Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാധ്യമങ്ങളുടെ...

മാധ്യമങ്ങളുടെ വിശ്വാസ്യത എങ്ങനെ വീണ്ടെടുക്കും?

text_fields
bookmark_border
trust in media
cancel

ഇന്ത്യയിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച ഒരു രാഷ്ട്രീയക്കാരൻ നരേന്ദ്ര മോദിയാണ്. പ്രധാനമന്ത്രിയായ കാലഘട്ടത്തിനിടയിൽ, മാധ്യമ പ്രവർത്തകരുടെ മുൻകൂട്ടി അംഗീകാരം വാങ്ങിയിട്ടില്ലാത്ത ഒരു ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയിട്ടില്ല. ഒരു വാർത്തസമ്മേളനംപോലും നടത്തിയിട്ടില്ല. 2019 മേയ് 17ന് നടന്ന വാർത്തസമ്മേളനത്തിലാകട്ടെ 30 മിനിറ്റ് നേരവും അദ്ദേഹം നിശ്ശബ്ദനായിരുന്നു, അദ്ദേഹത്തോടുള്ള ചോദ്യങ്ങൾക്ക് അടുത്തിരുന്ന അമിത് ഷായാണ് ഉത്തരം നൽകിയത്.

പ്രോപണ്ടഗ വിദഗ്ധരായ ചില ടി.വി അവതാരകരുമൊത്ത് ചില അഭിമുഖ നാടകങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ ഉന്നയിക്കപ്പെട്ട ലളിതമായ ചോദ്യങ്ങളാവട്ടെ സ്വയം പുകഴ്ത്തിയുള്ള ചെറുപ്രസംഗങ്ങൾ കണക്കെയുള്ള ഉത്തരങ്ങൾക്ക് ​വേണ്ടിയുള്ളവയായിരുന്നു.

പക്ഷേ, മാധ്യമ ഉടമകളും എഡിറ്റർമാരും ജനാധിപത്യത്തിന്റെ നാലാംതൂൺ എന്ന നിലയിലെ തങ്ങളുടെ ദൗത്യത്തിൽ വിട്ടുവീഴ്ച ചെയ്ത് അദ്ദേഹത്തിന്റെ ഇംഗിതത്തിന് വഴങ്ങിയതിന്റെ ഫലമായി മോദി ടെലിവിഷനും പത്രങ്ങളും മുഖേന സംസാരിച്ചുകൊണ്ടിരിക്കുന്നു.

ടെലിവിഷൻ ചാനലുകൾ പലപ്പോഴും മോദിയുടെ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ മുഴുവനായി സംപ്രേഷണം ചെയ്യുന്നു, നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന ദൃശ്യങ്ങൾ തങ്ങളുടെ കാമറകളിൽ നിന്നല്ല, മറിച്ച് ഭാരതീയ ജനത പാർട്ടിയുടെ കാമറകളിൽനിന്നാണ് എന്ന കാര്യം പ്രേക്ഷകരോട് പറയാതെ തന്നെ.

പ്രധാനമന്ത്രിയെന്ന നിലയിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് മോദി നടത്തുന്ന ഭൂരിഭാഗവും വിരസമായ പ്രഖ്യാപനങ്ങളും അനന്തമായ ഉദ്ഘാടന ഘോഷങ്ങളും പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമപ്രവർത്തകർ എന്ന് അവകാശപ്പെടുന്ന പലരും അദ്ദേഹത്തിന്റെ സമൂഹ മാധ്യമ സംഘത്തിന്റെ ഭാഗമെന്ന മട്ടിലാണ് മോദിയുടെ പോസ്റ്റുകൾ പങ്കുവെക്കുന്നത്.

