Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹിന്ദുത്വ...

ഹിന്ദുത്വ രാഷ്ട്രവത്കരണ പാതയിലെ പുതിയ ചുവടുകള്‍

text_fields
bookmark_border
ഹിന്ദുത്വ രാഷ്ട്രവത്കരണ പാതയിലെ പുതിയ ചുവടുകള്‍
cancel

ഇന്ത്യയില്‍ ഇപ്പോള്‍ ഉത്സവകാലമാണ്. ഒറ്റ ദിവസത്തെയോ ഒറ്റമാസത്തെയോ ഏതെങ്കിലും ഒരു മതത്തിന്‍േറയോ മാത്രം ഉത്സവമല്ല. സാംസ്കാരികവും മതപരവുമായ ബഹുവിധ ഉത്സവങ്ങള്‍. ഇന്ത്യയിലെ നാനാത്വം വിളംബരം ചെയ്യപ്പെടുന്ന സീസണ്‍. ആദിവാസി, ബുദ്ധ, ജയിന്‍, ക്രൈസ്തവ, മുസ്ലിം, സിഖ്, ഹിന്ദു (‘ഹിന്ദു’ എന്നതിന് ദേശത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത വിവക്ഷകള്‍ ഉണ്ടെന്ന യാഥാര്‍ഥ്യം ഓര്‍മിക്കുക) വിഭാഗങ്ങള്‍ പങ്കാളികളാകുന്ന ആഘോഷങ്ങള്‍. ഓരോ ആഘോഷത്തെയും ജനങ്ങള്‍ വിഭിന്ന വിവക്ഷകളില്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് അവയുടെ സവിശേഷത.

ഇന്ത്യയൊട്ടുക്കും ആഘോഷിക്കപ്പെട്ട ‘ദീപാവലി’ ഇവയില്‍ സുപ്രധാനമാണ്. ദീപാവലിയുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ഐതിഹ്യങ്ങള്‍ ഹിന്ദുയിസത്തിന്‍െറ തുറസ്സും ബഹുസ്വരതയും സഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നതെന്ന് രമേശ് വെങ്കട്ടരാമനെപ്പോലെയുള്ള പ്രഗല്ഭമതികള്‍ ചൂണ്ടിക്കാട്ടുന്നു. രാവണനെ തോല്‍പിച്ച് ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചത്തെിയതിന്‍െറ ആഘോഷം കൂടിയാണ് ദീപാവലി. എന്നാല്‍, മറ്റൊരു അവതാരമായ വാമനന്‍ മഹാബലി എന്ന പ്രജാക്ഷേമ തല്‍പരനായ ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് താഴ്ത്തിയെന്ന പുരാണം ഇതുമായി പൊരുത്തപ്പെടുത്താനാകുമോ എന്ന ചോദ്യത്തിന് അത്രമാത്രം വൈവിധ്യപൂര്‍ണമായ കല്‍പനകള്‍ക്ക് ഹിന്ദുമതം സ്ഥാനം നല്‍കുന്നു എന്നാണ് വെങ്കട്ടരാമന്‍ നല്‍കുന്ന മറുപടി.

