യമല്ല. മോദി അധികാരത്തില്‍ വന്ന സമയം മുതല്‍ പിന്തുടര്‍ന്ന സാമ്പത്തികനയങ്ങള്‍ മുന്‍കാല സര്‍ക്കാറുകളെ പോലെ ഉദാരവത്​കരണയുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. അത് മോദിയുടെ മാത്രം സംഭാവനയല്ല എന്നത് സത്യമാണ്. എന്നാല്‍, കടുത്ത അസമത്വം സൃഷ്​ടിക്കുന്നതെങ്കിലും ഉദാരവത്​കരണ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകേണ്ട മുന്നോട്ടുള്ള സാമ്പത്തികവളര്‍ച്ച മോദിയുടെ കാലം മുതല്‍ പിന്നോട്ടടിക്കപ്പെട്ടതിന് ഉത്തരം നല്‍കേണ്ടത് മോദി സര്‍ക്കാര്‍തന്നെയാണ്. അത് മന്‍മോഹൻ സിങ്ങി​​​െൻറയോ മുന്‍ കോൺഗ്രസ്​സര്‍ക്കാറുകളുടെയോ തലയില്‍ കെട്ടി​െവക്കാന്‍ പറ്റുന്നതല്ല. ‘തെറ്റായ നയങ്ങള്‍’ എന്നു പറഞ്ഞാല്‍ തീരുന്നതല്ല മോദിയുടെ സാമ്പത്തിക ദുര്‍ഭരണത്തി​​​െൻറ വിശേഷണം. അവ പലതും സാമ്പത്തികശാസ്ത്ര നിരക്ഷരതയുടെ, സാമ്പത്തിക അരക്ഷിതത്വം സൃഷ്​ടിച്ച്​ അതില്‍നിന്ന് രാഷ്​ട്രീയമായി മുതലെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗവും അടിസ്ഥാനപരമായി ‘സ്വന്തം ചങ്ങാതിമാർക്കായി നടത്തുന്ന ഭരണം’ എന്ന അർഥമുള്ള ക്രോണി മുതലാളിത്ത നയങ്ങള്‍ സ്വീകരിക്കുന്നവയുമായിരുന്നു. മോദിയുടെ ചങ്ങാതിമാരായി അറിയപ്പെടുന്ന, അല്ലെങ്കില്‍ മോദിക്കും ബി.ജെ.പിക്കും സ്ഥിരമായി വന്‍തോതിലുള്ള സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്ന അദാനി, അംബാനി തുടങ്ങിയ ചില ശതകോടീശ്വര വ്യവസായികള്‍ക്ക് മൂലധന കമ്പോളത്തില്‍ അമിതമായ സൗജന്യങ്ങള്‍ നല്‍കുന്നതും എന്നാല്‍, സമ്പദ്​വ്യവസ്ഥയില്‍ വളര്‍ന്നുവന്ന ഘടനാപരമായ കുഴപ്പങ്ങളോട് നിസ്സംഗത പുലര്‍ത്തുന്നതും, ഒപ്പം അനവസരത്തിലുള്ളതും അപ്രായോഗികവും അപ്രസക്തവുമായ നാണയനയങ്ങളിലൂടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്നതുമായിരുന്നു എന്നതാണ് ഓര്‍ക്കേണ്ട പ്രധാനകാര്യമായി മോദി വിമര്‍ശകര്‍ മുന്നോട്ടു​െവക്കുന്നത്.


