ശിരോവസ്ത്രവും സമത്വവും
text_fieldsഎറണാകുളം പള്ളുരുത്തിയിലെ ഒരു സ്വകാര്യ വിദ്യാലയത്തിൽ ഒരു മുസ്ലിം പെണ്‍കുട്ടി സ്കൂള്‍ യൂനിഫോമിനൊപ്പം അതേ നിറത്തിലുള്ള ഒരു തട്ടം ധരിച്ചതിന്റെ പേരില്‍ ക്ലാസിൽനിന്ന് പുറത്തുനിർത്തിയ സംഭവം കൊച്ചിയും കൊച്ചു കേരളവും കടന്ന് ദേശീയതലത്തിലും ചർച്ച ചെയ്യപ്പെടുന്നു. ഹിജാബ് വിലക്കിയ സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നത്, അത് കുട്ടികളുടെ സമത്വബോധത്തെയും ഏകതബോധത്തെയും ദോഷകരമായി ബാധിക്കുന്നുവെന്നാണ്. അതവര് വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മറ്റു കുട്ടികളില്‍ ഭയം ഉളവാക്കുന്നു എന്നും മറ്റു രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേക്കു പറഞ്ഞുവിടാന്‍ ഭയപ്പെടുന്നു എന്നും വരെ വിശദീകരിച്ചിരിക്കുകയാണ്.
ഇതു സംബന്ധമായ ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമ സംവാദങ്ങളിലും ഹിജാബ് വിലക്കിനെ അനുകൂലിക്കുന്നവര്‍ അതിവിചിത്രങ്ങളായ വാദഗതികളാണ് മുന്നോട്ടുവെക്കുന്നത്.
പതിറ്റാണ്ടുകൾ മുമ്പ് മുതൽക്കുതന്നെ കേരളത്തിലെ സ്കൂളുകളിലും കോളജുകളിലും ഭൂരിഭാഗം മുസ്ലിം വിദ്യാർഥിനികളും തലയില്‍ തട്ടമണിഞ്ഞാണ് ഹാജറായിരുന്നത്. എല്ലാ വർഷവും സംസ്ഥാന സ്കൂൾ-സർവകലാശാല കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പുകളിലുമെല്ലാം ഹിജാബ് ധാരികളുടെ നിറസാന്നിധ്യമുണ്ട്. അതിന്റെ പേരിൽ ഇന്നുവരെ മറ്റു കുട്ടികളോ രക്ഷിതാക്കളോ മറ്റാരെങ്കിലുമോ ഭയന്നതായോ ആശങ്കപ്പെട്ടതായോ പരാതിയില്ല. ആരോപണം ഉന്നയിച്ച സ്കൂളിലടക്കം നൂറുകണക്കിന് സ്കൂളുകളിലെ ആയിരക്കണക്കിന് അധ്യാപികമാർ ശിരോവസ്ത്രം ധരിച്ചാണ് കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത്. അതിന്റെ പേരിലും ആർക്കും ഭയമുണ്ടാവാറില്ല. അതുകൊണ്ടുതന്നെ സാമാന്യ ബുദ്ധിയെത്തന്നെ വെല്ലുവിളിക്കുന്നതാണ് ഇത്തരം ആരോപണങ്ങള്‍.
നമ്മുടെ ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശം വളരെ വ്യക്തമാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും അതു പ്രചരിപ്പിക്കാന്‍ പോലുമുള്ള മൗലികാവകാശം അനുച്ഛേദം 25 വ്യക്തികള്‍ക്ക് നല്കുന്നു. പ്രസ്തുത അനുച്ഛേദംതന്നെ അതിന്റെ പരിമിതികളും നിര്‍ണയിച്ചിരിക്കുന്നു എന്നതും ശരിതന്നെ. പൊതുസമാധാനം, ധാര്‍മികത, ആരോഗ്യം എന്നിവക്കു വിധേയമായിരിക്കണം ഈ അവകാശങ്ങള്‍ എന്ന് അതു നിഷ്കർഷിക്കുന്നു. എന്നാൽ, നിയന്ത്രണങ്ങള്‍ ഒരിക്കലും സ്വേച്ഛപരം (Arbitrary) ആവരുതെന്നും ഏതൊരു കാര്യ സാക്ഷാത്കാരം ഉദ്ദേശിച്ചുകൊണ്ടാണോ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് അതുമായി നിയന്ത്രണങ്ങള്‍ക്ക് യുക്തിസഹമായ ബന്ധം ഉണ്ടായിരിക്കണമെന്നും സുപ്രീംകോടതിയടക്കം നിർദേശിച്ചിട്ടുള്ളതാണ്. നമ്മുടെ ഭരണഘടനതന്നെ ഇത്തരം നിയന്ത്രണങ്ങളെ യുക്തിസഹമായ നിയന്ത്രണങ്ങള്‍ (Reasonable Restrictions) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
മേല്‍ പറഞ്ഞ ഭരണഘടന തത്ത്വങ്ങളുടേയും കോടതി നിരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ പ്രസ്തുത സ്കൂള്‍ അധികൃതര്‍ പിടിവാശിപിടിക്കുന്ന ശിരോവസ്ത്ര നിരോധത്തിന് ഒരുവിധ ന്യായീകരണവും ഇല്ല എന്ന് വ്യക്തമാകുന്നതാണ്.