ഹൈന്ദവ ഐതിഹ്യങ്ങള്‍ക്ക് ഏകശിലാത്മക വിവക്ഷകള്‍ കല്‍പിക്കാനാകില്ല. കാലഭേദങ്ങള്‍ക്കും പ്രദേശഭേദങ്ങള്‍ക്കും അനുസരിച്ച രൂപംമാറ്റം സംഭവിച്ചവയാണ് ഓരോ കഥകളും. നൂറ്റാണ്ടുകളായി തുടരുന്ന അധികാരഘടനയും അടിച്ചേല്‍പിക്കപ്പെട്ട ജാതി സമ്പ്രദായങ്ങളും തമ്മിലുള്ള ഉരസലുകള്‍ ഇത്തരം വിഭിന്ന വിവക്ഷകള്‍ അന്തര്‍ലീനമായ ഐതിഹ്യങ്ങള്‍ക്ക് നിമിത്തമായെന്ന് കരുതാം. ഹിന്ദുയിസത്തിലെ ബഹിഷ്കൃത സ്വത്വങ്ങളും പരിവര്‍ത്തനക്ഷമതയില്ലാത്ത സ്ഥാപനവത്കൃത രീതികളും തമ്മിലുള്ള സംഘര്‍ഷത്തെ ദലിത്, ബഹുജന്‍ വിഭാഗങ്ങളുടെ മുന്നേറ്റവുമായി ബന്ധിപ്പിച്ച് റൊമില ഥാപ്പര്‍ നടത്തിയ വിലയിരുത്തലുകള്‍ ഓര്‍മിക്കുക. ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കളും ദലിത് ബഹുജന്‍ വിഭാഗങ്ങളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നാനാതരം വിശ്വാസരീതികളും ചിന്താഗതികളും ചേര്‍ന്ന് രൂപപ്പെട്ടതാണ് ഭാരതീയ സംസ്കൃതി. ദേവ-ദേവീ സങ്കല്‍പങ്ങളില്‍വരെ ഈ വൈവിധ്യവും വിഭിന്നതകളും സുവ്യക്തമായി നിലകൊള്ളുന്നു.

ഹൈന്ദവതയുമായി ബന്ധപ്പെട്ട ഈ വൈവിധ്യപൂര്‍ണതക്കു പകരം അതീവ കര്‍ക്കശമായ ഹിന്ദുത്വ രാഷ്ട്ര സങ്കല്‍പത്തോട് പ്രതിബദ്ധതയുള്ള ഒരു ഭരണകൂടമാണ് ഇപ്പോള്‍ നാടുവാഴുന്നത് എന്നതാണ് ഈ ദീപാവലിയുടെ സമകാല പശ്ചാത്തലത്തെ വ്യത്യസ്തമാക്കുന്നത്. ജനങ്ങള്‍ സ്വീകരിക്കേണ്ട ഹിന്ദുയിസം ഏതെന്നതിന് ഈ വിഭാഗം കര്‍ക്കശമായ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കാനും ശ്രമിച്ചുവരുന്നു.

അവശ്യസാധന വില കുതിച്ചുകയറിയതിന്‍െറയും റെയില്‍വേ യാത്രനിരക്ക് വര്‍ധിപ്പിച്ചതിന്‍െറയും മോശമായ സാംസ്കാരിക പൊലീസിങ്ങിന്‍െറയും ഘട്ടത്തിലായിരുന്നു ദീപാവലി ആഘോഷിക്കപ്പെട്ടത്. ഭക്ഷ്യവില കുതിക്കുകയും തൊഴില്‍രാഹിത്യം ശക്തിപ്പെടുകയും സമ്പദ്ഘടന തളര്‍ച്ച പ്രകടിപ്പിക്കുകയും ചെയ്ത ശേഷവും ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാറോ സാമ്പത്തിക വിദഗ്ധരോ ആസൂത്രണം ചെയ്യുകയുണ്ടായില്ല. സര്‍ക്കാറിന്‍െറ തെറ്റായ നയങ്ങള്‍ ഭൂരിപക്ഷം ജനങ്ങളിലും ഏല്‍പിക്കുന്ന ആഘാതങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനു പകരം മാധ്യമങ്ങളും ചാനലുകളും കോര്‍പറേറ്റ് അനുകൂല വിഷയങ്ങളില്‍ രമിക്കുന്നു എന്ന ദുര്യോഗവും ഇതോടൊപ്പം വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു.

