Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഞാൻ നേരിടും, നേരു വിളിച്ചുപറയും...
cancel
camera_alt

നേ​ഹാ ദീ​ക്ഷി​ത്​

'ന​ല്ല കു​ടും​ബ​ത്തി​ലെ പെ​ണ്ണു​ങ്ങ​ൾ​ക്കു പ​റ്റി​യ പ​ണി​യ​ല്ല പ​ത്രപ്ര​വ​ർ​ത്ത​നം' -എ​‍െൻറ നാ​ടാ​യ ല​ഖ്നോ​വി​ൽ​നി​ന്ന്​ 500 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഡ​ൽ​ഹി​യി​ൽ ​ജേ​ണ​ലി​സം പ​ഠി​ക്കാ​ൻ പോ​ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ പി​ന്തി​രി​പ്പ​ൻ ബ്രാ​ഹ്​​മ​ണ കു​ടും​ബ​ത്തി​ലെ പ​ഴ​യ​മ​ട്ടു​കാ​ര​നും മു​ൻ ബ്യൂ​റോ​ക്രാ​റ്റു​മാ​യ മു​ത്ത​ച്ഛ​‍െൻറ പ്ര​തി​ക​ര​ണം ഇ​താ​യി​രു​ന്നു. ഈ ​തീ​ട്ടൂ​ര​ത്തി​നെ​തി​രെ അ​മ്മ​യു​ടെ​യും സ​ഹോ​ദ​ര​‍െൻറ​യും പി​ന്തു​ണ​യോ​ടെ ഞാ​ൻ കാ​ണി​ച്ച 'ധി​ക്കാ​രം' അ​തി​നു​മു​മ്പാ​യി ഒ​രു പെ​ൺ​കു​ട്ടി​പോ​ലും ന​ഗ​രം വി​ട്ടു​പോ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ൽ എ​നി​ക്ക്​ സാ​മാ​ന്യം വ​ലി​യ ചീ​ത്ത​പ്പേ​രു​ത​ന്നെ​യു​ണ്ടാ​ക്കി; ഒ​രു​ത​രം സാ​മൂ​ഹി​ക ബ​ഹി​ഷ്​​ക​ര​ണം​ത​ന്നെ. രോ​ഷാ​കു​ല​നാ​യ പി​താ​വ്​ അ​ടു​ത്ത മൂ​ന്നു വ​ർ​ഷം എ​ന്നെ കാ​ണാ​നേ വ​ന്നി​ല്ല. 12 വ​ർ​ഷം പി​ന്നി​ട്ട എ​‍െൻറ അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​നം അ​തു കൊ​ണ്ടു​ത​ന്നെ ചെ​റി​യ നേ​ട്ട​മ​ല്ല.

കു​ടും​ബ​ഘ​ട​ന​യി​ൽ അ​ന്ത​ർ​ലീ​ന​മാ​യി കി​ട​ക്കു​ന്ന സ്​​ത്രീ​വി​രു​ദ്ധ​ത​യു​ടെ​യും പു​രു​ഷാ​ധി​പ​ത്യ​ത്തി​‍െൻറ​യും ഘ​ട​ന​ക​ളെ ചെ​റു​ത്തു​ വേ​ണം ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​ക്ക്​ മു​ന്നോ​ട്ടു​വ​രാ​ൻ. എ​ന്നാ​ൽ, അ​വ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്​ ക്രി​മി​ന​ൽ കു​റ്റാ​രോ​പ​ണ​ങ്ങ​ളും മോ​ർ​ഫ്​ ചെ​യ്​​ത ചി​ത്ര​ങ്ങ​ളു​പ​യോ​ഗി​ച്ച അ​വ​ഹേ​ള​ന​ങ്ങ​ളും ബ​ലാ​ത്സം​ഗ-​-​/വ​ധ ഭീ​ഷ​ണി​ക​ളും അ​പ​വാ​ദ ആ​രോ​പ​ണ​ങ്ങ​ളും മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ളി​ലെ ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ളും ലിം​ഗ​വി​വേ​ച​ന​ങ്ങ​ളു​മെ​ല്ലാ​മാ​കു​ന്ന​തോ​ടെ ഇ​രു​ത​ല​മൂ​ർ​ച്ച​യു​ള്ള വാ​ളി​നോ​ട്​ പ​ട​വെ​ട്ടു​ന്ന മ​ട്ടി​ലാ​വു​ന്നു നി​ത്യ​ജീ​വി​തം. ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്ന്​ വ​ൻ ന​ഗ​ര​ങ്ങ​ളി​ലെ​ത്തി മു​ന്നേ​റാ​ൻ കൊ​തി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ഒ​രു​പ​ക്ഷേ ഇ​തൊ​രു പ്രോ​ത്സാ​ഹ​ന​ജ​ന​ക​മാ​യ വ​ർ​ത്ത​മാ​ന​മ​ല്ല. എ​ന്നാ​ൽ, ഒ​രു കാ​ര്യ​മു​റ​പ്പു​ണ്ട്, അ​വ​ർ എ​ല്ലാ കാ​ര്യ​ത്തി​ലും ഒ​റ്റ​ക്കാ​യി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ന​ല്ല​തി​നാ​യാ​ലും മോ​ശ​ത്തി​നാ​ണെ​ങ്കി​ലും എ​ന്തി​നെ​യും അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ പാ​ക​ത്തി​ന്​ പ​രു​വ​പ്പെ​ടു​ക​ത​ന്നെ ചെ​യ്യും.