ഈ കാലയളവിൽ ടെലിവിഷൻ വാർത്താ ചാനലുകൾ വിഷമയമായ ഒരു നാടകംകളിയിലേക്ക് മാറി. സർക്കാർ നയങ്ങളെ വിമർശിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന തെറ്റായ വിവരങ്ങൾ നൽകൽ, മുസ്‍ലിംകൾക്കെതിരായ വിദ്വേഷം പടർത്തൽ, മത-സാമുദായിക വിഭജനം വളർത്തൽ, പ്രതിപക്ഷ പാർട്ടികൾക്കും ബി.ജെ.പി ഇതര സംസ്ഥാന സർക്കാറുകൾക്കുമെതിരെ ബി.ജെ.പി രൂപകൽപന ചെയ്ത കാമ്പയിനുകളെ പിന്തുണക്കൽ എന്നിവയെല്ലാമായി അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ. രാഷ്ട്രീയ പക്ഷപാതികൾ തമ്മിൽ ചെവിപൊട്ടിക്കുന്ന ശബ്ദത്തിൽ നടത്തുന്ന ആർപ്പുവിളി മത്സരത്തെയാണ് അവർ ‘ചർച്ച’ എന്ന് വിളിക്കുന്നത്, വാർത്താ അവതാരകർ അതിനിടയിൽ പ്രകോപനം സൃഷ്ടിക്കുകയും സജീവ പക്ഷപാതിത്വം പുലർത്തുകയും ചെയ്യുന്നു. മറ്റൊരാളുടെ വേദനയിൽ തൃപ്തിപ്പെടുന്നവർക്ക് മാത്രമേ സ്വമേധയാ ഇത്തരം സായാഹ്നങ്ങളിലൂടെ ഒന്നിലധികം തവണ കടന്നുപോകാൻ സാധിക്കുകയുള്ളൂ.

ഇത് ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ല. ഇന്ത്യയിലെ ടി.വി വാർത്തക്ക് പണ്ടേക്കുപണ്ടേ ഇത്തര​മൊരു വിപരീത രീതിയുണ്ട്. പൊതുജനങ്ങളോട് നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ കഴിയുമായിരുന്ന യുക്തിസഹമായ വിഷയങ്ങളിൽപ്പോലും കോളജ് സംവാദ മാതൃകയിൽ രാഷ്ട്രീയ എതിരാളികളെ രണ്ട് വശങ്ങളിൽ പ്രതിഷ്ഠിച്ച് ആരോപണ-പ്രത്യാരോപണങ്ങളുടെ മല്ലയുദ്ധമാക്കി മാറ്റുന്നു. അതിലെ ഏറ്റവും വിജയകരമായ കളിക്കാരിൽ ഒരാളുടെ വാക്കുകൾ പ്രകാരം, ഇന്ത്യയിലെ വാർത്താചാനലുകൾ ‘ഇൻഫോടെയ്ൻമെന്റ്’ ആയിരുന്നു - വേൾഡ് റെസ്‍ലിങ് എന്റർടെയ്ൻമെന്റിന്റെ (WWE) വാർത്താ പതിപ്പ്.

യുക്തിബോധമുള്ള, ചിന്താശേഷിയുള്ള മാധ്യമ പ്രവർത്തകരും, സമസ്ത മേഖലകളിലുമുള്ള വിദഗ്ധരുമെല്ലാം മാധ്യമങ്ങളുടെ ഇന്ന് നാം കാണുന്ന മട്ടിലുള്ള രാക്ഷസീയരൂപം സൃഷ്ടിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ആളുകളാൽ തിരിച്ചറിയപ്പെടുന്നതിന്റെയും, ചിലപ്പോഴൊക്കെ നൽകപ്പെടുന്ന ചെക്കുകളുടെയും പ്രലോഭനത്തിൽപ്പെട്ട്, തങ്ങളുടെ സാന്നിധ്യം ഈ വിഷമയമായ അവസ്ഥക്ക് എതിരായി പ്രവർത്തിക്കുമെന്ന് സ്വയം വിശ്വസിപ്പിച്ച് അവരിൽ പലരും ടി.വി ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നു.

