Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഹേ രാമ, അങ്ങയെ...

ഹേ രാമ, അങ്ങയെ എനിക്ക്​ അവിടെ കാണാനാവില്ല

text_fields
bookmark_border
ഹേ രാമ, അങ്ങയെ എനിക്ക്​ അവിടെ കാണാനാവില്ല
cancel
camera_alt

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്​.എസ്​ അധ്യക്ഷൻ മോഹൻ ഭാഗവത്​, യു.പി.

മുഖ്യമന്ത്രി യോഗി ആദിത്യ​നാഥ്​ എന്നിവർ അയോധ്യയിൽ രാമക്ഷേത്ര ശിലാസ്​ഥാപന ചടങ്ങിൽ

രാമ, അങ്ങയെ വിളിക്കാൻ ഇൗ പേരുമാത്രം മതി, ജയഘോഷം മുഴക്കുന്ന 'ജയ് ശ്രീരാം' വിളികൾപോലും അങ്ങയെ ഇകഴ്ത്തലാണ്. താങ്കളെ പരാജയപ്പെടുത്താനാവും എന്ന ധ്വനിയാണ് ആ ജയഘോഷത്തിലുള്ളത്. ഒരുകാര്യം തുറന്നുപറയ​െട്ട: ജീവിതത്തിൽ പ്രകാശം പരത്തുന്ന, ഹൃദയസാമീപ്യമായിരുന്നു അങ്ങെനിക്ക്. ഞങ്ങളുടെ നിലനിൽപി​െൻറ ഭൂമികയാണ്​ അങ്ങ്, ഞങ്ങളുടെ മനസ്സും വിചാരങ്ങളും സദ്ഗുണങ്ങളുമെല്ലാം.

അങ്ങ് ദീനദയാലുവായിരുന്നു, ദിവ്യജ്ഞാനിയും. പ്രയാസങ്ങളുടെ പരകോടിയിലും മോചനാനന്ദത്തിെൻറ ഉത്തുംഗതയിലും അങ്ങയുടെ നാമം ജപിച്ചിരുന്നു. അങ്ങ് ഗൃഹസ്ഥനായിരുന്നു, മകൻ, സഹോദരൻ, ശിഷ്യൻ, ചങ്ങാതി. മഹാരാജനായിരുന്നു, അതേസമയം സർവസംഗ പരിത്യാഗിയും. അങ്ങ് ധർമമായിരുന്നു.

ചില സന്ദർഭങ്ങളിൽ ക്രൗര്യവാനും ന്യായരഹിതനുമായിരുന്നു. പക്ഷേ, അതിതീവ്രമായ മനഃപീഡയാൽ അങ്ങ് സ്വന്തം ക്രൗര്യത്തെ തിരിച്ചറിഞ്ഞു. അങ്ങ് ദൈവികമായിരുന്നു, പ​േക്ഷ, അങ്ങയുടെ സന്ദിഗ്‌ധത മാനുഷികമായിരുന്നു. ഉണർച്ചയിലും ഉറക്കിലും അവസാന അഭയസ്ഥാനമായിരുന്നു അങ്ങ്^ രഘുവർ തുംകോ മേരി ലാശ്, സദാ സദാ മേ ശരൺ തെഹാരി, തും ഹോ ഗരീബ് നവാസ് (നിരാശ്രയരുടെ സംരക്ഷകനേ, ഞാൻ നിന്നിൽ അഭയം തേടുന്നു) എന്ന്​ തുളസീദാസ് പകർന്ന ഉറപ്പ്.

അങ്ങയുടെ നാമത്തിൽ യുദ്ധപ്രഖ്യാപനം നടത്തിയവർ ഇപ്പോൾ അയോധ്യയിൽ അങ്ങയുടെ പേരിൽ ക്ഷേത്രത്തിന് പ്രതിഷ്ഠാപനം നടത്തുന്നു. അങ്ങയോടുള്ള സമർപ്പണത്തിെൻറ പരമോന്നത പ്രവൃത്തിയായാണ് അവർ അതിനെ വ്യാഖ്യാനിക്കുന്നത്. അങ്ങയുടെ പരമാധികാരത്തിലുള്ള പരമമായ വണക്കമാണു പോലും.