2008ലെ ​ഒ​രു സം​ഭ​വം പ​റ​യാം. സ്വ​ന്തം ഇ​ഷ്​​ട​​പ്ര​കാ​രം പ​ങ്കാ​ളി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത 'കു​റ്റ​ത്തി​ന്​' ആ​റു​ ദ​മ്പ​തി​ക​ളെ ദു​ര​ഭി​മാ​ന​ക്കൊ​ല​ക്ക്​ വി​ധി​ച്ച ഒ​രു ഖാ​പ്​​ പ​ഞ്ചാ​യ​ത്ത്​ മു​ഖ്യ​നു​മാ​യി അ​ഭി​മു​ഖം ന​ട​ത്തു​ക​യാ​യി​രു​ന്നു ഞാ​ൻ. അ​ഭി​മു​ഖ​ത്തി​നി​ടെ പൊ​ടു​ന്ന​നെ എ​‍െൻറ മു​ഖ​ത്ത്​ നോ​ക്കി അ​യാ​ൾ പ​റ​ഞ്ഞു: 'നീ ​ഞ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ​പെ​ട്ട പെ​ണ്ണാ​യി​രു​ന്നെ​ങ്കി​ൽ ഒ​രു പു​രു​ഷ കാ​മ​റാ​മാ​നെ​യും കൂ​ട്ടി ഇ​തു​പോ​ലെ ഇ​ങ്ങ​നെ അ​ല​ഞ്ഞു​ന​ട​ന്ന്​ സ​മു​ദാ​യ​ത്തി​ന്​ ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കി​യ കു​റ്റ​ത്തി​ന്​ വ​ണ്ടി​ക​യ​റ്റി ഞെ​രി​ച്ചു​ക​ള​ഞ്ഞേ​നെ നി​ന്നെ.' ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ മാ​ത്ര​മ​ല്ല, റി​പ്പോ​ർ​ട്ടി​ങ്​ ക​ഴി​ഞ്ഞ്​ മ​ട​ങ്ങ​വെ വാ​ഹ​ന​ത്തെ പി​ന്തു​ട​ർ​ന്ന ഖ​ന​ന മാ​ഫി​യ​ക്കാ​രും ലൈം​ഗി​ക പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​രാ​ൻ തു​നി​യു​ന്ന രാ​ഷ്​​ട്രീ​യ​ക്കാ​രും സ്‌​ത്രീ​ല​മ്പ​ട​ന്മാ​രാ​യ മേ​ല​ധി​കാ​രി​ക​ളു​മെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു എ​‍െൻറ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​‍െൻറ ആ​ദ്യ​കാ​ല​ത്ത്. ജോ​ലി​ക്കി​ട​യി​ൽ നേ​രി​ടേ​ണ്ടി​വ​ന്ന ഭീ​ഷ​ണി​ക​ളി​ൽ ന​ടു​ക്ക​വും സ​ങ്ക​ട​വും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു ഞാ​ൻ ജോ​ലി ചെ​യ്​​ത മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ൾ. എ​ന്നാ​ൽ, എ​ന്തെ​ങ്കി​ലും പി​ന്തു​ണ​യോ ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​വാ​റി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ വീ​ട്ടി​ൽ അ​റി​യി​ക്കു​ന്ന​തു​കൊ​ണ്ട്​ ഒ​രു ഗു​ണ​വു​മി​ല്ലെ​ന്നു​ മാ​ത്ര​മ​ല്ല, 'ഞ​ങ്ങ​ൾ പ​ണ്ടേ പ​റ​ഞ്ഞ​ത​ല്ലേ, ഒ​ക്കെ മ​തി​യാ​ക്കി മ​ര്യാ​ദ​ക്ക്​ വീ​ട്ടി​ലേ​ക്കു​ വ​ന്നോ' എ​ന്നു​ പ​റ​യാ​ൻ കാ​ര​ണ​വ​ന്മാ​ർ​ക്കൊ​രു കാ​ര​ണം​കൂ​ടി​യാ​യി മാ​റു​മ​ത്.