വ്യത്യസ്തമായ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക പരിസരങ്ങളിൽനിന്ന് വരുന്നവരാണ് ഓരോ സ്കൂളിലെയും കുട്ടികൾ. അവര്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ അന്തരം കുട്ടികള്‍ക്കിടയില്‍ ഉച്ചനീചത്വബോധവും അപകര്‍ഷബോധവും സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനൊരു പരിഹാരമെന്ന മഹത്തായ ധര്‍മമാണ് യൂനിഫോം നിര്‍വഹിക്കുന്നത്. ശിരോവസ്ത്രം അതിനെ ഒരു രീതിയിലും ലംഘിക്കുന്നില്ല. ഇതേ സ്കൂളിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള നാവികസേന ആസ്ഥാനത്തെ സ്കൂളുകളിൽ സിഖ് മതത്തിൽപെട്ട വിദ്യാർഥികൾ ‘ചുട്ടി’ എന്ന് വിളിക്കുന്ന ചെറിയ തലപ്പാവ് ധരിച്ചാണ് ക്ലാസിലെത്തുന്നത്. ഒരു മത സമൂഹത്തെക്കുറിച്ചുള്ള ബാലപാഠങ്ങൾ ലഭിക്കാനും ഇന്ത്യൻ മതനിരപേക്ഷതയെ കൂടുതൽ മാനിക്കാനുമാണ് ആ കുട്ടികളുടെ സാന്നിധ്യം ഉപകരിക്കുക എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
ശിരോവസ്ത്രം ധരിക്കല്‍ ഇസ്ലാമിലെ അനിവാര്യമായ ആചാരമല്ല എന്നൊരു വാദവും ഈ സന്ദർഭത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ഒരുകൂട്ടർ ശ്രമിക്കുന്നുണ്ട്. ഈ വിഷയത്തിൽ കര്‍ണാടക ഹൈകോടതി നടത്തിയ വിധിപ്രസ്താവനയും അവർ ഉദ്ധരിക്കുന്നു. മതത്തിലെ ആചാരാനുഷ്ഠാനങ്ങളെപ്പറ്റി ആധികാരികവും അന്തിമവുമായ അഭിപ്രായം പറയാന്‍ കഴിയുക മതം അറിയുന്ന പണ്ഡിതര്‍ക്കാണ്. ഇസ്ലാമിക പ്രമാണങ്ങള്‍ സ്ത്രീകളുടെ ശിരോവസ്ത്ര ധാരണം കൃത്യമായി നിഷ്കർഷിക്കുന്നുണ്ട്. കോടതി വിധി അനുസരിക്കാന്‍ പൗരജനങ്ങൾ നിയമപരമായി ബാധ്യസ്ഥരാണ് എന്നതു ശരിതന്നെ. പക്ഷേ, പ്രസ്തുത വിധി സുപ്രീംകോടതിയുടെ പരിഗണനയിലാണ് എന്നോര്‍ക്കണം. യഹോവാ സാക്ഷികള്‍ എന്ന ക്രൈസ്തവ വിഭാഗത്തിലെ വിദ്യാർഥികള്‍ ദേശീയഗാനം ആലപിക്കാനും, ദേശീയ പതാകക്ക് സല്യൂട്ട് ചെയ്യാനും അവരുടെ മതവിശ്വാസത്തിന്റെ പേരില്‍ പ്രകടിപ്പിച്ച വിസമ്മതത്തെ അംഗീകരിച്ച പാരമ്പര്യമാണ് നമ്മുടെ സുപ്രീംകോടതിക്കുള്ളതെന്നോര്ക്കണം. വിദ്യാർഥികളെ അവരുടെ വ്യത്യസ്തതകളോടെ ഉൾക്കൊള്ളാൻ വിദ്യാലയങ്ങൾ തയാറാകുമ്പോഴാണ് സമത്വം സാധ്യമാവുക, അല്ലാതെ ഇത്തരത്തിലെ വിവാദങ്ങൾ പടച്ചുവിടുന്നത് വിവേചനവും വിഭാഗീയതയുമാണ് സൃഷ്ടിക്കുക. അത് കുഞ്ഞുങ്ങളുടെ മനസ്സിലും രാജ്യത്തിന്റെ മനഃസാക്ഷിയിലും ഏൽപിക്കുന്ന പരിക്ക് ഏറെ വലുതാണെന്ന് ദയവായി ഓർക്കുക.
(മുൻ ജില്ല ജഡ്ജിയും വിദ്യാഭ്യാസ പ്രവർത്തകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

