Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്ര​തി​ക്കൂ​ട്ടി​ൽ...

പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ൻ

text_fields
bookmark_border
പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ൻ
cancel
camera_alt

വരണ്ടുണങ്ങിയ ഭാരതപ്പുഴ

അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്ന പ്രകൃതി- ഭാഗം മൂന്ന്

പ്രകൃതിക്ക് അവകാശങ്ങളുണ്ടെന്ന് ഭരണഘടനയിൽ എഴുതിച്ചേർത്ത ആദ്യ രാജ്യം എക്വഡോർ ആണ്. 2008ൽ അംഗീകരിച്ച അവകാശങ്ങൾ ഇങ്ങനെയാണ്: ജീവൻ നിലനിർത്താനും പ്രത്യുൽപാദനം നടത്തുന്ന പ്രകൃതിക്ക് അതിന്റെ നിലനിൽപിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുവാനും, പുനരുൽപത്തിയിലൂടെ ജീവചക്രവും അതിന്റെ എല്ലാ ഘടകങ്ങളും, പ്രത്യേകിച്ച് പരിണാമസംബന്ധിയായ പ്രക്രിയകൾ തനതായ പൂർണതയോടെ നിലനിർത്തുവാനും അവകാശമുണ്ട്. പ്രകൃതിയുടെ സ്വാഭാവിക അവസ്ഥ പുനഃസ്ഥാപിച്ചു കിട്ടുന്നതിന് ഏതൊരു വ്യക്തിക്കും നിയമപരമായി നീങ്ങാം.

ഈ നിയമപരിരക്ഷ കേവലം പ്രതീകാത്മകമായ ഒന്നായിരുന്നില്ല. വേണ്ടത്ര ആലോചനയില്ലാതെ നടത്തിയ റോഡ്നിർമാണം വിൽകബാംബാ (Vilcabamba) നദിയെ ബാധിച്ചു തുടങ്ങിയപ്പോൾ എക്വഡോർ ജനത നിയമപരിരക്ഷ തേടി. 2010ൽ ബൊളീവിയയും ‘ഭൂമാതാവിന്റെ അവകാശങ്ങൾ’ പരിരക്ഷിക്കാനുള്ള നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നു. ഇവരുടെ നിയമത്തിൽ ഭൂമാതാവിനെ വർണിക്കുന്നത് ‘എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടും ആശ്രയിച്ചും സഹവർത്തിക്കുന്ന ഊർജസ്വലമായ ജീവവ്യവസ്ഥ’ എന്നാണ്.

എക്വഡോറിലെ പ്രഖ്യാപനങ്ങളുടെ ചുവടുപിടിച്ച് ഫെബ്രുവരി 2019ൽ അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തുള്ള പ്രസിദ്ധമായ ഈറി ശുദ്ധജലതടാകത്തിന് അവിടത്തെ പൗരർ വോട്ടവകാശം ഉപയോഗിച്ച് വ്യക്തിത്വാവകാശം നൽകുകയുണ്ടായി (Lake Erie Bill of Rights).

നദിയുടെ അവകാശങ്ങൾ

ജലവിനിയോഗം, മലിനീകരണം, അണക്കെട്ടു നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ അനിയന്ത്രിതമാകുമ്പോൾ നദികൾക്ക് അവയുടെ ‘വ്യക്തിത്വം’ നഷ്ടമാകുന്നു. ഇന്ന് മിക്കവാറും നദികളും അവയുടെ വൃഷ്ടിപ്രദേശങ്ങളും തണ്ണീർത്തടങ്ങളുമൊന്നും സ്വാഭാവിക സ്ഥിതിയിലല്ല ഉള്ളത്. വ്യവസായവത്കരണം കൂടുതലായി നടന്ന പ്രദേശങ്ങളിൽ മാറ്റങ്ങൾ ഭയാനകമാണ്. ആഗോളാടിസ്ഥാനത്തിൽ നടന്നിട്ടുള്ള പഠനങ്ങൾ നദികളുടെ അവസ്ഥ ശോചനീയമാകുവാനുള്ള അഞ്ചു പ്രധാന കാര്യങ്ങൾ എടുത്തുപറയുന്നു. അതിൽ ആദ്യത്തേത് അണക്കെട്ടു നിർമാണമാണ്. ജൈവവൈവിധ്യത്തിനു തടയിടുന്നതോടൊപ്പം സ്വതന്ത്രമായ ഒഴുക്ക് തടയപ്പെടുമ്പോൾ നദി അവിടവിടെയായി മുറിഞ്ഞുപോകുന്നു.

