Begin typing your search above and press return to search.
exit_to_app
exit_to_app
Jawaharlal Nehru
cancel
camera_alt

അലഹാബാദിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്ന ജവഹർലാൽ നെഹ്റു (1941)

പഠന ശേഷം 1956 ജനുവരിയിൽ മംഗലാപുരത്ത് കമ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി മൃഗസംരക്ഷണ രംഗത്ത് ജോലി ലഭിച്ച സന്ദർഭത്തിലാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പ്രസംഗം കേൾക്കാൻ അവസരമുണ്ടായത്. മംഗലാപുരം റെയിൽവേ റോഡിനും ബന്ദറിലേക്ക് പോകുന്ന റോഡിനുമിടയിലുണ്ടായിരുന്ന വിശാലമായ മൈതാനമായിരുന്നു വേദി.

റോഡരികിൽ കുറെ ചെറിയ കാറുകളും കുതിരവണ്ടികളും പാർക്ക് ചെയ്തിരുന്നു. കൂടുതൽ പേരും കാൽനടയായും സൈക്കിൾ ചവിട്ടിയുമാണ് പ്രസംഗം കേൾക്കാൻ എത്തിച്ചേർന്നത്. വൻജനസമൂഹം മുന്നിലുണ്ടായിട്ടും ഒട്ടും അതിരുവിടാതെ, ലളിതമായ ഇംഗ്ലീഷിലും ആകർഷണീയമായ ശൈലിയിലുമായിരുന്നു പ്രസംഗം. അരമണിക്കൂറിലധികം നീണ്ട പ്രസംഗത്തിൽ നമ്മുടെ മാതൃഭൂമി എന്താണെന്നും എന്തായിരിക്കണമെന്നും വിശദീകരിച്ചു നെഹ്റു. വർഷങ്ങൾക്കിപ്പുറവും മാഞ്ഞുപോകാത്ത വിധത്തിൽ മനസ്സിൽ പതിഞ്ഞുപോയ ആ വാക്കുകളിൽനിന്ന് ഏതാനും വരികൾ ഇവിടെ ഉദ്ധരിക്കട്ടെ:

''ഹിന്ദുമഹാസമുദ്രം, അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഹിമാലയപർവതനിരകൾ എന്നിവക്കിടയിൽ സഹസ്രാബ്ദങ്ങളുടെ ചരിത്രവും വ്യത്യസ്ത സംസ്കാരങ്ങളുമുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ, വ്യത്യസ്ത മതങ്ങൾ, വ്യത്യസ്ത ഭാഷകൾ, വ്യത്യസ്ത ആചാരങ്ങൾ, വ്യത്യസ്ത നിറങ്ങൾ, വ്യത്യസ്ത ഭൂപ്രകൃതി, വ്യത്യസ്ത കാലാവസ്ഥകൾ ഉൾപ്പെട്ട ഒരൊറ്റ ഇന്ത്യ. സിന്ധു നദീതടങ്ങളും ഗംഗാതീരവും ഡക്കാൻ പീഠഭൂമിയും ഹിമം നിറഞ്ഞ കശ്മീരും പടിഞ്ഞാറും കിഴക്കും പുഴകൾ ഒഴുകിക്കൊണ്ടിരിക്കുന്ന പശ്ചിമഘട്ടവും എല്ലാം ഉൾക്കൊള്ളുന്നതാണ് നമ്മുടെ ഇന്ത്യ. ഇന്ത്യയെ പൂർണമായും ഉൾക്കൊള്ളുവാനും അറിയുവാനും സാധിക്കുന്നില്ലെങ്കിൽ നാം ഇന്ത്യക്കാരാണെന്ന് അഭിമാനിക്കുന്നതിൽ എന്താണർഥം?

നാളത്തെ ഇന്ത്യ വികസിത ഇന്ത്യയാണ്. അതിനുവേണ്ടിയാണ് നാം ആസൂത്രണം ചെയ്യുന്നത്. പഞ്ചവത്സരപദ്ധതിയുടെ ആസൂത്രകർ ഗുണഭോക്താക്കളായ നിങ്ങളും നിങ്ങൾ തെരഞ്ഞെടുത്ത ഞാനുൾപ്പെടെയുള്ള ജനപ്രതിനിധികളുമാണ്. വിദേശാധിപത്യത്തിനു കീഴിൽ സഹിക്കേണ്ടിവന്ന പീഡനങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും പൂർണ മുക്തരായി ലോകരാഷ്ട്രങ്ങളുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നവരായിരിക്കണം നാളത്തെ ഇന്ത്യൻ പൗരസമൂഹം. ജയ് ഹിന്ദ്.''

