Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമനുഷ്യത്വം...

മനുഷ്യത്വം അസാധുവാകുമ്പോള്‍

text_fields
bookmark_border
മനുഷ്യത്വം അസാധുവാകുമ്പോള്‍
cancel

ഒട്ടും ഒരുക്കംകൂടാതെ തിടുക്കത്തില്‍ നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളോടുള്ള തന്‍െറ പ്രതികരണം, പുസ്തകപ്രകാശന വേളയില്‍ പ്രകടിപ്പിച്ചുപോയതിന് എം.ടിയെ സംഘ്പരിവാര്‍ വക്താക്കള്‍ വിഷംപുരട്ടിയ വാക്കുകള്‍കൊണ്ട് നോവിക്കാനും മുറിപ്പെടുത്താനും മുതിര്‍ന്നുകാണുന്നു. ഇവിടെ താരപദവിയുള്ള എഴുത്തുകാരുടെ വംശത്തിലെ ശിഷ്ടതേജസ്സാണ് എം.ടി. വാസുദേവന്‍നായര്‍. ആ സാഹിത്യഭാവന മലയാളഭാഷയുടെ മൗലിയില്‍ കിരീടംപോലെ വിളങ്ങുന്നു. തങ്ങളുടെ പാപപങ്കിലമായ കരസ്പര്‍ശംകൊണ്ട് അതിന്‍െറ ശോഭകെടുത്താമെന്ന് ചിലര്‍ വ്യാമോഹിക്കുന്നു. വ്യാപാരം ഹനനമായവര്‍ക്ക് കഴുകനും കപോതവും ഭേദമില്ലല്ളോ.

എം.ടിക്ക് ഇമ്മാതിരി കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അര്‍ഹതയില്ളെന്നാണ് ബി.ജെ.പി വക്താവിന്‍െറ വാദം. അദ്ദേഹം കൂടിയാല്‍ ഒരു സാഹിത്യകാരന്‍ മാത്രമല്ളേ? സാമ്പത്തിക ശാസ്ത്രജ്ഞനല്ലല്ളോ എന്നെല്ലാം അവര്‍ ചോദിക്കുന്നു. സാമ്പത്തിക വിദഗ്ധന്‍ മാത്രം സാമ്പത്തികം പറഞ്ഞാല്‍ മതിയെങ്കില്‍ നോട്ട് അസാധുവാക്കിയതിനെ ന്യായീകരിച്ച് ഊരുചുറ്റുന്ന ബി.ജെ.പിക്കാര്‍ അര്‍ഥശാസ്ത്രത്തില്‍ ബിരുദമെടുത്തവരാണോ? എന്ന പ്രതിചോദ്യം അവര്‍ പ്രതീക്ഷിക്കാത്തപോലെ... തങ്ങള്‍ക്കന്യരോട് ചോദ്യങ്ങള്‍ ചോദിക്കുംപോലെ തങ്ങളോട് തിരിച്ചു ചോദിക്കാനാളില്ളെന്നോ ആര്‍ക്കും അവകാശമില്ളെന്നോ അവര്‍ കരുതുന്നു. അപ്പോള്‍ സംഘ്പരിവാറിന് ആരെപ്പറ്റിയും എന്തിനെപ്പറ്റിയും സ്വാഭിപ്രായം പറയാം. എന്നാല്‍, തങ്ങളെപ്പറ്റി ആരും സ്തുതിവചനങ്ങള്‍ക്കപ്പുറം മിണ്ടിപ്പോകരുത്. ആര്‍ക്കെങ്കിലും ഉരിയാടാന്‍ ‘മുട്ടി’യാല്‍ ആര്‍.എസ്.എസ് കാര്യാലയത്തില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങി മാത്രം വാതുറന്നാല്‍ മതിയെന്നാണ് സംഘ്പരിവാറിന്‍െറ ‘വിചാരധാര’. എതിരഭിപ്രായങ്ങളെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട അധികാരിവര്‍ഗത്തിന്‍െറ അഭയകേന്ദ്രമാണ് ഫാഷിസം. പ്രധാനമന്ത്രി, പ്രതിപക്ഷത്തിന്‍െറ ചോദ്യങ്ങള്‍ക്ക് മറുപടിപറയാതെ പാര്‍ലമെന്‍റില്‍നിന്ന് ഒളിച്ചോടി ഏകപക്ഷീയമായ പ്രഭാഷണ പരമ്പരകളില്‍ അഭിരമിക്കുന്നത് തികഞ്ഞ ഫാഷിസ്റ്റ് ശൈലിയാണ്. അഭിപ്രായ സ്ഥൈര്യമുള്ളവരെ പുകച്ച് പുറത്തുചാടിച്ച് നേതൃശാസനകള്‍ അക്ഷരംപ്രതി അനുസരിക്കുന്ന, അറിവും കഴിവുമില്ലാത്ത അനര്‍ഹരെ പഠന-ഗവേഷണ -ഭരണസ്ഥാപനങ്ങളുടെ തലപ്പത്ത് വിന്യസിക്കുന്നിടത്തും പ്രത്യക്ഷപ്പെട്ടത് ഈ അമിതാധികാര പ്രവണതയാണ്. ഏകശാസനാവാസന അധികാരഘടനയുടെ ആമൂലാഗ്രങ്ങളിലേക്ക് മാത്രമല്ല, പൗരജീവിതത്തിന്‍െറ ദൂരതീരങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞുവെന്ന് എം.ടിയെപ്പോലൊരാള്‍ക്കുപോലും തങ്ങള്‍ക്കിഷ്ടപ്പെടാത്തതൊന്നും മിണ്ടാനവകാശമില്ളെന്ന ജല്‍പനങ്ങള്‍ തെളിയിക്കുന്നു.