ഈ മത്സരത്തിൽ നഷ്ടം പറ്റിയത് മാധ്യമ പ്രവർത്തനത്തിനാണ്. ഇവിടെ നേരത്തേതന്നെ പ്രത്യയശാസ്ത്രപരമായി പക്ഷപാതമുള്ള മാധ്യമ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് സീ, ദൈനിക് ജാഗരൺ ഗ്രൂപ്പുകളുടെ ഉടമകൾക്ക് ബി.ജെ.പിയുടെ പിതൃരൂപമായ ആർ.എസ്.എസുമായുള്ള ബന്ധം സകലർക്കും അറിയുന്ന കാര്യമാണ്. അവർക്ക് രാഷ്ട്രീയ പക്ഷപാതിത്വം അത്ര എളുപ്പം മറച്ചുപിടിക്കാനുമാവില്ല.

മറ്റു ചില മാധ്യമ സ്ഥാപനങ്ങൾ തങ്ങളുടെ അടിത്തട്ടിനെക്കുറിച്ചും സർക്കാറിലേക്കുള്ള പ്രാപ്യതയെക്കുറിച്ചും ആദായ നികുതി വകുപ്പ് സൃഷ്ടിക്കുന്ന പുതിയ ഭയത്തെക്കുറിച്ചും കൃത്യമായ ബോധ്യമുള്ളവരാണ്. അവർക്ക് ഒരു വെടിക്ക് രണ്ട് പക്ഷികളെ വീഴ്ത്താമെന്ന് മനസ്സിലാക്കി - തങ്ങളുടെ പക്ഷത്ത് നിൽക്കുക എന്ന ബി.ജെ.പി സർക്കാറിന്റെ ആവശ്യം നിറവേറ്റുക, ഒപ്പം എല്ലാ വശങ്ങളും പറയുന്നു എന്ന് വരുത്തിത്തീർത്ത് തങ്ങൾ വശീകരിച്ച് വെച്ചിരിക്കുന്ന നിലവാരമില്ലാത്ത പ്രേക്ഷകർക്ക് കൂടുതൽ വിഷലിപ്തമായ ഇൻഫോടെയ്ൻമെന്റ് നൽകുക. യഥാർഥ മാധ്യമപ്രവർത്തനത്തിനുള്ള ഇടം അപ്രത്യക്ഷമായിരിക്കുന്നു. വിശിഷ്യാ ടെലിവിഷൻ രംഗത്ത്. തീരെ ചുരുക്കം അപവാദങ്ങളില്ലെന്നല്ല, അവ വിരലിലെണ്ണാവുന്നത്ര പോലുമില്ല.

തങ്ങൾ ഇനിമേൽ ഈ വിദ്വേഷനാടകത്തിൽ പങ്കുപറ്റാനില്ലെന്ന് പ്രതിപക്ഷ രാഷ്ട്രീയ കൂട്ടായ്മയായ ‘ഇൻഡ്യ’ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നു. തങ്ങൾ വിട്ടു നിൽക്കുന്ന ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ 14 അവതാരകരുടെ പട്ടികയും അവർ പുറത്തുവിട്ടു. ഈ 14 പേരുടെ പ്രൈംടൈം ഷോകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾ പ്രഫഷനൽ മാധ്യമ പ്രവർത്തനം എന്ന് പറയാനുള്ള ഏതെങ്കിലും യോഗ്യതകൾ പോലും കാലങ്ങൾക്കുമുമ്പേ കൈയൊഴിഞ്ഞവയാണ്. അപ്പോൾ ഒരു ചോദ്യമുയരുന്നു: ഈ രാഷ്ട്രീയപ്പാർട്ടികൾ ഇത്തരമൊരു തീരുമാനമെടുക്കാൻ എന്തുകൊണ്ട് ഇത്ര ​​വൈകി? പ്രത്യക്ഷപ്പെട്ട മാധ്യമ പ്രവർത്തകരെയും വിഷയവിദഗ്ധരെയും പോലെ തങ്ങളുടെ പങ്കാളിത്തംകൊണ്ട് ഈ രാഷ്ട്രീയപാർട്ടികളും ആ ചാനലുകളിലെ വിഷമയമായ ചർച്ചകൾക്ക് സാധുതയും ഇത് അംഗീകരിക്കാൻ പറ്റുന്ന മാധ്യമ പ്രവർത്തന രീതിയാണെന്ന സമ്മതവും പകർന്നിരുന്നു.

