ഹിജാബിലെ ഇരട്ടത്താപ്പ്
text_fieldsരാജ്യത്തെ പൗരന്മാർക്ക് ജാതി, മത, വിഭാഗങ്ങൾക്ക് അതീതമായി ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും പരസ്പര സഹിഷ്ണുതയും പരീക്ഷിക്കപ്പെട്ട അവസാന സംഭവമാണ് കേരളത്തിൽ കൊച്ചിയിലെ സ്കൂളിലെ ഹിജാബ് വിഷയം. മതേതര മൂല്യങ്ങളും മത-രാഷ്ട്രീയ വിഷയങ്ങളിൽ നിഷ്പക്ഷ നിലപാടും പുലർത്തുന്ന വലിയ ഒരു വിഭാഗം നിലനിൽക്കുമ്പോഴും മുസ്‍ലിംകളും അവരുടെ വിഷയങ്ങളും ചർച്ചയാകുമ്പോൾ നീതിയും സമൂഹവും മറന്ന് അതിനെതിരെ നിലയുറപ്പിക്കുന്നതാണ് ഇവിടെ നാം പലപ്പോഴും കാണുന്നത്.
നിക്ഷിപ്ത താൽപര്യങ്ങളുള്ള ദുഷ്ട ശക്തികൾക്കൊപ്പം നിലയുറപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ മുൻവിധിയും ഇസ്‍ലാം വിദ്വേഷവുമാണ് ഈ വിഭാഗങ്ങളും വ്യക്തികളും പ്രചരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇസ്‍ലാമും മുസ്‍ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവരുടെ പ്രതികരണം ഇത്തരക്കാരുടെ മനഃസാക്ഷി എവിടെയെന്ന് വ്യക്തമാക്കുന്നു.
വിഭാഗീയത മാധ്യമങ്ങളിലും പൊതു വേദികളിലും
ഇവയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി മാറ്റിനിർത്താനാകില്ല. മുസ്‍ലിം വിഷയങ്ങൾ ചർച്ചയായ ടെലിവിഷൻ ചർച്ചകളിൽ നാം കേട്ട പ്രതികരണങ്ങൾ, പ്രസ്താവനകളിൽ എന്നിവയിലേറെയും എന്നല്ല, ചില പത്ര എഡിറ്റോറിയലുകൾ വരെ ഇതേ വാദം ആവർത്തിക്കുന്നതായി കാണാം. കേന്ദ്രത്തിൽ ബി.ജെ.പി അധികാരമേറിയതിൽപിന്നെ മുസ്‍ലിംകളെ ഭീഷണിയായി മുദ്രകുത്തി അപരവത്കരിക്കൽ, അവർ സമൂഹത്തിൽ അനാവശ്യക്കാരായി ചിത്രീകരിക്കൽ എന്നിവയെല്ലാം വർധിച്ചുവരികയാണ്.
രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ, വിശിഷ്യാ ഉത്തരേന്ത്യയിൽ ബി.ജെ.പിയും തീവ്രവലതുപക്ഷ ഗ്രൂപുകളും തങ്ങളുടെ വിഭാഗീയ അജണ്ട നടപ്പാക്കുന്നത് നാം കാണുമ്പോഴും ദക്ഷിന്ത്യേയിൽ, കേരളത്തിൽ പ്രത്യേകിച്ച് ഇത്തരം ഗൂഢാലോചനകൾക്ക് കാര്യമായ വേരോട്ടമുണ്ടായിരുന്നില്ല. സാക്ഷരതയിൽ ഏറ്റവും മുന്നിൽനിൽക്കുന്ന കേരളത്തിൽ സാധാരണ ജനം പൊതുവെ വർഗീയ രാഷ്ട്രീയത്തോട് പ്രത്യേക അനുഭാവം കാണിക്കാറില്ല.