മുന്‍ എഴുത്തുകാരില്‍നിന്ന് വ്യത്യസ്തമായി  എം.ടി പുതുതായെന്തെങ്കിലും ചെയ്യുകയോ പറയുകയോ ആയിരുന്നില്ല. മലയാളത്തിലെ കവികളും കഥയെഴുത്തുകാരും സൃഷ്ടിച്ചുവെച്ച പാരമ്പര്യം പിന്തുടരുക മാത്രമാണ് അദ്ദേഹം ചെയ്തത്. അധികാര സിംഹാസനത്തില്‍ അമര്‍ന്നിരിക്കുന്ന അനീതിക്ക് ചരണപരിചരണം ചെയ്ത പാരമ്പര്യമല്ല അത്. ആണ്‍കോയ്മക്കും ജാതിമേധാവിത്വത്തിനും രാജവാഴ്ചക്കും വിദേശാധിപത്യത്തിനും വര്‍ഗചൂഷണത്തിനും എല്ലാം എതിരായി പടപൊരുതിയതിന്‍േറതാണ് ആ ചരിത്രവും പാരമ്പര്യവും. അതുകൊണ്ടുതന്നെ ഇവിടെ എഴുത്തുകാരെ സ്വാധീനിക്കാനോ മലയാളസാഹിത്യ സംസ്കാരത്തെ മലിനപ്പെടുത്താനോ ഇതുവരെ സംഘ്പരിവാറിന് സാധിച്ചിട്ടില്ല. എം.ടിയാകട്ടെ, തന്‍െറ എഴുത്തുജീവിതത്തില്‍ ഇതുവരെ മതേതരമായ ഒരു മാനവികതയെയാണ് അനുപമമായ ശൈലിയില്‍ ആഖ്യാനം ചെയ്തത്. പഴമയുടെ ഭജനത്തിന്‍െറയല്ല, ഭഞ്ജനത്തിന്‍െറ സന്ദേശമാണ് ‘നാലുകെട്ടി’ല്‍ മുഴങ്ങുന്നത്. അദ്ദേഹത്തിന്‍െറ ‘അസുരവിത്ത്’ ഹിന്ദു-മുസ്ലിം വര്‍ഗീയവാദികള്‍ക്കെതിരായ ശക്തവും വ്യക്തവുമായ നിലപാടാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ജീവിതത്തില്‍ എപ്പോഴും ഒന്നാമൂഴം നഷ്ടപ്പെടുന്നവരുടെ, അവസരങ്ങള്‍ വരുമ്പോള്‍ പിന്നിലേക്ക് തള്ളിമാറ്റപ്പെടുന്നവരുടെ കഥയായി എം.ടി, ഭീമോപാഖ്യാനത്തെ വികസിപ്പിക്കുന്നു. എം.ടിയുടെ ജീവിതത്തിലും കലയിലും നിറഞ്ഞുനില്‍ക്കുന്ന ഈ നിഷേധവാസനയുടെ വിശ്വരൂപമാണ് ‘നിര്‍മാല്യ’ത്തില്‍ വെളിച്ചപ്പെട്ടുവരുന്നത്.ഇങ്ങനെയൊക്കെയുള്ള ഒരാള്‍ ഹിന്ദുത്വവാദികളുടെ ഇഷ്ടതോഴനാവുക വയ്യല്ളോ.

