Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്ര​വാ​സി​ന​യം:...

പ്ര​വാ​സി​ന​യം: പു​തി​യ സ​ർ​ക്കാ​ർ തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​ത്

text_fields
bookmark_border
പ്ര​വാ​സി​ന​യം: പു​തി​യ സ​ർ​ക്കാ​ർ തെ​റ്റു​ക​ൾ ആ​വ​ർ​ത്തി​ക്ക​രു​ത്
cancel

പ്രവാസികളുടെ പ്രശ്നങ്ങൾ ഗൗരവമായി പഠിക്കുമെന്ന് പുതിയ സർക്കാർ പ്രഖ്യാപിക്കുമ്പോൾ, അത് വെറുമൊരു രാഷ്ട്രീയ വാഗ്ദാനമായി ഒതുങ്ങരുത്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ, തൊഴിൽ ഘടന, സാമൂഹിക ജീവിതം എന്നിവയുമായി പ്രവാസലോകം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കേരള മൈഗ്രേഷൻ സർവേ 2023 പ്രകാരം 22 ലക്ഷം മലയാളികളാണ് വിദേശത്തുള്ളത്. അവരിൽ ഏകദേശം 17.7 ലക്ഷം പേർ ഗൾഫ് രാജ്യങ്ങളിലാണ്. കഴിഞ്ഞ വർഷം അവർ കേരളത്തിലേക്ക് അയച്ചത് 2,16,893 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ അറ്റ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 23.2 ശതമാനത്തോളം വരും; അതായത് കേരള സർക്കാരിന്റെ വാർഷിക റവന്യൂ വരുമാനത്തേക്കാൾ ഒന്നര മടങ്ങിലേറെ!

എന്നാൽ ഈ സാമ്പത്തിക അടിത്തറ അസ്ഥിരമാകുകയാണ്. 2018ൽ 12 ലക്ഷമായിരുന്ന തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 2023 ആയപ്പോഴേക്കും 18 ലക്ഷമായി ഉയർന്നു. ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവൽക്കരണ നയങ്ങൾ മലയാളിയുടെ തൊഴിൽസാധ്യതകൾ ചുരുക്കിക്കഴിഞ്ഞു. ഇതിനോടൊപ്പം, ഇറാൻ-ഇസ്രയേൽ സംഘർഷം പോലുള്ള മേഖലയിലെ പ്രതിസന്ധികൾ വീണ്ടും രൂക്ഷമായാൽ, പലരുടെയും ജോലിയും വരുമാനവും ഒറ്റയടിക്ക് ഇല്ലാതാകുന്ന അവസ്ഥയുണ്ടാകാം. ഗൾഫ് വരുമാനം കുറഞ്ഞാൽ അതിന്റെ ആഘാതം ആദ്യം അനുഭവിക്കുക നിർമാണ, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്, ജ്വല്ലറി, ചില്ലറവ്യാപാരം, ടൂറിസം മേഖലകളിലുള്ളവരായിരിക്കും. ഇത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയെത്തന്നെ വലിയ പ്രതിസന്ധിയിലാക്കും.

കേരളം വരുത്തുന്ന പിഴവ്

മടങ്ങിയെത്തുന്ന പ്രവാസികളെ പലപ്പോഴും സാമൂഹിക-സാമ്പത്തിക ഭാരമായാണ് കേരളം കാണുന്നത്. യഥാർഥത്തിൽ ഇവർ നാടിന്റെ ഏറ്റവും വലിയ മനുഷ്യവിഭവശേഷിയാണ്. ഉദാഹരണത്തിന്, ഗൾഫിലെ ഒരു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്ത ഒരാൾ നാട്ടിലേക്ക് മടങ്ങിയെത്തുന്നു എന്നു കരുതുക. അയാൾക്ക് കൃഷി അറിയില്ലായിരിക്കാം; പക്ഷേ കേരളത്തിലെ പച്ചക്കറിയും പഴവും ഏതു നിലവാരത്തിൽ, ഏതു പാക്കിങ്ങിൽ, ഏതു വിലക്ക് ഗൾഫ് വിപണിയിൽ വിറ്റുപോകാമെന്ന് കൃത്യമായി അറിയാം. അതൊരു ജീവിതകാലത്തെ അനുഭവമാണ്. നൂറിലേറെ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങളുടെ പാക്കിങ് രീതികളും വിപണന തന്ത്രങ്ങളും കണ്ടുപരിചയിച്ച ആ മനുഷ്യൻ കേരളത്തിലെത്തി ഒരു ബാങ്കിന്റെയോ നോർക്കയുടെയോ വാതിൽക്കൽ ചെന്നാൽ ലഭിക്കുന്നത് ഒരു അപേക്ഷാഫോമും നീണ്ട കാത്തിരിപ്പുമാണ്. ആ അനുഭവസമ്പത്ത് തിരിച്ചറിയാനോ ഉപയോഗപ്പെടുത്താനോ ഉള്ള ഒരു സംവിധാനവും നമുക്കില്ല. ഇതാണ് ആദ്യം മാറേണ്ടത്. അതിനുള്ള ആദ്യപടി സമഗ്രമായ ഒരു പ്രവാസി ഡാറ്റാബാങ്കാണ്. മടങ്ങിയെത്തുന്നവരുടെ വിദ്യാഭ്യാസം, തൊഴിൽ പരിചയം,നിക്ഷേപശേഷി, സംരംഭകത്വ താൽപര്യം എന്നിവ രേഖപ്പെടുത്തി സർക്കാർ ഒരു ‘നൈപുണ്യ മാപ്പിങ്’ നടത്തണം. നിക്ഷേപിക്കാൻ തയാറുള്ളവരെയും ജോലി അന്വേഷിക്കുന്നവരെയും കൃത്യമായി തിരിച്ചറിയണം. ഇപ്പോൾ ലഭ്യമായ കണക്കുകൾ ഗൾഫിലെ മലയാളി ജനസംഖ്യയെക്കുറിച്ചുള്ളതു മാത്രമാണ്; അത് മനുഷ്യവിഭവശേഷിയെക്കുറിച്ചുള്ളതല്ല.

