തട്ടത്തോടൊപ്പം പെട്ടിയിലാവുന്ന വിദ്യാഭ്യാസ ലക്ഷ്യങ്ങൾ
text_fieldsപള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക് പൊതുമണ്ഡലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ശിരോവസ്ത്രം ധരിക്കുന്ന കന്യാസ്ത്രീകൾ തന്നെ, 'സാംസ്കാരിക പരിസരം മറ്റൊന്നാണ്' എന്ന കാരണം മുൻനിർത്തി വിദ്യാർഥിനികളുടെ ശിരോവസ്ത്രാവകാശം നിഷേധിക്കുന്നതിന്റെ നൈതികമായ സാധുത ഒരു വിഭാഗം ചോദ്യം ചെയ്യുന്നു. എന്നാൽ, സ്കൂൾ യൂനിഫോം രൂപപ്പെടുത്താനുള്ള അധികാരം മാനേജ്മെന്റിൽ നിക്ഷിപ്തമാണെന്നും, വ്യക്തിഗത വിശ്വാസ-സാംസ്കാരിക പശ്ചാത്തലങ്ങൾ പരിഗണിക്കേണ്ടതില്ലെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.
കേവലം അക്ഷരങ്ങളും അക്കങ്ങളും കൈമാറ്റം ചെയ്യപ്പെടുന്ന ഇടമല്ല, മറിച്ച് കുട്ടികളെ ജീവിതത്തിനായി സജ്ജമാക്കുന്ന പരിശീലന കേന്ദ്രങ്ങളാണ് വിദ്യാലയങ്ങൾ എന്നതിൽ ആർക്കും തർക്കമുണ്ടാവില്ല. വൈവിധ്യങ്ങളുടെ ലോകത്തേക്ക് കുട്ടികളെ ഒരുക്കുന്ന പ്രക്രിയ എന്ന നിലയിൽ, വിദ്യാലയങ്ങൾക്ക് കൃത്രിമമായ ഏകശിലാത്മകത (Artificial Monolithism) പാടില്ല എന്നും, സാംസ്കാരിക വൈവിധ്യങ്ങളെ മനുഷ്യജീവിതത്തിന്റെ സ്വാഭാവികതയായി അംഗീകരിച്ചുകൊണ്ട് ജീവിക്കാൻ സ്കൂൾ അന്തരീക്ഷം കുട്ടികളെ പ്രാപ്തരാക്കണമെന്നുമാണ് വിദ്യാഭ്യാസ തത്ത്വശാസ്ത്രം അനുശാസിക്കുന്നത്.
സുസ്ഥിര വികസനവും വൈവിധ്യങ്ങളുടെ ഉൾക്കൊള്ളലും
ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിദ്യാഭ്യാസ നയങ്ങൾ രൂപവത്കരിക്കുന്നതിൽ ക്രിയാത്മക പങ്കുവഹിക്കുന്ന യുനെസ്കോയും, ഒ.ഇ.സി.ഡി (Organisation for Economic Co-operation and Development)യും പോലുള്ള ആഗോള ഏജൻസികൾ ഈ വിഷയത്തിൽ വ്യക്തമായ നിലപാടെടുക്കുന്നുണ്ട്. മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്ന വൈവിധ്യങ്ങളോടും ബഹുസ്വരതയോടും ആദരവോടെ വർത്തിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകുക എന്നത് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യമായാണ് അവർ കാണുന്നത്.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായുള്ള യുനെസ്കോ പദ്ധതിയാണ് Global Citizenship Education (GCED). മനുഷ്യർക്കിടയിൽ കരുണ, ഏകതാഭാവം, ബഹുമാനം എന്നിവ വളർത്തി, വിവേചനങ്ങളെ ഇല്ലാതാക്കാനും സാംസ്കാരിക ബഹുസ്വരതയെ വിലമതിക്കാനും സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ സജ്ജമാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. സാംസ്കാരിക വൈവിധ്യവും മനുഷ്യാവകാശവും GCEDയുടെ പ്രധാന വിഷയങ്ങളിലൊന്നാണ്. എല്ലാ മനുഷ്യർക്കുമുള്ള അവകാശമായി തുല്യതയും ആദരവും അംഗീകരിക്കപ്പെടണമെന്നതാണ് ഇതിലൂടെ ഊന്നൽ നൽകുന്നത്.
വിദ്യാർഥികൾക്ക് മുമ്പ്, വിദ്യാഭ്യാസ മേഖലയിലെ സമത്വം, ഉൾക്കൊള്ളൽ (Inclusion) എന്നിവ ഉറപ്പുവരുത്തുന്നതിൽ അധ്യാപകരെയും സ്കൂൾ നേതൃത്വങ്ങളെയും സജ്ജരാക്കുകയും പരിശീലനം നൽകുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ഒ.ഇ.സി.ഡി എടുത്തുപറയുന്നുണ്ട്.
ബഹുസ്വരതയും ഇന്ത്യൻ വിദ്യാഭ്യാസ ദർശനവും
വൈവിധ്യങ്ങളെ ഉൾക്കൊള്ളൽ (Cultural Accommodation) ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാവേണ്ടത് രണ്ട് പ്രധാന കാരണങ്ങൾ കൊണ്ടാണ്: നാനാത്വത്തിൽ ഏകത്വം എന്നത് നമ്മുടെ ദേശീയ മുദ്രാവാക്യമാണ്. രാജ്യത്തിന്റെ മനുഷ്യവിഭവശേഷിയെ ലോകത്തെ മികവുറ്റ തൊഴിൽ ശക്തിയായി വളർത്തിയെടുക്കാൻ, മറ്റ് സംസ്കാരങ്ങളുമായി ഇടപഴകാനുള്ള കഴിവ് (Inter-cultural Competence) യുവതലമുറക്ക് പകർന്നുനൽകേണ്ടത് അത്യാവശ്യമാണ്.