ജനാധിപത്യം നിറഞ്ഞുനിന്നത് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ മാത്രമായിരുന്നില്ല. ഭക്ഷ്യധാന്യക്ഷാമം രൂക്ഷമായിരുന്ന കാലത്താണ് നെഹ്റു പുന്നമടക്കായലിൽ വളളംകളി മത്സരം കാണാൻ വന്നത്. ജനങ്ങളോടൊപ്പമിരുന്നു വള്ളം കളി ആസ്വദിച്ച പ്രധാനമന്ത്രിക്ക് മധുരക്കിഴങ്ങ് പുഴുങ്ങിയത് നൽകിക്കൊണ്ട് സംഘാടകർ പറഞ്ഞു: ''ഇതാണ് ഇപ്പോൾ കേരളീയരുടെ ഭക്ഷണം''. ഇത്രയും രുചികരമായ ഭക്ഷണം ഉണ്ടായിരിക്കെ നിങ്ങളെന്തിനാണ് അരി വേണമെന്ന് മുറവിളി കൂട്ടുന്നത് എന്നായിരുന്നു മധുരക്കിഴങ്ങ് കഴിച്ച നെഹ്റുവിന്റെ നർമം നിറഞ്ഞ മറുപടി. ഭക്ഷ്യക്ഷാമ രൂക്ഷത മനസ്സിലാക്കി കേരളത്തിന്റെ അരി റേഷൻ ക്വോട്ട ഉടനടി വർധിപ്പിക്കുകയും ചെയ്തു.

ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ, അവരെത്ര വമ്പൻമാരാണെങ്കിലും തല ഉയർത്തിത്തന്നെ നിൽക്കേണ്ടത് എങ്ങനെയെന്നതും നെഹ്റു കാണിച്ചു തന്നിരുന്നു- ഒരു ഉദാഹരണം പറയാം:

രണ്ടാം ലോകയുദ്ധം അവസാനിച്ച് രണ്ടു വർഷം കഴിഞ്ഞാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അക്കാലത്ത് ബംഗാളിലും ഒഡിഷയിലും ധാരാളം പട്ടിണി മരണം സംഭവിച്ചിരുന്നു. അമേരിക്കൻ പൊതുനിയമം 480 (Public Law 480) പ്രകാരം ഇന്ത്യക്ക് കുറെ ഗോതമ്പ് സൗജന്യമായി നൽകി. രണ്ടു വർഷം കഴിഞ്ഞ് അവർ ഒരു വ്യവസ്ഥ വെച്ചു. നൽകുന്ന ഗോതമ്പിന് ചുരുങ്ങിയ വില ഈടാക്കി ആ തുക ഇന്ത്യയിലെ അമേരിക്കൻ എംബസി മുഖേന ഇന്ത്യയിലെ ദരിദ്രരുടെ ക്ഷേമത്തിനായി നൽകാമെന്നായിരുന്നു ആ നിബന്ധന. ആ ഗോതമ്പ് ഇനി ഇന്ത്യയിലേക്ക് അയക്കേണ്ട എന്നായിരുന്നു അമേരിക്കക്ക് നെഹ്റുവിന്റെ മറുപടി.

ഒന്നും രണ്ടും പഞ്ചവത്സര പദ്ധതിക്കാലത്ത് ഏഷ്യയിലെ അക്കാലത്തെ ഏറ്റവും വലിയ അണക്കെട്ടായ ഭക്രാനംഗൽ വടക്കേ ഇന്ത്യയിലും തുംഗഭദ്ര അണക്കെട്ട് മധ്യ ഇന്ത്യയിലും, അളിയാർ, മലമ്പുഴ അണക്കെട്ടുകൾ തെന്നിന്ത്യയിലും പണിത് കർഷകർക്ക് ജലസേചനത്തിനാവശ്യമായ വെള്ളം ലഭ്യമാക്കി. ആധുനിക കൃഷിക്കാവശ്യമായ രാസവളം ഉൽപാദിപ്പിക്കാൻ നമ്മുടെ ആലുവയിലടക്കം വൻകിട ഫാക്ടറികൾ സ്ഥാപിച്ചു. അതോടെ ഇന്ത്യ ഭക്ഷ്യധാന്യ ക്ഷാമത്തിൽനിന്ന് മുക്തമായി സ്വയം പര്യാപ്തമായി എന്നുമാത്രമല്ല, ഭക്ഷ്യധാന്യങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യവുമായി.