ഇതിനു പുറമെ, ഗൾഫിൽ നിന്ന് മടങ്ങുന്നവരിൽ വലിയൊരു വിഭാഗം വിദഗ്ധ തൊഴിലാളികളാണ്. ഓട്ടോമൊബൈൽ റിപ്പെയർ, ഇലക്ട്രീഷ്യൻ, പ്ലംബിങ്, വെൽഡിങ്, കാർപെന്ററി, എ.സി. മെക്കാനിക്, അലുമിനിയം ഫാബ്രിക്കേഷൻ, ടൈലറിങ് തുടങ്ങിയ മേഖലകളിൽ ആധുനിക പരിശീലനവും അന്താരാഷ്ട്ര പരിചയവും നേടിയവരാണിവർ. കേരളത്തിൽ ഇവർക്കായി ഇപ്പോൾ തന്നെ നിരവധി സ്വയംതൊഴിൽ അവസരങ്ങളുണ്ട്; സർക്കാർ വായ്പാ സഹായങ്ങളും നൽകുന്നുണ്ട്. എന്നാൽ പലർക്കും നാട്ടിലെ സംവിധാനങ്ങളുടെ സങ്കീർണതകളും ഉദ്യോഗസ്ഥ നടപടികളിലെ ചുവപ്പുനാടയും മൂലം വലിയ പ്രതിസന്ധി നേരിടേണ്ടി വരുന്നു. ചിലർക്ക് അയൽ സംസ്ഥാനങ്ങളിലേക്ക് പോലും മാറിപ്പോകേണ്ടി വരുന്നുണ്ട്. ആന്തൂർ സാജനെപ്പോലുള്ളവരോട് മുൻഭരണകൂടം ചെയ്ത തിരുത്താനാവാത്ത തെറ്റ് ആവർത്തിക്കപ്പെടുന്നില്ല എന്ന് പുതിയ സർക്കാർ ഉറപ്പുവരുത്തണം.

ഫ്രീസോണുകൾ തുറക്കണം

കേരളത്തിന് ഇന്ത്യയിലെ ഒരു പ്രധാന ഉൽപ്പാദന-കയറ്റുമതി കേന്ദ്രമായി മാറാനുള്ള വലിയ സാധ്യതകളുണ്ട്. മടങ്ങിവരുന്ന ഭൂരിപക്ഷത്തിനും തൊഴിൽ അനിവാര്യമാണ്; മറ്റുചിലർക്ക് നിക്ഷേപശേഷിയുമുണ്ട്. ഇവരോടൊപ്പം സർക്കാർ പിന്തുണയും പ്രവാസി നിക്ഷേപകരുടെ പങ്കാളിത്തവും ചേർന്നാൽ കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് വലിയ മുന്നേറ്റം സാധ്യമാകും. വലിയ തോതിലുള്ള വിദേശ പരിശീലനവും പരിചയസമ്പത്തും ഒറ്റയടിക്ക് ലഭ്യമാകുന്ന സംസ്ഥാനമായി കേരളത്തിന് മാറാം.

