ഇംറാൻ ആരുടെ അജണ്ട?
text_fieldsഒറ്റക്കു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ പാകിസ്താനില്‍ പുതിയ സര്‍ക്കാറും പുതിയ പ്രധാനമന്ത്രിയും അധികാരത്തിലേറുകയാണ്. ഇൗ അധികാരമാറ്റം ആ രാജ്യത്തിനകത്തും മേഖലയിലുടനീളവും സൃഷ്ടിക്കാവുന്ന പുതിയ സമവാക്യങ്ങള്‍ എന്താവും എന്ന ആകാംക്ഷയിലാണ് ലോകം. പ്രധാനമന്ത്രിപദവി ഏറ്റെടുക്കുമെന്ന് ഏതാണ്ട് തീര്‍ച്ചയായിക്കഴിഞ്ഞ ശേഷം െതഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷന്‍ ഇംറാന്‍ ഖാന് നടത്തിയ പ്രസംഗം ഒറ്റനോട്ടത്തില്‍ വിലയിരുത്തുമ്പോള്‍ ഏറെ പ്രതീക്ഷക്ക് വക നല്കുന്നു. അധികാരമേറ്റയുടന്‍ 2014ല്‍ നരേന്ദ്ര മോദി നടത്തിയ ചില പ്രഖ്യാപനങ്ങളുമായി ഇംറാെൻറ വാക്കുകള്‍ക്ക് അസാധാരണ സാമ്യവുമുണ്ട്. എതിരാളികളോട് ഒട്ടും പകയില്ലാത്ത, ജനങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന, സ്വന്തം നാടിനെ ലോകത്തിനു മുമ്പില്‍ കരുത്തുറ്റതാക്കി മാറ്റാനൊരുങ്ങുന്ന നേതാക്കളുടെ ജീവന്‍തുടിക്കുന്ന വാക്കുകളാണ് രണ്ടും. ആഢ്യത്വത്തിെൻറ ആടയാഭരണങ്ങളെല്ലാം ഉപേക്ഷിച്ച് സാധാരണക്കാരില്‍ ഒരാളെപോലെ താന്‍ പാകിസ്താനെ ഭരിക്കുമെന്ന ഇംറാെൻറ പ്രഖ്യാപനം പോലൊന്ന് നരേന്ദ്ര മോദിയും നടത്തിയിരുന്നു. പുതിയ പാകിസ്താെന സ്വപ്നം കാണുമ്പോള്‍ പ്രവാചകൻ മുഹമ്മദിെൻറ നഗരമായ മദീനയുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെയാണ് മാതൃകയായി ഇംറാന്‍ ചൂണ്ടിക്കാട്ടിയത്. നികുതി കൊടുക്കുന്നവെൻറ ചെലവില്‍ ഭരണവര്‍ഗം സുഖിച്ചുപുളച്ച ഒരു പാകിസ്താന് ഇനിയുണ്ടാവില്ലെന്നും പ്രധാനമന്ത്രിയുടെ കൊട്ടാരസമാനമായ വീടു വിട്ടിറങ്ങി സാധാരണക്കാരിലൊരാളാവുമെന്നും ഗവര്‍ണര്‍ ഹൗസുകളെ ഹോട്ടലുകളാക്കി മാറ്റുമെന്നുമൊക്കെ പറയുമ്പോള്‍ തെരഞ്ഞെടുപ്പു റാലികളില്‍ പലകുറി ആവര്‍ത്തിച്ച സ്വന്തം പാര്‍ട്ടിയുടെ രാഷ്ട്രീയത്തിന് അടിവരയിടുകയായിരുന്നു ഇംറാന്‍. അവിശ്വസനീയവും അതിലുപരി അതിവൈകാരികവുമായിരുന്നു പ്രഥമ പ്രസംഗത്തിലെ വരികള്‍.
പ്രസംഗത്തിനപ്പുറമെന്ത്?
