Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൗണ്ഡ്രകന്റെ മായക്കാഴ്ചയും ജനാധിപത്യത്തിന്റെ പ്രതിസന്ധിയും

text_fields
bookmark_border
പൗണ്ഡ്രകന്റെ മായക്കാഴ്ചയും ജനാധിപത്യത്തിന്റെ   പ്രതിസന്ധിയും
cancel
ബി.ജെ.പി-ആർ.എസ്.എസ് അനുകൂലികളല്ലാത്ത ഏതാണ്ടെല്ലാ പൗരസമൂഹ സംഘടനകളും വിദ്യാർഥി പ്രസ്ഥാനങ്ങളും ജനവിഭാഗങ്ങളും നാല് മാസത്തോളമായി നിരന്തരം പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു

പണ്ടുപണ്ട് പൗണ്ഡ്രകൻ എന്നൊരു രാജാവുണ്ടായിരുന്നു. താൻ വാസുദേവനാണ് അഥവാ ദിവ്യാവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച അയാൾ നാല് വ്യാജകരങ്ങൾ ഘടിപ്പിച്ച കവചവും ആഭരണങ്ങളുമണിഞ്ഞ്, അതിൽ കൃത്രിമമായ താമരയും സുദർശനചക്രവുമേന്തി നടന്നു. സ്തുതിപാഠകരുടെയും ആജ്ഞാനുവർത്തികളുടെയും പിന്തുണയോടെ വൻ സൈന്യത്തെ സമാഹരിച്ച പൗണ്ഡ്രകൻ തന്റെ വാദം അടിച്ചേൽപ്പിക്കാനും വിയോജിപ്പുകളെ അടിച്ചമർത്താനുമായി സൈനികസഖ്യങ്ങൾ രൂപവത്കരിച്ചു. യഥാർഥ വാസുദേവൻ കൃഷ്ണനാണെന്ന് അറിയാവുന്ന ജ്ഞാനികളായ ഉപദേശകരും ദൂതന്മാരും ഉൾപ്പെടെ, പൗണ്ഡ്രകന്റെ വാദങ്ങളുടെ നിരർഥകത ചൂണ്ടിക്കാണിച്ചവരെല്ലാം തടവറയോ സൈനികഭീഷണിയോ വധശിക്ഷയോ നേരിടേണ്ടി വന്നു. വാസുദേവൻ എന്ന ദിവ്യപദവി വിട്ടുകൊടുക്കണമെന്ന് അയാളുടെ ദൂതന്മാർ ആവശ്യപ്പെട്ടപ്പോൾ, യുദ്ധക്കളത്തിൽവെച്ച് കൃഷ്ണൻ പൗണ്ഡ്രകനെ വധിക്കുകയും മിഥ്യാധാരണ തകർത്തെറിയുകയും ചെയ്തു. മഹാഭാരതത്തിലും വിഷ്ണുപുരാണത്തിലും പൗണ്ഡ്രകന്റെ കഥ പരാമർശിക്കുന്നുണ്ട്.

കൃഷ്ണൻ പൗണ്ഡ്രകനെ തകർത്ത ആ കഥ നമുക്ക് തൽക്കാലം നിർത്താം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ജനങ്ങളുടെ വിയോജിപ്പുകളോടും പ്രതിഷേധങ്ങളോടും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷത്തോടും സാധാരണ പൗരരോടും എങ്ങനെയാണ് പെരുമാറുന്നത് എന്ന പശ്ചാത്തലത്തിൽ, ഇന്ത്യയിലെ സമകാലിക സാഹചര്യമൊന്ന് വിശകലനം ചെയ്യാം.