തുഞ്ചന്‍ സ്മാരകത്തിന്‍െറ അധ്യക്ഷനെന്നനിലയില്‍ അദ്ദേഹം കൈക്കൊണ്ട സര്‍വസമ്മതമായ നിലപാടുകളോടും സംഘ്പരിവാറിന് യോജിപ്പല്ല ഉള്ളത്. ചില ക്ഷേത്രങ്ങളെ കാവിവത്കരിച്ചതുപോലെ നമ്മുടെ സാംസ്കാരിക കേന്ദ്രങ്ങളെ കൈവശപ്പെടുത്താന്‍ ആര്‍.എസ്.എസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആ കുറവ് നികത്താനുള്ള പരിശ്രമം ഭാഷാപിതാവിന്‍െറ സ്മാരകം പിടിച്ചടക്കിക്കൊണ്ട് തുടങ്ങാന്‍ അവര്‍ കോപ്പുകൂട്ടുകയുണ്ടായി. ജനമാനസങ്ങളെ പിടിച്ചെടുക്കാന്‍ ചരിത്രപൈതൃകങ്ങളെ കാവിവത്കരിക്കുക എന്നത് പലയിടത്തും അവര്‍ പരീക്ഷിച്ചതും വിജയിച്ചതുമായ ഗൂഢതന്ത്രമാണ്. നാനാജാതി മതസ്ഥരായ മലയാളികള്‍ക്ക് ഭേദബുദ്ധിയില്ലാതെ കടന്നുവരാന്‍ കഴിയുന്ന തുഞ്ചന്‍ സ്മാരകത്തെ ഒരു ഹിന്ദുക്ഷേത്രമായി അപനിര്‍മിക്കാനാണ് അവര്‍ ആദ്യം നോക്കിയത്. നീചമായ ആ നീക്കം മുളയിലേ നുള്ളിക്കളയാന്‍ എം.ടി ജാഗ്രതയോടെ നേതൃത്വം നല്‍കി. സംഘ്പരിവാറിന്‍െറ കാളികൂളികള്‍ക്ക് ചവിട്ടിപ്പൊളിക്കാന്‍ കഴിയാത്ത മതേതരത്വത്തിന്‍െറ ഗോപുര കവാടംപോലെ എം.ടിയും ഭരണസമിതിയും  ഉറച്ചുനിന്നതുകൊണ്ടാണ് ആര്‍.എസ്.എസിന്‍െറ കേരളം പിടിക്കാനുള്ള ആ ‘മാസ്റ്റര്‍ പ്ളാന്‍’ പൊളിഞ്ഞുപോയത്.