രാഷ്ട്രീയക്കാരനില്‍നിന്ന് രാഷ്ട്രനേതാവിലേക്കുള്ള ഇംറാെൻറ നയംമാറ്റം രണ്ടര്ഥത്തിലും വിലയിരുത്താവുന്ന ധാരാളം പരാമര്‍ശങ്ങള്‍ ഉൾക്കൊള്ളുന്നുണ്ട്. ഇത്രയുംകാലം മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ സ്വീകരിക്കുന്നുവെന്നാണ് എതിരാളികള്‍ ആരോപിച്ചതെങ്കില്‍ ഇനിയങ്ങോട്ട് താേഴത്തട്ടില്‍ നിന്നുള്ള ഉത്തരവുകള്‍ക്കാണ് കൂടുതല്‍ പ്രാധാന്യമെന്നാണ് ഇംറാന്‍ ഖാന് പറഞ്ഞുനിര്ത്തിയതിെൻറ രത്നച്ചുരുക്കം. ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് ഇംറാന്‍ വ്യക്തമാക്കിയത്; വ്യക്തിഹത്യക്കായി ഇത്തരം സ്ഥാപനങ്ങളെ ഉപയോഗിക്കില്ലെന്നും. പക്ഷേ, പ്രതീക്ഷിച്ചത്ര എളുപ്പമൊന്നുമാവില്ല ഈ പൊളിച്ചെഴുത്ത്.
പാകിസ്താന് ഈ തെരഞ്ഞെടുപ്പിലേക്ക് നടന്നടുത്ത വഴികള്‍ ശ്രദ്ധിച്ചാലറിയാം ഇംറാനെ വിജയിപ്പിച്ചവര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന്. അഴിമതിയായിരുന്നു നവാസ് ശരീഫിെൻറ കുറ്റമെങ്കില്‍ ലണ്ടനില്‍ ബംഗ്ലാവ് വാങ്ങിയ സമീപകാല സൈനിക ഭരണാധികാരിയെക്കുറിച്ചും ഉണ്ടല്ലോ ആരോപണം. അേതക്കുറിച്ച് അന്വേഷിക്കണമെന്ന് ഇംറാനോ സൈന്യമോ ഇതേവരെ പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് അഴിമതിയാണ് കുറ്റമെങ്കില്‍ അതിലുമുണ്ട് പ്രായോഗിക പ്രശ്നങ്ങള്‍. 2013ല്‍ നവാസ് ശരീഫിനെതിരെ 400 പരാതികള്‍ തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചിട്ടും അതില്‍ നാലെണ്ണം പോലും തുറന്നുനോക്കിയിട്ടില്ലെന്നിരിക്കെ ഓരോ പരാതിയും അന്വേഷിക്കുമെന്നാണ് നിയുക്ത പ്രധാനമന്ത്രി അവകാശപ്പെടുന്നത്. വോട്ടെണ്ണലിലും മറ്റും നടന്ന കേവലമായ തെരഞ്ഞെടുപ്പ് അഴിമതി മാത്രമായിരുന്നില്ല പക്ഷേ ഇത്തവണത്തേത്. എതിര്‍പക്ഷത്തുള്ള രാഷ്ട്രീയപാര്‍ട്ടികളെ ഘട്ടംഘട്ടമായി ഇല്ലാതാക്കുന്ന, വിജയസാധ്യതയുള്ള പ്രതിപക്ഷ നേതാക്കളെ നിശ്ശബ്ദരാക്കുന്ന, യാഥാര്‍ഥ്യം തുറന്നുപറയുന്ന മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന, വോട്ടെടുപ്പില്‍ പട്ടാളം ബൂത്തിനകത്തുപോലും കാവല്നില്ക്കുന്ന പലതരം ‘ഭരണഘടനാപരമായ അഴിമതികള്‍’ക്കു പുറമെയായിരുന്നു വോട്ടെടുപ്പ് എന്ന പ്രക്രിയതന്നെ ചോദ്യം