Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകേരളത്തെ ഒരു വിജ്ഞാന...

കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കുന്നതെങ്ങനെ?

text_fields
bookmark_border
educatio1
cancel

സംസ്ഥാനത്തെ ഒരു വിജ്ഞാന സമൂഹമായി രൂപാന്തരപ്പെടുത്തുമെന്നാണ് ​കേരളം ഭരിക്കുന്ന എൽ.ഡി.എഫ്​ സർക്കാറി​െൻറ വക്​താക്കൾ പതിവായി അവകാശപ്പെട്ടുപോരുന്നത്​​. വളരെ നല്ല കാര്യം. എന്നാൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക്​ തലം മുതൽ ദൈനംദിന ഭരണകാര്യങ്ങൾ വരെയുള്ള വിഷയങ്ങളിൽ ചാൻസലറായ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാൻ ഒരുവശത്തും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും ഒരുപരിധി വരെ മുഖ്യമന്ത്രി പിണറായി വിജയനും മറുവശത്തും നിലകൊണ്ട്​ നടത്തിവരുന്ന തരംതാണ വാഗ്വാദങ്ങളും അതിലെല്ലാം അത്യാഹ്ലാദത്തോടെ പ​ങ്കെടുക്കുന്ന പ്രതിപക്ഷ കക്ഷികളും ചേർന്ന്​ നാടിന്​ ഇത്രയേറെ നാണക്കേടുണ്ടാക്കിയ ഒരു കാലഘട്ടം ഇതാദ്യത്തേതാണെന്നു​ പറയേണ്ടിവരുന്നു.

കഴിഞ്ഞ എൽ.ഡി.എഫ്​ സർക്കാറിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിയായിരുന്ന ഡോ. കെ.ടി. ജലീൽ മഹാത്​മാഗാന്ധി സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിൽ നേരിട്ടും സ്വന്തം പ്രൈവറ്റ്​ സെക്രട്ടറിയിലൂടെയും മാർക്കുദാനം വരെയുള്ള നടപടികളിലൂടെ ഇടപെടൽ നടത്തിയെന്ന ആരോപണം നിരവധി അക്കാദമിക്​ വിദഗ്​ധരും മുൻ സിൻഡിക്കേറ്റ്​ അംഗങ്ങളും ഉന്നയിച്ചപ്പോഴും ഒരുവിധ പ്രതികരണവും സർക്കാറിന്‍റെയോ മുഖ്യമന്ത്രിയുടെയോ ഭാഗത്തുനിന്നുണ്ടായില്ല. സർവകലാശാലയുടെയും ചാൻസലർ പദവിയുള്ള സംസ്ഥാന ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനും അന്നൊന്നും ഇടപെട്ടിട്ടില്ല.

മഹാത്​മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ്​ അംഗമായിരുന്ന സമയത്ത്​ വിദ്യാഭ്യാസ വിചക്ഷണനായ ഡോ. ആർ. അനന്തമൂർത്തി എന്ന വി.സിയുടെ കീഴിൽ ആ സർവകലാശാല എത്രമാത്രം ഉന്നത അക്കാദമിക്​ മികവോടെയാണ്​ പ്രവർത്തനം നടത്തിയിരുന്നതെന്ന്​ ഇന്നും ഓർക്കുന്നു. ഡോ. കെ.എൻ. പണിക്കർ വൈസ്​ ചെയർമാനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിലവിൽ വന്നപ്പോൾ അതിന്‍റെ എക്സിക്യൂട്ടിവ്​ കമ്മിറ്റി അംഗമെന്ന നിലയിൽ കോഴിക്കോട്​ സർവകലാശാല സിൻഡിക്കേറ്റ്​ അംഗമായി ​സേവനം ചെയ്തപ്പോൾ ഇന്ന്​ നടക്കുന്ന വിധത്തിൽ, അക്കാദമിക്​ താൽപര്യങ്ങൾക്ക്​ നിരക്കാത്ത ഒന്നും നടത്തിയിരുന്നില്ല എന്ന്​ ആണയിട്ടു പറയാൻ ഇതെഴുതുന്നയാൾക്ക്​ കഴിയും.