1954 മേയ് മാസം കേന്ദ്രഭക്ഷ്യമന്ത്രി റഫി അഹ്മദ് കിദ്വായി ഓൾ ഇന്ത്യ റേഡിയോയിലൂടെ ഒരു സന്തോഷ വിവരം ഇന്ത്യൻ ജനതയെ അറിയിച്ചു- 'ഇന്നു മുതൽ ഇന്ത്യയിൽ എവിടെ നിന്നും എവിടേക്കും ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകാം, ഭക്ഷ്യധാന്യം വിൽപനക്കും കടത്താനുമുള്ള എല്ലാ സർക്കാർ വിലക്കുകളും നീക്കിയിരിക്കുന്നുവെന്ന്. കർഷകരെ രാജ്യത്തിന്റെ അഭിമാന ഘടകമായാണ് ഭരണകൂടം കണ്ടിരുന്നത്. അല്ലാതെ, രാജ്യദ്രോഹികളോ ഭീകരവാദികളോ ആയല്ല. ഹരിതവിപ്ലവവും ധവള വിപ്ലവവുമെല്ലാം ഉന്നംവെച്ചത് രാജ്യത്തെ സാധാരണയിൽ സാധാരണക്കാരായ ജനങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും ഉന്നമനമായിരുന്നു, അല്ലാതെ സർക്കാറിന്റെ ചങ്ങാതി മുതലാളിമാരുടെ നേട്ടങ്ങളായിരുന്നില്ല.

ലോകനേതാവ് എന്ന നിലയിലുള്ള ആദരമാണ് നെഹ്റുവിന് എവിടെയും ലഭിച്ചുപോന്നത്. സൗദി തലസ്ഥാനമായ റിയാദിൽ വിമാനമിറങ്ങിയപ്പോൾ അറബികൾ 'സമാധാന ദൂതൻ' എന്ന് അഭിസംബോധന ചെയ്താണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രധാനമന്ത്രി മാത്രമല്ല, മന്ത്രിസഭയിലെ അംഗങ്ങളും ജനങ്ങൾക്കിടയിൽ ജനങ്ങൾക്കൊപ്പമാണ് ജീവിച്ചത്. യു.പിയിലെ സമീന്ദാരി സമ്പ്രദായത്തിനെതിരെ പൊരുതിയ റഫി അഹ്മദ് കിദ്വായി തന്നെ വലിയ ഉദാഹരണം. സമ്പാദ്യങ്ങളെല്ലാം ജനങ്ങൾക്കും പാർട്ടിക്കും വേണ്ടി കൈയയച്ചു നൽകി, ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചു നിൽക്കവെ ഹൃദയാഘാതം സംഭവിച്ച് മരിച്ച അദ്ദേഹത്തിന്റെ ജീർണാവസ്ഥയിലുള്ള വീട് കണ്ട് നെഹ്റുപോലും കരഞ്ഞുപോയിരുന്നു. നെഹ്റുവിനുശേഷം ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദ മരിക്കുമ്പോൾ താമസിച്ചിരുന്നത് ഡൽഹിയിലെ ചെറിയൊരു വാടക വീട്ടിലായിരുന്നു.

ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള പ്രസംഗവും സംഭവങ്ങളുമെല്ലാം ഇപ്പോൾ വിവരിച്ചെഴുതാൻ കാരണം രാജ്യത്തിന്റെ ചരിത്രം തന്നെ ബോധപൂർവം മായ്ച്ചെഴുതാനുള്ള ശ്രമങ്ങൾ അതിരു കടക്കുന്നതു കണ്ടാണ്. ഇന്ത്യ ലോകത്തിന് മുന്നിൽ അറിയപ്പെടാൻ തുടങ്ങിയത് കഴിഞ്ഞ ഏഴോ-എട്ടോ വർഷങ്ങൾ കൊണ്ടു മാത്രമാണ് എന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പലപ്പോഴും അവകാശവാദമുന്നയിക്കാറുണ്ട്. എല്ലാ വീഴ്ചകൾക്കും പ്രധാനമന്ത്രിയുടെ പാർട്ടി പഴിപറയുന്നതാവട്ടെ,രാഷ്ട്രശിൽപി ജവഹർലാൽ നെഹ്റുവിനെയും. ഇതിൽനിന്നുള്ള പ്രേരണയാൽ അണികൾ നടത്തുന്ന അധിക്ഷേപങ്ങളെയും വളച്ചൊടിക്കലുകളെയും ഒരു മുരടനക്കം കൊണ്ടുപോലും വിലക്കാറില്ല പ്രധാനമന്ത്രി.

തുടക്കത്തിൽ ഉദ്ധരിച്ച ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് നെഹ്റുവിനെ ശത്രുവാക്കി നിർത്താനും പഴിപറയുവാനും സംഘ്പരിവാറിനെ പ്രേരിപ്പിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യക്കുപകരം തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ ഇല്ലാതാക്കുന്ന ഒരു രാജ്യമാണ് അവരുടെ സങ്കൽപവും സ്വപ്നവും. ന്യൂനപക്ഷ സമുദായമായ യഹൂദരെ ജർമനിയുടെ ശത്രുക്കളായി മുദ്രകുത്തി വംശഹത്യ നടത്തിയ ഹിറ്റ്ലറെ മാതൃകാപുരുഷനായി വിശേഷിപ്പിച്ച ആർ.എസ്.എസ് താത്ത്വികാചാര്യൻ ഗോൾവാൾക്കർ മുന്നോട്ടുവെച്ച ലക്ഷ്യവും മാർഗവുമാണത്. പ്രധാനമന്ത്രി മുതൽ സംഘ്പരിവാറിന്റെ സാധാരണ പ്രവർത്തകൻ വരെ ഗോൾവാൾക്കറെ പുണ്യപുരുഷനായും കാണുന്നു. അതിഭയാനകമാണ് നിലവിലെ സാഹചര്യങ്ങൾ. പണ്ഡിറ്റ് നെഹ്റുവിനെപ്പോലുള്ള നേതാക്കളെ കണ്ടും കേട്ടും വളർന്ന എന്നെപ്പോലുള്ളവരുടെ തലമുറ ദുഃസ്വപ്നങ്ങളിൽ പോലും കണ്ടിട്ടില്ലാത്ത സംഭവ വികാസങ്ങളാണ് ഓരോ ദിവസവുമുണ്ടാവുന്നത്. വിദ്വേഷം പറയുകയും പ്രചരിപ്പിക്കുകയും സഹജീവികളെ അപരവത്കരിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംസ്കാരം ഇന്ത്യയുടേതല്ല. വിദേശാധിപത്യത്തിൽനിന്ന് മുക്തി നേടി ഏഴര പതിറ്റാണ്ട് പിന്നിട്ട ശേഷവും ജനം പീഡനങ്ങളിൽനിന്നും ദുരിതങ്ങളിൽ നിന്നും മോചിതരാവുന്നില്ല എന്നു വന്നാൽ ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഇന്ത്യൻ പൗരസമൂഹം എങ്ങനെ തലയുയർത്തി നിൽക്കും?

നെഹ്റു ചോദിച്ച ചോദ്യമാണ് രാജ്യത്തെ ഏകശിലാത്മകമാക്കാൻ കച്ചകെട്ടി ഇറങ്ങുന്നവർക്ക് മുന്നിൽ നമുക്കും ഉയർത്തുവാനുള്ളത്:

'ഇന്ത്യയെ പൂർണമായും ഉൾക്കൊള്ളുവാനും അറിയുവാനും സാധിക്കുന്നില്ലെങ്കിൽ നാം ഇന്ത്യക്കാരാണെന്ന് അഭിമാനിക്കുന്നതിൽ എന്താണർഥം?

(ചരിത്രാന്വേഷകനും ഗ്രന്ഥകാരനുമാണ് ലേഖകൻ)

Show Full Article
TAGS:Jawaharlal Nehru indian prime ministers 
News Summary - India doesn't bow down its head...
Next Story