ശതകോടികള്‍ മുതല്‍മുടക്കുന്ന ബോളിവുഡ് സിനിമാ വ്യവസായത്തിന്‍െറ പ്രതീക്ഷകള്‍ ഉത്സവ സീസണുകളിലാണ് അര്‍പ്പിക്കപ്പെടാറ്. എന്നാല്‍, ഇത്തവണ വിദ്വേഷ ധ്രുവീകരണ രാഷ്ട്രീയക്കാര്‍ ബോളിവുഡിലെ ചലച്ചിത്ര വിതരണത്തെ തകിടംമറിച്ചു. ദേശസ്നേഹത്തിന്‍െറ കുത്തക ഏറ്റെടുത്ത വര്‍ഗീയവിഭാഗീയ രാഷ്ട്രീയക്കാര്‍, ഉറി ആക്രമണ പശ്ചാത്തലം മുതലെടുത്ത് രംഗം കീഴ്പ്പെടുത്തുകയായിരുന്നു.  വന്‍ പ്രചാരണഘോഷങ്ങളോടെ മിന്നലാക്രമണം നടത്തിയാണ് പാക് ഭീകരര്‍ക്ക് ഇന്ത്യ തിരിച്ചടി നല്‍കിയത്.

കഴിഞ്ഞ 29 മാസത്തെ ഭരണത്തില്‍ കാര്യക്ഷമതാ രാഹിത്യം മാത്രം കാഴ്ചവെച്ച സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്തതായി ആരോപണങ്ങള്‍ ഉയര്‍ന്നു. ആസന്നമായ യു.പി, പഞ്ചാബ്, ഉത്തരഖണ്ഡ്, മണിപ്പൂര്‍ തെരഞ്ഞെടുപ്പുകളെ മുന്നില്‍കണ്ട് നടത്തുന്ന ദേശസ്നേഹ വാചാടോപങ്ങളും നിശിതമായി വിമര്‍ശിക്കപ്പെട്ടു. ഇന്ത്യന്‍ സേനയെ ഒരു പ്രത്യേക ബ്രാന്‍ഡില്‍ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കങ്ങള്‍ അപലപനീയവും അസ്വാസ്ഥ്യജനകവുമാണ്.

മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളില്‍ പാക് സമ്പര്‍ക്കത്തിലൂടെ ഇന്ത്യന്‍ വ്യാപാരികള്‍ ലാഭം കൊയ്തുകൊണ്ടിരിക്കെ ചലച്ചിത്ര മേഖലയില്‍ ഇടപാടുകള്‍ വേണ്ടെന്ന വാദവുമായി ഒരു സംഘം നിര്‍മാതാക്കള്‍ രംഗപ്രവേശംചെയ്തു. പ്രമുഖ പാക് താരം ഫവാദ്ഖാന്‍ അഭിനയിച്ച ഇന്ത്യന്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തടയുമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എം.എന്‍.എസ്)യുടെ ഭീഷണിക്ക് മുമ്പില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഫഡ്നാവിസുപോലും മുട്ടുമടക്കി. സംവിധായകന്‍ കരണ്‍ ജോഹറും ഭീഷണികളില്‍ വിറപൂണ്ടു. കോടികള്‍ സൈനികര്‍ക്ക് നല്‍കുമെന്ന വ്യവസ്ഥയില്‍ കരണ്‍ ജോഹറിന്‍െറ ‘എ ദില്‍ഹേ മുശ്കില്‍ മഹാരാഷ്ട്രയിലെ പ്രദര്‍ശനശാലകളില്‍ എത്തിച്ചേര്‍ന്നുവെങ്കിലും മധ്യപ്രദേശ്, ബിഹാര്‍, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലതുപക്ഷ ഹൈന്ദവ ഗ്രൂപ്പുകളുടെ ഭീഷണിക്കുമുമ്പില്‍ ചിത്രം മിഴിപൂട്ടി.