ഏതായാലും കേരളത്തെ ഒരു 'നോളജ്​ സൊസൈറ്റി' ആക്കി മാറ്റാനുള്ള യജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ ഒരു അഴിച്ചുപണി അനിവാര്യമാണെന്ന ചിന്ത ഇന്നത്തെ എൽ.ഡി.എഫ്​ സർക്കാറിനുണ്ടായിട്ടുണ്ടെന്നത്​ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്​. അതിലേക്കായി മൂന്നു കമീഷനുകൾക്ക്​ രൂപം നൽകിയിട്ടുള്ളതായും കാണുന്നു; കൊള്ളാം.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ വലിയ പോരായ്​മയായി എണ്ണിപ്പോരുന്നത്​ വേണ്ടത്ര വിശകലനപാടവമോ ആശയവിനിമയ വൈദഗ്​ധ്യമോ ചരിത്ര പരിജ്ഞാനമോ ജനാധിപത്യ വ്യവസ്ഥയെ സംബന്ധിച്ച വ്യക്​തമായ ധാരണയോ ഇല്ലാത്ത ഒരു കൂട്ടം യുവാക്കളെ വാർത്തെടുക്കുന്നൊരു സംവിധാനമാവുന്നു എന്നതാണ്​. നമ്മുടെ സർവകലാശാലകൾ കേരളീയ സമൂഹത്തിന്‍റെ തനത്​ വ്യക്​തിത്വവും മുഖച്ഛായയും വെളിവാക്കുന്ന കണ്ണാടിയായിരിക്കണം. ഇത്തരമൊരു പരീക്ഷണം ആവശ്യമായി വരുമ്പോഴാണ്​ കേരളത്തിലെ സർവകലാശാലകൾ ദയനീമായി പരാജയപ്പെടുന്നതും പിന്തള്ളപ്പെടുന്നതും. സംസ്ഥാനത്തെ സർവകലാശാലകളടക്കം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടമാടുന്ന വിക്രിയകളെപറ്റി ജസ്റ്റിസ്​ വി.ആർ. കൃഷ്ണയ്യരോ ഡോ. സുകുമാർ അഴീക്കോടോ പ്രഫ. എം.എൻ. വിജയനോ ഇന്ന്​ ജീവിച്ചിരുന്നു എങ്കിൽ അവർ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന്​ അൽപം പിന്തിരിഞ്ഞു നോക്കിയാൽ മാത്രം മതിയാകും.

അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങൾക്കായി പാരിസ്ഥിതിക സുരക്ഷിതത്വം കണക്കിലെടുക്കാതെ, കോർപറേറ്റുകളുടെ വികസന ഭ്രാന്തിന്​ കേരളം ഉൾപ്പെടെ നിരവധി സംസ്ഥാന ഭരണകൂടങ്ങൾ വഴിപ്പെടുന്നുണ്ടെന്നതിനാൽ പ്രകൃതി ദുരന്തങ്ങൾക്കെതിരായി ഫലപ്രദമായ പ്രതിരോധമുയർത്താൻ നമുക്ക്​ കഴിയാതെ വരുന്നു. സമ്പന്ന വർഗത്തിനുവേണ്ടി സമൂഹസത്തിന്‍റെ പൊതുതാൽപര്യങ്ങൾ ബലികഴിക്കപ്പെടുന്നു. ആദിവാസി സമൂഹത്തിന്‍റെയും പട്ടികജാതി-വർഗ വിഭാഗങ്ങളുടെയും അവഗണന ഒരു തുടർക്കഥയായി മാറുന്ന കാഴ്ചയാണ്​ ഒരു ഇടതുപക്ഷ ഭരണകൂടം അധികാരത്തിലിരിക്കെപോലും കാണേണ്ടി വരുന്ന​ത്​. ലിംഗസമത്വം ഉറപ്പാക്കുന്നതിലും പ്രായോഗികതലത്തിൽ വരുമ്പോൾ വേണ്ടത്ര ശ്രദ്ധ ചെലുത്തിക്കാണുന്നില്ല. ഇതിനെല്ലാം ഉപരിയായി, തീർച്ചയായും ഇതിനേക്കാളെല്ലാം ഏറെ ഗുരുതരമായി കാണേണ്ടൊരു പ്രശ്നവും വെല്ലുവിളിയുമാണ്​ മതത്തിന്‍റെയും ജാതിയുടെയും പ്രാദേശികത്വത്തിന്‍റെയും പേരിൽ സമൂഹത്തിൽ പ്രകടമായി വരുന്ന ചേരിതിരിവും ഭിന്നിപ്പും. ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാതെ നമുക്കെങ്ങനെ ഒരു വിജ്ഞാന സമൂഹം എന്ന ലക്ഷ്യം നേടാൻ കഴിയും?