മ്ലേച്ഛരായ അധിനിവേശകരാൽ പങ്കിലമാക്കപ്പെട്ട പുണ്യഭൂമിയുടെ വീണ്ടെടുപ്പാണെന്നാണ് അവർ പറയുന്നത്. അപമാനിതമാക്കപ്പെട്ട ഹിന്ദുവി​െൻറ വൈകാരികമായ അതിജീവനമാണിെതന്നാണ് അവർ വിശേഷിപ്പിക്കുന്നത്. രാമരാജ്യത്തിനുവേണ്ടിയുള്ള പുതു നവോത്ഥാനമാണത്രേ.

വീണ്ടെടുക്കപ്പെട്ട അഭിമാനത്താലും ശക്തിയാലും െഎക്യപ്പെട്ട സമുദായത്തിെൻറ പ്രതീകമാണ് ഇനി മുതൽ അങ്ങ്. ഇങ്ങനെയും പറയാം: തകർക്കപ്പെട്ട ഒരു സംസ്കാരത്തിെൻറ പൂർണതയിലേക്കുള്ള പുനഃസ്ഥാപനമാണെന്ന്​.

പക്ഷേ എനിക്കറിയാം, അവിടെ അങ്ങയെ കാണാനാവില്ലെന്ന്. എന്തെന്നാൽ, അവിടെ വിശുദ്ധപരിവേഷം നൽകുന്നത് അക്രമാസക്തമായ സംഘടിത ആത്മാരാധനയുടെ സ്മാരകത്തിനാണ്. ക്ഷേത്രം അപായകരവും അധികപ്പറ്റുമാണെന്ന് അങ്ങേക്കറിയാം.

അങ്ങയുടെ യാഥാർഥ്യം മനസ്സിലാക്കുേമ്പാൾ അധികപ്പറ്റാണ്, അനീതിപൂർവകമായ കിടമത്സരം നടത്തുേമ്പാൾ അപകടകരവും. വാത്മീകി അങ്ങയെ മനുഷ്യരൂപത്തിൽ വിശേഷിപ്പിച്ചത് നരചന്ദ്ര മാ (ആളുകൾക്കിടയിലെ അമ്പിളി) എന്നായിരുന്നു. അങ്ങയുടെ ഏറ്റവും മഹത്തായ ഇതിഹാസകാരന് അങ്ങയെ ഏറ്റവും നന്നായി അറിയുമായിരുന്നല്ലോ. ചന്ദ്ര​െൻറ കളങ്കങ്ങളായിരുന്നു അന്നേരം അദ്ദേഹത്തിെൻറ മനസ്സിൽ.

തീർച്ചയായും അങ്ങ് ത്യാഗത്തിെൻറ ആൾരൂപമായിരുന്നു. പിതാവിെൻറ അന്യായമായ ഒരു വാഗ്ദാനത്തിെൻറ പാലനത്തിനായി രാജപദവി വേണ്ടെന്നുവെച്ചു അങ്ങ്. പിതാവിെൻറ അന്യായ വാഗ്ദാന പൂർത്തീകരണം നടത്താൻ മക്കൾ ശ്രമിക്കവെ നാശകരമായ സംഭവവികാസങ്ങളുണ്ടാവുന്നത് നമ്മുടെ ഇതിഹാസങ്ങളിലെ ഒരു പ്രഹേളികയാണല്ലോ.

രാമായണത്തിലും മഹാഭാരതത്തിലും ശാന്തനുവും ധൃതരാഷ്​ട്രരും അർജുനനുമുൾപ്പെടെയുള്ള പിതാക്കളുടെ അനീതിപൂർവകമായ മുൻഗണനകളുടെ പേരിൽ മക്കൾ പിഴയൊടുക്കേണ്ടിവന്ന സന്ദർഭങ്ങൾ... അങ്ങൂം അതുതന്നെ ചെയ്തു. അന്ന് ബാലിയെ ഒരു ഭീരുവിനു സമാനനായി അങ്ങ് അറുകൊല ചെയ്തു. ജാതിശ്രേണിയെ വെല്ലുവിളി​െച്ചന്ന് കണ്ട് താപസനായ ശംബൂകനെ അങ്ങ് അന്യായമായി ശിക്ഷിച്ചു.