അ​ന്നു മു​ത​ൽ ഒ​രു കാ​ര്യം ബോ​ധ്യ​മാ​യി, വ​നി​ത മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ധീ​ര​ത ഒ​രു അ​ധി​ക യോ​ഗ്യ​ത​യ​ല്ല, മ​റി​ച്ച്​ അ​വ​ശ്യ​യോ​ഗ്യ​ത​ത​ന്നെ​യാ​ണെ​ന്ന്.​ ഭീ​ഷ​ണി​ക​ൾ, അ​പ​മാ​ന​ങ്ങ​ൾ, ലിം​ഗ​വി​വേ​ച​നം, പീ​ഡ​നം എ​ന്നി​വ​യെ​ല്ലാം നേ​രി​ടേ​ണ്ടി​വ​രു​ക​യെ​ന്ന​ത്​ ഒ​രാ​ളു​ടെ മ​റി​ക​ട​ക്ക​ലാ​ണ്. കാ​ര​ണം? ഒ​ന്ന്​: ഊ​ർ​ജ​വും ആ​ർ​ജ​വ​വും വേ​ണ്ടാ​ത്ത വാ​ർ​ത്ത​ക​ൾ ചെ​യ്യാ​ൻ നി​ങ്ങ​ളെ ഏ​ൽ​പി​ക്കി​ല്ല, പ​ക​രം അ​ൽ​പം ക​ട്ടി​യും കാ​മ്പു​മു​ള്ള ദൗ​ത്യ​ങ്ങ​ൾ കി​ട്ടും. ര​ണ്ട്​: സ്​​ഥാ​പ​ന​ത്തി​ലെ​യോ പു​റ​ത്തു​ള്ള മാ​ധ്യ​മ കൂ​ട്ടാ​യ്​​മ​ക​ളു​ടെ​യോ ആ​ന്ത​രി​ക സം​വി​ധാ​ന​ങ്ങ​ൾ നി​ങ്ങ​ളു​ടെ ര​ക്ഷ​ക്കെ​ത്തു​ക​യേ​യി​ല്ല.

മൂ​ന്ന്​: നി​ങ്ങ​ൾ​ക്ക്​ നി​ങ്ങ​ളു​ടെ ജോ​ലി നോ​ക്കി നി​ങ്ങ​ൾ ഇ​ഷ്​​ട​പ്പെ​ട്ട രീ​തി​യി​ൽ സ്വ​ത​ന്ത്ര വ​നി​ത​യാ​യി ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാം.

ഒ​രു വ്യാ​ഴ​വ​ട്ട​മാ​യി മ​നു​ഷ്യ​ക്ക​ട​ത്ത്, ബാ​ല​പീ​ഡ​നം, ലിം​ഗാ​ധി​ഷ്​​ഠി​ത അ​തി​ക്ര​മം, വർ​ഗീ​യ ക​ലാ​പ​ങ്ങ​ൾ, പൊ​ലീ​സ്​ ന​ട​ത്തി​യ നി​യ​മ​ബാ​ഹ്യ കൊ​ല​പാ​ത​ക​ങ്ങ​ൾ, ഖ​ന​ന​മാ​ഫി​യ, അ​ന​ധി​കൃ​ത മ​രു​ന്ന്​ പ​രീ​ക്ഷ​ണം, മ​ത-​പ്ര​ത്യ​യ​ശാ​സ്​​ത്ര മൗ​ലി​ക​വാ​ദി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചെ​ല്ലാം ഞാ​ൻ വാ​ർ​ത്ത​ക​ൾ ചെ​യ്യു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ ഭീ​ഷ​ണി​ക്കും അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കും രൂ​പ​മാ​റ്റം സം​ഭ​വി​ച്ചി​ട്ടു​ണ്ട്, പ​ക്ഷേ ഇ​ല്ലാ​താ​യി​​ട്ടേ​യി​ല്ല.

