Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകേരളത്തെ വിഴുങ്ങുന്ന...

കേരളത്തെ വിഴുങ്ങുന്ന ജാതിക്കൊലകളും ഹിംസാഖ്യാനങ്ങളും

text_fields
bookmark_border
honour kill in kerala
cancel

കോവിഡ് മഹാമാരിയുമായി പൊരുതി 2021 എന്ന പുത്തനാണ്ടിലേക്കു കടക്കുമ്പോൾ ലോകമാകെയുള്ള മനുഷ്യദുരന്തങ്ങളെ ചെറുതാക്കുന്ന കൊലകളും വംശീയഹിംസകളുമാണ് കേരളത്തെ വിഴുങ്ങുന്നത്. സാമൂഹിക പുറന്തള്ളലും പ്രാന്തീകരണവും വംശഹത്യപരവും പ്രതീകാത്മകവുമായ ഹിംസകളും പെരുകുകയാണ്. ഇന്ത്യൻ ഭരണഘടനയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന ഇരുട്ടിെൻറ ശക്തികളാണ് ഈ കൊലപാതക അധീശസംസ്​കാരത്തെ പരോക്ഷമായി അക്കാദമിക, മാധ്യമപ്രവർത്തനങ്ങളിലൂടെ തിരികെ കൊണ്ടുവരുന്നത്.

സമൂഹത്തെ ഉച്ചനീചമാക്കി വെട്ടിവേർതിരിക്കുന്ന, മനുഷ്യത്വത്തിനും നീതിക്കും നിരക്കാത്ത ഹിംസാത്മകമായ വർണാശ്രമധർമത്തെ ഇന്ത്യയിൽ ചെറുത്തത് ബുദ്ധനുയർത്തിയ സമതയുടേയും കരുണയുടേയും ധർമമാർഗവും പിന്നീട് ബാബാസാഹബ് അ​ംബേദ്​കർ പ്രതിനിധാനം ചെയ്യുന്ന അടിസ്ഥാനജനതയുടെ ജനായത്ത വിപ്ലവവും അദ്ദേഹം നിർമിച്ച ആധുനികവും സാമൂഹികജനായത്തത്തിൽ ഉൗന്നുന്നതുമായ ഭരണഘടനയുമായിരുന്നു.

പുറന്തള്ളലിനെ പ്രായോഗികമായി ചെറുക്കുന്ന സാമൂഹികനീതിയായിരുന്നു അവരുടെ അടിത്തറ. സാമൂഹിക പ്രാതിനിധ്യത്തിലൂടെ ജനായത്തമുറപ്പാക്കുന്ന സത്യനീതിതത്ത്വത്തെ യാഥാർഥ്യത്തിനും ചരിത്രത്തിനും സ്ഥിതിവിവരക്കണക്കുകൾക്കും നിരക്കാത്ത അമിതപ്രാതിനിധ്യത്തിെൻറ സാമ്പത്തിക സംവരണവാദത്തിലൂടെ പടിപടിയായി അട്ടിമറിച്ചു. തികഞ്ഞ വർണാശ്രമധർമത്തിെൻറ രാമരാജ്യം സമാഗതമായി.

അക്ഷരം പഠിക്കുകയും പഠിപ്പിക്കുകയും വർണസങ്കരം നടത്തുകയും ചെയ്യുന്ന ശൂദ്രരേയും സ്​ത്രീകളേയും മ്ലേച്ഛരേയും അവർണരേയും ശംബൂകനെ പോലെ കഴുത്തറുത്തു കൊല്ലുന്ന മനുസ്​മൃതിയുടെ പുരാണപുണ്യരാജ്യം സമാഗതമായി. രോഹിത് വെമുലയടക്കം നിരവധി ദലിത് ബഹുജനയുവജനങ്ങൾ തന്നെ സ്ഥാപനവത്​കൃത ജാതിക്കൊലക്ക്​ ഇരയായി.

