Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രണ്ട് കേസുകൾ; രണ്ട് വിചാരണ
cancel

ദേശീയതലത്തിൽ ചർച്ചയാകുകയും അതിലൊന്ന് പെട്ടെന്ന് മുങ്ങിപ്പോകുകയും ചെയ്ത രണ്ട് ലൈംഗിക ചൂഷണ കേസുകൾ മഹാരാഷ്ട്രയിലെ നാസിക്കിൽ അരങ്ങേറുകയുണ്ടായി. രാഷ്ട്രീയ-ഭരണ ബന്ധങ്ങളുള്ള നിരവധി വനിതകളെ ജ്യോതിഷത്തിന്റെ പേരിൽ ലൈംഗികമായി ചൂഷണം ചെയ്യുകയും അതിന്റെയെല്ലാം വിഡിയോ എടുക്കുകയും ചെയ്ത വി.ഐ.പി ജ്യോതിഷി അശോക് ഖരാതിന്റെ കേസാണ് ഒന്ന്. ഈ കേസ് പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞ് പൊട്ടിപ്പുറപ്പെട്ടതാണ് രണ്ടാം കേസ്.

ടാറ്റ കൺസൾട്ടൻസി സർവിസിസിന്റെ (ടി.സി.എസ്) നാസിക് ബി.പി.ഒയിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ചുവെന്നും ആരോപിച്ച് ജീവനക്കാരി നൽകിയ പരാതിയും അതിനെതുടർന്ന് പല തലങ്ങളിലേക്ക് പടരുകയും ചെയ്തിരിക്കുന്നു. ഹിന്ദുത്വ ഹാൻഡിലുകൾ മുതൽ സംഘ് പരിവാർ അനുകൂല ദേശീയ മാധ്യമങ്ങൾവരെ ‘കോർപറേറ്റ് ജിഹാദ്’ എന്ന പേരിട്ട് ഇതിനെ വർഗീയ ധ്രുവീകരണത്തിനുള്ള ആയുധമായി ഉപയോഗിക്കുകയാണിപ്പോൾ.

ഇതോടെ, കൃത്യമായ നിരവധി വിഡിയോ തെളിവുകൾ പുറത്തുവന്ന ജ്യോതിഷി അശോക് ഖരാത് കേസ് നിശ്ശബ്ദമായിരിക്കുന്നു. ടി.സി.എസ് കേസാകട്ടെ, ഓരോ ദിവസവും ഓരോ കഥകൾ കൂട്ടിച്ചേർക്കപ്പെട്ട് വലുതായി വരികയുമാണ്. ഇതിൽ പലതും അറസ്റ്റിലായവരുടെ ബന്ധുക്കളും ടി.സി.എസ് അധികൃതരും ചിലതെല്ലാം പ്രത്യേക അന്വേഷണസംഘം തന്നെയും നിഷേധിക്കുന്നുവെങ്കിലും, രാജ്യത്തെ പുതിയ സാമൂഹിക സാഹചര്യത്തിൽ ഏറ്റവും ചെലവാകുന്ന വാർത്തയായി ടി.സി.എസ് കേസ് പടരുകയാണ്.

മഹാരാഷ്ട്രയിലെ എപ്സ്റ്റീൻ ഫയൽ

രാഷ്ട്രീയ, ഉദ്യോഗസ്ഥ, വ്യവസായ പ്രമുഖരുമായി അടുത്ത ബന്ധമുള്ള അശോക് ഖരാതിന്റെ വലയിൽ സംസ്ഥാന-കേന്ദ്ര ഭരണരംഗത്തെ പലരും ഉൾപ്പെട്ടുവെന്ന നടുക്കുന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ, വി.ഐ.പി ജ്യോതിഷിയുടെ ഏറ്റവും അടുത്തയാളായ ഡോ. ജിതേന്ദ്ര ഷെൽക്കെ, അഹല്യ നഗർ സമൃദ്ധി എക്സ്പ്രസ്വേയിലെ വാഹനാപകടത്തിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നതാണ് കണ്ടത്. ഇയാളുടെ കാർ ഒരു ട്രെയിലറിന്റെ പിന്നിലിടിച്ചാണ് അപകടമെന്നാണ് പൊലീസ് ഭാഷ്യം. അതേസമയം, അപകടത്തിൽ സംശയമുന്നയിച്ചും അന്വേഷണം ആവശ്യപ്പെട്ടും ഉദ്ധവ് താക്കറെ പക്ഷ ശിവസേന നേതാവ് ശുഷ്‌മാ അന്താരെയും ശരദ് പവാർ പക്ഷ എൻ. സി.പി നേതാവ് രോഹിത് പവാറും രംഗത്തുവന്നിരിക്കുന്നു.