ഒരു വിജ്ഞാന സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ കേരളത്തിലെ രാഷ്ട്രീയ മുന്നണികൾ ഒരുപോലെ ഉത്തരവാദികളാണെന്നാണ്​ അശോക യൂനിവേഴ്​സിറ്റി അധ്യാപകൻ ഡോ. പുലാപ്രെ ബാലകൃഷ്ണൻ എഴുതിയ ഒരു ലേഖനത്തിൽ ('ദ ഹിന്ദു' ഡിസംബർ 31, 2021) ചൂണ്ടിക്കാണിക്കുന്നത്​. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ ഇടതുപക്ഷത്തിനുള്ള ഉത്തരവാദിത്തം സർവകലാശാലകളെ നാശത്തിലേക്ക്​ നയിച്ചതിന്‍റെ പേരിലാണെങ്കിൽ കോൺഗ്രസി​േൻറത്​ വിദ്യാഭ്യാസ മേഖലയെ മൊത്തത്തിൽ നാശത്തിലേക്ക്​ തള്ളിയിട്ടുവെന്നതാണ്​. മികവിന്​ പ്രാമുഖ്യം നൽകുന്നതിനു പകരം അനിയന്ത്രിതമായ ഭൗതിക ഉപഭോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമാക്കി ഉൽപാദന വർധനവിനു മാത്രം പ്രാധാന്യം നൽകിയത്​, ഇടതുപാർട്ടികൾക്ക്​ പറ്റിയ ഏറ്റവും ഗുരുതരമായ വീഴ്ചയാണെന്ന്​ അദ്ദേഹം തുറന്നുപറയുന്നു. സർവകലാശാലകളുടെയും കോളജുകളുടെയും എണ്ണത്തിൽ കുറവൊന്നുമില്ലെങ്കിലും അവയുടെ പ്രവർത്തന മികവാണ്​ പരമ ദയനീയാവസ്ഥയിലായിരിക്കുന്നത്​.

വികസനം അത്​ ഏത്​ മേഖലയുടേതായാലും കൂടുതൽ ഊന്നൽ നൽകേണ്ടത്​ ഗുണമേന്മക്കാണ്​; പ്രവർത്തന മികവിനാണ്​. സമ്പദ്​ വ്യവസ്ഥയുടെ വികസനമായാലും വിദ്യാഭ്യാസ വികസനമായാലും ഇതാണ്​ ശരിയായ ദിശ. ഇവിടെയാണ്​ കേരളത്തിലെ ഇടതുപക്ഷത്തിന്‍റെ കാലിടറിയത്​. അതുകൊണ്ടുതന്നെയാണ്​ സംസ്ഥാനത്താകെയുള്ള സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ മുൻകാലത്തുണ്ടായിരുന്ന നേട്ടങ്ങൾ നിലനിർത്താനും മെച്ചപ്പെടുത്താനും കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ യുനെസ്​കോയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റാൻ കേരളത്തിലെ ഇടതു ജനാധിപത്യ ഭരണകൂടത്തിന്​ സാധ്യമായതെന്നോർക്കുക. സമാനമായ മേന്മയും നിലവാരവും ഉന്നതവിദ്യാഭ്യാസ മേഖലക്ക്​ കൈവരിക്കാൻ സാധ്യമായിട്ടില്ല. ഈ താളംതെറ്റലിന്​ മുഖ്യകാരണം തലതിരിഞ്ഞ വികസന മുൻഗണന നിർണയരീതിയാണെന്നതാണ്​ അപ്രിയസത്യമായി കാണേണ്ടതും.

വിദ്യാഭ്യാസ മേഖല പരിഷ്കാരങ്ങൾ സംബന്ധിച്ചുള്ള വിഷയം ചർച്ച ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടൊരു കാര്യം 1950കളിൽ കോൺഗ്രസ്​ പാർട്ടി സ്വീകരിച്ച തെറ്റായ നിലപാടുകളാണ്​. കേരള സംസ്ഥാനം നിലവിൽ വന്നതിനുശേഷം നിലവിൽ വന്ന അവിഭക്​ത കമ്യൂണിസ്റ്റ്​ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ, മുഖ്യമന്ത്രി ഇ.എം.എസ്​ നമ്പൂതിരിപ്പാടിന്‍റെയും വിദ്യാഭ്യാസ മന്ത്രി പ്രഫ. ജോസഫ്​ മുണ്ടശ്ശേരിയുടെയും മുൻകൈയോടെ രൂപം നൽകി നടപ്പാക്കാനാരംഭിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടത്​ സംസ്ഥാനത്ത്​ ഉന്നത അക്കാദമിക്​ നിലവാരം ഈ മേഖലയിൽ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു.