പുതിയ ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ (NEP 2020) മൗലിക തത്ത്വങ്ങളിൽ ബഹുസ്വരതയും അപരരോടുള്ള ആദരവും കടന്നുവരുന്നുണ്ട്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള കഴിവിന്റെ പ്രാധാന്യവും അത് ഊന്നിപ്പറയുന്നു. ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞിരിക്കെ, നമ്മുടെ നാട്ടിൽ ചില സ്ഥാപനങ്ങൾ ഇതിനോട് പുറംതിരിഞ്ഞ് നിൽക്കുന്നത് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തമാവുകയാണ്.
ഒരു കുട്ടിയുടെ മതാവകാശത്തെ ഹനിക്കുന്നു എന്നതിലുപരി, തങ്ങളുടെ സാംസ്കാരിക അടയാളങ്ങൾ ഉപേക്ഷിച്ചുകൊണ്ടേ ഒരു വിദ്യാർഥിക്ക് സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശനം ലഭിക്കൂ എന്ന ചിന്തയെ സ്വാഭാവികതയായി അംഗീകരിക്കുന്നത് നമ്മുടെ സാമൂഹികാരോഗ്യത്തെ (Social Health) സംബന്ധിച്ച് നല്ല സൂചനയല്ല നൽകുന്നത്. ആത്മാഭിമാനമുള്ള മനുഷ്യനെ വാർത്തെടുക്കലാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്നിരിക്കെ, ദിവസവും സ്കൂൾ ഗേറ്റിന് പുറത്ത് ശിരോവസ്ത്രം അഴിക്കേണ്ടിവരുന്ന കുട്ടികളുടെ ആത്മാഭിമാനം എത്രമാത്രം മുറിപ്പെടുന്നുണ്ടാവും. ഹൈസ്കൂൾ പ്രായമെത്തിയാൽ താൻ തലമറക്കേണ്ടതാണെന്ന് വിശ്വാസബദ്ധമായിക്കരുതുന്ന ഒരു പെൺകുട്ടി, ഒരു കുഴപ്പവുമില്ലാതിരുന്നിട്ടും തന്നെ അതിനനുവദിക്കാത്ത സ്കൂൾ സാഹചര്യത്തെ കുറിച്ച് എന്താവും ചിന്തിക്കുന്നുണ്ടാവുക. ബഹുസ്വരതയെയും ഉൾക്കൊള്ളലിനെയും സംബന്ധിച്ച പാഠങ്ങൾ ക്ലാസ് റൂമിൽ കേൾക്കാൻ മാത്രമുള്ളതാണെന്നും പ്രാവർത്തികമാക്കാനുള്ളതല്ലെന്നുമുള്ള അനുഭവം കുട്ടികളിലുണ്ടാക്കുന്ന വിശ്വാസ നഷ്ടം എത്രയായിരിക്കും.
മാറ്റം അനിവാര്യമായ നടപ്പുകൾ
മുസ്ലിം പെൺകുട്ടികളെ ശിരോവസ്ത്രം അഴിക്കാൻ നിർബന്ധിക്കുന്നവർ മുന്നോട്ടുവെക്കുന്ന ന്യായം, 'ഇവിടെ മുമ്പ് മുതലേ അങ്ങനെയാണ്, ആർക്കും പ്രശ്നമുണ്ടായിരുന്നില്ലല്ലോ' എന്നതാണ്. ഈ വാദം യുക്തിസഹമല്ല. ഉൾക്കൊള്ളലിനെയും പിന്നാക്കം നിൽക്കുന്ന സാമൂഹിക വിഭാഗങ്ങൾക്കുള്ള ഘടനപരമായ പ്രവേശന തടസ്സങ്ങൾ (Structural Entry Barriers) നീക്കം ചെയ്യുന്നതിനെയും കുറിച്ചുള്ള ഇന്നത്തെ സാമൂഹിക അവബോധം മുൻകാലങ്ങളിലുണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം.
സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ ദശകങ്ങളിൽ കൊളോണിയൽ കാലഘട്ടത്തിന്റെ സ്വാധീനം (Colonial Hangover) കാരണമാവാം സാംസ്കാരിക ബഹുത്വം അംഗീകരിക്കപ്പെടാതെ പോയത്. എന്നാൽ, വൈവിധ്യ സൂചികകളിലെ (Diversity Indices) മുന്നിട്ടുനിൽക്കൽ സ്ഥാപനങ്ങളുടെ ഗുണമേന്മയുടെയും മികവിന്റെയും ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്ന ഈ കാലഘട്ടത്തിലും, പഴയ ശാഠ്യങ്ങളുമായി സ്ഥാപനങ്ങൾ തുടരുന്നത് എതിർശബ്ദങ്ങളില്ലാതെ അംഗീകരിക്കപ്പെട്ടുകൊള്ളണമെന്നില്ല. കീഴാളർക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് മതബോധനത്താൽ പ്രേരിതരായി സ്കൂളുകൾ സ്ഥാപിച്ചവരാണ് മിഷനറിമാരും സന്യസ്തരും. അതുകൊണ്ടുതന്നെ, വൈവിധ്യങ്ങളെ അംഗീകരിച്ചും കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചും മുന്നിൽ നടക്കാനുള്ള വിവേകവും ദീർഘവീക്ഷണവുമാണ് ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് സമൂഹം ഇന്ന് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

