Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
CPM
cancel

ഏതാനും ദിനങ്ങൾ മുമ്പ്​ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വിവിധ പാർട്ടികളിൽനിന്ന് സി.പി.എമ്മിലേക്ക് വന്ന 500 കുടുംബങ്ങൾക്ക് സ്വീകരണം നൽകുകയുണ്ടായി. ചടങ്ങിലെ മുഖ്യാതിഥി സി.പി.എം മുൻ കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജൻ. കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആയിരങ്ങളാണ് ചടങ്ങിൽ പങ്കെടുത്തത്. രണ്ടാഴ്ച മുമ്പാണ് മലപ്പുറം കാടാമ്പുഴയിൽ ലീഗ് ബന്ധം ഉപേക്ഷിച്ചു കമ്യൂണിസ്​റ്റ്​ പ്രസ്ഥാനത്തി​െൻറ ഭാഗമായി പ്രവർത്തിക്കാൻ തയാറായ 106 പ്രവർത്തകരെ പി. ജയരാജൻ രക്തഹാരമണിയിച്ചു സ്വീകരിച്ചത്.

പുറത്തുനിന്നു ചാക്കിട്ടുപിടിക്കാൻ കാണിക്കുന്ന ഇൗയാവേശം പാർട്ടിയിൽനിന്ന് പോയവരെ തിരിച്ചുകൊണ്ടുവരാൻ എ​േന്ത കാണാത്തത്​? എറണാകുളം ജില്ലയില്‍ കമ്യൂണിസ്​റ്റ്​ പാര്‍ട്ടിയും ട്രേഡ് യൂനിയനും കെട്ടിപ്പടുത്ത എന്‍.കെ. മാധവനെന്ന മുതിര്‍ന്ന നേതാവിനെ കളമശ്ശേരി കവലയിലെ സി.പി.എം പൊതുയോഗത്തില്‍വെച്ച് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി പാർട്ടി സെക്രട്ടറി പ്രഖ്യാപിച്ചത് 1999 മേയ് ഏഴിനായിരുന്നു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് പഴയ പത്രാസിൽ പാർട്ടിയിലേക്ക് തിരിച്ചുവന്നോ എന്നറിയില്ല. കണ്ണൂരിൽ പാർട്ടിയിൽനിന്ന് വിവിധ കാരണങ്ങളാൽ വേർപിരിഞ്ഞവരിൽ പുത്തലത്ത് നാരായണൻ മുതൽ ഇടതുമുന്നണി കൺവീനറായിരുന്ന മുൻ എം.എൽ.എ പി.വി. കുഞ്ഞിക്കണ്ണൻ ഉൾപ്പെടെയുള്ള ഒരു നിരയുണ്ട്. എം.വി. രാഘവ​െൻറ ബദൽരേഖയിൽ ഒപ്പിട്ടവരായിരുന്നുവെങ്കിലും പിന്നീട് പശ്ചാത്തപിച്ചിട്ടും പി.വി. കുഞ്ഞിക്കണ്ണനും പുത്തലത്തിനും ഏറെക്കാലം പടിവാതിൽക്കൽ കാത്തു നിൽക്കേണ്ടിവന്നു. കുഞ്ഞിക്കണ്ണൻ പൊതുപ്രവർത്തനം തന്നെ ഉപേക്ഷിച്ചു. പശ്ചാത്തപിച്ച് മടങ്ങിയവർക്ക് പഴയ അതേ നിലവാരവും സ്ഥാനവും നൽകി എത്രപേരെ സി.പി.എം തിരിച്ചെടുത്തു? വി.എസ്. അച്യുതാനന്ദ​െൻറ കൂടെ നിന്നു എന്നപേരിൽ സി.പി.എമ്മിൽനിന്ന് പുകച്ച് മൂലയിലിരുത്തിയവരോട് കരുണ കാണിക്കാനായിട്ടുണ്ടോ? വി.എസിെൻറ പേഴ്സനൽ സ്​റ്റാഫിൽ പെട്ടുപോയതി​െൻറ പേരിൽ പാർട്ടി പത്രത്തിൽനിന്നു പോലും പുറത്തായി മറ്റ് ലാവണങ്ങൾ തേടിപ്പോയവർ ഇന്ന് എവിടെയുണ്ട്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാനാണ്​ തുടക്കത്തിലെ ആവേശകഥകൾ അനുസ്​മരിച്ചത്​.

ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്നവർ പാർട്ടിയെ ഭൂരിപക്ഷത്തിൽനിന്ന്‌ അകറ്റുകയാണ് എന്ന വാദം പാർട്ടിയുടെ നയമായി അംഗീകരിപ്പിച്ചവരിൽ മുന്നിലുള്ള രണ്ടു പേരാണ് പിണറായി വിജയനും പി. ജയരാജനും. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷവർഗീയത പാർട്ടിയോടല്ല ബി.ജെ.പിയോടൊപ്പമാണ് ചേർന്നുനിന്നത് എന്നതു മറ്റൊരു കാര്യം. ഇത്രയേറെ മുസ്​ലിംവിരുദ്ധത പൊലിപ്പിച്ചിട്ടും സംഘ്പരിവാർ നേടിയ വാർഡുകളുടെ എണ്ണം വർധിച്ചുവര​​ുന്നത് പിണറായി-ജയരാജൻ ലോജിക്കിനേറ്റ തിരിച്ചടിയാണ്. ആ തിരിച്ചടിയുടെ ശ്രദ്ധ മാറ്റാൻ​ മുസ്​ലിം പോക്കറ്റുകളിൽ പാർട്ടിക്ക് നല്ല ഇഫക്ട് വരുകയാണെന്ന് കൊട്ടിഗ്​ഘോഷിക്കേണ്ടതുണ്ട്. വിജയരാഘവ​െൻറ തട്ടകത്തിൽ നിലമ്പൂരിലും കാടാമ്പുഴയിലും പി. ജയരാജനെ ആനയിച്ചു കൊണ്ടുവന്നതി​െൻറ സൂത്രവും മറ്റൊന്നല്ല.

നരേന്ദ്ര മോദി വിചാർ മഞ്ച് ചുകപ്പായ കഥ

തത്ത്വാധിഷ്​ഠിതമായി പാർട്ടിയെ എതിർക്കുന്നവരോടും ഉൾപ്പാർട്ടി ചർച്ചയിൽ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന സ്വന്തക്കാരോടും വിദ്വേഷമുള്ളവർ ബി.ജെ.പിയിൽനിന്ന് വന്നവരെ ലാളിച്ച കഥയുമുണ്ട് കണ്ണൂരിൽ. ബി.ജെ.പിയിൽനിന്ന് രാജിവെച്ചു വന്ന മുൻ ജില്ല പ്രസിഡൻറ് ഒ.കെ. വാസുമാസ്​റ്ററെ ദേവസ്വംബോർഡിലേക്കു സ്ഥാനക്കയറ്റം നൽകി. സി.പി.എമ്മിെൻറ ഉശിരുള്ള നിരവധി പ്രവർത്തകരെ ബലികൊടുത്ത പാനൂർ, കൂത്തുപറമ്പ് മേഖലയിലെ ശക്തനായ സംഘ്പരിവാർ പരിപാലകനായിരുന്നു വാസു മാസ്​റ്റർ.

ഒ.കെ. വാസു മാസ്​റ്റർ, പുത്തലത്ത്​ നാരായണൻ, പി.വി. കുഞ്ഞിക്കണ്ണൻ

കൊടുവാളുകൊണ്ടും മഴുകൊണ്ടും 37 വെട്ടുകളേറ്റ് 1994 ജനുവരി 26ന്​ രാത്രിയിൽ എസ്.എഫ്.ഐ നേതാവ് കെ.വി. സുധീഷ് കൊല്ലപ്പെടുേമ്പാൾ അദ്ദേഹം ബി.ജെ.പി നേതാവാണ്. പാനൂർ, കൂത്തുപറമ്പ് മേഖലയിൽ സി.പി.എമ്മിെൻറ ചോരചിന്തിയ കാലഘട്ടത്തിലെ സാരഥിയോട് രാഷ്​ട്രീയ നയം മാറ്റത്തിെൻറ പേരിലാണ് പി. ജയരാജ​െൻറ നേതൃത്വത്തിലുള്ള സി.പി.എം ജില്ല കമ്മിറ്റി പൊറുത്തുകൊടുത്തത്.

