കേരളത്തില്‍ കോവിഡ്-19 രോഗബാധ അതിതീവ്രഘട്ടത്തിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ കൊറോണ വൈറസിെൻറ ആക്രമണം പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗം ഹോമിയോപതി ചികിത്സയിലുണ്ടെന്നും രോഗം ആളുകളെ കീഴടക്കും മുമ്പ് പ്രതിരോധ സംവിധാനങ്ങള്‍ ഊർജിതമാക്കണമെന്നും ഹോമിയോപതി ചികിത്സകര്‍ വ്യക്തമാക്കിയിരുന്നതാണ്.
കോവിഡിനെ ചെറുക്കാന്‍ ശരീരത്തിെൻറ പ്രതിരോധശേഷി വർധിപ്പിക്കണമെന്ന്, ഏറെ അനുഭവമുള്ള അലോപതി ചികിത്സകര്തന്നെ പറയുമ്പോള്‍ കോവിഡ് വന്ന ശേഷം നടത്തേണ്ട ചികിത്സയിലും അതിെൻറ സാമ്പത്തിക ശാസ്ത്രത്തിലും മാത്രമാണ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (െഎ.എം.എ) വക്താക്കളുടെ കണ്ണും മനസ്സും എന്ന് പറയാതിരിക്കാനാവില്ല.
രോഗഭീതി വാണിജ്യതന്ത്രമാകുമ്പോള്
പല ശാസ്ത്രീയമരുന്നുകളുടെയും വിപണനതന്ത്രം ഭീതി പടര്‍ത്തുക എന്നതാണ്. വെൻറിലേറ്ററുകള്‍, വ്യവസായികാടിസ്ഥാനത്തില്‍ നിർമിക്കപ്പെടുന്ന ആരോഗ്യരക്ഷ ഉപകരണങ്ങള്‍, വിലപിടിപ്പുള്ള മരുന്നുകള്‍ എല്ലാം ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. എങ്കിലും രോഗത്തിെൻറ പേരില്‍ ഭീതി പരത്തുന്നത് വാണിജ്യതന്ത്രമാണ്.
ഹോമിയോപതി പ്രതിരോധ മരുന്ന് ജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ട് ഇതുവരെ ഒരുവിധ പാര്‍ശ്വഫലവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് കേരളത്തില്‍ ഉടനീളം ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്യപ്പെടുന്നത് ആരുടെയും സമ്മർദത്താലല്ല. ജനങ്ങളുടെ ആകുലതകള്‍ക്കിടെ വിശ്വാസമര്‍പ്പിക്കാന്‍ സാധിക്കുന്ന ഒരു ചികിത്സരീതിയാണ് ഇതെന്നും ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നുവെന്നും തിരിച്ചറിഞ്ഞാണ് എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും അംഗീകരിച്ച് 'ആര്‍സനികം ആല്‍ബം 30' ജനം കഴിക്കാന്‍ തയാറാകുന്നത്.
സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ അലോപതി വ്യവസായ ലോബിക്ക് സ്വാഭാവികമായും സര്‍ക്കാറുകളെ നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയും. ഇതേ നിയന്ത്രണത്തിന് വിധേയമായാണ് ലോകാരോഗ്യ സംഘടന പോലും പ്രോട്ടോകോളുകള്‍ നിശ്ചയിക്കുന്നത്. അതിെൻറ ചുവടുപിടിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോകോളുകള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
സ്വന്തം ചികിത്സ തിരഞ്ഞെടുക്കാനുള്ള അവകാശംപോലും നിഷേധിച്ചാണ് കോവിഡ് ചികിത്സയില്‍ ഹോമിയോപതി, ആയുർവേദ മരുന്നുകള്‍ ഉപയോഗിക്കാന്‍ പാടിെല്ലന്ന് ലോകാരോഗ്യ സംഘടനയും കേന്ദ്ര സര്‍ക്കാറും നിര്‍ദേശിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ആയുഷ് ചികിത്സ മേഖല വളരെ വിപുലമാണ്.
ഇത്രയും അടിസ്ഥാന സൗകര്യമുള്ള ഈ സംസ്ഥാനത്ത് ഹോമിയോപതി പ്രതിരോധ മരുന്ന് എല്ലായിടത്തും എത്തിക്കാന്‍ കഴിയുന്നില്ല എന്നുവന്നാല്‍ അത് ആയുഷ് വകുപ്പിെൻറ പരാജയമായി വിലയിരുത്തപ്പെടും. അതിനെ മറികടക്കാൻ ഭരണതലത്തിലും രാഷ്ട്രീയതലത്തിലും വ്യക്തമായ തീരുമാനം ഉണ്ടാകണം. പഞ്ചാബ് സര്‍ക്കാര്‍ 52 ശതമാനത്തിലധികം ജനങ്ങള്‍ക്ക് ഹോമിയോപതി പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും അതിെൻറ ഫലപ്രാപ്തി കാണുകയും ചെയ്തിരുന്നു. അതിെൻറ അടിസ്ഥാനത്തില്‍ ഔദ്യോഗികമായിതന്നെ അവര്‍ ലോകാരോഗ്യ സംഘടനയെ വിശദാംശങ്ങള്‍ അറിയിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.