പാക് താരങ്ങള്‍ പൂര്‍ണ നിയമാനുമതികള്‍ നേടിയശേഷം മാത്രമാണ് അഭിനയിക്കാറുള്ളതെന്നും രാഷ്ട്രീയ വിലക്കുകള്‍ ചലച്ചിത്ര വ്യവസായത്തിന് നഷ്ടം വരുത്തുമെന്നും ചൂണ്ടിക്കാട്ടിയതിന്‍െറ പേരില്‍ ഓംപുരിക്ക് എതിരെയും ‘ദേശവിരുദ്ധത’ ആരോപിക്കപ്പെട്ടതാണ് നടുക്കമുളവാക്കുന്ന മറ്റൊരു സംഭവവികാസം. ചാനലുകളും സമൂഹമാധ്യമങ്ങളും ഓംപുരിയുടെ തൊലിയുരിച്ചു. ഭരണഘടനാ ബാഹ്യ ശക്തിയായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി ചലച്ചിത്ര പ്രദര്‍ശനാനുമതിക്കായി കരാറിനു കാത്തുനില്‍ക്കാന്‍ ഒരു മുഖ്യമന്ത്രി നിര്‍ബന്ധിതനായ ഘട്ടത്തിന് മാധ്യമകേസരികള്‍ ദീക്ഷിച്ച മഹാമൗനമാണ് നമ്മുടെ അസ്വസ്ഥതകളെ കൂടുതല്‍ തീവ്രമാക്കുന്നത്.

പ്രതിലോമകാരികളും അസഹിഷ്ണുക്കളുമായ ഒരുവിഭാഗം നമ്മുടെ വിഖ്യാത സര്‍വകലാശാലകളിലെ ജനാധിപത്യ സ്വാതന്ത്ര്യത്തിനുനേര്‍ക്കും ഖഡ്ഗ പ്രയോഗങ്ങള്‍ തുടരുന്നത് സാമൂഹിക നീതിയുടെ ക്രൂരലംഘനം മാത്രമാകുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ  ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മൂന്നാഴ്ച പിന്നിടുമ്പോഴും ദുരൂഹതയുടെ ചുരുളഴിയാതെ തുടരുന്നു.
ഇന്ത്യന്‍ മന$സാക്ഷിയെ നോവിപ്പിക്കുന്ന നജീബിന്‍െറ തിരോധാന പ്രശ്നത്തില്‍ മാധ്യമങ്ങള്‍ അലസമൗനത്തില്‍ നിര്‍വൃതി അടയുന്നതിനിടെ ഡല്‍ഹി സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലും എ.ബി.വി.പിയുടെ വിളയാട്ടങ്ങള്‍ അരങ്ങേറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിയന്ത്രണത്തിലുള്ള പൊലീസ് സേന അവലംബിക്കുന്ന ഉദാസീനത എ.ബി.വി.പിയുടെ അഴിഞ്ഞാട്ടങ്ങള്‍ക്ക് മൗനാനുമതി കലാശിക്കുകയും ചെയ്തു.

സായുധ സംഘര്‍ഷങ്ങള്‍ അരങ്ങേറിയിട്ടില്ലാത്ത സ്ഥലങ്ങളില്‍ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ ഏതുവിധം ധ്വംസിക്കപ്പെടുന്നു എന്നതിന്‍െറ ഹ്രസ്വവിവരണം നല്‍കുകയായിരുന്നു ഇതുവരെ ഞാന്‍. എന്നാല്‍,  സംഘര്‍ഷഭൂമിയായ കശ്മീരില്‍ ഇതിനേക്കാള്‍ കടുത്ത അവമതികളും ധ്വംസനങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നു.

ചുരുക്കത്തില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റവര്‍ എം.എന്‍.എസ്, എ.ബി.വി.പി, ആര്‍.എസ്.എസ്, ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ ഗ്രൂപ്പുകളുമായി നിഗൂഢബാന്ധവം നിലനിര്‍ത്തുന്നു എന്നതാണ് മര്‍മപ്രധാന യാഥാര്‍ഥ്യം. ഈ സംഘടനകളുടെ പ്രത്യയശാസ്ത്രവും പ്രയോഗരീതികളും ജര്‍മന്‍ നാസിസത്തിന്‍െറ രീതികളാണെന്ന കാര്യവും വ്യക്തം. നീരാളിക്കൈകള്‍പോലെ വ്യത്യസ്തങ്ങളാണെങ്കിലും വിവിധ നാമങ്ങളില്‍ അറിയപ്പെടുന്ന ഇവര്‍ ഒന്നിച്ചുനില്‍ക്കും. മറ്റൊരു നിര്‍ണായകവിഷയം ഈ സംഭവവികാസങ്ങള്‍ക്ക് മധ്യേ സ്ഥാനം പിടിച്ചിരിക്കുന്നു. ഇന്ത്യന്‍ സൈന്യത്തിന്‍െറ രാഷ്ട്രീയവത്കരണം എന്ന അപായകരമായ പ്രവണതയാണത്.