എന്നാൽ, അന്ന്​ വിദ്യാഭ്യാസ മേഖലയിൽ ആധിപത്യമുണ്ടായിരുന്ന സംസ്ഥാനത്തെ മുഴുവൻ സ്ഥാപിത താൽപര്യക്കാരും ജാതി, മതഭേദമില്ലാതെ സർക്കാറിനെതിരെ അണിനിരക്കുകയാണല്ലോ ചെയ്തത്​. അതിനു തുടർച്ചയായി സർക്കാറിനെ പിരിച്ചുവിട്ടതോടെ വിദ്യാഭ്യാസ മേഖലയിൽ ജാതി, മതശക്​തികൾക്ക്​ പിടിമുറുക്കാനുള്ള അവസരമാണ്​ ലഭ്യമായത്​. വിദ്യാഭ്യാസ മേഖലയിലെ വാണിജ്യതാൽപര്യങ്ങൾ മാത്രം ഉയർത്തിപ്പിക്കുന്ന ജാതി, മതശക്​തികൾ അധ്യാപക നിയമനത്തിനുള്ള അർഹത വിവിധ തസ്തികകൾ 'ലേലം' ചെയ്യുമ്പോൾ ഏറ്റവും വലിയ തുക നൽകാൻ മുന്നോട്ടുവരുന്നവർക്കായി പരിമിതപ്പെടുത്തി, സർക്കാർ കോളജുകളിലെ പ്രവേശനവും അവിടങ്ങളിലേക്കുള്ള നിയമനങ്ങളും മാത്രമാണ്​ അക്കാദമിക്​ ബിരുദങ്ങളുടെ അടിസ്ഥാനത്തിലും ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്ത്വങ്ങൾ പരിഗണിച്ചും നടന്നുവന്നിരുന്നത്​.

സ്വകാര്യ കോളജ്​ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും സർക്കാർ നേരിട്ട്​ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകുന്ന സംവിധാനം നിലവിൽ വന്നതിനുശേഷവും പ്രസ്തുത സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന- നിയമന മാനദണ്ഡങ്ങളിൽ പണത്തിനും ജാതിക്കും തന്നെയാണ്​ മുൻതൂക്കം. സർവകലാശാലകളുടെ വൈസ്​ ചാൻസലർമാർ തുടങ്ങി, രജിസ്​ട്രാർമാർ വരെയുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങളും മുമ്പുണ്ടായിരുന്നത്ര പോലും കുറ്റമറ്റ രീതിയിൽ ഇന്നും നടക്കുന്നുണ്ടെന്ന്​ അവകാശപ്പെടാനാവില്ല. വിഭാഗീയതക്കും സ്ഥാപിത താൽപര്യങ്ങളുടെ അവിഹിത സ്വാധീനത്തിനും ഇടതുപാർട്ടികളും അവയുടെ അണികളും അതീതരല്ല എന്ന ആരോപണം വ്യാപകമായി നിലനിൽക്കുന്നുമുണ്ട്​. പ്രതിപക്ഷ മുന്നണി അധികാരത്തിലെത്തിയാലും ഇതിലൊന്നും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന്​ കരുതുന്നവർ തുലോം വിരളമാണ്​.

ചുരുക്കത്തിൽ, അധികാരത്തിൽ വരുന്നത്​ ഏത്​ മുന്നണിയാണെന്നതിനേക്കാൾ പ്രധാനം അവർക്ക്​ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കിത്തീർക്കാനുള്ള ഇച്ഛാശക്​തിയും പ്രതിബദ്ധതയുമുണ്ടോ എന്നതാണ്​. ഇതോടൊപ്പം ആഗോള വൈജ്ഞാനിക തലങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന അതിവേഗ മാനങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സാന്നിധ്യം നമ്മുടെ ഭരണകർത്താക്കൾക്കുണ്ടോ എന്നതും ഒരു പ്രശ്നമാണ്​. വിശിഷ്യ, ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിലും ആരോഗ്യ മേഖലയിലും പരിസ്ഥിതി-ഇക്കോളജി മേഖലകളിലും നടന്നുവരുന്ന മാറ്റങ്ങൾ സ്വാംശീകരിക്കാനുള്ള സന്നദ്ധതയും അനിവാര്യമാണ്​. ഇതിനെല്ലാം അനിവാര്യമായ ഘടകം രാഷ്ട്രീയ ഇച്ഛാശക്​തിയാണ്​, അതുമാത്രമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationKnowledgeKerala News
News Summary - How to make Kerala a knowledge society?
Next Story