എസ്.ഐ.ആർ വഴി തെരഞ്ഞെടുപ്പ് കമീഷൻ 15 കോടിയിലധികം വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അടുത്ത വർഷമാദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ പിലിഭിത്ത് സദർ നിയമസഭാമണ്ഡലത്തിൽ മാത്രം 10,470 വോട്ടർമാരുടെ പേരുകളിൽ ക്രമക്കേട് നടന്നതായി കമീഷന്റെതന്നെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ പ്രക്രിയ വോട്ടർമാരുടെ എണ്ണം 7.66 കോടിയിൽനിന്ന് 6.75 കോടിയായി കുറച്ചു; അതായത് സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തിൽ 11.9 ശതമാനം കുറവുണ്ടായി. തങ്ങളുടെ പേര് നീക്കം ചെയ്തതിനെ ചോദ്യംചെയ്ത് സുപ്രീംകോടതി നിയോഗിച്ച ട്രൈബ്യൂണലുകളെ സമീപിച്ചവരിൽ 90 ശതമാനവും യഥാർഥ വോട്ടർമാരാണെന്ന് ജുഡീഷ്യൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതായാണ് വിവരം. എന്നാൽ ട്രൈബ്യൂണലുകളിലെ സൗകര്യക്കുറവും സങ്കീർണമായ നടപടിക്രമങ്ങളും കാരണം, 'മരിച്ചവരോ, കാണാതായവരോ, താമസം മാറിയവരോ' എന്ന് മുദ്രകുത്തി ഒഴിവാക്കപ്പെട്ട, യഥാർഥത്തിൽ സ്വന്തം ഗ്രാമങ്ങളിലും പ്രദേശങ്ങളിലും ജീവനോടെയുള്ള ലക്ഷക്കണക്കിന് വോട്ടർമാരുടെ വിവരങ്ങൾ പരിശോധിച്ചുതീർക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നേക്കാം. ബിഹാർ, ജാർഖണ്ഡ്, കർണാടക, ഗോവ, ഡൽഹി തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും വോട്ടർപട്ടികയിൽനിന്ന് ആളുകളെ അപ്രത്യക്ഷമാക്കിയെന്ന ഇത്തരം ആരോപണങ്ങൾ നിലനിൽക്കുന്നു.

വോട്ട് വെട്ടലിനെതിരെ രാജ്യമൊട്ടുക്ക് ജനങ്ങൾ പ്രതിഷേധത്തിലാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്.ഐ.ആർ റദ്ദാക്കലും ആവശ്യപ്പെട്ട് നവംബർ ഒന്നിന് പ്രതിപക്ഷപാർട്ടികൾ ഡൽഹി രാംലീലാ മൈതാനിയിൽ മഹാറാലി സംഘടിപ്പിച്ചു. വോട്ടർപട്ടിക ക്രമക്കേടുകളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ പങ്കിനെ ചോദ്യംചെയ്തുകൊണ്ട് വ്യക്തികളും പൗരസമൂഹ സംഘടനകളും പ്രതിപക്ഷനേതാക്കളും സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിക്കുമുന്നിൽ കുന്നുകൂടുകയാണ്.

ബി.ജെ.പി-ആർ.എസ്.എസ് അനുകൂലികളല്ലാത്ത ഏതാണ്ടെല്ലാ പൗരസമൂഹ സംഘടനകളും വിദ്യാർഥി പ്രസ്ഥാനങ്ങളും ജനവിഭാഗങ്ങളും നാല് മാസത്തോളമായി നിരന്തരം പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു. പ്രതിഷേധക്കാരോടും വിമർശകരോടും ഭരണകക്ഷി നേതാക്കളും ഹിന്ദുത്വപ്രവർത്തകരും പുലർത്തുന്ന സമീപനവും രീതികളും പൗണ്ഡ്രകരാജാവിന്റേതിനോട് അത്യധികം സാമ്യമുള്ളതാണ്. ഏകപക്ഷീയ നിലപാടുകളെ എതിർക്കുന്നവരെ "അരാജകവാദികൾ" എന്നും "ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന വിദേശഫണ്ട് വാങ്ങുന്ന ഗൂഢാലോചനക്കാർ" എന്നുമാണ് മുദ്രകുത്തുന്നത്.