2020 ക്രിസ്​മസ്​ ദിനത്തലേന്ന് പാലക്കാട്ട് കുഴൽമന്ദത്തിനടുത്ത തേൻകുറിശ്ശിയിലെ അനീഷ് എന്ന അവർണ യുവാവിെൻറ കൊലപാതകം തെളിയിക്കുന്നത്​ ഇതാണ്. ജാതിയുടെ പേരിലെ ഈ കൊലയെ ജാതിക്കൊല എന്നുതന്നെ വിളിക്കണം. കുലീനമായ മലയാളക്കരയിൽ ജാതിക്കൊല കേവലം ദുരഭിമാനക്കൊലയായി മാറ്റിയെഴുതപ്പെടുന്നു.

27കാരൻ അവർണനായ അനീഷിനെ ജാതിപ്പേരിൽ കൊലക്കത്തിക്കിരയാക്കുന്ന അതേ കുലീനസമൂഹംതന്നെയാണ് 26 തികയാത്ത കുലീനകുമാരന്മാരെ ആസ്ഥാന ചരിത്രാധിനായകരും 21 തികയാത്ത കുലീനകുമാരിമാരെ മലയാളരാജ്യ തലസ്ഥാനപുംഗവരുമൊക്കെയാക്കി ജനങ്ങളുടെ ചെലവിൽ അവരോധിക്കുന്നത്.

ജാതിയെയും വർണവ്യവസ്ഥയേയും മറികടന്നു മനുഷ്യസഹജമായ വൈവാഹികബന്ധം വികസിപ്പിക്കുകയും ഗീതയും മനുസ്​മൃതിയും വൈദിക പുരുഷസൂക്തവും വിലക്കുന്ന വർണസങ്കരം നടത്തുകയും ചെയ്തു എന്നതാണ് ഹൈന്ദവബോധത്തിൽ അനീഷ് ചെയ്ത കുറ്റം. അദ്ദേഹം വിവാഹംകഴിച്ച് സ്വന്തം പുരയിൽ കൊ

ണ്ടുവന്നു താമസിപ്പിച്ചത് ഒരു ജാതിഹിന്ദു സ്​ത്രീയെയായിരുന്നു. ആ സവർണ ഹിന്ദുയുവതിയുടെ പിതാവും അമ്മാവനും കൂടിയാണ് ക്രൂരമായ ജാതിക്കൊല നടത്തിയത്. ഇന്ത്യയിലെ അസമത്വവും അനീതിയും സാമൂഹികമല്ല സാമ്പത്തികം മാത്രമാണ് എന്നാണല്ലോ ഭരണഘടന വന്ന 1950കൾ മുതൽ പരിശുദ്ധ പിതൃരൂപങ്ങളായ പരമപുരോഹിതർ സാധാരണ ജനങ്ങളെ പറഞ്ഞുപഠിപ്പിച്ചു വിശ്വസിപ്പിച്ച് സാമ്പത്തികസംവരണ കുത്തകവത്​കരണത്തിലൂടെ ഇന്ത്യൻ നിർമാണഘടനയുടെ അടിത്തറ പൊളിച്ചടുക്കിയത്. ആ ദേശീയ ജനായത്ത ദുരന്തമോർത്താൽ ഇതൊക്കെ ചെറുതായിപ്പോകാം.

തൊട്ടുകൂടാത്ത അവർണരൊക്കെയും ബ്രാഹ്മണ്യത്തിനും വൈദിക വർണാശ്രമത്തിനും വഴങ്ങാത്ത സംഘസംസ്​കാരമുള്ള ബൗദ്ധപാരമ്പര്യമുള്ള അടിസ്ഥാന അധ്വാന ബഹുജനങ്ങളാണെന്നതാണ് തെന്നിന്ത്യയുടെ ചരിത്രസത്യം. മധ്യകാലത്തോടെ ബുദ്ധിസത്തെ ജന്മനാടായ ഇന്ത്യയിൽനിന്നു മാവേലിയുടെ മിത്ത്​ സൂചിപ്പിക്കുന്നപോലെ ചതിയിലും വംശഹത്യയിലും ഇല്ലാതാക്കിയെങ്കിലും അവർണരിലും മുസ്​ലിംകളിലുംകൂടി ബുദ്ധിസത്തിെൻറ പല വിമോചന ജനായത്ത അംശങ്ങളും ബ്രാഹ്മണ്യത്തിനും വർണാശ്രമത്തിനും ജാതിസ്വരാജ്യത്തിനും ഭീഷണിയായി നിലനിൽക്കുകയാണ്.