ചെയ്യപ്പെട്ട ഒടുവിലത്തെ സാഹചര്യങ്ങള്‍. ഇംറാനെതിരെ വരാനിടയുള്ള എല്ലാ ഘടകങ്ങളും അതില്‍ ഉന്നംവെക്കപ്പെട്ടിരുന്നു. നവാസ് ശരീഫിെൻറ പാർട്ടിയായ നൂന് ലീഗ് ബലൂചിസ്താനില്‍ നെടുകെപിളര്‍ന്ന് ബലൂചിസ്താന്‍ അവാമി പാര്ട്ടിയായതിനുപിന്നില് സൈന്യമാണെന്നാണ് ആരോപണമുയര്‍ന്നത്. ചെറിയ പാര്‍ട്ടികളില്‍ ഇംറാനെ പിന്തുണക്കാനിടയുള്ള നേതാക്കളുടെ വിജയം ‘ആരോ’ ഉറപ്പു വരുത്തുന്നുണ്ടായിരുന്നു. ശൈഖ് റാഷിദ് അഹ്മദ് ഖാനെതിരെ റാവല്‍പിണ്ടിയില്‍ മത്സരിച്ച ഹനീഫ് അബ്ബാസിയെ വോട്ടെടുപ്പിന് മൂന്നുദിവസം മുമ്പ് രാത്രി 11.30നാണ് ഏഴുവര്‍ഷം പഴക്കമുള്ള ഒരു കേസ് വിചാരണക്കെടുത്ത് കോടതി കുറ്റവാളിയായി കണ്ടെത്തി അയോഗ്യനാക്കിയത്. ‘ജിയോ ടി.വി’യും ‘ഡോണ്‍’ ദിനപത്രവുമൊക്കെ കഴിഞ്ഞ മൂന്നു മാസത്തിലേറെയായി വിതരണമേഖലയില്‍ തടസ്സങ്ങളും വിലക്കുകളും നേരിടുന്നുണ്ടായിരുന്നു. സൈന്യം തെരഞ്ഞെടുപ്പില്‍ പരസ്യമായി ഇടപെടുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ഗുല്‍ ബുഖാരി എന്ന വനിതാ പത്രപ്രവര്‍ത്തക അജ്ഞാതരുടെ തടവിലായി.
തികച്ചും അല്‍ഭുതപ്പെടുത്തിയ മറ്റൊരു ഘടകമായിരുന്നു മുത്തഹിദ മജ്ലിസെ അമല്‍ എന്ന എം.എം.എയും സൈന്യവും തമ്മിലുണ്ടായ അകല്‍ച്ച. ‘മുല്ല മിലിറ്ററി അലയന്‍സ്’ എന്ന് വിമര്‍ശകര്‍ പലപ്പോഴും പരിഹസിക്കാറുള്ള ഈ മുന്നണിയെ പരാജയപ്പെടുത്താന്‍ മറ്റാരേക്കാളും ഇത്തവണ രംഗത്തുണ്ടായിരുന്നത് സൈന്യം തന്നെയാണ്. ലശ്കറെ ത്വയ്യിബ രംഗത്തിറക്കിയ അല്ലാഹു അക്ബര്‍ പാര്‍ട്ടി, ലശ്കറെ ജാങ്വിയുടെ രാഷ്ട്രീയമുഖമായ അഹ്ലുസ്സുന്നത്ത് വല്‍ ജമാഅത്ത്, ഐസിസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ലബ്ബൈക്ക യാ റസൂലല്ലാഹ് പാര്‍ട്ടി എന്നിവക്ക് സൈന്യം അറിയാതെ ഒരിക്കലും അംഗീകാരം ലഭിക്കുമായിരുന്നില്ല. ജമാഅത്തെ ഇസ്ലാമി ഉൾപ്പെെടയുള്ള ഈ മുന്നണി വടക്കന്‍ മേഖലയില്‍ പത്ത് സീറ്റില്‍ ഒതുങ്ങിയത് സൈന്യം രംഗത്തിറക്കിയ മതതീവ്രവാദി സംഘടനകളുടെ സാന്നിധ്യമായിരുന്നു. ഒരേസമയം ഇംറാന്വിരുദ്ധ വോട്ടുകളെ പിളര്‍ത്തുകയും ഒപ്പം തങ്ങളുടെ രഹസ്യഅജണ്ടക്ക് ജനാധിപത്യ സമൂഹത്തിെൻറ പിന്തുണ പരിശോധിക്കുകയും കൂടിയായിരുന്നു സൈന്യം ചെയ്തത്.