ഇതേക്കുറിച്ച് പറയുമ്പോള്‍ ആവര്‍ത്തിക്കേണ്ട രണ്ടു കാര്യങ്ങളാണ് നോട്ടുനിരോധനവും ജി.എസ്.ടിയും. ഇത് രണ്ടും ഏതാണ്ട് സമാനമായ രീതികളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ-വിശേഷിച്ചും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ-സ്വാഭാവികമായ വളര്‍ച്ചയെ പിന്നോട്ടടിപ്പിച്ച ഘടകങ്ങളായിരുന്നു. നോട്ടുനിരോധനം മാത്രമല്ല, അത് നടപ്പാക്കിയ രീതിക്കും സാമ്പത്തികമാന്ദ്യത്തിന്​ ആക്കം കൂട്ടുന്നതില്‍ നിർണായക പങ്കാണ് ഉണ്ടായിരുന്നത്. നോട്ടുനിരോധനം യഥാർഥത്തില്‍ ബാധിച്ചത് ചെറുകിട കര്‍ഷകരെയും കച്ചവടക്കാരെയും തൊഴിലാളി കുടുംബങ്ങളെയുമായിരുന്നു. ആ നയം സൃഷ്​ടിച്ച അപകടം ശതഗുണീഭവിപ്പിക്കുന്നതായിരുന്നു കൃത്രിമമായി നാണയക്ഷാമം ഉണ്ടാക്കുന്ന രീതിയില്‍ പണം പിന്‍വലിക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍. സാധാരണ അർഥത്തില്‍ ഇതിനെ തികച്ചും ബുദ്ധിശൂന്യമായ നടപടി എന്ന് വിശേഷിപ്പിക്കാവുന്നതാണ്. പ​േക്ഷ, ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍, സാമ്പത്തിക അരക്ഷിതത്വം സൃഷ്​ടിച്ച്​ രാജ്യത്ത് അസ്ഥിരത്വം ഉണ്ടാക്കാനും അതില്‍നിന്ന് രാഷ​്ട്രീയമായി  മുതലെടുക്കാനുമുള്ള ഒരു പദ്ധതി അതിനു പിന്നിലുണ്ടായിരുന്നോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. അതെന്തായാലും ആ ആഘാതത്തില്‍നിന്ന് ഇന്ത്യയുടെ അടിസ്ഥാന മേഖലകള്‍ മുക്തമാവുന്നതിനു മുമ്പാണ് ജി.എസ്​.ടി കൊണ്ടുവന്നത്. ഇതു വിശേഷിച്ചും ചെറുകിട വ്യവസായ മേഖലയില്‍ ചെറുതല്ലാത്ത ആശയക്കുഴപ്പവും അസ്ഥിരതയും സൃഷ്​ടിച്ചിരുന്നു.

ഇതോടെ ഒരു തുറന്ന സമ്പദ്​വ്യവസ്ഥ എന്ന നിലയില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ നില രണ്ടുരീതിയില്‍ പരുങ്ങലിലാക്കി. ഒന്ന്, പുറത്തുനിന്നുള മാന്ദ്യത്തി​​​െൻറ ആഘാതങ്ങള്‍ താങ്ങാന്‍ മു​മ്പത്തെപ്പോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് കരുത്തില്ലാതെയായി. രണ്ട്, ഇന്ത്യയിലെ തൊഴിലില്ലായ്മയും ക്രയശേഷിയില്‍ വന്ന കുറവും പൊതുവില്‍ രൂപപ്പെട്ടുവന്ന സാമ്പത്തികമായ പ്രത്യാശാരാഹിത്യവും ഇറക്കുമതിയെ കാര്യമായി ബാധിക്കുന്ന സ്ഥിതിയായി. ഇതോടെ ഇന്ത്യയിലെ മാന്ദ്യം ആഗോളവിപണിയിലേക്ക്​ കടന്നുകയറുന്ന പ്രവണതക്ക് ആക്കംകൂടി. ഇതാണ് യഥാർഥത്തില്‍ ഐ.എം.എഫിനെ ഇന്ത്യന്‍ സമ്പദ്​ വ്യവസ്ഥയെക്കുറിച്ചും അത് മോദിക്കുകീഴില്‍ തുടരുന്ന ധനകാര്യ നയങ്ങളെക്കുറിച്ചും പുനര്‍വിചിന്തനത്തിന്​ പ്രേരിപ്പിച്ചത്. എന്നാല്‍, തങ്ങളുടെ പഴയ ഉദാരവത്​കരണ നയങ്ങളല്ലാതെ മറ്റൊന്നും ഐ.എം.എഫിന് ഉപദേശമായി ഇന്ത്യക്ക് ഇപ്പോഴും നല്‍കാനില്ല എന്നതും ശ്രദ്ധേയമാണ്. അതിനാല്‍ ഐ.എം.എഫി​​​െൻറ പഴയ തീട്ടൂരങ്ങള്‍ പിന്തുടരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ എയര്‍ഇന്ത്യയുടെ നൂറുശതമാനം ഓഹരിയും സ്വകാര്യവത്​കരിക്കാന്‍ പോകുന്നു. അതായത്, ഇപ്പോഴത്തെ സ്ഥിതി ഇതാണ്^ സാമ്പത്തികക്കുഴപ്പം തുടരും, സര്‍ക്കാര്‍ മൂലധനം സ്വകാര്യവത്​കരിക്കപ്പെടുകയും ചെയ്യും. ഒപ്പം, രാഷ്​ട്രം കൂടുതല്‍ തകര്‍ച്ചയിലേക്ക് അന്തമില്ലാതെ നിപതിക്കുകയും ചെയ്യും.

Loading...
COMMENTS