ചണ്ഡാളനോടും മ്ലേച്ഛനോടുമുള്ള പക അങ്ങനെ ചരിത്രപരമായി വൈദിക വർണാശ്രമധർമത്തിന് അടക്കാനാവാത്തതാണ്. ബ്രാഹ്മണിക ജാതിക്കും വർണത്തിനും നിരക്കാത്ത പ്രതിഷ്ഠാപന വിദ്യ നടത്തിയതുകൊണ്ടാണ് കേരളബുദ്ധനായ നാരായണഗുരു 1888ൽ ചോദ്യംചെയ്യപ്പെട്ടത്. അതിനും ഏതാണ്ട് നാലു പതിറ്റാണ്ടു മുമ്പ് കായംകുളം ആറാട്ടുപുഴ മംഗലത്ത് 1850കളുടെ തുടക്കത്തിൽ എല്ലാ മനുഷ്യർക്കുമായി ജ്ഞാനേശ്വര പ്രതിഷ്ഠ നടത്തിയ ആറാട്ടുപുഴ വേലായുധപണിക്കർ കുടിലമായി ജാതിക്കൊല ചെയ്യപ്പെട്ടു.

ജാതിയെ മറികടന്ന് ​​അമ്പലപ്രതിഷ്ഠയും കളരിയും കളിയോഗവും പള്ളിക്കൂടവും വായനശാലയും സ്ഥാപിച്ച്, അച്ചിപ്പുടവ സമരവും ഏത്താപ്പു സമരവും മൂക്കുത്തി കലാപവും കാർഷിക പണിമുടക്കും നടത്തി അവർണരേയും സ്​ത്രീകളേയും മാനാഭിമാനങ്ങൾക്കായുള്ള മനുഷ്യാവകാശ പോരാട്ടങ്ങളിലേക്കു നയിച്ചു എന്നതായിരുന്നു ആറാട്ടുപുഴ ചെയ്ത തെറ്റ്. മതവൈരംകൂടി വളർത്തുന്ന തരത്തിൽ മുസ്​ലിം നാമധാരിയായ ഒരു വാടകക്കൊലയാളിയെ ഉപയോഗിച്ചായിരുന്നു ചതിയിൽ, വള്ളത്തിൽ ഉറങ്ങിക്കിടന്ന ആറാട്ടുപുഴയെ കൊല ചെയ്​തത്​. 1874 ജനുവരിയിലാണ് കേരളചരിത്രത്തിലെ ഏറ്റവും കുടിലമായ ആ ജാതിക്കൊലപാതകം.

അയ്യൻകാളിയുടെ വില്ലുവണ്ടി തടയപ്പെട്ടതും ചാലിയത്തെരുവിൽ ആക്രമിക്കപ്പെട്ടതും പൊയ്കയിലപ്പച്ചനു നേരേ വധശ്രമം ഉണ്ടായതും വർണജാതി നിയമങ്ങൾ ലംഘിച്ചതുകൊണ്ടാണല്ലോ. ജാതിവർണ വ്യവസ്ഥയെ ലംഘിക്കുകയും ജാതിവിമർശനം നടത്തുകയും ജാതിക്കെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നവരുടെ ദുർഗതി അങ്ങനെ കഴിഞ്ഞ ആയിരം കൊല്ലത്തിലധികമായി എട്ടാം നൂറ്റാണ്ടു മുതൽ കേരളത്തിൽ ആവർത്തിക്കുകയാണ്.