സി.പി.എമ്മിനോട് രാഷ്​ട്രീയമായി പ്രത്യേകസ്നേഹം തോന്നിയതുകൊണ്ടായിരുന്നില്ല വാസു മാസ്​റ്ററുടെയും സംഘത്തി​െൻറയും വരവ്​. ബി.ജെ.പി ജില്ല നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരായ സദാചാരവിരുദ്ധ ആരോപണം ഉന്നയിച്ചതിെൻറ പേരിൽ പ്രത്യേക ഗ്രൂപ്പായി നിലനിൽക്കുകയായിരുന്നു അവർ. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ ഉൾപ്പെടെ പ്രഖ്യാപിച്ച കാലമാണത്. ബി.ജെ.പി ജില്ല നേതൃത്വത്തെ വെല്ലുവിളിക്കാൻ വാസു മാസ്​റ്ററും സംഘവും കൂട്ടുപിടിച്ചത് മോദിയുടെ പേര്​. 'നമോ വിചാർ മഞ്ച്' എന്നപേരിൽ ഒരു വേദിക്ക് വാസു മാസ്​റ്റർ രൂപം നൽകി. ഇത്തരമൊരു സംഘത്തെ പാർട്ടിയിലേക്ക് വളച്ചുകൊണ്ടുവരാൻ പി. ജയരാജ​െൻറ നേതൃത്വത്തിൽ നീക്കം നടത്തിയപ്പോൾ ഒരു ഭാഗത്ത് ജയരാജനു വേണ്ടി പിണറായിയും മറുഭാഗത്ത് വി.എസും ഉൾപാട്ടി ചർച്ചയിൽ കൊമ്പുകോർത്തു. രക്തസാക്ഷികളെ ഓർത്ത് അവരെ സ്വീകരിക്കരുത് എന്ന് വി.എസ് ശഠിച്ചു. പക്ഷേ, പിണറായി വിജയ​െൻറ നേതൃത്വത്തിൽ വാസു മാസ്​റ്ററെയും അണികളെയും പാനൂരിൽ മഹാസമ്മേളനത്തിലാണ് പാർട്ടിയിലേക്ക് മാലയിട്ട് സ്വീകരിച്ചത്. രണ്ടായിരം പേർ അന്ന് ബി.ജെ.പിയിൽനിന്ന് വന്നു എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

ബി.ജെ.പിക്കാരെ ചുവപ്പിച്ച വഴിയാകെ കാവി പുതച്ചു

ഇത്രയും വലിയൊരു സംഘം സി.പി.എമ്മിലേക്ക് കടന്നുവന്ന വഴിയിലെ പഞ്ചായത്തുകളും നിയമസഭയും പാർലമെൻറുമൊക്കെ പിന്നെ ചുകന്നുവോ? അത് പരിശോധിച്ചപ്പോഴാണ് ഭൂരിപക്ഷ വർഗീയതയെ പ്രീതിപ്പെടുത്തേണ്ട കൂടുതൽ വ്യക്തതയുള്ള പോളിസി രൂപപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന് പി. ജയരാജനും മറ്റും സംസ്ഥാന കമ്മിറ്റിയിൽ വാദിച്ച് സ്ഥാപിച്ചത്.

2014 ജനുവരിയിലാണ് മോദിഭക്തരെ സി.പി.എം സ്വീകരിച്ചത്. പക്ഷേ, അതി​െൻറ പൊലിമയിൽ 2015ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ബി.ജെ.പിയുടെ സീറ്റുകൾ ഏറെയൊന്നും മറിച്ചിടാനായില്ല. ഒ.കെ. വാസു മാസ്​റ്ററുടെ നാടായ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ മുമ്പുണ്ടായിരുന്ന മൂന്നു സീറ്റിൽ തന്നെ ഇടതുമുന്നണി 2015ൽ ഒതുങ്ങി. വാസു മാസ്​റ്റർ ജില്ല കമ്മിറ്റി നെടുകെ പിളർത്തിയാണ് സി.പി.എമ്മിൽ ചേർന്നതെന്നായിരുന്നു അവകാശവാദം. പാനൂരിലെ സ്വീകരണയോഗത്തിനു ശേഷം മോദി വിചാർമഞ്ച് പിരിച്ചുവിട്ടതായി മാസ്​റ്റർ പ്രഖ്യാപിച്ചു.