ആദ്യം ഉയർന്നുവന്നത് അശോക് ഖരാത് കേസാണ്. മാർച്ച് 17ന് 27 കാരി നൽകിയ പരാതിയിലാണ് കേസെടുക്കുന്നത്. തൊട്ടടുത്ത ദിവസം ഇയാൾ അറസ്റ്റിലായി. പൂജ, മന്ത്രങ്ങളുടെ മറവിൽ നിരവധി സ്ത്രീകൾക്കുനേരെ ഖരാത് ലൈംഗികാതിക്രമങ്ങൾ നടത്തിയതിന്റെ വിഡിയോകൾ കണ്ടെത്തി. 12 ഓളം പരാതികളാണ് പിന്നീട് 62കാരനായ ഖരാത്തിന് എതിരെ ഉയർന്നത്. ഇതോടെ പ്രമുഖരുമായുള്ള ഖരാതിന്റെ അടുപ്പം പുറത്തായി. അവരുമായുള്ള ടെലിഫോൺ ബന്ധത്തിന്റെ രേഖകൾ അഴിമതി വിരുദ്ധ ആക്ടിവിസ്റ്റ് അഞ്ജലി ദാമാനിയ പുറത്തുവിട്ടു. രേഖകൾ ചോർന്നതിനെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം നടത്തുകയാണ്. ബലാത്സംഗം, മന്ത്രവാദം, മനുഷ്യക്കുരുതി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് ഖരാത് നേരിടുന്നത്.

പത്താംക്ലാസ് തോറ്റ് നാടുവിട്ടയാൾ

പത്താംതരത്തിൽ തോൽക്കുകയും നാസിക്കിലെ ഗ്രാമത്തിൽ ചെറുമോഷണങ്ങൾ നടത്തുകയും ചെയ്ത ലക്ഷ്മൺ എന്ന ബാലൻ നാടുവിടുകയും പതിറ്റാണ്ടുകൾക്കുശേഷം പണക്കാരൻ അശോക് ഖരാതായി തിരിച്ചെത്തുകയുമായിരുന്നു എന്നാണ് ഗ്രാമവാസികൾ പറയുന്നത്. നാസിക്കൽ റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഏർപ്പെട്ട ഖരാത് അതിനിടയിൽ നടത്തിയ പ്രവചനങ്ങളിലൂടെ ആളുകളുടെ വിശ്വാസം നേടുകയായിരുന്നു.

പിന്നീട് ഫലപ്രപ്‌തിയുള്ള ജ്യോതിഷിയായി ആളുകളിൽ വിശ്വാസം നേടി. രാഷ്ട്രീയ, വ്യവസായ, ഉദ്യോഗസ്ഥ പ്രമുഖരുടെ സാന്നിധ്യം ആളുകളിലെ വിശ്വാസം വർധിപ്പിച്ചു. പ്രമുഖരെ ഉൾപ്പെടുത്തി ശിവ്നിക ട്രസ്റ്റ് രൂപവത്കരിക്കുകയും മിർഗാവിൽ ഈശ്വനേശ്വർ ക്ഷേത്രം പണിയുകയും ചെയ്തു. ഈ ട്രസ്റ്റിന്റെ മറവിൽ പലയിടങ്ങളിലായി 40 കോടിയിലേറെ മൂല്യമുള്ള ഭൂമിയും ഫാം ഹൗസുകളും ഫ്ലാറ്റുകളും അനധികൃതമായി സമ്പാദിച്ചെന്നാണ് കണ്ടെത്തൽ.

