മദ്രാസ് ഐ.ഐ.ടി വിദ്യാർഥി ഫാത്തിമ ലത്തീഫിന്‍റെ ദുരൂഹ മരണം ഉന്നത കലാലയങ്ങളിലെ വംശീയ വിവേചനങ്ങളും ഇസ്ലാം ഭീതിയു മായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നു. കൗതുകകരമായ കാര്യം, ഈയൊരു സംഭവവുമായി ബന്ധപ്പെട്ട് ഐഐട ി യില്‍ മുസ്ലിം വിരുദ്ധത ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചയില്‍ അവിടെ പഠിക്കുന്ന ഭൂരിപക്ഷം മുസ്ലിം വിദ്യാര്‍ത്ഥികളും അങ്ങനെയൊന്നു തങ്ങള്‍ അനുഭവിച്ചിട്ടില്ലെന്നും അതുകൊണ്ട് അത്തരം വാദങ്ങള്‍ തള്ളിക്കളയണമെന്നുമുള്ള നിലപാട് സ് വീകരിക്കുന്നതാണ്. ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതില്‍ അത്ഭുതമില്ല.
സിനിമകളിലെ ലിംഗ വിവേചനത്തെ കുറിച് ച സംവാദങ്ങളില്‍ അഭിനയേത്രികളില്‍ ഭൂരിഭാഗവും ഇപ്രകാരം അഭിപ്രായപ്പെടാറുണ്ട്. പക്ഷെ, അതുകൊണ്ട് മാത്രം അവിടെ ലിം ഗ വിവേചനങ്ങളില്ലെന്നര്‍ത്ഥമില്ല. വിവേചനത്തെ കുറിച്ച് പറയാന്‍ വിമുഖരാക്കുന്നതോ പൊതുബോധ സ്വാധീനങ്ങളുടേതോ ആയ ധാരാളം കാരണങ്ങള്‍ കൂടി അവർ അഭിമുഖീകരിക്കുന്നുണ്ട്. ഇനി ഈ വാദങ്ങള്‍ മുഖവിലക്കെടുത്താല്‍ തന്നെ, ചില ചോദ്യങ്ങള്‍ ബാക്കി കിടക്കുന്നുണ്ട്. പൊതുവില്‍ ഉണ്ട്, ഇല്ല എന്നീ ന്യായങ്ങള്‍ക്കടിസ്ഥാനത്തിലാണോ ചര്‍ച്ച ഊന്നേണ്ടത്. 50 ശതമാനം കടക്കുമ്പോള്‍ ചര്‍ച്ചക്ക് വെക്കേണ്ടുന്ന ഒന്നാണോ വിവേചനം, നീതിനിഷേധം, അഭിമാനത്തിനേല്‍ക്കുന്ന ക്ഷതം, ആത്മവിശ്വാസം കെടുത്തുന്ന അനുഭവങ്ങള്‍ തുടങ്ങിയവ?

മുസ്ലിം പെണ്‍കുട്ടി പഠിച്ചിട്ടെന്താ, അടുക്കളയല്ലേ വിധി എന്ന ചോദ്യവും, സംവരണക്കാരുടെ കഴിവുകളെക്കുറിച്ച സംശയങ്ങളുമെല്ലാം സഹപാഠികളില്‍ നിന്നും അധ്യാപക ഇതര സ്റ്റാഫുകളില്‍ നിന്നുമെല്ലാം ഉണ്ടായ അനുഭവങ്ങള്‍ ഉള്ളവരുണ്ട്. മതപരമായും ജാതിപരമായും ഇകഴ്ത്തപ്പെടുന്ന അഭിപ്രായ പ്രകടനങ്ങളും തമാശകളും ഹൃദയം തകര്‍ക്കുമെങ്കിലും സ്വാഭാവിക അനുഭവമായി ഉള്‍കൊള്ളുകയാണ് ഭൂരിഭാഗവും . ഇത്തരം അനുഭവങ്ങള്‍ ഉള്ളവര്‍ക്ക് ശരിയായ രീതിയില്‍ പരാതിപ്പെടാനോ, പരിഹാരം കാണാനോ, ചുരുങ്ങിയത് ആത്മവിശ്വാസത്തോടെ തുറന്ന് പറയാനോ പറ്റാത്ത സാഹചര്യങ്ങളുമുണ്ട്. അവ അടിയന്തിരമായി തിരുത്തപ്പെടേണ്ടതുമാണ്.