വാസുദേവപദവി വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൗണ്ഡ്രകന്റെ സന്ദേശം ദൂതൻ വായിച്ചുകേൾപ്പിച്ചപ്പോൾ, ഉഗ്രസേനനും യദുവും ഉൾപ്പെടെയുള്ള കൃഷ്ണന്റെ സഭാവാസികൾ ആ വിവരക്കേടോർത്ത് ഉറക്കെ ചിരിച്ചു. എന്നാൽ കൃഷ്ണൻ ശാന്തതയോടെ രഥത്തിലേറി പൗണ്ഡ്രകനെയും മൂന്ന് അക്ഷൗഹിണി സൈന്യവുമായി ഒപ്പം ചേർന്ന സഖ്യകക്ഷിയായ കാശിരാജാവിനെയും നേരിടാൻ പുറപ്പെട്ടു. കൃഷ്ണന്റെ ശ്യാമവർണത്തിന് സമാനമായി പൗണ്ഡ്രകൻ തന്റെ ശരീരത്തിൽ നീലച്ചായം പൂശിയിരുന്നു. മഞ്ഞപ്പട്ടും വ്യാജ കൗസ്തുഭരത്നവും മരംകൊണ്ടുണ്ടാക്കിയ നാല് കൈകളും അയാൾ ധരിച്ചിരുന്നു. ഗരുഡനെ അനുകരിച്ച് പരുന്തിന്റെ ചിഹ്നമുള്ള കൊടിവെച്ച രഥത്തിലാണ് അയാൾ എത്തിയത്. പൗണ്ഡ്രകസഖ്യം കൃഷ്ണന്റെ രഥത്തിന് നേരെ അമ്പുകളും കുന്തങ്ങളും ഗദകളും വർഷിച്ചു. എന്നാൽ സദാ പുഞ്ചിരിക്കുന്ന മുഖത്തോടെ കൃഷ്ണൻ തന്റെ ശാർങ്ഗമെന്ന വില്ലും കൗമോദകിയെന്ന ഗദയും ഉപയോഗിച്ച് അവരുടെ സൈന്യത്തെ അനായാസം തകർത്തു. പൗണ്ഡ്രകനെയും കംസനെയും പോലുള്ള സ്വേച്ഛാധിപതികളെ കൃഷ്ണ-വാസുദേവന്മാർ വധിച്ച ഭാഗവതപുരാണത്തിന്റെയും മഹാഭാരതത്തിന്റെയും കാലഘട്ടത്തിലല്ല നാം ജീവിക്കുന്നത്; മറിച്ച് സ്വേച്ഛാധിപതിയായ ഭരണാധികാരിയെ നിയന്ത്രിക്കാനുള്ള പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായ ഒരു ജനാധിപത്യ ക്രമത്തിലാണ് നാമുള്ളത്. ശബ്ദമുയർത്തിയും തെരുവുകളിൽ പ്രതിഷേധിച്ചും നിയമപരവും ഭരണഘടനാപരവുമായ വേദികളിൽ പോരാടിയും ജനങ്ങൾക്ക് അത് സാധ്യമാകും.

ആ അർഥത്തിൽ, കൂട്ടത്തോടെയുള്ള വോട്ടവകാശനിഷേധം, ഭരണകൂടഭീകരത, ഭീഷണിപ്പെടുത്തൽ, കൂട്ടായ പീഡനങ്ങൾ എന്നിവയ്‌ക്കെതിരെ പോരാടുന്ന പൗരർക്കിടയിൽ ഡൽഹിയിലെ രാംലീലാ മൈതാനിയിൽ നടന്ന പ്രതിപക്ഷറാലി പുതിയൊരു പ്രതീക്ഷ നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കീഴിൽ കോൺഗ്രസ് ഒരു യഥാർഥ കുടയായി മാറുകയും സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി, ഇടതുപക്ഷ പാർട്ടികൾ എന്നിവയുടെ നേതാക്കൾ ഒരുപോലെ അർഹമായ പ്രാതിനിധ്യം പങ്കിടുകയും ചെയ്ത ഇത്തരമൊരു റാലി അടുത്തകാലത്തൊന്നും രാജ്യം കണ്ടിട്ടില്ല. ഇന്ത്യൻ ജനത എല്ലാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Challenging Authoritarian Rule: The Crisis Facing Indian Democracy
Next Story