നോട്ട് അസാധുവാക്കിയതിനെതിരെ പ്രതികരിക്കാന്‍ സംഘ്പരിവാര്‍ വാദിക്കും പോലെ ധനശാസ്ത്ര പാണ്ഡിത്യമൊന്നും ആവശ്യമില്ല. അതിന് ചുറ്റുമുള്ള സാധാരണ മനുഷ്യന്‍െറ നിത്യജീവിതാവലോകനം മാത്രം മതിയാവും. അമൂര്‍ത്തമായ സൈദ്ധാന്തിക ജ്ഞാനമല്ല, മൂര്‍ത്തമായ അനുഭവങ്ങളാണ് സര്‍ഗരചന സംരംഭകത്വത്തിനുള്ള മൂലധനനിക്ഷേപമെന്ന് എഴുത്തും വായനയുമായി സാമാന്യപരിചയമുള്ളവര്‍ക്കെല്ലാം അറിവുള്ളതാണ്. ഇവിടെ അസാധുവായതിനു പകരം സാധുവായ നോട്ട് ലഭിക്കാന്‍, തങ്ങള്‍ പണിയെടുത്ത് നേടി നിക്ഷേപിച്ച പണത്തില്‍നിന്ന് നിത്യച്ചെലവിനാവശ്യമുള്ളത് പിന്‍വലിക്കാന്‍ എ.ടി.എം കൗണ്ടറുകള്‍ക്കു മുന്നില്‍ ക്യൂനില്‍ക്കുന്നവരുടെ ദുരിതവും പ്രയാസവും മാത്രമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. എന്നാല്‍, ബാങ്ക് എന്നൊരു സ്ഥാപനം രാജ്യത്തുണ്ടെന്നുപോലും അറിയാത്ത, ഇരുപതു രൂപപോലും ദിവസവരുമാനമില്ലാത്ത ജനകോടികളുണ്ട്. മാധ്യമങ്ങളുടെ കണ്ണില്‍പെടാത്ത, എന്നാല്‍ എവിടെനോക്കിയാലും കാണാവുന്ന അത്തരക്കാരുടെ ദുരിതങ്ങള്‍ ഈ നോട്ട് പ്രതിസന്ധിമൂലം എത്രമടങ്ങാവും വര്‍ധിച്ചിട്ടുണ്ടാവുക എന്ന് ആരും ആരായുകയോ അറിയുകയോ ചെയ്യുന്നില്ല. ആളുകള്‍ കാണാത്തതും കേള്‍ക്കാത്തതുമായ ദു$ഖത്തിന്‍െറ അജ്ഞാതമായ വന്‍കരകളിലേക്കാണ് എം.ടിയെപ്പോലുള്ള എഴുത്തുകാര്‍ എപ്പോഴും പുറപ്പെട്ടുപോകാറുള്ളതെന്ന് അദ്ദേഹത്തെഅസഭ്യം പറയുന്നവര്‍ക്കറിയുകയില്ലല്ളോ!

എം.ടിയും എം. മുകുന്ദനും എന്‍.എസ്. മാധവനും സേതുവുമെല്ലാം നോട്ട് പ്രതിസന്ധി ചര്‍ച്ചചെയ്യുമ്പോഴായാലും പരിഗണിക്കുന്നത് സാമ്പത്തികപ്രശ്നങ്ങളല്ല, അതില്‍ അന്തര്‍ഭവിച്ച മാനവജീവിത വേദനകളാണ്. രണ്ടുതരം നോട്ടുകളില്‍നിന്ന് പണമെന്ന പദവി എടുത്തുമാറ്റിയതുപോലെ, ഇവിടെ മനുഷ്യന് മനുഷ്യനെന്ന പദവി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗോവധം ഉടന്‍ നിരോധിക്കണമെന്ന് വാശിപിടിക്കുന്നവര്‍ ഗോഹത്യക്ക് നരഹത്യയില്‍ കുറഞ്ഞ ഒരു ശിക്ഷയും മതിയാവില്ളെന്ന് വാദിക്കുന്നു. ജീവിക്കാന്‍ ഒരു പശുവിനുള്ള അവകാശംപോലും ഇവിടെ മനുഷ്യനില്ളെന്നു തന്നെയാണ് ഗോരക്ഷകര്‍ വിവക്ഷിക്കുന്നത്. ഇന്ത്യയില്‍ പശുവിനെക്കാള്‍ മനുഷ്യന് വിലകുറഞ്ഞിരിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമത്തിന്‍െറ പേരില്‍ തമിഴ്നാട്ടിലെ ജല്ലിക്കെട്ടിനേര്‍പ്പെടുത്തിയ നിരോധനം നീക്കിക്കിട്ടാന്‍ കേന്ദ്രസര്‍ക്കാറിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ അറ്റോണി ജനറല്‍ ജല്ലിക്കെട്ടില്‍ ആരെങ്കിലും എപ്പോഴെങ്കിലും ചാവുന്നെങ്കില്‍ അത് മനുഷ്യനാണ്, കാളയല്ല എന്ന വിചിത്രമായ ഒരു വാദമാണ് മുന്നോട്ടുവെച്ചത്.