ജനങ്ങള്‍ക്ക് പരമാധികാരം നല്‍കുന്നതും റിപ്പബ്ളിക്കന്‍ മൂല്യങ്ങളില്‍ ഊന്നുന്നതുമായ ഒരു ഭരണഘടനയാണ് രാജ്യത്തിന്‍േറത്. സൈന്യത്തിന്‍െറ അരാഷ്ട്രീയത എന്ന സവിശേഷതയില്‍ അഭിമാനം കൊള്ളുന്നവരാണ് നാം. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട മുന്‍ സര്‍ക്കാറുകളില്‍നിന്ന് വ്യത്യസ്തമായി സൈനിക സംവിധാനത്തെ രാഷ്ട്രീയവത്കരിക്കുന്ന ബി.ജെ.പി നയം പ്രതിരോധമന്ത്രി മനോഹര്‍ പരീകറുടെ പരസ്യപ്രസ്താവനകളില്‍പോലും പ്രകടമാണ്. നിയന്ത്രണരേഖ കടന്ന് സര്‍ജിക്കല്‍ ആക്രമണം നടത്താനുള്ള ബുദ്ധി ഉപദേശിച്ചതിന്‍െറ ക്രെഡിറ്റ് പരീകര്‍ തന്‍െറ മാതൃസംഘടനയായ ആര്‍.എസ്.എസിന് വകവെച്ചുകൊടുത്തിരിക്കുന്നു.

2013 ഹരിയാനയിലെ റിവാരിയില്‍ സംഘടിപ്പിച്ച വിമുക്ത ഭടന്മാരുടെ റാലിയെ യു.പി.എയുടെ ഭരണകൂടത്തിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാനുള്ള വേദിയാക്കുകയുണ്ടായി നരേന്ദ്രമോദി. ബി.ജെ.പി സര്‍ക്കാറിനെ വാനോളം പുകഴ്ത്തുന്ന പോസ്റ്ററുകളാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന് തൊട്ടുപിറകെ യു.പിയിലുടനീളം പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പി അധികാരത്തിലിരിക്കുമ്പോഴേ ഇത്തരം ധീരകര്‍മങ്ങള്‍ സാധ്യമാകൂ എന്നായിരുന്നു അവയുടെ ധ്വനി.
സൈനികര്‍ക്ക് മോദി നല്‍കുന്ന പ്രത്യേക ദീപാവലി ആശംസയുടേയും ആര്‍.എസ്.എസ് പ്രചാരകരുടെ ചിത്രങ്ങള്‍ നിറഞ്ഞ പ്രചാരണ പോസ്റ്ററുകളുടേയും പശ്ചാത്തലത്തില്‍ ഇന്ത്യ ദീപാവലി ആഘോഷിക്കുമ്പോള്‍ അപായകരമായ കീഴ്വഴക്കം സംഭവിക്കുന്നു. പ്രഫഷനലിസത്തിന് പുകള്‍പെറ്റ ഇന്ത്യന്‍ സേനക്ക് വംശീയമായ വര്‍ണങ്ങള്‍ ചാര്‍ത്തുന്ന പ്രവണതയാണത്. അതുളവാക്കുന്ന ആഘാതങ്ങളുടെ ദൈര്‍ഘ്യം പ്രവചിക്കുക വയ്യ.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teesta setalvadhinduism
News Summary - hinduism - teesta setalvad
Next Story