സമീപകാലം വരെ അങ്ങനെയായിരുന്നു സ്ഥിതി. എന്നുവെച്ച് കേരള സമൂഹം സമ്പൂർണമായി വർഗീയ മുക്തമാണെന്ന് പറയാനുമാകില്ല. മുസ്‍ലിംകൾ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ അനർഹമായി എന്നാൽ, വ്യവസ്ഥാപിതമായി ഒരു വിഭാഗം അനുഭവിച്ചുവരുന്നു. രാഷ്ട്രീയം, ഉദ്യോഗം, വിദ്യാഭ്യാസം, സ്കോളർഷിപ്പ് എന്നിങ്ങനെ വിവിധ മേഖലകളിൽ മുസ്‍ലിം സമുദായത്തെ അരികുവത്കരിച്ചാണ് ഈ അനർഹമായ സ്വന്തമാക്കൽ.
ക്രിസ്ത്യൻ സമൂഹവും തീവ്ര വിഭാഗങ്ങളും
കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തിനുള്ളിലെ ഒരു ഉദാഹരണമാണ്- കേരള ക്രിസ്ത്യാനികൾക്കിടയിൽ മാത്രമാണ് ഇതുള്ളത്- കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ) പോലുള്ള തീവ്രസംഘടനകൾ.
മുസ്‍ലിംകളോടുള്ള അവരുടെ സമീപനം സമീപകാലത്ത് ഫലസ്തീനികളെ കുറിച്ച അഭിപ്രായ പ്രകടനങ്ങളിൽ നാം കണ്ടത്. ഇസ്രായേൽ വംശഹത്യയുടെ ഇരകളായി ഓരോ നാളിലും നിരപരാധരായ പിഞ്ചോമനകൾ, കുട്ടികൾ, സ്ത്രീകൾ, വയോജനങ്ങൾ എന്നിങ്ങനെ എല്ലാവരും കൊല്ലപ്പെടുന്നു. ഈ അറുകൊലകളെ പക്ഷേ, ഇരകൾ അർഹിക്കുന്നതായി കാണിക്കാനാണ് ഇവർക്കിഷ്ടം. മുസ്‍ലിം സമൂഹത്തോടുള്ള കടുത്ത മതവൈരം മാത്രമാണ് ഇവിടെ കാരണം. ഇസ്രായേൽ സൈന്യവും ജൂത സമൂഹവും കാണിക്കുന്ന ധീരതക്ക് വാഴ്ത്തുപാട്ടും ഇവരുടെ രീതിയാണ്.
ക്രൂരത ഏറ്റുവാങ്ങുന്നത് മുസ്‍ലിംകളാകുമ്പോൾ, ജൂതരോട് അതുവരെയും വെച്ചുപുലർത്തിയ അനിഷ്ടം വിസ്മൃതമാകുന്നു. കേരളത്തിൽ ചില ക്രിസ്ത്യാനികൾ മുസ്‍ലിംകൾക്കെതിരെ ജൂതർക്കൊപ്പം നിൽക്കാനിഷ്ടമുള്ളവരാണ്.
കൊച്ചി സ്കൂളുകളിലെ ഹിജാബ് വിഷയം
സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകളായിട്ടും സെന്റ് മേരീസ്, ഫാതിമ, ഫോർട്ട് കൊച്ചിയിലെ അവർ ലേഡീ’സ് തുടങ്ങി കൊച്ചി രൂപതക്ക് കീഴിലെ സ്കൂളുകൾ മുസ്‍ലിം പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നത് വിലക്കുന്നുണ്ട്. കൊച്ചി രൂപതക്ക് കീഴിലെ ഒരു സ്കൂളിൽ പഠനം നടത്തിയ മുൻവിദ്യാർഥിയെന്ന നിലക്ക് ഈ വിദ്യാലയങ്ങളിൽ മുസ്‍ലിം വിദ്യാർഥികളോടുള്ള സമീപനം നേരിട്ട് അനുഭവമുള്ളതാണ്. ഇപ്പോഴും ഇവിടങ്ങളിലൊന്നും മുസ്‍ലിം പെൺകുട്ടികൾ ശിരോവസ്ത്രം അണിയാൻ അനുവദിക്കപ്പെടുന്നില്ല. സ്കൂൾ മുറ്റത്തേക്ക് പ്രവേശിക്കും മുമ്പ് അവരത് അഴിക്കണം.