പ്രഭാവം നഷ്ടമാകുന്ന പുഴകളെക്കുറിച്ചു പറയുമ്പോൾ നമ്മുടെ സ്വന്തം ഭാരതപ്പുഴയാണ് ആദ്യം ഓർമയിലെത്തുക. നദിയുടെ സ്വച്ഛമായ ഒഴുക്കിനെയും ജൈവസമ്പത്തിനെയും ബാധിക്കാത്ത രീതിയിലായിരിക്കണം മനുഷ്യന്റെ ഇടപെടലുകൾ എന്ന് മരിച്ചുകൊണ്ടിരിക്കുന്ന ഈ നദി ഓർമിപ്പിക്കുന്നു.

നദിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന അടുത്ത വിഷയം മലിനീകരണമാണ്. ചില പ്രദേശങ്ങളിലെ നദികൾ മാലിന്യം ഉപേക്ഷിക്കാനുള്ള സ്ഥലമാകുന്നത് അവിടത്തെ ജീവജാലങ്ങൾക്കു ഭീഷണിയായി മാറുന്നു. നദികളുടെ അവസ്ഥയെ ബാധിക്കുന്ന മറ്റൊരു ഘടകം കാലാവസ്ഥ വ്യതിയാനമാണ്. ഏറിവരുന്ന വർഷപാതവും തുടർന്നുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളും നദികളുടെ ഘടനയിൽതന്നെ മാറ്റങ്ങൾ വരുത്തുന്നു. നദികൾക്ക് നിയമപരമായ വ്യക്തിത്വത്തിന് അർഹതയുണ്ടെങ്കിൽ നദികളെ തങ്ങളുടെ ലാഭത്തിനും സുഖജീവിതത്തിനുമായി ഉപയോഗിച്ച് അവയുടെ ‘വ്യക്തിത്വത്തെ’ കടന്നാക്രമിക്കുന്ന മനുഷ്യരും സ്ഥാപനങ്ങളും ശിക്ഷയർഹിക്കുന്നു എന്നാണ് ഈ നിയമത്തിന്റെ ഏറ്റവും ലളിതമായ വ്യാഖ്യാനം.

നദിക്ക് സാർവത്രികമായി അംഗീകരിക്കപ്പെട്ട ആറ് അവകാശങ്ങളുണ്ട്. ഒഴുക്കു നിലനിർത്തുക; ആവാസവ്യവസ്ഥ പരിരക്ഷിക്കുക; മാലിന്യമുക്തമാക്കുക; ജലസ്രോതസ്സുകളിൽനിന്നു വെള്ളം സ്വീകരിക്കുകയും തിരികെ നൽകുകയും ചെയ്യുക; ജൈവവൈവിധ്യം നിലനിർത്തുക, സ്വന്തം അവസ്ഥയിൽ ക്ഷയമുണ്ടായാൽ പുനഃസ്ഥാപിക്കപ്പെടുക.

ഈ വിഷയത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഏറ്റവും പുതിയ നിയമനിർമാണം നടന്നത് ന്യൂസിലൻഡിലാണ്. നദിയും ഒരു വ്യക്തിയെപ്പോലെയാണെന്നും അവക്കും അവകാശങ്ങളുണ്ടെന്നും നിയമത്തിന്റെ ബലത്തിൽ സ്ഥാപിച്ച്, ശോഷിച്ചു പോകുമായിരുന്ന നദിയുടെ പ്രഭാവം വീണ്ടെടുത്ത സംഭവം പരിസ്ഥിതിസംരക്ഷണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. 700 വർഷമായി ന്യൂസിലൻഡിലെ മഓറി (Maori) വംശജർ വാൻഗൗവ്നി (Whanganui) നദിയുടെ പുനരുദ്ധാരണത്തിന് പരിശ്രമിക്കുകയായിരുന്നു. 200 കിലോമീറ്ററിലധികം നീളത്തിൽ, ഗ്രാമങ്ങളെ തൊട്ടുരുമ്മി ഒഴുകി അവസാനം ടാസ്മാൻ കടലിൽ ചേരുന്ന നദി മഓറികളുടെ ജീവന്റെ ഭാഗമാണ് -അല്ല ജീവൻ തന്നെയാണ്.