ജില്ലാതലത്തിൽ 'ഫ്രീ സോണുകൾ' സ്ഥാപിക്കുന്നത് ഇതിനൊരു പ്രധാന സാധ്യതയായി പരിഗണിക്കാം. നിക്ഷേപം ആകർഷിക്കുന്നതിനായി അനുകൂലമായ അന്തരീക്ഷവും നിയമസൗകര്യങ്ങളും ഉറപ്പാക്കണം. ഓരോ ജില്ലയുടെയും സവിശേഷതകൾക്കനുസരിച്ച് ഫ്രീ സോണുകൾ രൂപവത്കരിക്കുകയും, പ്രവാസി വ്യവസായികളുടെ നിക്ഷേപ സഹകരണം ഇതിൽ ഉറപ്പാക്കുകയും വേണം.

തൊഴിൽ-നിക്ഷേപ മേഖലകളിലെ തടസ്സങ്ങൾ കുറക്കുന്നതിനായി കാര്യക്ഷമമായ ഏകജാലക സംവിധാനം ഒരുക്കേണ്ടതുണ്ട്. ലൈസൻസിങ്, അനുമതി നടപടികൾ എന്നിവ വേഗത്തിൽ പൂർത്തിയാക്കാൻ സംവിധാനങ്ങൾ സജ്ജമാക്കണം. കയറ്റുമതിക്കും ഉൽപ്പാദനത്തിനും നികുതിയിളവുകൾ ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകുന്നത് നിക്ഷേപം ആകർഷിക്കാൻ സഹായിക്കും.

മടങ്ങിവരുന്നവർക്കായി പ്രത്യേക പുനരധിവാസ-സംരംഭക പദ്ധതികളും തുടങ്ങണം. ഈടില്ലാത്തതോ കുറഞ്ഞ ഈടുള്ളതോ ആയ വായ്പകൾ, സബ്സിഡി, സംരംഭക പരിശീലനം, നിക്ഷേപ മാർഗനിർദേശം എന്നിവ ലഭ്യമാക്കണം. ബാങ്കുകളിലെ എൻ.ആർ.ഐ നിക്ഷേപത്തിന്റെ ഒരു ഭാഗമെങ്കിലും ഉൽപ്പാദനക്ഷമമായ മേഖലകളിലേക്ക് തിരിച്ചുവിടാൻ പ്രത്യേക ധനകാര്യ സംവിധാനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.

കൃഷിക്ക് നൽകണം പ്രോത്സാഹനം

വ്യവസായ വികസനത്തോടൊപ്പം ഏറ്റവും വേഗത്തിൽ ഫലം കാണാൻ കഴിയുന്ന മേഖലയാണ് കൃഷിയും അനുബന്ധ സംരംഭങ്ങളും. കേരളത്തിൽ കുറവുള്ളത് ഭൂമിയോ വെള്ളമോ അല്ല; ശാസ്ത്രീയവും വിപണിയോട് ചേർന്നുനിൽക്കുന്നതുമായ കൃഷിരീതികളാണ്. ഗൾഫിലെ മരുഭൂമികളിൽ ഡ്രിപ്പ് ഇറിഗേഷൻ, ഹരിതഗൃഹ കൃഷി, പ്രിസിഷൻ ഫാർമിങ് തുടങ്ങിയ സംവിധാനങ്ങളിലൂടെ കൃഷി വിജയകരമാക്കിയ മലയാളികൾ ആയിരക്കണക്കിനുണ്ട്. അവർക്ക് കേരളത്തിൽ അതേ അനുഭവം പ്രയോഗിക്കാൻ അവസരം നൽകണം.

തരിശുകിടക്കുന്ന ഭൂമികളെ ഉൽപ്പാദനക്ഷമമാക്കാൻ വ്യക്തവും സുരക്ഷിതവുമായ പാട്ടവ്യവസ്ഥ കൊണ്ടുവരേണ്ടതുണ്ട്. ഭൂമി പാട്ടത്തിന് നൽകിയാൽ ഉടമസ്ഥാവകാശം നഷ്ടപ്പെടുമെന്ന ആശങ്ക പലരെയും പിന്നോട്ടുവലിക്കുന്നു. ഈ ഭയം നിയമപരമായി പരിഹരിച്ച് സർക്കാർ ഒരു ‘ലാൻഡ് ബാങ്ക്’ അല്ലെങ്കിൽ ഡിജിറ്റൽ പോർട്ടൽ ആരംഭിച്ചാൽ, കൃഷി ചെയ്യാൻ താൽപര്യമുള്ള പ്രവാസികളെയും ഉപയോഗിക്കപ്പെടാത്ത ഭൂമിയെയും പരസ്പരം ബന്ധിപ്പിക്കാനാകും. നിയമനിർമാണത്തിലൂടെ ഉടൻ ചെയ്യാവുന്ന, ഏതാണ്ട് ചെലവില്ലാത്ത ഈ ഒറ്റ പരിഷ്കാരത്തിനാണ് പുതിയ സർക്കാർ ഏറ്റവും ആദ്യം കൈവെക്കേണ്ടത്. ഫലം ഏറ്റവും വേഗത്തിൽ കാണുന്നതും ഇവിടെത്തന്നെയായിരിക്കും.