മനുഷ്യചരിത്രത്തിലെ ഏറ്റവും നീതിവിരുദ്ധവും ക്രൂരവും ലജ്ജാകരവുമായ ഉച്ചനീചത്വ അസമത്വവും സാമൂഹിക രാഷ്​​ട്രീയ സാമ്പത്തിക സാംസ്​കാരിക വിഭജന പ്രത്യയശാസ്​ത്രവുമായ ജാതിവർണവ്യവസ്ഥയും അതിനെ താങ്ങിനിർത്തുന്ന മനുസ്​മൃതിയും ഗീതയും പുരുഷസൂക്തവുമടങ്ങുന്ന സ്​മൃതി ശ്രുതി പുരാണങ്ങളും പലതരത്തിൽ തിരികെ വരുകയാണ്. 1803ൽ ചേർത്തല നങ്ങേലി ജീവത്യാഗം ചെയ്തു നിർത്തിയ മുലക്കരം കേവലം സാമ്പത്തിക പ്രശ്നമായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ ജൻഡർ ഉപദേശക 'ജനപഥം' മാസികയിൽ 2019 ജനുവരിയിൽ എഴുതിവിട്ടു; 2018 അവസാനം ഭരണഘടന അട്ടിമറിച്ചു നേടിയെടുത്ത സാമ്പത്തികസംവരണത്തിനു സാധൂകരണംപോലെ.

കേരളം രാമരാജ്യമായി മാറിയതിൽ അതിശയിക്കേണ്ടതില്ല. 2018ലെ ശൂദ്രലഹളയുടെ നിലമൊരുക്കിയതിങ്ങനെയാണ്. വടയമ്പാടി, ഇരിങ്ങാലക്കുട ജാതിമതിലുകൾ, പേരാമ്പ്രയിലെ തൊട്ടുകൂടാത്തവരുടെ സ്​കൂൾ, പാലക്കാട്​ അതിർത്തിയിലെ ജാതിക്കിണർ എന്നിവയൊ

ക്കെ കഴിഞ്ഞ ഏതാനും ദശകങ്ങളായി നിരന്തരം മുന്നിലേക്കു വരുകയാണ്. ജാതി, മതത്തേയും മറികടന്നു കൊല്ലുന്ന വംശീയ വർണവെറിയുടെ കിരാതമായ യാഥാർഥ്യമാണെന്ന് ദലിത് ൈക്രസ്​തവനായ കെവിൻ ജോസഫിെൻറ കൊലപാതകം വെളിപ്പെടുത്തി. വംശീയമാണതെന്ന് ആദിവാസിയായ മധുവിെൻറ തല്ലിക്കൊല കാട്ടിത്തന്നു.

അവർണ വയോധികപുരുഷനായ മുഖ്യമന്ത്രിയെ തെരുവിൽ കുലീനസ്​ത്രീകളെക്കൊണ്ട് ജാതിത്തെറി വിളിപ്പിച്ച് ശൂദ്രലഹളയുടെ സമ്മർദപരിസരത്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ അമിത പ്രാതിനിധ്യമായ സാമ്പത്തികസംവരണം കേരളനിയമസഭയിൽ പാസാക്കിയെടുത്തു.

സ്വയംസേവകർ പോലും തുറന്നുപറയാൻ മടിച്ച കാര്യമാണ് ഇടതുപക്ഷത്തിലൂടെ ജാതിഹിന്ദു സഖ്യങ്ങൾ നടപ്പാക്കിയെടുത്തത്. ജനായത്തത്തിെൻറ അടിത്തറയായ ഭരണഘടനാപരമായ സാമൂഹികപ്രാതിനിധ്യത്തെ തകർക്കാൻ ജാതിഹിന്ദുക്കൾക്ക്​ സഖ്യം കൊടുക്കുന്ന ചില ന്യൂനപക്ഷ വരേണ്യർ അറിയുന്നില്ല ഇന്ത്യൻ ഭരണഘടനയുടെ നൈതികാധാരത്തെ തകർത്താൽ ന്യൂനപക്ഷാവകാശങ്ങളും പൗരാവകാശങ്ങളും റദ്ദായിപ്പോകുമെന്ന വസ്​തുത. ജാതിവിമർശനവും വർണാശ്രമധർമ അധീശമൂല്യങ്ങളുടെ നിശിതമായ സൂക്ഷ്മ വിശകലനവും മാധ്യമ, അക്കാദമിക സംസ്​കാരങ്ങളുടെ അടിത്തറയാകേണ്ടതുണ്ട്.

(കാലടി സംസ്​കൃത സർവകലാശാല ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honour kill
News Summary - honour kill in kerala
Next Story