പട്ടയ വിതരണത്തിൽ ചരിത്ര നേട്ടം
text_fieldsചരിത്രം രേഖപ്പെടുത്തുക എന്നത് ഒരു സാങ്കേതികത്വമാണ്. എന്നാൽ ചരിത്രദൗത്യം നിറവേറ്റുക എന്നത് വലിയൊരു പ്രയത്നമാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം, ഇന്നലെ നടന്ന സംസ്ഥാന പട്ടയമേളയിലടക്കം ഇതുവരെ 2,79,678 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. അത് സർവകാല റെക്കോർഡും അതിനേക്കാളുപരി വലിയൊരു ചരിത്രവുമാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന പട്ടയമേളയിൽ 14 ജില്ലകളിലായി 45,731 കുടുംബങ്ങളെ കൂടി ഭൂമിയുടെ അവകാശികളാക്കി.
രണ്ടാം ഇടതുപക്ഷ സർക്കാർ പ്രഖ്യാപിച്ച ലക്ഷ്യത്തിലെത്താൻ ഇനി 43,311 പട്ടയങ്ങൾ കൂടി വിതരണം ചെയ്താൽ മതി. ഏകദേശം മൂന്ന് മാസക്കാലം റവന്യൂ ഉദ്യോഗസ്ഥർ എസ്.ഐ.ആർ. നടപടികളിൽ മുഴുകിയതു കൊണ്ടാണ് ഈ കാലതാമസം. പിണറായി വിജയൻ നേതൃത്വം നൽകിയ രണ്ട് ഇടതുപക്ഷ സർക്കാരുകളും ചേർന്ന് ഇതുവരെ 4,56,689 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഏതാനും ദിവസങ്ങൾ കൂടി ലഭ്യമായാൽ അഞ്ച് ലക്ഷം പട്ടയം എന്ന ലക്ഷ്യത്തിലെത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിയമവും ചട്ടങ്ങളും സാധാരണക്കാരന് ഗുണം ചെയ്യുന്ന രീതിയിൽ പ്രയോഗിച്ച് നിരവധി ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞു എന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.
മലയോര, ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിന് മുൻഗണന നൽകി ഒരു 'പട്ടയ മിഷന്' രൂപം നൽകിയതാണ് ആദ്യ നടപടി. മലബാർ മേഖലയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന പ്രശ്നമായിരുന്നു നികുതി കെട്ടാത്ത (നി.കെ.) ഭൂമി സംബന്ധിച്ചുണ്ടായിരുന്നത്. സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഈ ഭൂമികൾക്ക് നികുതി അടയ്ക്കാൻ അനുമതി നൽകിയതിലൂടെ വലിയൊരു ഭൂപ്രശ്നമാണ് പരിഹരിക്കപ്പെട്ടത്.കടൽപ്പുറമ്പോക്കിൽ പതിറ്റാണ്ടുകളായി താമസിച്ചു പോന്നവരുടെ പട്ടയ വിഷയവും ഈ സർക്കാരിന് പരിഹരിക്കാനായിട്ടുണ്ട്.
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധമായ ഈ സർക്കാർ, വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആക്കുന്നതിനോടൊപ്പം 'സ്മാർട്ട് സേവനങ്ങൾ' സാക്ഷാത്കരിക്കുക എന്ന സങ്കല്പത്തിന് മുൻഗണന നൽകുന്നു. വില്ലേജ് ഓഫീസുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ഓൺലൈനായാണ് നൽകുന്നത്. എങ്കിലും വിവിധ ആവശ്യങ്ങൾക്കായി ഒരേ സാക്ഷ്യപത്രങ്ങൾ തന്നെ വർഷത്തിൽ പലതവണ അപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ നിലവിലുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് 'ഡിജിറ്റൽ റവന്യൂ കാർഡ്' എന്ന ആശയത്തിന് സർക്കാർ രൂപം നൽകിയത്.
"എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന മുദ്രാവാക്യം ഉയർത്തി ജനകീയമായ ഒരു മുന്നേറ്റം തന്നെയാണ് റവന്യൂ വകുപ്പ് നടത്തിയത്. ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞു എന്നത് ഇടതുപക്ഷ മുന്നണി സർക്കാരിന്റെ ഇച്ഛാശക്തിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