എന്നാൽ, തൊട്ടടുത്ത വർഷം 2015ൽ നടന്ന തദ്ദേശതെരഞ്ഞെടുപ്പിൽ പതിവ് പോലെ ബി.ജെ.പിയുടെ മിക്ക വാർഡുകളും അവർ കണ്ണൂർ ജില്ലയിൽ നിലനിർത്തി. 2015ൽ ബി.ജെ.പി കണ്ണൂർ ജില്ലയിൽ 16 ഗ്രാമപഞ്ചായത്ത് വാർഡുകളിലും 15 മുനിസിപ്പൽ വാർഡുകളിലും താമര വിരിയിച്ചു. ഇത്തവണ ഈ കണക്ക് സി.പി.എമ്മിനെ അമ്പരപ്പിച്ചുകൊണ്ട് അവർ വർധിപ്പിക്കുകയും ചെയ്തു. 25 ഗ്രാമപഞ്ചായത്ത് വാർഡുകളും 20 മുനിസിപ്പൽ വാർഡുകളും കണ്ണൂർ കോർപറേഷനിൽ അക്കൗണ്ടും തുറന്നു കൊണ്ട് ബി.ജെ.പി സി.പി.എമ്മിനെ ഞെട്ടിച്ചു. ന്യൂനപക്ഷ വർഗീയതയോട് ആയിരം നാവോടെ പ്രസംഗിക്കുന്ന എ.എൻ. ഷംസീർ എം.എൽ.എയുടെ തട്ടകമായ തലശ്ശേരി മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി പുതിയ നേട്ടങ്ങൾ കൈവരിച്ചു.

ഒ.കെ. വാസു മാസ്​റ്ററും കൂട്ടരും വന്ന ശേഷം 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കണ്ണൂർ ജില്ലയിലെ ഏറ്റവും പ്രബല തട്ടകമായ പാനൂർ ഉൾ​ക്കൊള്ളുന്ന കൂത്തുപറമ്പ് മണ്ഡലത്തിലെ ജനവിധി കൗതുകകരമാണ്. 2011ൽ വാസു മാസ്​റ്റർ ബി.ജെ.പിക്ക് വേണ്ടി നേരിട്ട് മത്സരിച്ചപ്പോൾ കിട്ടിയത് 11,835 വോട്ട്​. 2016ൽ മാസ്​റ്ററെ ചെങ്കൊടി പിടിപ്പിച്ച് മന്ത്രി കെ.കെ. ശൈലജക്ക് വേണ്ടി വോട്ട് പിടിക്കാൻ ഇറക്കിയിട്ടും ബി.ജെ.പിയുടെ കൂത്തുപറമ്പിലെ വോട്ട് കുറയുകയല്ല, 20,787 ആയി കൂടുകയാണ് ചെയ്തത്. ജമാഅത്തെ ഇസ്​ലാമിയുടേത് ഉൾപ്പെടെയുള്ള പിന്തുണയിലാണ് ശൈലജ ടീച്ചർ ത​െൻറ വോട്ട് നില മെച്ച​പ്പെടുത്തിയത്. വാസു മാസ്​റ്ററെ ഉപയോഗിച്ച് കണ്ണൂരിലെയും വടകരയിലെയും പാർലമെൻറ് സീറ്റിൽ 2019ൽ അണിയറപ്രവർത്തനം നടത്തിയപ്പോഴും സി.പി.എമ്മിന് ലക്ഷ്യം നേടാനായില്ല. കണ്ണൂർ പാർലമെൻറിൽ പി.കെ. ശ്രീമതി ടീച്ചർ കെ. സുധാകരനോട് ദാരുണമായി തോറ്റപ്പോൾ, വാസു മാസ്​റ്റർ ഇഫക്ട് ബാധിച്ചിട്ടി​െല്ലന്ന് തെളിയിച്ച് ബി.ജെ.പി 2014ൽ നേടിയ 51,636 വോട്ട് 2019ൽ 68,509 ആയി വർധിപ്പിച്ചു. വാസുമാസ്​റ്ററെ പാർട്ടിയിൽ സ്വീകരിക്കുന്നതിന് രാവും പകലും അധ്വാനിച്ച പി. ജയരാജൻ വടകരയിൽ നിഴലായി കൊണ്ടുനടക്കുകയും ദേവസ്വം ബോർഡിെൻറ ചുമതലക്കാരനെന്ന നിലയിൽ ക്ഷേത്രവിശ്വാസികൾക്കിടയിൽ കടന്നുകയറാൻ പാലം പണിയുകയുംചെയ്തു. അതും ഫലിച്ചില്ല. പി. ജയരാജൻ തോറ്റപ്പോൾ ബി.ജെ.പി 2014ൽ നേടിയ 76,313 വോട്ട് 80,128 ആയി വർധിപ്പിച്ചു. യഥാർഥത്തിൽ പി. ജയരാജ​െൻറ ഈ പരാജയത്തിനിടയിലും ബി.ജെ.പിയുടെ വോട്ട് വാസു മാസ്​റ്ററെ വെച്ചും ചുരുക്കാനാവാത്തതിെൻറ രഹസ്യാന്വേഷണത്തിലാണ് ഭൂരിപക്ഷവർഗീയത വളരുന്നത് ന്യൂനപക്ഷത്തിന് പാർട്ടി വലിയ പരിഗണന നൽകുന്നുവെന്ന പരിഭവത്തിൽനിന്നാണെന്ന നിഗമനത്തിലെത്തുന്നത്. പാർലമെൻറ് ഇലക്​ഷനുേശഷം ന്യൂനപക്ഷ വർഗീയതയോടുള്ള നിലപാട് കടുപ്പിക്കുമെന്ന നിലയിൽ അതി​െൻറ ചാവേറായി ചില കക്ഷികളെ വെച്ച്​ രംഗത്ത് വരുന്നത് ഈ സാഹചര്യത്തിലാണ്.