ഉന്നത 'മതേതര' സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ തുറന്ന് കാട്ടപ്പെടുകയും സ്വയം വിമര്‍ശനങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്. ഒരു മുന്‍ സൈനികന്‍, നിരവധി വര്‍ഷം മുന്‍പുള്ള തന്റെ ആര്‍മി സ്‌കൂള്‍ കാലത്തെ അനുഭവം ഈയൊരു സാഹചര്യത്തില്‍ പങ്കുവെച്ചിരുന്നു. ഫസ്റ്റ് സെമെസ്റ്ററില്‍ ഒന്നാമതെത്തിയിരുന്ന താന്‍ ഫൈനലില്‍ നിറം കുറഞ്ഞൊരു റിസള്‍ട്ടിലേക്ക് എത്തിയതിന്റെയും സര്‍വീസ് കാലത്ത് ചില ബ്രാഹ്മണ കുടുംബങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ തനിക്ക് നല്‍കിയ പിന്തുണ അദ്ദേഹം എടുത്തു പറഞ്ഞെങ്കിലും, വിവേചനമെന്നത് നമ്മുടെ മതേതരമെന്നു പറയുന്ന ഇടങ്ങള്‍ക്കകത്ത് ചരിത്രപരമായി തന്നെ ഉണ്ടായിരുന്നു എന്ന് ഉറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെയും ജീവിതം. ഇത്തരം പ്രവണതകളുടെ ആവര്‍ത്തനങ്ങളും അവ സ്ഥാപനവല്‍ക്കരിക്കപ്പെടാനുള്ള സാഹചര്യങ്ങളും തുറന്ന്കാട്ടിക്കൊണ്ടും തിരുത്തിച്ചുകൊണ്ടും മാത്രമേ സ്ഥാപനങ്ങള്‍ അവരുടെ 'ഉന്നതി' അവകാശപ്പെടാന്‍ പാടുള്ളൂ.

ഈ വിവാദങ്ങള്‍ വിദ്യാര്‍ഥികളിലും കുടുംബങ്ങളിലും ഭീതി പരക്കാന്‍ ഇടവരുത്തുകയും പിന്നാക്ക മത, ജാതി സമൂഹങ്ങളെ ഉന്നത കലാലയങ്ങളില്‍ നിന്ന് അകത്താന്‍ ഇടവരുത്തുകയും ചെയ്യുമെന്ന് ചില കോണുകളില്‍ നിന്ന് കേൾക്കാനിടയായി . അതിനാല്‍ തന്നെ വിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നത് പുറത്ത് പറയാതിരിക്കലാണ് നല്ലത് എന്ന സാരോപദേശവും ഇക്കൂട്ടര്‍ നല്‍കുന്നു. സോഷ്യല്‍ മീഡിയയിലൂടെ അകലങ്ങളിലിരുന്ന് പലതും വായിക്കുമ്പോള്‍ ഉറ്റവരില്‍ ഭീതിയുയരും എന്നത് യാഥാര്‍ഥ്യമായിരിക്കെത്തന്നെ, ഉന്നത കലാലയങ്ങള്‍ സ്വര്‍ഗീയാരാമങ്ങളല്ല എന്ന യാഥാര്‍ഥ്യം ഉള്‍കൊണ്ട് മുന്നോട്ട് പോവാനേ സാധിക്കുള്ളു. കണ്ണടച്ച് ഇരുട്ടാക്കിയും കണ്ടില്ല എന്ന് നടിച്ചും കതകടച്ച് വീട്ടിലിരുന്നും സമകാലിക സാഹചര്യങ്ങളെ നേരിടാന്‍ സാധ്യമല്ലല്ലോ. നമ്മുടെ സമൂഹങ്ങളില്‍ നിലനില്‍ക്കുന്ന ചെറുതും വലുതുമായ അധികാര ഘടനകളെക്കുറിച്ച് ബോധവാന്മാരായിക്കൊണ്ടും വിവേചനങ്ങളുണ്ട് എന്ന് തിരിച്ചറിഞ്ഞുമൊക്കെയേ നമുക്ക് വരും കാലങ്ങളെ നേരിടാനൊക്കൂ.