എല്ലാ ചികിത്സ സമ്പ്രദായങ്ങളും പൊതുജനാരോഗ്യമെന്ന വലിയ ലക്ഷ്യത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സാമാന്യ മര്യാദയുടെ പേരിലെങ്കിലും ഐ. എം.എ പോലെയുള്ള സംഘടനകളും ശാസ്ത്ര സാഹിത്യ പരിഷത്ത് പോലെയുള്ള ശാസ്ത്രസിദ്ധാന്ത പ്രചാരകരും മനസ്സിലാക്കണം. ഹോമിയോപതി ഡോക്ടര്‍മാരല്ല ഈ ചികിത്സ സമ്പ്രദായത്തിെൻറ ശാസ്ത്രീയത തെളിയിക്കേണ്ടത്; കേന്ദ്ര സര്‍ക്കാറും അതിനു കീഴിലുള്ള ഐ.സി.എം.ആര് പോലെയുള്ള ഗവേഷണ സ്ഥാപനങ്ങളുമാണ്.
ആരോഗ്യമാണ് വ്യക്തിയുടെയും സമൂഹത്തിെൻറയും സമ്പത്ത്
കോവിഡ്-19 എന്ന മഹാവ്യാധിയുടെ ഗതിയെയോ അതിെൻറ അസാധാരണത്വത്തെയോ വിലകുറച്ച് കാണുന്നില്ല. സര്‍ക്കാറുകളും ലോകാരോഗ്യ സംഘടനയും പറയുന്ന എല്ലാ മാനദണ്ഡങ്ങളും പൂര്‍ണമായും പാലിച്ച് ഈ പ്രതിരോധ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകേണ്ടതുമുണ്ട്.
ലോകം നേരിടുന്ന മഹാവ്യാധിയില്‍നിന്ന് ജനങ്ങളെ രക്ഷപ്പെടുത്താന്‍ ലോക രാഷ്ട്രങ്ങളും ലോകാരോഗ്യ സംഘടനയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും നടത്തുന്ന ഭഗീരഥ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈത്താങ്ങാകാന്‍ മാത്രമാണ് ഹോമിയോപതി ശ്രമിക്കുന്നത്. എന്തിനാണ് ആ ശ്രമത്തെ കണ്ണടച്ച് എതിര്‍ക്കുന്നത്?
ഹോമിയോ മരുന്ന് മരുന്നേ അല്ലെന്നാണ് െഎ.എം.എ വക്താക്കളുടെ പ്രചാരണം. ഇന്ത്യയിൽ പാർലമെൻറ് അംഗീകരിച്ച ഡ്രഗ് ആൻഡ് കോസ്മെറ്റിക് ആക്ട് 1940, റൂള്‍സ് 1945 പ്രകാരം രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും ഉൽപാദിപ്പിക്കുന്നതുമായ മരുന്നുകളുടെ ഗുണനിലവാരം, ഉൽപാദന വ്യവസ്ഥകള്‍, സൂക്ഷിേക്കണ്ട രീതി, വ്യാപാരം എന്നിവയൊക്കെ വ്യക്തമാക്കിയിട്ടുണ്ട്. അലോപതി മാത്രമല്ല, ഹോമിയോ, ആയുര്‍വേദം, യൂനാനി തുടങ്ങിയ ചികിത്സ സമ്പ്രദായങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് ഈ നിയമം നിലവില്‍ വന്നത്.
ഈ വസ്തുതകളെ കണ്ണടച്ചിരുട്ടാക്കിയാണ് അലോപതിക്കാര്‍ ആയുഷ് ചികിത്സ വിഭാഗങ്ങളെ സമൂഹമധ്യത്തില്‍ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിനാളുകള്‍ അലോപതി ഇതര ചികിത്സ സമ്പ്രദായങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും രോഗമുക്തിയും മനഃശാന്തിയും നേടുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത ഇവര്‍ ബോധപൂർവം വിസ്മരിക്കുകയാണ്.