ഇനി ചോദിക്കേണ്ട ഒരു കാര്യം: ഇനിയും ഈ പാർട്ടി നേതാക്കളും അവരുടെ അംഗങ്ങളും ഈ മാധ്യമ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന, അവരുടെ വരുമാനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുകളിലൊന്നായ കോൺക്ലേവുകളിലും സമ്മിറ്റുകളിലും തിങ്ക് ഫെസ്റ്റുകളിലും പ​ങ്കെടുക്കുമോ ഇല്ലയോ എന്നതാണ്. ഈ കമ്പനികൾ നടത്തുന്ന ദിനപത്രങ്ങളിൽ പരസ്യം നൽകുന്നതിനായി ഇനിയും അവർ പണം ചെലവിടുമോ? അതോ ടി.വിഷോകളിൽ നിന്നുള്ള വിട്ടുനിൽപ് വെറുമൊരു പ്രതീകാത്മക നീക്കം മാത്രമാണോ​?

‘ഇൻഡ്യ’ സഖ്യത്തിന്റെ വിട്ടുനിൽപ്പിനോട് ഈ പട്ടികയിൽ ഉൾപ്പെടുന്ന അവതാരകരും സർക്കാറും ബി.ജെ.പിയും നടത്തിയ പ്രതികരണം സമാനസ്വരത്തിലായിരുന്നു എന്നത് അവർ തമ്മിലുള്ള ധാരണക്ക് അടിവരയിടുന്നു. തങ്ങളുടെ പരിപാടിയിൽ പ​ങ്കെടുക്കാൻ വിസമ്മതിച്ച രാഷ്ട്രീയ പാർട്ടികൾ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നവരായി പ്രഖ്യാപിക്കപ്പെട്ടു-സത്യത്തെ മറച്ചുവെച്ചുള്ള ഇത്തരം പ്രസ്താവനകളാണ് അവർ മയക്കിനിർത്തിയിരിക്കുന്ന പ്രേക്ഷകരെയും ഷോയിൽ പ​ങ്കെടുക്കുന്നവരെയും കുടുക്കുന്ന കൃത്രിമ മനഃശാസ്ത്രക്കളിയുടെ കാതൽ.

അവരുടെ തൊഴിലുടമകൾ അതാഗ്രഹിക്കുന്നിടത്തോളം കാലം ഓരോ വൈകുന്നേരവും ബി.ജെ.പിക്ക് വേണ്ടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്നും വിദ്വേഷവും ​കുപ്രചാരണങ്ങളും പരത്തുന്നതിൽനിന്നും അവരെ തടയാൻ യാതൊന്നിനും സാധിക്കില്ല എന്നതാണ് വസ്തുത.

മറ്റു ചില മാധ്യമങ്ങൾ നടത്തിയ പ്രതികരണവും നിലവിൽ ഇന്ത്യയിൽ മാധ്യമപ്രവർത്തനം എവ്വിധം നടക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. ഏതാണ്, അല്ലെങ്കിൽ ആരാണ് ശരിയായ മാധ്യമപ്രവർത്തകർ, ആരാണ് പ്രചാരവേലക്കാർ എന്ന് വ്യക്തമായി പറയാൻ കഴിയാത്ത തരത്തിൽ മാധ്യമപ്രവർത്തനവും പ്രചാരവേലയും തമ്മിലെ അതിര് മാഞ്ഞുപോയിരിക്കുന്നു. പണ്ട് വ്യവസ്ഥയെ വെല്ലുവിളിച്ച് പ്രശസ്തി കൈവരിച്ച പത്രങ്ങൾ പോലും ബി.ജെ.പിയുടെ പ്രചാരണ സാഹിത്യങ്ങളെ അക്കാര്യം വ്യക്തമാക്കാതെ ലേഖനങ്ങളും അഭിമുഖങ്ങളും വാർത്തകളുമെല്ലാമായി പ്രസിദ്ധീകരിക്കുന്നു.