‘ഞാനാണ് നദി, നദി ഞാൻ തന്നെയാണ്’ എന്നാണ് അവരുടെ പഴമൊഴികളിലൊന്ന്. ഈ പഴഞ്ചൊല്ലിനെക്കുറിച്ചറിഞ്ഞപ്പോൾ ‘തദ് ത്വം അസി’ അഥവാ, ‘അത് നീയാകുന്നു’, എന്ന ഛാന്ദോഗ്യോപനിഷത്തിലെ മഹദ്‍വചനം ഓർമിച്ചുപോയി. വ്യക്തിയും പരമമായ ശക്തി (ദൈവം) യുമായുള്ള ബന്ധമാണ് ഇതിലൂടെ വിവക്ഷിക്കുന്നത്. ഭൂമിയിലെ എല്ലാ വസ്തുവിലും ആ അദൃശ്യശക്തിയുടെ കൈയൊപ്പുണ്ട്. അതുതെന്നയല്ലേ, ‘ഞാൻ തന്നെയാണ് നദി’ എന്ന പഴഞ്ചൊല്ലും ഓർമിപ്പിക്കുന്നത്?

ആത്മാവിനു തുല്യമായ പുണ്യനദിയെ സംരക്ഷിക്കുവാൻ ദേശവാസികൾ പോരാടിക്കൊണ്ടിരുന്നു. നദിയിലേക്കു പതിക്കുന്ന നീർച്ചാലുകൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നശിപ്പിക്കുകയും അമിതമായി ചരൽ നീക്കുകയും ചെയ്തപ്പോൾ നദി വല്ലാതെ മലിനമാക്കപ്പെട്ടു. എന്നാൽ, 2017ൽ ന്യൂസിലൻഡ് ഭരണകൂടം വാൻഗൗവ്നി നദിക്ക് നിയമപരമായ വ്യക്തിത്വാവകാശം അനുവദിച്ചത് പ്രകൃതിയുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്ന നീക്കമായി മാറി. ഈ നിയമപ്രകാരം നദി ‘ജീവനുള്ള’ ഒരു വസ്തുവായി പരിഗണിക്കപ്പെടും. ഒരു വ്യക്തിക്കുള്ളതുപോലെ എല്ലാ അധികാരങ്ങളും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ബാധ്യതകളും വാൻഗൗവ്നി നദിക്ക് ഉണ്ടായിരിക്കും.

ഇന്ത്യയിലും സമാനമായ നടപടികൾ സ്വീകരിക്കപ്പെട്ടു എന്നത് സ്വാഗതാർഹമാണ്. 2017ൽ ഉത്തരാഖണ്ഡ് ഹൈകോടതി ഗംഗ, യമുന നദികൾക്ക് ‘വ്യക്തിത്വം’ അനുവദിച്ച് ഉത്തരവിറക്കുകയുണ്ടായി. എന്നാൽ ഇവ ഉത്തരാഖണ്ഡിന്റെ അതിർത്തികൾക്കപ്പുറം ഒഴുകുന്നു എന്ന കാരണത്താൽ ഒരു സംസ്ഥാനത്തിന് മാത്രമായി ആ നിയമം ബാധകമാക്കുന്നതിന്റെ സാധുത ചോദ്യംചെയ്ത് ആ വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഫെബ്രുവരി 2019ൽ ബംഗ്ലാദേശും നദികളുടെ വ്യക്തിത്വത്തെ അംഗീകരിച്ച് നിയമനിർമാണം നടത്തുകയുണ്ടായി.