ഇന്ത്യക്ക് കരുതൽ വേണ്ടിവരും
മൊത്തത്തിൽ പരിശോധിക്കുമ്പോള്‍ ഇംറാന്‍ എങ്ങനെയെങ്കിലും ജയിക്കണമെന്നത് എഴുതപ്പെട്ടുകഴിഞ്ഞ ഒരു തിരക്കഥയുടെ ഭാഗമായി മാറുന്നുണ്ട്. മറക്കുപിന്നിലെ ശക്തികളെന്ന് നവാസ് ശരീഫ് ആരോപിച്ച ഇക്കൂട്ടര്‍ മുസ്ലിംലീഗ് നൂനില് കണ്ട ദോഷങ്ങള്‍ എന്തായിരുന്നുവെന്നാണ് ഇന്ത്യയെയും അഫ്ഗാനെയുമൊക്കെ ഇനി ഭയപ്പെടുത്തേണ്ടത്. ഇംറാന്‍ പറഞ്ഞ കാര്യങ്ങളില്‍ പരസ്പരമുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നത് ഇന്ത്യ-പാക് ബന്ധത്തെ സഹായിക്കുമെന്ന നിരീക്ഷണം നമുക്ക് സ്വാഗതംചെയ്യാവുന്നതേ ഉള്ളൂ. നവാസ് ശരീഫ് ഭരണകൂടത്തിെൻറ നയങ്ങളുടെ തുടര്‍ച്ച മാത്രമാണത്. ഇന്ത്യയുടെ ഉരുക്കുഭീമന്‍ നവീന്‍ ജിന്‍ഡാലുമായി ഇസ്ലാമാബാദില് കൂടിക്കാഴ്ച നടത്തുകയും അതിെൻറ പ്രാധാന്യം സൈന്യത്തെ ബോധ്യപ്പെടുത്തുകയുമായിരുന്നല്ലോ ശരീഫ് ചെയ്തത്. കശ്മീരില്‍ പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി തുടരുന്ന അതിക്രമങ്ങളോട് തന്ത്രപരമായ മൗനം പാലിക്കുകയും ചില ഒഴുക്കന്‍ മട്ടിലുള്ള പ്രസ്താവനകള്‍ നടത്തുകയുമാണ് നവാസ് ചെയ്തത്. ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നതിലപ്പുറം പാകിസ്താനുകൂടി താല്പര്യമുള്ള ഒരു വിഷയമായി ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷത്തെ വിലയിരുത്താന്‍ നവാസ് ശരീഫ് മെനക്കെട്ടിട്ടില്ല. കുല്ഭൂഷണ് യാദവിെൻറ കാര്യത്തില്‍ ഇന്ത്യക്ക് പരമാവധി സമയം അനുവദിക്കാനും അദ്ദേഹം തയാറായി.ഈ രണ്ട് വിഷയങ്ങളിലും സൈന്യം അൽപം പോലും നവാസ് ശരീഫിനെ ഉള്‍ക്കൊണ്ടിരുന്നില്ല.