കണ്ണൂർ കോർപറേഷനിൽ ഒരു അമ്പാടിമുക്കുണ്ട്. സി.പി.എമ്മിെൻറ പാർട്ടി ഗ്രാമം പോലൊരു സംഘ്പരിവാർ കവലയാണത്. അവിടെ ചുകപ്പ​ുകൊടി ഉയർത്തി ബി.ജെ.പിയിൽനിന്ന് നൂറോളം പേർ സി.പി.എമ്മിലേക്ക് കടന്നുവന്നവർക്ക് പി. ജയരാജ​െൻറ കാർമികത്വത്തിൽ തന്നെ 2014ൽ വമ്പിച്ച സ്വീകരണം നൽകി. തൊട്ടടുത്ത വർഷം നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തി​െൻറ പരിസരം അമ്പാടിമുക്ക് ചേർന്ന കണ്ണൂർ കോർപറേഷൻ ഡിവിഷനിൽ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്ത് തള്ളി ബി.ജെ.പി രണ്ടാം സ്ഥാനം നേടി. ഒരു വർഷത്തിനു ശേഷം സി.പി.എമ്മിലേക്ക് പോയവർ ബി.ജെ.പിയിലേക്ക് തിരിച്ചുവന്നതായി പ്രഖ്യാപിച്ച് ഇവിടെ പ്രകടനം നടത്തി. ഇക്കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പു ഫലം പുറത്ത് വന്നപ്പോൾ ബി.ജെ.പി രണ്ടാം സ്ഥാനം നിലനിർത്തുന്നതിനിടയിൽ ഇടതുമുന്നണിയുടെ വോട്ട് 225ൽനിന്ന് 145 ആയി ചുരുങ്ങുകയായിരുന്നു.

ബി.ജെ.പിയുടെ തട്ടകത്തിൽ കയറി ന്യൂനപക്ഷ വർഗീയതയുടെ നാവ് നീട്ടി പ്രസംഗിച്ചിട്ടും ഭൂരിപക്ഷവികാരം പാർട്ടിക്കൊപ്പം വരുന്നില്ല എന്നു പഠിക്കാൻ ഇനിയെത്ര പരാജയം സി.പി.എം ഏറ്റുവാങ്ങണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMBJP
Next Story