തണ്ണീർതടങ്ങൾ, ജലസ്രോതസ്സുകൾ, സസ്യസമ്പത്ത്, അന്തരീക്ഷം തുടങ്ങി കടലും കായലുകളുമെല്ലാം നദിയുടെ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നദീ സംരക്ഷണം ഒറ്റപ്പെട്ടു നടത്താവുന്ന ഒരു സംഗതിയല്ല. ശാസ്ത്രീയ പഠനങ്ങളും വിവരസമാഹരണവും അതിന് ആവശ്യമാണ്. പ്രകൃതിയുടെ സംരക്ഷണം ഭൂമിയുടെ സംരക്ഷണമാണ്. മനുഷ്യരാശിയുടെ ദീർഘകാല നിലനിൽപിനുള്ള അടിത്തറയാണത്.

മുന്നിൽ രണ്ടു വഴികൾ മാത്രം

മാനവരാശി ഒരു നിർണായക ഘട്ടത്തിലൂടെ കടന്നു പോകുകയാണെന്നും നമുക്കു മുന്നിൽ രണ്ടു വഴികൾ മാത്രമാണുള്ളതെന്നുമുള്ള തിരിച്ചറിവ് ഇപ്പോൾ ശക്തമാണ്. ഒന്നുകിൽ പ്രകൃതിയുമായി ഒത്തുചേർന്നു പോകുവാൻ നാം ശീലിക്കണം. അല്ലെങ്കിൽ വിനാശകരമായ അനന്തരഫലങ്ങൾ അനുഭവിക്കുവാൻ തയാറെടുക്കണം.

പ്രകൃതിയുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ആശയം പ്രാവർത്തികമാക്കുമ്പോൾ മനുഷ്യൻ ചെറുതല്ലാത്ത ചില ത്യാഗങ്ങൾ ചെയ്യേണ്ടതായി വരും. അനുവർത്തിച്ചുവരുന്ന പല ശീലങ്ങളും മാറ്റേണ്ടിവരും. ഇക്കാലമത്രയും ഏകപക്ഷീയമായി പ്രകൃതിയെ ഉപയോഗിച്ചുകൊണ്ടിരുന്ന മനുഷ്യൻ അതിനു തയാറാകുമോ എന്നതാണ് പ്രധാന ചോദ്യം. അതിനു തയാറല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരും.

പ്രകൃതിയെ അമ്മയോടുപമിച്ച് അതിനു സംഭവിക്കുന്ന അപചയത്തിൽ മനുഷ്യവർഗത്തിന്റെ പരമവിനാശം മുന്നിൽ കണ്ട കവിയാണ് ഒ.എൻ.വി. കുറുപ്പ്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കവിത മക്കളാൽ അപമാനിക്കപ്പെട്ട ഭൂമാതാവിനുള്ള ചരമക്കുറിപ്പാണ്.

പ്രസിദ്ധ പരിസ്ഥിതി ജേണലിസ്റ്റ് നെസ്റ്റർ റാമോസ് (Nestor Ramos)2018 നവംബർ 29ന് ഭൂമിക്കൊരു ചരമക്കുറിപ്പെഴുതി. അതിന്റെ സാരാംശം ഇതായിരുന്നു: ഭൂമിയിലെ അതുല്യമായ സാഹചര്യങ്ങൾ അമീബ പോലുള്ള സൂക്ഷ്മജീവികൾക്കും വടവൃക്ഷങ്ങൾക്കുമെല്ലാം വളരുവാനുള്ള ഇടമായിരുന്നു. പക്ഷേ ജീവൻ തുടിക്കുന്ന ഈ നീലഗ്രഹത്തിനു മേൽ ആധിപത്യം സ്ഥാപിച്ച മനുഷ്യൻ ഒടുവിൽ അതിനെ നശിപ്പിച്ചു.

ഭൂമിയുടെ മരണം അദ്ദേഹം ഇങ്ങനെ റിപ്പോർട്ട്ചെയ്തു: ‘മനുഷ്യരാശിയുമായുള്ള നീണ്ടയുദ്ധത്തിന്റെ അവസാനം നീലഗ്രഹം അന്തരിച്ചു (തീയതി തീരുമാനിക്കപ്പെട്ടിട്ടില്ല). 4.543 ബില്യണായിരുന്നു പ്രായം. മരണകാരണം: നിഷ്ക്രിയത്വം. ഒ.എൻ.വി. കുറുപ്പും റാമോസും മുന്നിൽകാണുന്നത് ഭൂമിയുടെ ആസന്ന മരണമാണ്. ഭൂമിയുടെ കാവലാളുകളായി മനുഷ്യരാശി മാറേണ്ടിയിരിക്കുന്നു എന്ന് ഓർമിപ്പിക്കുകയാണ് ഇവർ.