മു​​​മ്പൊ​ക്കെ എ​ഴു​തി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ പേ​രി​ൽ ഓ​രോ ത​വ​ണ വ​ക്കീ​ൽ നോ​ട്ടീ​സ്​ കി​ട്ടു​​​മ്പോ​ഴും പ​ത്രാ​ധി​പ​ന്മാ​ർ അ​തൊ​രു ബ​ഹു​മ​തി​യാ​യി ക​ണ്ടി​രു​ന്നു, റി​പ്പോ​ർ​ട്ട്​ അ​തി​‍െൻറ ശ​രി​യാ​യ പ്ര​ഭാ​വം സൃ​ഷ്​​ടി​ച്ച​തി​‍െൻറ തെ​ളി​വാ​യി ക​രു​തി​യി​രു​ന്നു. രാ​ജ്യ​ത്തെ നി​യ​മ​​ങ്ങ​ളോ​ട്​ ബാ​ഹ്യ​മാ​യ ഒ​രു അ​നു​സ​ര​ണ​മെ​ങ്കി​ലും നി​ല​നി​ന്നി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ അ​വ​രു​ടെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നും കോ​ട​തി​യി​ൽ സ​ത്യം വ്യ​ക്ത​മാ​ക്കാ​നും അ​വ​സ​ര​വു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പു​തി​യ, കൂ​ടു​ത​ൽ ആ​പ​ത്​​ക​ര​മാ​യ രീ​തി​യി​ലെ ഒ​രു സ​മ്മ​ർ​ദം നേ​രി​ടേ​ണ്ട​തു​ണ്ട്. പ​ണം ന​ൽ​കി പോ​റ്റ​പ്പെ​ടു​ന്ന അ​പ​ഖ്യാ​തി നി​ർ​മാ​ണ സേ​ന മു​ഖേ​ന ഓ​ൺ​ലൈ​നി​ലൂ​ടെ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളും മ​ത​മൗ​ലി​ക​വാ​ദി സം​ഘ​ങ്ങ​ൾ ന​ട​ത്തു​ന്ന ശാ​രീ​രി​ക ആ​ക്ര​മ​ണ​ങ്ങ​ളും. ജ​ന​സം​ഖ്യ​യി​ലെ വ​ലി​യ ഭാ​ഗ​വും 25 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള, ക​ടു​ത്ത തൊ​ഴി​ൽ​രാ​ഹി​ത്യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രാ​ജ്യ​ത്ത്​ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ തൊ​ഴി​ലി​ല്ലാ​ത്ത യു​വ​ജ​ന​ങ്ങ​ളെ വ​ലി​യ പ്ര​തി​ഫ​ലം ന​ൽ​കി​ക്കൊ​ണ്ട്​ അ​പ​ഖ്യാ​തി പ്ര​ചാ​ര​ണ​ത്തി​ന്​ നി​യോ​ഗി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. ഇ​ത്​ ര​ണ്ടു ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തു​ന്നു.

1. മി​ഥ്യ​യാ​യ രാ​ഷ്​​ട്രീ​യ ഇ​ച്ഛാ​ശ​ക്തി നി​ല​നി​ൽ​ക്കു​ന്ന​യി​ട​ത്ത്​ എ​ങ്ങ​നെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം സാ​ധ്യ​മാ​വും?

2. അ​ടി​സ്​​ഥാ​ന​മാ​യ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം​പോ​ലും പി​ടി​ച്ചു പ​റി​ക്കു​ക​യും സ്​​ത്രീ​വി​രു​ദ്ധ​ത​യു​ടെ സം​സ്​​കാ​രം പ​രി​പോ​ഷി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​‍െൻറ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന്​ രാ​ഷ്​​ട്രീ​യ ശ​ക്തി​ക​ൾ​ക്ക്​ എ​ങ്ങ​നെ ഒ​ഴി​ഞ്ഞു​മാ​റാ​നാ​വും?