ചികിത്സ വ്യാപാരമാകരുത്
ഒരു സൂക്ഷ്മാണുവിനെ നിയന്ത്രിക്കുന്നതില്‍, ഏറെ ഉദ്ഘോഷിക്കപ്പെടുന്ന മെഡിക്കല്‍ സയന്‍സ് ഇതുവരെ എങ്ങുമെത്തിയിട്ടില്ല എന്നതും ഇനിയുമൊരുപാടു ദൂരം സഞ്ചരിക്കാനുണ്ട് എന്നതുമാണ് കോവിഡ് എന്ന മഹാവ്യാധി നമ്മെ പഠിപ്പിക്കുന്നത്. വൈദ്യശാസ്ത്രത്തിെൻറ വളര്‍ച്ചയില്‍ നാം ഏറ്റവും ആത്മവിശ്വാസത്തോടെ കണ്ടിരുന്നത് കണ്ട്രോള് സ്റ്റഡി മെക്കാനിസമായിരുന്നു.
ഇനി മറ്റൊരു വലിയ കണ്ടുപിടിത്തത്തിെൻറ ആവശ്യകതയില്ല എന്നു കരുതിയ കാലത്താണ് കോവിഡ്-19 വലിയ വെല്ലുവിളി സൃഷ്ടിച്ച് ലോകത്ത് വ്യാപിച്ചത്. ആധുനിക ചികിത്സ സമ്പ്രദായം ഇപ്പോള്‍ എവിഡന്‍സ് ബെയ്സ്ഡ് സിസ്റ്റം, എവിഡന്‍സ് ബെയ്സ്ഡ് മെഡിസിന്‍സ് എന്നതിലേക്ക് മാറിയത് നാം തിരിച്ചറിയാതെ പോകുന്നത് ഖേദകരമാണ്. മാത്രമല്ല, കണ്ട്രോള് സ്റ്റഡിയില്നിന്നുകൊണ്ട് മറ്റു മേഖലകളെ കാണുമ്പോള്‍ മറ്റെല്ലാം ശാസ്ത്രവിരുദ്ധമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമവും ശരിയല്ല.
ആഗോള മരുന്ന് കുത്തകകളുടെയും പഞ്ചനക്ഷത്ര സ്വകാര്യ ചികിത്സ സംരംഭങ്ങളുടെയും കൈകളില്‍ എത്തിയാല്‍ മാത്രമേ ഹോമിയോപതിക്ക് സാമൂഹികാംഗീകാരം ലഭിക്കൂ എന്ന ശാഠ്യം ശാസ്ത്രസമൂഹത്തിന് നല്ലതല്ല. ജനപക്ഷത്തു നിലകൊള്ളുന്നു എന്ന് സ്വയം കരുതുന്ന പ്രബല ശാസ്ത്ര സംഘടനകള്‍പോലും അവരുടെ ശാസ്ത്രബോധത്തില്‍നിന്ന് പൂര്‍ണമായും തെന്നിമാറുകയും മരുന്നു കമ്പനികളുടെ ശാസ്ത്രവക്താക്കളായിത്തീരുകയും ചെയ്യുന്ന കാഴ്ചയാണ് മുന്നിലുള്ളത്. മെഡിക്കല്‍ വ്യവസായവത്കരണത്തിെൻറയും ചികിത്സ സ്ഥാപനവത്കരണത്തിെൻറയും പക്ഷത്താണ് അവര്‍ നിലകൊള്ളുന്നത്, ഇത് വളരെ അപകടകരമായ നിലപാടുമാണ്.
എല്ലാ ചികിത്സ സമ്പ്രദായങ്ങള്‍ക്കും ശാസ്ത്രീയമായ അടിത്തറയുണ്ട്. എന്നാല്‍, അതേ അളവില്‍തന്നെ മാനുഷികതയും ആവശ്യമാണ്. ഹോമിയോപതി ചികിത്സയില്‍ യാന്ത്രികമായ ബന്ധമല്ല ചികിത്സകനും രോഗിയും തമ്മിലുള്ളത്. അതുകൊണ്ടാണ് എല്ലാ എതിര്‍പ്പുകളെയും മറികടന്നുകൊണ്ട് ജനം ഇതിനെ തേടിയെത്തുന്നത്. ചികിത്സരീതികളെല്ലാം മനുഷ്യമനസ്സിനും ശരീരത്തിനും ആശ്വാസം പകര്ന്നുനല്കാന് ഉരുത്തിരിഞ്ഞവയാണ്. അതു പ്രകൃതിയോടിണങ്ങുന്നതും മാനവികതക്കു വേണ്ടി നിലകൊള്ളുന്നതുമായിരിക്കണം. രോഗചികിത്സ സാങ്കേതികതക്കും സമ്പത്തിനും കീഴടങ്ങുമ്പോൾ യാന്ത്രികവും മനുഷ്യത്വരഹിതവുമായിത്തീരും.