പ്രപഞ്ചത്തിന്റെ കാണാപ്പുറങ്ങളിൽ മറഞ്ഞിരിക്കുന്ന, അറിയപ്പെടാത്ത ഏതോ വിദൂരഗ്രഹത്തിൽ ജീവന്റെ കണികകൾ തേടുന്ന മനുഷ്യൻ ഭൂമിയുടെ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. 4500 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് പിറന്നുവീണ ഭൂമിയിൽ ജീവന്റെ തുടിപ്പുകൾ പ്രത്യക്ഷപ്പെട്ടതു തന്നെ എത്രയോ ദശലക്ഷം വർഷങ്ങൾ പിന്നിട്ട ശേഷമാണ്. പിന്നെയും അനേകം ദശലക്ഷം വർഷങ്ങൾ പിന്നിട്ട ശേഷമാണ് വ്യത്യസ്തങ്ങളായ ജീവജാലങ്ങൾ ഭൂമിയിൽ വേരുറപ്പിച്ചത്.

ഏതാണ്ട് ആറ് ദശലക്ഷം വർഷങ്ങൾക്കു മുമ്പു മാത്രമാണ് മനുഷ്യരുടെ പൂർവികരായ ഹോമിനിഡുകൾ പിറന്നത്. അവരുടെ തുടർന്നുള്ള വളർച്ചയും വികാസവും ആഫ്രിക്കൻ ഭൂഖണ്ഡത്തിലായിരുന്നു. അവിടെനിന്ന് പല ഭൂപ്രദേശങ്ങളിലേക്കു കുടിയേറുവാൻ തുടങ്ങിയത് ഏതാണ്ട് 70,000 വർഷങ്ങൾക്കു മുമ്പ് മാത്രമാണ്. അതായത് ഭൂമിയുടെ വയസ്സായ 4500 ദശലക്ഷം വർഷങ്ങളെ 24 മണിക്കൂർ നീളുന്ന ഒരു ഘടികാരത്തിനു സമമായിക്കണ്ടാൽ ഭൂമിയിൽ മനുഷ്യനെത്തിയത് 77 നിമിഷങ്ങൾക്കു മുമ്പ് മാത്രമാണ് എന്ന് കാണാവുന്നതാണ് -ഒരു മിനിറ്റും 17 സെക്കൻഡുകളും. ആ ചെറിയ ഇടവേളയിൽ മനുഷ്യൻ എന്തൊക്കെ ചെയ്തുകൂട്ടി.

ശതകോടി വർഷങ്ങളായി എല്ലാ ജീവജാലങ്ങൾക്കുമായി ഭൂമി കരുതിവെച്ച സമ്പത്തുകൾ ആധുനിക മനുഷ്യന്റെ ആവശ്യങ്ങൾക്കു മാത്രമല്ല, ആഡംബരങ്ങൾക്കു വേണ്ടിക്കൂടി ചൂഷണംചെയ്യപ്പെട്ടു. മറ്റെല്ലാ ജീവജാലങ്ങൾക്കും മേലെ ആധിപത്യം സ്ഥാപിച്ച്, കടലും കരയും ബഹിരാകാശവുമെല്ലാം അവൻ കീഴ്പ്പെടുത്തി. അതൊക്കെ ചെയ്യുമ്പോഴും അവനും വരാനിരിക്കുന്ന തലമുറകൾക്കും അവരുടെ എല്ലാ സൗഭാഗ്യങ്ങളോടെ ജീവിക്കുവാൻ ഈ ഒരു ഭൂമി മാത്രമാണുള്ളത് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. ഭൂമിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിലൂടെ മാത്രമാണ് മനുഷ്യരാശിയുടെ നിലനിൽപ് എന്ന സത്യം അംഗീകരിക്കാൻ ഇനി വൈകരുത്.

(kusalaraj@gmail.com) (അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentnature
News Summary - human being Standing on the counter
Next Story