ഉ​ന്നം​വെ​ക്കു​ന്ന​ത്​ സ്​​ത്രീ​ക​ളെ​യാ​ണെ​ങ്കി​ൽ ഓ​ൺ​ലൈ​ൻ പ്ര​ചാ​ര​ണം വ​ലി​യ എ​ളു​പ്പ​മാ​ണ്. അ​വ​രു​ടെ ഉ​ദ്ദേ​ശ്യ​ത്തെ​യും ബു​ദ്ധി​യെ​യും സ്വ​ഭാ​വ​ശു​ദ്ധി​യെ​യും സം​ബ​ന്ധി​ച്ച്​ ചോ​ദ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ൽ മാ​ത്രം മ​തി. പു​രു​ഷ​ന്മാ​ർ​ക്കെ​തി​​രെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തു​​മ്പോ​ൾ അ​വ​രെ അ​ഴി​മ​തി​ക്കാ​രെ​ന്നും കൂ​ലി​യെ​ഴു​ത്തു​കാ​രെ​ന്നു​മൊ​ക്കെ​യാ​ണ്​ പ​റ​യാ​റ്. സ്​​ത്രീ​ക​ളെ​യാ​കു​​മ്പോ​ൾ വേ​ശ്യ​ക​ളെ​ന്നും അശ്ലീല ന​ടി​ക​ളെ​ന്നും രാ​ഷ്​​ട്രീ​യ​ക്കാ​രു​ടെ വെ​പ്പാ​ട്ടി​ക​ൾ എ​ന്നു​മൊ​ക്കെ​യാ​ണ്​ വി​ളി​ക്കാ​റ്. അ​ത്ത​ര​ത്തി​ൽ ​ഈ ​ട്രോ​ള​ന്മാ​ർ വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഭ​യ​പ്പെ​ടു​ത്തി സ്വ​യം നി​യ​ന്ത്ര​ണ​ത്തി​ന്​ നി​ർ​ബ​ന്ധി​ത​രാ​ക്കാ​ൻ ശ്ര​മി​ക്കു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​ത്, മ​റി​ച്ച്​ ബൗ​ദ്ധി​ക​വും യു​ക്തി​സ​ഹ​വു​മാ​യ വാ​ദ​ങ്ങ​ളേ​ക്കാ​ൾ ആ​ൾ​ക്കൂ​ട്ട നീ​തി​ക്ക്​ പ്രാ​മു​ഖ്യം ക​ൽ​പി​ക്കു​ന്ന ഒ​രു പൊ​തു​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​കൂ​ടി​യാ​ണ്.മനുഷ്യാവകാശ വിഷയങ്ങൾ ഉന്നയിച്ച്​ വിവിധ ദേശീയ മാധ്യമങ്ങളിൽ നേഹാ ദീക്ഷിത്​ എഴുതിയ ​അന്വേഷണാത്മക റിപ്പോർട്ടുകൾ


ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഓ​രോ സു​പ്ര​ഭാ​ത​ത്തി​ലും ഞാ​ൻ ഉ​റ​ക്ക​മു​ണ​രു​ന്ന​ത്​ ലിം​ഗ​ത്തി​‍െൻറ​യും മ​ല​ത്തി​‍െൻറ​യും ചി​ത്ര​ങ്ങ​ൾ ക​ണ്ടു​കൊ​ണ്ടാ​ണ്, ഇ​രു​മ്പു​ക​മ്പി ഉ​പ​യോ​ഗി​ച്ചു വേ​ണോ മു​ള്ളു​ക​ളു​ള്ള റോ​സാ​ക്ക​മ്പു​പ​യോ​ഗി​ച്ചു വേ​ണോ എ​​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്യേ​ണ്ട​ത്​ എ​ന്ന്​ അഭിപ്രായം തേടു​ന്ന ട്വി​റ്റ​ർ ചർച്ചക​ൾ ക​ണ്ടു​കൊ​ണ്ടാ​ണ്. ക​ല്ലെ​റി​ഞ്ഞു​ത​ക​ർ​ക്കാ​നാ​യി എ​‍െൻറ വീ​ടി​‍െൻറ വി​ലാ​സം, കു​ടും​ബ​ ചി​ത്ര​ങ്ങ​ൾ ഇ​വ​യെ​ല്ലാം അ​ടി​ക്ക​ടി​യാ​യി ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്നു. തോ​ക്കു​മേ​ന്തി റോ​ന്തു​ചു​റ്റു​ന്ന രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ കി​ങ്ക​ര​ന്മാ​ർ ഞാ​ൻ എ​വി​ടെ​യു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യിട്ടുണ്ടെന്നും വൈ​കാ​തെ വെ​ടി​വെ​ച്ചു​കൊ​ല്ലു​മെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടു​മി​രി​ക്കു​ന്നു.