സീതയുടെ സത്യത്തെ ജനാഭിപ്രായത്തിെൻറ പേരിൽ ബലികഴിച്ചു. ഇൗ കളങ്കങ്ങളെയെല്ലാം മറികടക്കാനായത് അങ്ങയുടെ ദിവ്യത്വം കൊണ്ടാണ്. പാപം ചെയ്യാനും പ്രതിക്രിയ ചെയ്യാനും അങ്ങേക്കാകുമായിരുന്നു. സ്വർഗതഃ ശംബൂക സംസ്തുത റാം ^ശംബൂകന് മോക്ഷം നൽകി സ്വർഗാവകാശിയാക്കിയ രാമനോട് അദ്ദേഹം കടപ്പെട്ടിരിക്കുന്നു എന്ന് 'നമ രാമായണ'ത്തിൽ അത് വിവരിക്കുന്നുണ്ട്.

പക്ഷേ, നശ്വരരായ ഞങ്ങൾക്ക് അങ്ങയുടെ സദാചാരത്തെ ആരാധിക്കാനാവില്ല. ഞങ്ങൾ മനുഷ്യർക്ക് അത്ര വലിയ സദാചാരനിഷ്ഠയുണ്ടാവില്ലല്ലോ. പ്രത്യേകിച്ച് തലയറുക്കപ്പെട്ടവർക്കും നിഷ്കാസനം ചെയ്യപ്പെട്ടവർക്കും ഇവിടെ നീതിവേണം, പരലോകത്തെ പാപമുക്തിയല്ല.

ബാലി, ശംബൂകൻ, സീത ഇവർക്കെല്ലാം അതേ. അതുകൊണ്ട് അങ്ങയുടെ മര്യാദ(ധർമനീതി)യെ ഞങ്ങൾക്ക് അനുകരിക്കാനാവില്ല. അത് അങ്ങേക്കുമാത്രം ചേരുന്നതാണ്. അങ്ങയുടെ ഏറ്റവും വലിയ ഭക്തോപാസകരായിരുന്ന മധുസൂദൻ, സരസ്വതി, തുളസി, ഗാന്ധി ഇവർക്കാർക്കും തോന്നിയില്ല അങ്ങയുടെ സദാചാരം കണ്ടെത്തുന്നതിന് ഒരു ക്ഷേത്രത്തിെൻറ ആവശ്യകതയുണ്ടെന്ന്.

ഒരു പക്ഷേ, ഞങ്ങൾ പവിത്രമായി കാണുന്നത് ഒരു ഉന്നത മൂല്യത്തെയാവും. നമ രാമായണത്തിെൻറ ആദ്യവരിയിൽ പറയുന്നതുപോലെ ശുദ്ധബ്രഹ്മ പരത്പര രാം^പരമ പരിശുദ്ധനായ ബ്രാഹ്മണനായ രാമന് ഒരു ക്ഷേത്രം വേണ്ടതില്ല. രാമരഹസ്യ ഉപനിഷത്തിലെ ശിവ ഉമരാമനെ ഏക രൂപത്തിൽ ചിത്രീകരിക്കാനുമാവില്ല.

അങ്ങയെ അയോധ്യയിൽ പ്രതിഷ്ഠിക്കുക വഴി, ഒരു അധിനിവേശകനും കടന്നുകയറാനാവാത്തവിധം ഞങ്ങളുടെ ഉള്ളകങ്ങളിലെ ശ്രീകോവിലുകളിൽ ബഹുരൂപിയായി നിലകൊള്ളുന്ന അങ്ങയെ ഇളക്കിമാറ്റി ഒരു രാഷ്​ട്രീയ യന്ത്രമൂശയിൽ വാർത്തെടുത്ത ലോഹപ്രതിമയാക്കിമാറ്റുകയാണവർ.