നവാസ് ശരീഫിനെ വേണ്ടെന്നുവെക്കാനുള്ള ഈ കാരണങ്ങള്‍ ഇംറാന്‍ ഖാന് സ്വന്തം വ്യക്തിപ്രഭാവത്തിലൂടെ മറികടക്കുമോ എന്നാണ് കാതലായ ചോദ്യം. ഇന്ത്യയുമായി തുറന്ന ചര്‍ച്ചക്ക് ഒരുക്കമാണെന്ന് പറയുമ്പോള്‍തന്നെ 70 വര്‍ഷം ചര്‍ച്ച ചെയ്തിട്ടും പരിഹാരത്തിെൻറ ഒരു ചുവടുപോലും മുന്നോട്ടുപോയിട്ടില്ലാത്ത കശ്മീര്‍ വിഷയത്തിെൻറ പിന്നിലേക്കാണ് ഇംറാനും ‘കാളകളെ’ ചേര്‍ത്തുകെട്ടുന്നത്. അഫ്ഗാനുമായി തുറന്ന അതിര്‍ത്തി സ്വപ്നം കാണുന്നതിെൻറ നയതന്ത്ര പരിസരം എന്താണെന്ന് ഇന്ത്യക്കും അമേരിക്കക്കും നല്ലതുപോലെ അറിയാം. ചൈനയുടെ കാര്യത്തില്‍ പക്ഷേ സീപെക് റോഡ് എന്ന രാഷ്ട്രീയപ്രാധാന്യമുള്ള സംജ്ഞ തന്നെയാണ് ഇംറാന്‍ ഉപയോഗിച്ചത്. ഈ റോഡിലടങ്ങിയ രാഷ്ട്രീയതര്ക്കത്തെ ലഘൂകരിക്കുന്ന ‘ഓബോര്‍’ എന്ന പദപ്രയോഗമല്ല എന്നതും ഇന്ത്യ ശ്രദ്ധിക്കേണ്ട വിഷയമാണ്. വിശാലമായ അര്‍ഥത്തില്‍ വിലയിരുത്തുമ്പോള്‍ ഇംറാന്‍ ഖാെൻറ പ്രസംഗം സൈന്യത്തിെൻറ താല്പര്യങ്ങളുടെ ബാഹ്യലക്ഷണങ്ങളുമായി മിക്കയിടത്തും ഒത്തുവരുകയാണ് ചെയ്യുന്നത്. അയല്പക്കത്ത് ക്ഷേമരാഷ്ട്രം വരുന്നതും അന്നാട്ടിലെ അത്താഴപ്പട്ടിണിക്കാരായ പാവങ്ങള്‍ക്ക് ജീവിതത്തിെൻറ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പോംവഴി അവരുടെ രാജ്യത്തുതന്നെ സാധ്യമാകുന്നതുമൊക്കെ ഇന്ത്യക്കു നല്ലതുതന്നെ. അതിനുള്ള പദ്ധതികള്‍ക്കാവും മുന്‍കൈയെടുക്കുക എന്ന് വെറുതെ പറയുക മാത്രമായിരുന്നില്ല ഇംറാന്‍. അമേരിക്കയുടെ, യുദ്ധത്തിനുവേണ്ടി അവര്‍ വഹിക്കുന്ന ചെലവ് പാകിസ്താനുള്ള സഹായധനമായി കണക്കില്പെടുത്തുന്ന പരിപാടി ഇനിമുതല്‍ നടക്കില്ലെന്നും ഇരു രാജ്യങ്ങള്‍ക്കും പരസ്പരം സഹായകരമായിത്തീരുന്ന പദ്ധതികളുമായി മാത്രമേ ഭാവിയില്‍ സഹകരിക്കൂ എന്നുകൂടി നിയുക്തപ്രധാനമന്ത്രി നയം വ്യക്തമാക്കുന്നു. യുദ്ധാതീതമായ ഒരു സമ്പദ്വ്യവസ്ഥയെ ആണ് ഇംറാന്‍ സ്വപ്നം കാണുന്നതെന്നും ഈ വാക്കുകളെ വ്യാഖ്യാനിക്കാനാവും. പാകിസ്താന് കുറെക്കൂടി പ്രകടമായ അമേരിക്കന്‍ വിരുദ്ധതയിലേക്കും ചൈനീസ് പക്ഷപാതിത്വത്തിലേക്കുമാണ് നീങ്ങുന്നതെന്നര്‍ഥം. എന്നാല്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനം കശ്മീര്‍ തന്നെയാണെന്ന് ഒരു അര്ഥശങ്കക്കുമിടയില്ലാതെ ഇംറാന്‍ എടുത്തുപറയുന്നുണ്ട്. അവിടെയാണ് നമ്മുടെ ആശയക്കുഴപ്പം ബാക്കിയാവുന്നതും. ഭരണത്തില്‍ എം.എം.എയുടെ പിന്തുണ ഇംറാന്‍ കിട്ടിയാലും ഇല്ലെങ്കിലും സൈന്യവും ഭീകരവാദ രാഷ്ട്രീയക്കാരും ചേര്‍ന്ന് പദ്ധതിയിട്ട അജണ്ടകളായിരിക്കുമോ ഇംറാന്‍ നടപ്പാക്കേണ്ടിവരുക? കാത്തിരുന്നു കാണാം. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