പ്രസാദമെന്ന പേരിൽ സ്ത്രീകൾക്ക് നൽകിയിരുന്നത് അവരെ മയക്കുന്ന മരുന്നായിരുന്നുവത്രെ. ദൃശ്യം കാമറയിൽ പകർത്തി പിന്നീട് അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കൂടുതൽ കാര്യങ്ങൾ നേടുന്നതാണ് രീതി. മഹാരാഷ്ട്രയിലെയും കേന്ദ്രത്തിലെയും ഭരണപക്ഷ പ്രമുഖരുമായുള്ള ഖരാതിന്റെ അടുപ്പം വിവാദമാവുകയും ഫോട്ടോകൾ പുറത്തുവരികയും ചെയ്തിരുന്നു. തുടർന്ന് മഹാരാഷ്ട്ര വനിതാ കമീഷൻ അധ്യക്ഷയും എൻ.സി.പി നേതാവുമായ രുപാലി ചകങ്കർക്ക് രാജിവെക്കേണ്ടിവന്നു. ഖരാതുമായുള്ള ബന്ധത്തിൽ ഭരണപക്ഷത്തിന്റെ വിശദീകരണം തേടിയും ഖരാത്തിന്റെ ജീവനിൽ ആശങ്ക പ്രകടിപ്പിച്ചും പ്രതിപക്ഷം രംഗത്തുവന്നിരുന്നു.

എന്താണ് ടി.സി.എസ് കേസ്?

ഫെബ്രുവരിയിലാണ് ടി.സി.എസിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. ‘ഒരു രാഷ്ട്രീയ’ക്കാരൻ നൽകിയ പരാതിയിൽ രഹസ്യമായി അന്വേഷണം നടത്തുകയായിരുന്നുവത്രെ. ആദ്യ പരാതി നൽകുന്നത് മാർച്ച് 25നാണ്, ഖരാത് അറസ്റ്റിലായി ഒരാഴ്ചക്കുശേഷം. വിവാഹവാഗ്ദാനം നൽകി ബലാത്സംഗത്തിന് ഇരയാക്കുകയും മതം മാറ്റത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന് ആരോപിച്ച് ഒരു ജീവനക്കാരി, സഹപ്രവർത്തകൻ ഡാനിഷ് ശൈഖിന് എതിരെ നാസിക് പൊലിസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഹൗസ്കീപ്പിങ് ജീവനക്കാരായി സ്ഥാപനത്തിൽ കയറി കൂടുതൽ കാര്യങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. പിന്നാലെ, ഒരു പുരുഷ ജീവനക്കാരനും മറ്റ് ഏഴ് ജീവനക്കാരികളും പരാതി നൽകി. പീഡനത്തിന് ഇരയായവരെ പരാതി നൽകാൻ തങ്ങൾ ധൈര്യം നൽകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, വഴിവിട്ട പ്രണയവും പ്രണയവഞ്ചനയും നടന്ന കേസിൽ രാഷ്ട്രീയപ്രേരീതമായി മറ്റു വിചിത്ര കഥകൾ ചേർത്ത് കേസ് കെട്ടിച്ചമക്കുകയായിരുന്നുവെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ബജ്റങ്ദളിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലൊന്നും അവർ ആരോപിക്കുന്നു.

ഡാനിഷ് ശൈഖിന് പുറമെ തൗസീഫ് അത്താർ, ഷാരൂഖ് ഖുറൈശി, റാസ മേമൻ, ഷാഫി ശൈഖ്, അഫ്താബ് അൻസാരി എന്നിവർക്ക് എതിരെ ലൈംഗികാതിക്രമം, മതപരമായ അവഹേളനം, മതം മാറ്റത്തിന് നിർബന്ധിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. ഇവരെ അറസ്റ്റ് ചെയ്ത പൊലീസ് ജീവനക്കാരുടെ പരാതി മുക്കിയെന്ന് ആരോപിച്ച് ഓപറേഷൻ മാനേജർ അശ്വിനി ചൈനാനിയെയും അറസ്റ്റ് ചെയ്തു. എച്ച്.ആർ മാനേജർ എന്ന് വിശേഷിപ്പിക്കപ്പെട്ട നിതാഖാനായി തിരച്ചിലും തുടങ്ങി. ഇതോടെ, രാജ്യാന്തര ബന്ധമുള്ള മതംമാറ്റ-ഭീകരവാദ റാക്കറ്റ് എന്നു പറഞ്ഞ് പല കഥകളും പ്രചരിച്ചുതുടങ്ങി.