അതിനാൽ, ഇൗ ക്ഷേത്രം അപകടകാരിയോ അനാവശ്യമോ ആണ്. അങ്ങേക്കറിയാം, ഒരു ഭീകരാക്രമണത്തിന് സമാനമാംവിധം മസ്ജിദ് തകർത്തെറിഞ്ഞിടത്താണ് അമ്പലമൊരുങ്ങുന്നത്. ഇൗ ക്ഷേത്രം ഭക്തിപാരവശ്യത്തിൽനിന്ന് ഉയർന്നുവരുന്നതല്ല, മറിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ്​ നടന്ന ഒരു സംഭവത്തിെൻറ പ്രതികാരത്തിെൻറയും പകപോക്കലിെൻറയും പ്രതീകമാണ്.

മുൻകാലങ്ങളിലെ രാജാക്കന്മാരും അധിനിവേശകരും തീർച്ചയായും നിരവധി അമ്പലങ്ങൾ തകർത്തിട്ടുണ്ടാവാം, അയോധ്യയിലും ഒരു അമ്പലം അവർ നശിപ്പിച്ചിരിക്കാം. പക്ഷേ, അത് ഇവിടെയോ, അവിടെയോ അല്ല. ഏതെങ്കിലു

മൊരു തരം ദിവ്യത്വത്താൽ വീണ്ടെടുക്കാനാവാത്ത കശാപ്പുപുരയാണ് ചരിത്രം. നമുക്ക് ചെയ്യാനാവുക ദുർബലമായ നീതിയുടെ ചെറുതുണ്ടുകൾ പിടിച്ചുവാങ്ങുക മാത്രമാണ്. അങ്ങ് ഞങ്ങളെ സംരക്ഷിക്കുന്നതിൽനിന്ന് മാറി, അങ്ങയെ സംരക്ഷിക്കാൻ ഞങ്ങൾ വേണമെന്ന അഹങ്കാരചിന്തയുടെ പാരമ്യമാണിത്.

പ്രതികാരങ്ങൾ ഒരിക്കലും ഗുണം ചെയ്യില്ല. പഴയകാല സംഘർഷങ്ങൾ സമകാലിക അധികാരശക്തി ഉൗട്ടിയുറപ്പിക്കാനുള്ള മറയായി ഉപയോഗിക്കപ്പെടുകയാണ്. ഇൗ ക്ഷേത്രമുയർത്തുന്ന ശക്തികൾ അങ്ങയുടെ നാമത്തെ വിപരീതാർഥത്തിലാക്കുകയാണ്.

അവർ രാമനെ പ്രതികാരത്തിെൻറ, അരക്ഷിതമായ അഭിമാനത്തിെൻറ, ചോരചിന്തുന്ന അതിക്രമങ്ങളുടെ, അപരർക്കെതിരായ അക്രമങ്ങളുടെ, അപരിഷ്കൃത സംസ്കാരത്തിെൻറ പര്യായമാക്കി മാറ്റുന്നു. ഒപ്പം, പൊതുമണ്ഡലത്തിലും പൊതുജീവിതത്തിലുമുള്ള യഥാർഥഭക്തിയുടെ അവസാന കണികപോലും തേച്ചുമായ്ച്ച് ഇല്ലാതാക്കുകയും ചെയ്യുന്നു.

അവർ പറയും, രാമൻ ദേശീയ ചിഹ്നമാണെന്ന്, ഹിന്ദു സ്വാഭിമാനത്തിെൻറ പ്രതീകമാണെന്ന്. വിരസവും അരോചകവുമായ ഗോത്ര ദേശീയതയുടെ പ്രതീകമായി പരിവർത്തിപ്പിക്കപ്പെടുന്നത് അങ്ങേക്ക് പൊരുത്തമുള്ള കാര്യമാണോ? അങ്ങ് ഭക്തരെ ഉദ്ധരിച്ചിരുന്നു, തെറ്റു ചെയ്തവരെയും എതിർത്തവരെയും പോലും.