ബി.ജെ.പി സർക്കാർ രാജ്യത്തെ രഹസ്യാന്വേഷണ -റവന്യൂ ഏജൻസികളെ ഉപയോഗിച്ച് മാധ്യമ സ്ഥാപന ഉടമസ്ഥരെയും പത്രപ്രവർത്തകരെയും പിന്തുടരുകയും

തങ്ങളുടെ ജോലി ചെയ്യുന്ന റിപ്പോർട്ടർമാരെ അറസ്റ്റിലാക്കുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ഇത് മികച്ച ബാലൻസിങ് നടപടിയായി വിശദീകരിക്കപ്പെടുകയും ഉദാരമായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.

പ്രതിപക്ഷ രാഷ്ട്രീയക്കാരെയും ടി.വി ചർച്ചകളിലെ സ്വതന്ത്ര വിദഗ്ധരെയും പോലെ ഈ ബാലൻസിങ് നടപടി ഇന്ത്യയിലെ മാധ്യമങ്ങൾ സ്വതന്ത്രവും ശക്തവുമായി തുടരുന്നു എന്ന മിഥ്യാധാരണ ശാശ്വതമാക്കാൻ ബി.ജെ.പിയെ അനുവദിക്കുന്നു.

സ്വതന്ത്ര മാധ്യമങ്ങളെ സമ്പൂർണമായി ബഹിഷ്കരിച്ച മോദിയും ബി.ജെ.പിയും മാധ്യമ വ്യവഹാരങ്ങൾക്ക് നിബന്ധനകൾ നിർണയിച്ചിരിക്കുന്നു. അധികപേരും അതിനനുസൃതമായി അണിനിരന്നു. ഇതിനെല്ലാമിടയിലും ചിലർ (ടി.വി ചാനലുകളല്ല-ഓൺലൈൻ അച്ചടി മാധ്യമങ്ങൾ) മാധ്യമ പ്രവർത്തകർ ചെയ്യേണ്ട കർത്തവ്യമെന്തോ അത് തുടരുന്നു: അവർ ജനങ്ങളെ കാര്യങ്ങൾ അറിയിക്കുന്നു, പൊതുസംവാദം ഉണർത്തുന്നു, ഭരണകൂട​ത്തെ ഉത്തരവാദിത്തങ്ങൾ ഓർമപ്പെടുത്തുന്നു, കുറഞ്ഞ പക്ഷം കാര്യങ്ങൾ വിളിച്ചുപറയുകയെങ്കിലും ചെയ്യുന്നു.

ഇന്ത്യയിലെ മാധ്യമ പ്രവർത്തനത്തിന്റെ വീണ്ടെടുപ്പിന് ആവശ്യമായ ആദ്യ ചുവട്, ഇപ്പോഴും മാധ്യമ പ്രവർത്തനം തുടരുന്ന ആളുകൾ തങ്ങളും മാധ്യമപ്രവർത്തന രീതികളെ തീവ്രവും വിദ്വേഷമയവുമായ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന മുൻ സഹപ്രവർത്തകരും തമ്മിലെ വ്യത്യാസമെന്തെന്ന് തുറന്നുപറയാൻ പഠിക്കുക എന്നതാണ്. ഈ വേർതിരിവ് വ്യക്തമാക്കിക്കൊടുക്കുന്നതിൽ അവർ വരുത്തുന്ന വീഴ്ച ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പ്രചാരവേലക്കാർക്ക് വിശ്വാസ്യത സൃഷ്ടിച്ചുകൊടുക്കാനും ഫോർത്ത് എസ്റ്റേറ്റിനെയും അതുവഴി ജനാധിപത്യത്തെയും അട്ടിമറിക്കുന്നതിനുമുള്ള സംഭാവനയായി മാറുന്നു.

(ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ എഴുതുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് ലേഖിക)

Thanks to Scroll.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaIndia newsTrust
News Summary - How to regain trust in the media
Next Story