പ്രണയച്ചതിയും പകയും

2022 ഫെബ്രുവരിക്കും കഴിഞ്ഞ മാർച്ചിനും ഇടയിലാണ് ടി.സി.എസിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ബിരുദവിദ്യാർഥിയായ പരാതിക്കാരി 2022ലാണ് ടി.സി.എസിൽ ജോലിക്കാരനും വിവാഹിതനുമായ ഡാനിഷ് ശൈഖിനെ പരിചയപ്പെടുന്നത്. ബിരുദാനന്തരം ടി.സി.എസിൽ ജോലിക്ക് അപേക്ഷിക്കാൻ പ്രേരിപ്പിച്ചതും ജോലി വാങ്ങിക്കൊടുത്തതും ഡാനിഷ് ആണെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

വിവാഹ വാഗ്ദാനം നൽകി ഡാനിഷ് ലൈംഗികമായി ചൂഷണം ചെയ്തെന്നും ഇക്കാര്യമറിഞ്ഞ, മറ്റൊരു ജീവനക്കാരൻ തൗസീഫ് അത്താർ ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. യുവതി നോമ്പനുഷ്ഠിക്കുകയും വേഷങ്ങളിലും പെരുമാറ്റത്തിലും മാറ്റം വരുത്തുകയും ചെയ്തതോടെ ജോലിക്ക് പോകുന്നത് കുടുംബം തടഞ്ഞു. ഇതിനിടെ, ഡാനിഷിന്റെ ഭാര്യ യുവതിയെ വിളിച്ച്, ഇയാൾ വിവാഹിതനാണെന്നും രണ്ടു മക്കളുടെ പിതാവാണെന്നും അറിയിച്ചു. ഇതോടെയാണ് വഞ്ചന തിരിച്ചറിഞ്ഞതെന്ന് പെൺകുട്ടി പറയുന്നു.

ഡാനിഷിന് എതിരെ എസ്.സി എസ്.ടി നിയമവും ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവർ സംഘടിതമായി 18 നും 25 നും ഇടയിൽ പ്രായമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യമിടുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ലൈംഗികച്ചുവയോടെ സംസാരിച്ചു, സ്പർശിച്ചു, തങ്ങളുടെ ദൈവങ്ങളെ അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്. മാംസം തീറ്റിച്ചു, നമസ്കരിക്കാൻ നിർബന്ധിച്ചു, ജോലി തുടങ്ങുമ്പോൾ ഇസ്‍ലാമിക പ്രാർഥന ചൊല്ലിച്ചു എന്നെല്ലാമാണ് പുരുഷ ജീവനക്കാരന്റെ പരാതി.

സ്ഥിരീകരിക്കാത്ത ആരോപണങ്ങൾ

പരാതികളിൽ പലതും അന്വേഷണസംഘം തന്നെ സ്ഥിരീകരിച്ചിട്ടില്ല. അറസ്റ്റിലായവർക്ക് വിദേശ, തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണവും എസ്.ഐ.ടി തള്ളി. ഇതുസംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘത്തലവൻ സന്ദീപ് മിട്കെ പറഞ്ഞത്. ഇത്തരം ആരോപണങ്ങൾ തങ്ങളുടെ അന്വേഷണ പരിധിയിൽ വരുന്നില്ലെന്നും അത് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികൾ ആണെന്നുമാണ് നാസിക് പൊലീസ് പറയുന്നത്. ഗൂഢാലോചന അന്വേഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറയുന്നു.

കേസിലെ മുഖ്യപ്രതി ‘എച്ച്.ആർ മാനേജർ’ നിത ഖാൻ ആണെന്നും മതംമാറ്റ ലക്ഷ്യത്തോടെ ഹിന്ദു പെൺകുട്ടികളെ നിയമിക്കുന്നു എന്നുമുള്ള ആരോപണവും പൊളിയുന്നതാണ് കഴിഞ്ഞദിവസങ്ങളിൽ കണ്ടത്. നിത ഖാൻ ബി.പി.ഒയിൽ ‘പ്രൊസസ് അസോസിയേറ്റ്’ മാത്രമാണെന്നും പരാതിക്കാരുമായോ പ്രതികളുമായോ നേരിട്ട് ബന്ധമില്ലെന്നും അവരുടെ അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യം പിന്നീട് അന്വേഷണസംഘവും സ്ഥിരീകരിച്ചു. ഒരു എഫ്.ഐ.ആർ മാത്രമാണ് നിതക്ക് എതിരെ ഉള്ളത്. അതിലുള്ള ആരോപണം നിത മതവികാരം വ്രണപ്പെടുത്തി എന്നാണ്. ഗർഭിണിയായ നിത ഖാൻ ശനിയാഴ്ച മുൻകൂർ ജാമ്യ അപേക്ഷ നൽകി.