ഐ.ഐ.ടി മദ്രാസും ഇസ്ലാമോഫോബിയയും മുസ്ലിം വിരുദ്ധതയുമൊക്കെ ചര്‍ച്ചകളില്‍ കയറിവന്നപ്പോള്‍ ഐ.ഐ.ടി യിലെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വല്ലാതെ കടന്നുവന്ന ഒന്നായിരുന്നു ഡയറക്ടര്‍ അനുവദിച്ചു തന്ന നമസ്‌കാര സ്ഥലം എന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് ഒന്നോ രണ്ടോ കിലോമീറ്റര്‍ നടക്കണമായിരുന്നു പള്ളിയിലെത്താന്‍ എന്നതോര്‍ക്കുമ്പോള്‍ അത് തീര്‍ച്ചയായും നല്ല കാര്യം തന്നെയാണ്. അങ്ങനെയൊക്കെയാണെങ്കിലും, നമസ്‌കാരസ്ഥലം എപ്പോഴും ''അനുവദിച്ച്'' കിട്ടണ്ടേ? വിദ്യാര്‍ത്ഥികള്‍ കൂടിയപ്പോഴും മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുമെല്ലാം അല്‍പം വിപുലീകരണത്തിന് ശ്രമിച്ചപ്പോള്‍ അത് അംഗീകരിക്കപ്പെടാതെ പോകുന്നതിന്റെ രാഷ്്ട്രീയമെന്താണ്?

വര്‍ത്തമാനകാലത്ത് വിവേചനങ്ങളെ സഹിക്കാനും സംയമനത്തിനുമൊക്കെ തയ്യാറാകുന്നുവെന്നത് ശരിതന്നെ. പക്ഷെ, അത് വിവേചനങ്ങളില്ല എന്നതിന് തെളിവായി ഉദ്ദരിക്കപ്പെടരുത്. ഇത്തരം വിവേചനങ്ങളെ കുറിച്ചുള്ള സംവാദങ്ങളും വിവേചനരഹിതമായ കാമ്പസ് എന്ന സ്വപ്നങ്ങളും അപരാധമാകരുത്. നമ്മുടെ ചിന്തകളും വിഭാവനം ചെയ്യാനുള്ള കഴിവുപോലും വല്ലാതെ condition ചെയ്യപ്പെട്ടു (ഒതുക്കപ്പെട്ടു) എന്നത് തന്നെയാണ് നമ്മളൊക്കെ ജീവിക്കുന്ന കാലത്തിന്റെയും ഇടത്തിന്റെയും ഇടുക്കം എന്ന് പറയുന്നത്. അവരുടെ സ്വപ്‌നങ്ങള്‍ക്കും അവസരങ്ങള്‍ക്കും ആകാശത്തേക്കാള്‍ വിശാലവും മുസ്ലിംങ്ങള്‍ക്കും ദലിതുകള്‍ക്കും അവ അങ്ങേയറ്റവും ഇടുക്കവുമുണ്ടെന്ന് ചിന്തിക്കാനും പറയാനുമൊന്നും കഴിയുന്നില്ല എന്ന പരിതസ്ഥിതിയും.
(മദ്രാസ് ഐ.ഐ.ടിയിൽ ഗവേഷക വിദ്യാർഥിയാണ് ലേഖകൻ. നിരീക്ഷണങ്ങൾ വ്യക്തിപരമാണ് )