കാളചത്താല്‍ കയറെടുത്താല്‍ പോരേ, മനുഷ്യന്‍ മരിച്ചാല്‍ ആര്‍ക്കെന്തുചേതം? എന്ന് ഭാരത ഭരണകേന്ദ്രം ചോദിക്കുന്നു. രാജസ്ഥാനിലെ എണ്‍പതുകാരനായ താരാചന്ദിന് കഴിഞ്ഞ രണ്ടു മാസമായി പെന്‍ഷന്‍ ലഭിക്കാത്തത് നോട്ട് പ്രതിസന്ധിമൂലമല്ല. എഴുത്തറിയാത്ത അയാള്‍, പെന്‍ഷന്‍ വാങ്ങുമ്പോള്‍ വിരലടയാളം പതിക്കണം. വിരലടയാളത്തിന്‍െറ ആധികാരികത തിരിച്ചറിയുന്നതിന് രാജസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ച ഒരു യന്ത്രം (ഫിംഗര്‍ പ്രിന്‍റ് റീഡിങ് മെഷീന്‍) ഉണ്ട്. ആ യന്ത്രത്തിന് താരാചന്ദിന്‍െറ പെരുവിരലടയാളം അയാളുടേതാണെന്ന് തിട്ടപ്പെടുത്താനാവുന്നില്ല. അതുകൊണ്ട് ആ പാവം പെന്‍ഷന്‍ കിട്ടാതെ പട്ടിണികിടക്കുന്നു. മനുഷ്യനെ അവിശ്വസിക്കുകയും യന്ത്രത്തെ അമിതമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്ന വിചിത്രമായ ഒരുകാലം വന്നിരിക്കുന്നു. മനുഷ്യന് മനുഷ്യനെന്ന പദവി (മാനവികത) നഷ്ടപ്പെടുകയും യന്ത്രങ്ങള്‍ക്ക് അപ്രമാദിത്വം കല്‍പിക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്‍െറ ജീവിതം ജീവിക്കാന്‍ മനുഷ്യന് യന്ത്രമായി മാറേണ്ടിവരും. ഇങ്ങനെ മനുഷ്യര്‍ യന്ത്രങ്ങളാവുകയും ഹൃദയമില്ലാത്ത യന്ത്രമനുഷ്യര്‍ രാജ്യഭാരം കൈയാളുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് ചരിത്രം ഫാഷിസമെന്നു വിളിച്ചത്.

‘‘കളിയും ചിരിയും കരച്ചിലുമായ്
കഴിയും നരനൊരുയന്ത്രമായാല്‍
അംബ, പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്?’’
എന്ന ഇടശ്ശേരിയുടെ ദുരന്തദുശ്ശങ്ക ഒരു യാഥാര്‍ഥ്യമാവുകയാണ്. പുഴയില്‍ നീര്‍ പറ്റെ വറ്റിയിരിക്കുന്നു. ജീവിതം ഒഴുക്കും ഓളവുമില്ലാത്ത ഒരഴുക്കുചാലായി മാറിയിരിക്കുന്നു. തങ്ങള്‍ വിരല്‍ത്തുമ്പുകൊണ്ട് തൊട്ടാല്‍ ചലിക്കുകയും വിട്ടാല്‍ നിശ്ചലമാവുകയും ചെയ്യുന്ന നിര്‍വികാര യന്ത്രങ്ങളാണ് മനുഷ്യരെന്നു കരുതുന്ന അധികാര ധാര്‍ഷ്ട്യം കണ്ടില്ളെന്നു നടിച്ച് മൗനംഭജിക്കാന്‍ എം.ടിയെപ്പോലെ മനുഷ്യകഥാനുഗായി ആയ ഒരെഴുത്തുകാരന് കഴിയില്ളെന്നറിയാനുള്ള വിവേകം അദ്ദേഹത്തിനെതിരെ ആക്രോശിക്കുന്നവരില്‍നിന്ന് പ്രതീക്ഷിക്കാനാവില്ല.

Show Full Article
TAGS:kermt vasudevan nair m mukundan 
Web Title - humanity lose
Next Story