ആഖ്യാനങ്ങൾ പലവിധം

കോർപറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് മറ്റൊരു ആഖ്യാനം നൽകപ്പെട്ടതാണ് ടി.സി.എസ് കേസെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കേസിന്റെ മർമത്തിലേക്ക് അന്വേഷണങ്ങൾ എത്തുന്നതിനു മുമ്പേ സംഭവത്തിന് ‘കോർപറേറ്റ് ജിഹാദ്’ എന്ന് ചാപ്പയടിച്ചതോടെ പ്രചാരകർക്ക് കാര്യങ്ങൾ എളുപ്പമായി. സമൂഹമാധ്യമങ്ങളിലായിരുന്നു തുടക്കം. പിന്നീട് അത് മാധ്യമങ്ങളും മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി നിതേഷ് റാണെയും ഏറ്റുപിടിക്കുന്നതാണ് കണ്ടത്. ഫ്ലിപ്കാർട്, മഹീന്ദ്ര തുടങ്ങി മറ്റ് കോർപറേറ്റ് സ്ഥാപനങ്ങളിലും സമാന സംഭവങ്ങൾ അരങ്ങേറുന്നതായി അജ്ഞാതരുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. സമാന ആരോപണവുമായി ഹിന്ദുജന ജാഗ്രുതി സമിതി പ്രസ്താവന ഇറക്കി. ബന്ദിന് ആഹ്വാനം ചെയ്തും നാസിക്കൽ പ്രകടനം നടത്തിയും വി.എച്ച്.പിയും വന്നു. ലൗവ് ജിഹാദ്, ഭൂമി ജിഹാദ്, ജനസംഖ്യ ജിഹാദ്, മയക്കുമരുന്ന് ജിഹാദ് ആഖ്യാനങ്ങളിലെ പാറ്റേണിന് സമാനമായിരുന്നു ടി.സി.എസ് കേസിലെ കോർപറേറ്റ് ജിഹാദ് ആഖ്യാനവും. ടി.സി.എസ് കേസുമായും അതുമായി ബന്ധപ്പെട്ട് നടന്നതെന്താണെന്നും ഇനിയും വിവരങ്ങൾ പുറത്തുവരാനുണ്ട്. എങ്കിലും മറ്റൊരു കാര്യം വ്യക്തമാണ്. ചില വിഭാഗങ്ങൾ ഉൾപ്പെടുന്നത് എന്തുതരം ക്രിമിനൽ കുറ്റങ്ങളായാലും അതിൽ വിദ്വേഷവും വർഗീയതയും ആവോളം കുത്തിനിറക്കാൻ ആളുകളും സാഹചര്യവും ഏറെയുള്ള കാലമാണിത്. അപ്പോൾ, വി.ഐ.പി ജ്യോതിഷി മോഡൽ കേസുകൾ കോൾഡ് സ്റ്റോറേജുകളിലേക്കും അല്ലാത്തവ സമൂഹമാധ്യമ വിചാരണക്കും വിദ്വേഷ പ്രചാരണത്തിനുമായി നിരത്തപ്പെടുക തന്നെ ചെയ്യും.

ടി.സി.എസ് പറയുന്നത്

സംഭവത്തിൽ ഇതുവരെ ആഭ്യന്തര പരാതി ലഭിച്ചിട്ടില്ലെന്നാണ് ടി.സി.എസ് പറയുന്നത്. നിത ഖാൻ ബി.പി.ഒയിൽ എച്ച്.ആർ മാനേജർ അല്ലെന്നും ‘പ്രൊസസ് അസോസിയേറ്റ്’ മാത്രമാണെന്നും കമ്പനി പറയുന്നു. പൊലീസ് നടപടിയെതുടർന്ന് ആരോപണവിധേയമായവരെ സസ്പെൻഡ് ചെയ്യുകയും നാസിക്ക് ബി.പി.ഒ അടച്ചുപൂട്ടുകയും ചെയ്ത ടി.സി.എസ് ശേഷിച്ച ജീവനക്കാരോട് വീട്ടിൽനിന്ന് ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ. ചീഫ് ഓപറേറ്റിങ് ഓഫിസർ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsMaharashtraSexual Abuse CaseLatest NewsCrime
News Summary - How the state is investigating two sexual exploitation case
Next Story