കന്യാസ്ത്രീകൾ മേൽനോട്ടം വഹിക്കുന്ന, പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ സ്കുളുകളിൽ മുസ്‍ലിം വിദ്യാർഥികളും ക്രിസ്തുവിന്റെ പ്രതിമക്ക് മുന്നിൽ മുട്ടുകുത്തിനിൽക്കാൻ നിർബന്ധിക്കപ്പെടാറുണ്ട്. മാതാപിതാക്കൾക്ക് മുന്നിലെത്തി കുട്ടികൾ ഇത് പരാതി പറയാറുമുണ്ട്. മക്കളുടെ മുന്നോട്ടുള്ള പഠനം ആലോചിച്ച് രക്ഷിതാക്കൾ ഇത് വിഷയമാക്കാതെ മൗനം പാലിക്കലാണ് പതിവ്.
മതപരമായ ഇരട്ടത്താപ്പ്
വിദ്യാലയങ്ങളിൽ ശിരോവസ്ത്രം അണിയുന്നതിനെ കുറിച്ച് കന്യാസ്ത്രീകൾ ചോദിക്കപ്പെട്ടാൽ തിരുവസ്ത്രമെന്ന് പറഞ്ഞ് അവരതിനെ ന്യായീകരിക്കും. അപ്പോൾ പിന്നെ മുസ്‍ലിംകൾക്ക് എന്തുകൊണ്ടാകും അത് വിശുദ്ധമല്ലാതാകുന്നത്? കന്യാസ്ത്രീകൾ അണിയുമ്പോൾ വിശുദ്ധവും മുസ്‍ലിംകളാകുമ്പോൾ അവിശുദ്ധവുമാകുമോ? മുസ്‍ലിംകൾ ഈ വിഷയം ഉയർത്തുമ്പോഴേക്ക് അവർക്കെതിരെ വർഗീയത ചുമത്തിയോ ഭീകരരായി അവതരിപ്പിച്ചോ ആക്രമണമാകും.
ക്രിസ്ത്യൻ- മുസ്‍ലിം ബന്ധങ്ങൾ: ചരിത്ര പശ്ചാത്തലം
മുസ്‍ലിംകളോട് എന്തുകൊണ്ടാകും ഈ വെറുപ്പ്? അതിന് ചരിത്രത്തിൽനിന്നു തന്നെ ഉത്തരം കണ്ടെത്തേണ്ടിവരും. കേരള ജനസംഖ്യയിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമുദായം -ന്യൂനപക്ഷമെങ്കിലും മുസ്‍ലിംകൾ അവരെക്കാളുണ്ട്. ഹിന്ദുക്കൾ 50 ശതമാനത്തിലേറെയുമാണ്- കേരള രാഷ്ട്രീയത്തിലും സർക്കാർ തലത്തിലും ചോദ്യം ചെയ്യപ്പെടാത്ത അധീശത്വം പുലർത്തിയിരുന്നു അന്ന്. മന്ത്രിമാർ, പൊലീസ് മേധാവികൾ, ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥർ, ഉന്നത തൊഴിലുകൾ എന്നിവയിലെല്ലാം അവരുടെ പ്രാതിനിധ്യത്തിന്റെ കണക്കുകൾ ഈ യാഥാർഥ്യം പറഞ്ഞുതരും. ഇപ്പോഴും ഒരു മുസ്‍ലിം കേരള മുഖ്യമന്ത്രിയാകുന്നത് ആലോചിക്കാനാകുമോ? സി.എച്ച് മുഹമ്മദ് കോയ അന്ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അൽപായുസ്സ് മാത്രമായിരുന്നു അതിന്.
സഭയിൽ മുസ്‍ലിം ലീഗിന്റെ അംഗബലത്തിന് ആനുപാതികമായി അഞ്ചാം മന്ത്രി പദവിക്ക് മുസ്‍ലിം ലീഗ് മുമ്പ് ആവശ്യമുന്നയിച്ചപ്പോഴും കണ്ടു, ക്രിസ്ത്യൻ സമൂഹത്തിലെ പ്രത്യേക വിഭാഗത്തിന്റെ മുറവിളി. കേരള സമൂഹത്തിന്റെ മതേതര ചട്ടക്കൂട് അതോടെ അപകടത്തിലാകുമെന്നായിരുന്നു വിശദീകരണം. ആരും ചോദ്യം ചെയ്യാനില്ലാതെ മറ്റു സമുദായങ്ങൾ അനർഹമായ പ്രാതിനിധ്യം അനുഭവിക്കുമ്പോഴും മുസ്‍ലിംകൾ അർഹമായ പ്രാതിനിധ്യം ചോദിക്കുന്നത് എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നത്? മുസ്‍ലിംകൾ മതേതരരല്ലെന്നും ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾ അങ്ങനെയാണെന്നുമെന്ന തരത്തിൽ അടിച്ചേൽപിക്കുന്ന വാദമാണ് എല്ലാറ്റിനും പിന്നിൽ.