എന്നാൽ ഇൗ അമ്പലം മൃഗീയഭൂരിപക്ഷ വാദത്താൽ മറ്റുള്ളവരെ ആജ്ഞാനുവർത്തികളാക്കാൻ ശ്രമിക്കുന്ന, പുറന്തള്ളൽ സംസ്കാരത്തിെൻറ സ്മാരകമാണ്.

അങ്ങയുടെ പേരിൽ സംസാരിക്കുന്ന രാഷ്​ട്രീയ^മത പുരുഷന്മാരെ കാണൂ, അവരുടെ കൈകളിലെ രക്തക്കറയും അധികാരവും അവർ നടത്തുന്ന ഭീഷണിയും കാണൂ. അങ്ങയുടെ നാമം ഉപയോഗപ്പെടുത്തുന്നത് ആഭാസകരമായ അധികാരത്തിന് ഉറപ്പു നൽകാനാണ്. ഇൗ ആചാര സമ്പ്രദായങ്ങളെല്ലാം പ്രകടമാക്കുന്നത് ജനാധിപത്യത്തിെൻറ നാട്യത്തിലുള്ള തീർത്തും അഴിമതി നിറഞ്ഞ ഏകാധിപത്യവാഴ്ചയാണ്.

എനിക്കറിയാം, എെൻറ നിരവധി ഹിന്ദുസുഹൃത്തുക്കൾ ഇതൊരു മഹാശുദ്ധീകരണ പ്രക്രിയയായി കാണുന്നുണ്ടാവും, ചരിത്രത്തിെൻറ ഭാരം നീങ്ങിയതിെൻറ ആശ്വാസത്തിലാവും. പക്ഷേ, നാം ചോദിക്കേണ്ടതുണ്ട്: ഒരു ചരിത്ര സ്മാരകത്തെ തകർത്തെറിഞ്ഞ് നമ്മുടെ സംഘടിതമായ ആത്മരതിയെ തൃപ്തിപ്പെടുത്തി ഭീരുക്കളെപ്പോലുള്ള വിജയംനേടാൻ മാത്രം നമ്മൾ അരക്ഷിതരായത്​ എങ്ങനെയാണ്? ഇത്തരം അവസ്ഥക്ക് ഒരിക്കലും തീർപ്പു വരുത്താനാവില്ല, ഇത് ഒാരോ തീവ്രഭാവങ്ങളിലേക്കും കുടിയേറും വരെ അത് വ്യാപിച്ചുകൊണ്ടേയിരിക്കും. രാഷ്​ട്രീയശക്തിയുപയോഗിച്ചുള്ള ഹിന്ദുത്വ കോളനിവത്കരണത്തിെൻറ നാന്ദിയാണ് ഇൗ ക്ഷേത്രം. ഞാൻ മു​െമ്പാരിക്കലുമില്ലാത്ത വിധം ബന്ധിതനായതായി എനിക്ക് തോന്നുന്നു.

അങ്ങ്​ ഇൗ ഭൂമിയിൽ അവതീർണനായത് ഇവിടുത്തെ പ്രയാസഭാരങ്ങൾ ദൂരീകരിക്കാനാണ്. എന്നാൽ, ഇൗ ക്ഷേത്രം വിപത്തുകൾകൊണ്ട് ഇൗ മണ്ണിന് കൂടുതൽ കനം വെപ്പിക്കുന്നു. ആധുനിക ഭാരതത്തിലെ അവസാനത്തെ യഥാർഥ രാമഭക്തനെ^ഗാന്ധിയെ-പ്പോലെ നിശ്ശബ്​ദമായി വിലപിക്കാനേ ഞങ്ങൾക്കാവുന്നുള്ളൂ.

ഞങ്ങളുടെ സങ്കടമോചകൻ ഞങ്ങളെ കൈവെടിഞ്ഞിരിക്കുന്നു. അങ്ങയുടെ പ്രകാശപൂരിതമായ സാന്നിധ്യം നഷ്​ടമായിരിക്കുന്നു, ഇനിയിവിടെ ശേഷിക്കുന്നത് അക്രമാസക്തമായ മതഭ്രാന്തിെൻറ നുകം മാത്രമാണ്.

Show Full Article
TAGS:ram mandirayodhyasree rambabri masjidmahatma gandhi
Next Story