ആദ്യമൊക്കെ ഞാ​ൻ വാ​ദി​ക്കാ​നും സ​ത്യ​ങ്ങ​ൾ നി​ര​ത്താ​നും കേ​ന്ദ്ര​സ​ർ​ക്കാ​റി​‍െൻറ സൈ​ബ​ർ സെ​ല്ലി​ന്​ പ​രാ​തി ന​ൽ​കാ​നു​മൊ​ക്കെ ശ്ര​മി​ച്ചി​രു​ന്നു. ആ ​ശ്ര​മ​ങ്ങ​ളൊ​ന്നും ഫ​ലി​ക്കി​ല്ലെ​ന്ന്​ ബോ​ധ്യ​മാ​യ​തോ​ടെ ഞാ​ൻ ക്ര​മേ​ണ പ്ര​തി​രോ​ധ​ശേ​ഷി​യും കൈ​വ​രി​ച്ചു. ഇപ്പോൾ അ​പ​വാ​ദ ട്രോ​ളു​ക​ളി​ൽ ഫ​ലി​തം ക​ണ്ടെ​ത്താ​ൻ​പോ​ലും തു​ട​ങ്ങി​യി​രി​ക്കു​ന്നു. വ​ർ​ഗീ​യ അ​തി​ക്ര​മ​ത്തി​നി​ട​യി​ൽ മു​സ്​​ലിം സ്​​ത്രീ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​തി​നെ​ക്കു​റി​ച്ച്​ എ​ഴു​തി​യ​തി​‍െൻറ പേ​രി​ൽ ല​ശ്​​​ക​റെ ത്വ​യ്യി​​ബ നേ​താ​വി​‍െൻറ ഭാ​ര്യ​യെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച്​ ട്രോ​ളു​ക​ളി​റ​ങ്ങു​േ​മ്പാ​ൾ ഞാ​ൻ ആ​ലോ​ചി​ക്കും- എ​ന്തി​നാ എ​ന്നെ ല​ശ്​​​ക​റെ ത്വ​യ്യി​​ബ​ക്കാ​ര​‍െൻറ ഭാ​ര്യ​യെ​ന്ന്​ വി​ളി​ക്കു​ന്ന​ത്, അവരുടെ നേ​താ​വ്​ എ​ന്നു​ പ​റ​ഞ്ഞൂ​ടേ? സ്​​ത്രീ എ​ന്ന നി​ല​യി​ലെ ക​ര്‍തൃ​ത്വം​പോ​ലും വ​ക​വെ​ച്ചു​ത​രു​ന്നി​ല്ല​ല്ലോ ഈ ​ട്രോ​ള​ന്മാ​രെ​ന്ന്.

ഇ​നി ഓ​ൺ​ലൈ​നി​നു പു​റ​ത്തു​ള്ള കാ​ര്യം പ​റ​യാം. ഉ​ന്ന​ത റാ​ങ്കി​ലു​ള്ള പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഫോൺ വി​ളി​ച്ചു​പ​റ​യു​ന്നു- 'പൊ​ലീ​സ്​ ന​ട​ത്തു​ന്ന ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക​ളെ​പ്പ​റ്റി ഇ​നി​യും എ​ഴു​താ​ൻ വ​ല്ല ഭാ​വ​വു​മു​ണ്ടെ​ങ്കി​ൽ നി​‍െൻറ അ​മ്മ താ​മ​സി​ക്കു​ന്ന​തെ​വി​ടെ​യാ​ണെ​ന്ന്​ ഞ​ങ്ങ​ൾ​ക്ക​റി​യാ​'മെ​ന്ന്. റി​പ്പോ​ർ​ട്ടി​ങ്​ ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി പോ​യ സ​മ​യ​ത്ത്​ മ​ത​പാ​ഠ​ശാ​ല​യി​ൽ പൂ​ട്ടി​യി​ട്ട സ​ന്ദ​ർ​ഭ​മു​ണ്ട്, ഭ​ര​ണ​കൂ​ട​ത്തി​‍െൻറ പി​ൻ​ബ​ല​ത്താ​ൽ വി​ഹ​രി​ക്കു​ന്ന പൊ​ലീ​സി​‍െൻറ വി​വ​രം​കൊ​ടു​പ്പു​കാ​ർ പ​ല​പ്പോ​ഴും പി​ന്തു​ട​രാ​റു​മു​ണ്ട്. വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളെ ത​ട​യാ​നു​ള്ള രാ​ഷ്​​ട്രീ​യ ഇ​ച്ഛാ​ശ​ക്തി നി​ല​വി​ലി​ല്ലാ​ത്തി​ട​ത്തോ​ളം കാ​ലം ഇതിൽ​നി​ന്ന്​ ര​ക്ഷ​നേ​ടാ​നു​ള്ള ഏ​ക മാ​ർ​ഗം ഓ​രോ വ്യ​ക്തി​യു​ടെ​യും നി​ശ്ച​യ​ദാ​ർ​ഢ്യം മാ​ത്ര​മാ​ണ്.