മാധ്യമങ്ങൾ, വിദ്യാഭ്യാസം, ഇസ്‍ലാം ഭീതി
മുസ്‍ലിം മാനേജ്മെന്റുകൾക്ക് കീഴിലെ ടെലിവിഷൻ ചാനലുകളും പത്രങ്ങളും വരെ മതേതരമല്ലാത്തതായി മുദ്രകുത്തപ്പെടുകയാണ്. മറുവശത്ത്, ഇതര വിഭാഗങ്ങളുടെതാകുമ്പോൾ മതേതരമായി മാറുകയും ചെയ്യുന്നു. ഇത്തരം മാധ്യമങ്ങളിൽ ചിലത് പരസ്യമായി ഇസ്‍ലാം ഭീതിയും മുസ്‍ലിം വിദ്വേഷവം പ്രചരിപ്പിക്കുന്നതായി നിരവധി റിപ്പോർട്ടുകളുണ്ടായിരിക്കെയാണിത്.
ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിൽ സർക്കാർ ഫണ്ടിങ്ങിലാണ് അവയുടെ പ്രവർത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. അവിടെ ഏത് നിയമപ്രകാരമാണ് സ്ഥാപനം പ്രവർത്തിക്കുകയെന്ന് മാത്രം അവിശട മാനേജ്മെന്റുകൾ തീരുമാനിക്കും. സമീപനാളുകളിൽ മുസ്‍ലിംകൾക്കെതിരെ പരസ്യമായി ചില ക്രിസ്ത്യൻ തീവ്ര സംഘടനകൾ രംഗത്തെത്തുന്നത് നാം കണ്ടതാണ്. ചില ബിഷപ്പുമാരും വൈദികരും മുസ്‍ലിംകളെ മയക്കുമരുന്ന് സമൂഹത്തിൽ പ്രചരിപ്പിക്കുന്നവരായി ചിത്രീകരിക്കുന്നു. ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദ് വഴി പ്രലോഭിപ്പിക്കുന്നതായും നാർകോട്ടിക് ജിഹാദ് നടത്തുന്നതായും പറയുന്നു.
സാമ്പത്തിക, സാംസ്കാരിക ഘടകങ്ങൾ
ഈ വൈരത്തിനു പിന്നിലെ മൂലഹേതു എന്താകും? നീണ്ടകാലം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‍ലിംകൾ പൊതുവെ പിറകിലായിരുന്നു. സമീപകാലത്ത് പക്ഷേ, ഈ രംഗങ്ങളിൽ അവർക്കിടയിൽ ഉണർവ് പ്രകടമാണ്. സർക്കാർ, ബിസിനസ് മേഖലകളിൽ ഇവർ ഉയർന്ന പദവികൾ അങ്ങനെ എത്തിപ്പിടിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാറ്റിലുമുപരി, സ്വന്തം വേഷവും ഭക്ഷണവും കലാരൂപങ്ങളും മതാചാരങ്ങളുമൊക്കെയായി ഈ സമുദായം കൂടുതൽ ദൃശ്യതയിലെത്തുകയും ചെയ്തിട്ടുണ്ട്. അറബിക് ഭക്ഷണം പോലുള്ള മുസ്‍ലിം ഭക്ഷണ സംസ്കാരം വിപണിയിൽ വേരു പടർത്തുന്നതും പ്രകടമാണ്. വിശ്വാസപരമായി പോലുമുണ്ട് വിഷയങ്ങൾ. ഇതെല്ലാം, ഈ പശ്ചാത്തലത്തിൽ ചേർത്തുവായിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