കൃഷിക്കൊപ്പം ഡയറി, പൗൾട്രി, മത്സ്യകൃഷി, പുഷ്പകൃഷി, തേനീച്ച വളർത്തൽ, ഭക്ഷ്യസംസ്കരണം തുടങ്ങിയ അനുബന്ധ മേഖലകളിലും വലിയ സാധ്യതകളുണ്ട്. ഇതിന്റെ ഏറ്റവും വലിയ നേട്ടം, ഉൽപ്പാദനത്തിനൊപ്പം വിപണിയും ഇതിനകം തന്നെ ലഭ്യമാണ് എന്നതാണ്. ഗൾഫിലെ ഇറക്കുമതിക്കാർ, സൂപ്പർമാർക്കറ്റ് ശൃംഖലകൾ, വിതരണക്കാർ എന്നിവരുമായി നേരിട്ടുള്ള ബന്ധം നിരവധി പ്രവാസികൾക്കുണ്ട്. കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങളെ ഗൾഫ് വിപണിയിലേക്ക് എത്തിക്കുന്ന വിതരണ ശൃംഖല സൃഷ്ടിക്കാൻ ഈ ബന്ധങ്ങൾ പ്രയോജനപ്പെടുത്താം.

അതോടൊപ്പം ടൂറിസം മേഖലയെയും പ്രവാസി പുനരധിവാസവുമായി ബന്ധിപ്പിക്കാം. ഫാം ടൂറിസം, അഗ്രി ടൂറിസം, ഹോംസ്റ്റേകൾ, വെൽനസ്-മെഡിക്കൽ ടൂറിസം തുടങ്ങിയ മേഖലകളിൽ ഗൾഫിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പരിചയമുള്ള മലയാളികൾക്ക് നിർണായക പങ്കുവഹിക്കാനാകും.

പ്രവാസിയുടെ മനസ്സും കുടുംബവും

സാമ്പത്തിക നയം മാത്രമല്ല പ്രവാസിക്ക് വേണ്ടത്. വിദേശത്തെ മലയാളികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, മാനസികാരോഗ്യവും കുടുംബസുരക്ഷയും ഇന്ന് ഗൗരവമായ ആശങ്കയാണ്. കുടുംബ സമ്മർദങ്ങൾ, സാമ്പത്തിക ചൂഷണം, ഗാർഹിക പീഡനം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ പലരെയും കടുത്ത മാനസിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. അന്യദേശത്ത് കഴിയുന്നതിനാൽ സഹായം തേടാനുള്ള വഴികളും പരിമിതമാണ്. പ്രവാസലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരുന്നുവെന്നത് ഞെട്ടിക്കുന്ന സത്യമാണ്.

വിദേശ മലയാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈനുകളും സൗജന്യ കൗൺസലിങ് സേവനങ്ങളും ശക്തിപ്പെടുത്തണം. എംബസികൾ, കോൺസുലേറ്റുകൾ, നോർക്ക റൂട്ട്സ്, മലയാളി സംഘടനകൾ എന്നിവ സംയുക്തമായി പ്രതിസന്ധി ഇടപെടൽ സംവിധാനങ്ങൾ രൂപപ്പെടുത്തണം. തൊഴിൽ പ്രശ്നങ്ങൾ മുതൽ കുടുംബപ്രശ്നങ്ങൾ വരെ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു ഏകജാലക സംവിധാനം ആവശ്യമുണ്ട്.

പ്രവാസികൾ കേരളത്തിന് വെറും പണമയക്കുന്നവരല്ല. അവർ അനുഭവത്തിന്റെ, അറിവിന്റെ, ആഗോള ബന്ധങ്ങളുടെ, നിക്ഷേപത്തിന്റെ, മനുഷ്യവിഭവശേഷിയുടെ വലിയ ശേഖരമാണ്. മടങ്ങിയെത്തുന്ന കൈകളിൽ ഒരു സംസ്ഥാനത്തിന്റെ ഭാവി രൂപപ്പെടുത്താനുള്ള ശേഷിയുണ്ട്. അത് തിരിച്ചറിഞ്ഞ് വ്യക്തമായ ഒരു പ്രവാസിനയം രൂപപ്പെടുത്താൻ പുതിയ സർക്കാറിന് കഴിഞ്ഞാൽ അതൊരു വലിയ നേട്ടമാകുമെന്ന് തീർച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentEconomic PolicyImmigration PolicyRevenue incomeKerala
News Summary - Immigration policy: New government should not repeat mistakes
Next Story