എ​ന്നെ അ​ല​ട്ടു​ന്ന സം​ഗ​തി എ​ന്തെ​ന്നു​വെ​ച്ചാ​ൽ അ​ക്ര​മ​ങ്ങ​ളു​ടെ​യും അ​പ​വാ​ദ​ങ്ങ​ളു​ടെ​യും അ​ധി​ക്ഷേ​പ​ങ്ങ​ളു​ടെ​യും പാ​രാ​വാ​ര​ത്തി​നി​ട​യി​ൽ എ​‍െൻറ വ്യ​ക്തി​ത്വം വെ​റു​മൊ​രു ഇ​ര​യു​ടേ​താ​യി ചു​രു​ക്കി​ക്കെ​ട്ട​പ്പെ​ടു​ന്നുവെന്നതാണ്​. ഒ​രു​പാ​ട്​ ഭീ​ഷ​ണി​യും അ​ക്ര​മ​ങ്ങ​ളും നേ​രി​ടേ​ണ്ടി​വ​ന്ന ഒ​രു​ത്തി​യാ​യി മാ​ത്രം മാ​റു​ന്നു. അ​ങ്ങ​നെ വ​രു​​മ്പോ​ൾ തൊ​ഴി​ലാ​ളി​സ്​​ത്രീ​ക​ളു​ടെ ദു​രി​താ​വ​സ്​​ഥ, മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ, ദ​ലി​തു​ക​ളു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും അ​രി​കു​വ​ത്​​ക​ര​ണ​വും അ​യി​ത്ത​വും തു​ട​ങ്ങി ഞാ​ൻ എ​ഴു​തി ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളും എ​‍െൻറ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​വും അ​ദൃ​ശ്യ​മാ​യി​പ്പോ​കു​ന്നു.

സ​ത്യാ​വ​സ്​​ഥ​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന അ​ന്വേ​ഷ​ണാ​ത്മ​ക​മാ​യ റി​പ്പോ​ർ​ട്ടു​ക​ളെ കു​ഴി​ച്ചു​മൂ​ടു​ന്ന വ്യ​വ​സാ​യ-​രാ​ഷ്​​ട്രീ​യ കൂ​ട്ടു​കെ​ട്ട്​ നി​ല​നി​ൽ​ക്കു​ന്ന അ​ത്യ​ന്തം കോ​ർ​പ​റേ​റ്റ്​​വ​ത്​​ക​രി​ക്ക​പ്പെ​ട്ട ഒ​രു മാ​ധ്യ​മ​ലോ​ക​ത്ത്​ ഞാ​ൻ ഒ​രു സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ ​തീ​രു​മാ​നം വ​ഴി എ​‍െൻറ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ കൊ​ള്ളാ​വു​ന്ന മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള സൗ​ക​ര്യം എ​നി​ക്ക്​ കൈ​വ​ന്നു, അ​തേ​സ​മ​യം വേ​ട്ട​യാ​ട​ലും ക്രി​മി​ന​ൽ കേ​സു​ക​ളു​മെ​ല്ലാ​മു​ണ്ടാ​വു​ന്ന ഘ​ട്ട​ത്തി​ൽ അ​വ​യെ നേ​രി​ടാ​ൻ ഒ​രു സ്​​ഥാ​പ​ന പി​ൻ​ബ​ലം ഇ​ല്ലാ​തെ വ​രു​ക​യും ചെ​യ്യു​ന്നു.

എ​നി​ക്കെ​തി​രാ​യ ഭീ​ഷ​ണി​ക​ളു​ടെ വ്യാ​പ്​​തി ഏറെ വ​ലു​താ​യ​തോ​ടെ ഒ​രു കാ​ര്യം ഞാ​ൻ തീ​രു​മാ​നി​ച്ചു- ഇ​നി പ​രാ​തി പ​റ​ഞ്ഞ്​ ന​ട​ക്കേ​ണ്ട​തി​ല്ല. സ​ർ​ക്കാ​റി​നു​പോ​ലും ഈ ​പ്ര​ശ്​​ന​ത്തെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​ൻ കെ​ൽ​പി​ല്ല എ​ന്നി​രി​ക്കെ പ​രാ​തി​ക​ൾ​ക്കു​ പി​ന്നാ​ലെ പോ​യാ​ൽ​പി​ന്നെ എ​‍െൻറ ജോ​ലി ന​ട​ക്കി​ല്ല. ഞാ​ൻ വീ​ടു​വി​ട്ടി​റ​ങ്ങി​വ​ന്ന​ത്​ അ​രി​കു​വ​ത്​​ക​രി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​രു​ടെ ക​ഥ​ക​ൾ ലോ​ക​ത്തോ​ട്​ പ​റ​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്.


ഗൗരി ല​ങ്കേഷ്


സ്വ​ന്തം ജോ​ലി​യി​ൽ സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്തു​ന്ന ഒ​ട്ടു​മി​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഭീ​ഷ​ണി​യും അ​ക്ര​മ​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ട്. 2017 സെ​പ്​​റ്റം​ബ​റിലാണ്​ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​​ങ്കേ​ഷ്​ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട​ത്.ഇതന്വേഷിക്കാൻ രൂപവത്​കരിച്ച പ്ര​ത്യേ​ക സം​ഘം ക​ണ്ടെ​ത്തി​യ​ത്​ കേസിൽ പ​ങ്കാ​ളി​ക​ളാ​യ 18 പേ​രും കൊ​ല​പാ​ത​ക​ങ്ങ​ളെ ഒ​രു മ​ത​ഗ്ര​ന്​​ഥ​ത്തി​‍െൻറ ഉ​ദ്ധ​ര​ണി​കൊ​ണ്ട്​ ന്യാ​യീ​ക​രി​ക്കു​ന്ന മ​ത​മൗ​ലി​ക​വാ​ദ സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണെ​ന്നാ​ണ്. 'തെ​റ്റു​ചെ​യ്യു​ന്ന ഒ​രാ​ളെ കൊ​ല്ലു​ന്ന​ത്​ പാ​പ​മ​ല്ലെ​ന്നും ദു​ർ​ന​ട​പ്പു​കാ​ർ​ക്കെ​തി​രാ​യ ഹിം​സ അ​ഹിം​സ​യാ​ണെ'​ന്നു​മാ​ണ്​ അ​വ​രു​ടെ ന്യാ​യീ​ക​ര​ണം. കൊ​ല​പാ​ത​കി​ക​ൾ ഒ​രു സം​ഘ​ടി​ത കു​റ്റ​വാ​ളി​സം​ഘ​ത്തി​‍െൻറ ഭാ​ഗ​മാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഒ​രു വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ 'ദു​ർ​ന​ട​പ്പു​കാ​രി'​യാ​യി കാ​ണു​ന്നു​വെ​ങ്കി​ൽ ഇ​വി​ട​ത്തെ പു​രു​ഷാ​ധി​പ​ത്യ സ​മൂ​ഹം അ​വ​രെ എ​ത്ര​മാ​ത്രം ഭ​യ​പ്പെ​ടു​ന്നു​ണ്ടാ​വും. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം കു​ല​സ്​​ത്രീ​ക​ൾ​ക്ക്​ പ​റ​ഞ്ഞി​ട്ടു​ള്ള പ​ണി​യ​ല്ലെ​ന്ന്​ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​​ എ​നി​ക്ക്​ ഉ​പ​ദേ​ശം ല​ഭി​ച്ച​തി​ൽ യാ​തൊ​ര​ത്ഭു​ത​വു​മി​ല്ല.

ഹി​ന്ദി​യി​ൽ ഒ​രു പ​ഴ​ഞ്ചൊ​ല്ലു​ണ്ട്, തോടിൽ നിന്ന്​ ത​ല പു​റ​ത്തി​ട്ടാ​ൽ മാ​ത്ര​മേ ആ​മ​ക്ക്​ മു​ന്നോ​ട്ടു​നീ​ങ്ങാ​ൻ ക​ഴി​യൂ​വെ​ന്ന്. ഈ ​'​തെ​റി​ച്ച' പെ​ണ്ണു​ങ്ങ​ളും അ​തു​ത​ന്നെ​യാ​ണ്​ ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഉൽകൃഷ്​ട മാധ്യമപ്രവർത്തനത്തിന്​ ദേശീയ-അന്തർദേശീയ പുരസ്​കാരങ്ങൾ നേടിയ ലേഖിക #JournalistsToo എന്ന ഹാഷ്​ടാഗിൽ യുനെസ്​കോ തയാറാക്കുന്ന പ്രബന്ധ സമാഹാരത്തിനു വേണ്ടി എഴുതിയത്

Show Full Article
TAGS:neha dixit 
News Summary - I will face-neha dixit
Next Story