Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഒരുമിക്കുക, ഹരിതകേരളം...

ഒരുമിക്കുക, ഹരിതകേരളം സാധ്യമാക്കാം

text_fields
bookmark_border
ഒരുമിക്കുക, ഹരിതകേരളം സാധ്യമാക്കാം
cancel

ഇന്ന് കേരളം മണ്ണിലേക്ക് ഇറങ്ങുകയാണ്. ഏകമനസ്സോടെ ഒരേലക്ഷ്യത്തോടെ. നവകേരളം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം മിഷന്‍ കേരളത്തിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ദിനം. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓരോ വാര്‍ഡിലും ഒരു വികസന പ്രവര്‍ത്തനമെങ്കിലും ശുചിത്വം, ജലസംരക്ഷണം, കൃഷിവികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്ന് ആരംഭിക്കും. സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. കുട്ടികള്‍ മുതല്‍ സമൂഹത്തില്‍ വിവിധരംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ജനങ്ങളുടെ ആദരം ഏറ്റുവാങ്ങിയ വ്യക്തികള്‍ വരെ ഇന്നത്തെ പരിപാടിക്കായി വിവിധ പ്രദേശങ്ങളിലായി അണിനിരക്കുന്നുണ്ട്.
പ്രകൃതി കനിഞ്ഞുനല്‍കിയ സമ്പത്ത് നമുക്കുണ്ട്. ദേശീയതലത്തില്‍തന്നെ അഭിമാനിക്കാവുന്ന തരത്തില്‍ അതിജീവനശേഷിയും ഗുണമേന്മയുമുള്ള മനുഷ്യസമ്പത്തുമുണ്ട്. എന്നാല്‍, അതിവേഗം മാറുന്ന ജീവിതശൈലിയും വര്‍ധിക്കുന്ന ഉപഭോഗ ആവശ്യങ്ങളും പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്‍െറയും സമനില തെറ്റിക്കുന്നു. അവശേഷിക്കുന്ന പച്ചപ്പിന്‍െറ ഉറപ്പില്‍ കാലാവസ്ഥവ്യതിയാനം പോലുള്ള ഗുരുതരപരിസ്ഥിതി പ്രശ്നങ്ങളെ നേരിടാനാവില്ല. കാര്‍ഷിക സംസ്കൃതിയുടെ ഗതകാല സമൃദ്ധിയുടെ സ്മരണയില്‍ മാത്രം ഒരു ജനതക്ക് മുന്നോട്ടുപോകാനാകില്ല. കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ കാലത്തിന്‍െറ ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിയുകയെന്ന ഉത്തരവാദിത്തം സമൂഹം ഏറ്റെടുക്കണം.
ആ മഹായത്നത്തിന് നേതൃത്വം കൊടുക്കുകയെന്ന കടമയാണ് ഹരിതകേരളം മിഷന്‍ നിര്‍വഹിക്കുക. വരുംതലമുറകള്‍ക്ക് നാടിനെ അതിന്‍െറ എല്ലാ നന്മകളോടെയും കൈമാറണമെന്ന ബോധ്യത്തില്‍നിന്നാണ് ഹരിതകേരളം മിഷന്‍ രൂപംകൊണ്ടത്. വായു മലിനീകരണവും ഖര-ജല മലിനീകരണവും നമ്മുടെ മണ്ണിനെയും വായുവിനെയും വിഷമയമാക്കുന്നു. നിയന്ത്രണാതീതമായ നിലയില്‍ രോഗാണുക്കളും പകര്‍ച്ചവ്യാധികളും കേരളത്തെയും കീഴടക്കുന്ന കാലം ഉണ്ടാകരുത്. അതുകൊണ്ടാണ് നാടിന്‍െറ പച്ചയും മണ്ണിന്‍െറ നന്മയും ജലത്തിന്‍െറയും വായുവിന്‍െറയും ശുദ്ധിയും വീണ്ടെടുക്കാന്‍ സാക്ഷരത പ്രസ്ഥാനംപോലെ ഒരു ജനകീയ യജ്ഞംതന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.
എന്നാല്‍, ലാഘവത്തോടെ നടപ്പാക്കാന്‍ പറ്റുന്ന പദ്ധതിയാണ് ഇതെന്ന ധാരണ സര്‍ക്കാറിനില്ല. ദീര്‍ഘനാളുകളിലെ തെറ്റും അശാസ്ത്രീയവുമായ പ്രകൃതിചൂഷണത്തിലൂടെ തകര്‍ന്ന പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കണമെങ്കില്‍ വിപുലവും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ ഇടപെടലുകള്‍ ആവശ്യമാണ്. നമ്മുടെ നാടിന്‍െറ ശക്തിയും ദൗര്‍ബല്യങ്ങളും എന്താണെന്ന് നല്ലവണ്ണം തിരിച്ചറിയണം.
മാലിന്യസംസ്കരണം, ജൈവകൃഷിയും വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കല്‍, കേരളത്തെ കീടനാശിനി മുക്തമാക്കല്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കാനും വ്യാപ്തി വര്‍ധിപ്പിക്കാനും സാധിക്കല്‍ തുടങ്ങിയവയെല്ലാം കേരള സമൂഹത്തിന്‍െറ അടിയന്തര ആവശ്യങ്ങളാണ്. ഇവ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാനും ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടല്‍ രീതികള്‍ വികസിപ്പിക്കാനും ആവശ്യമായ പിന്തുണ നല്‍കുന്ന ഒരു പിന്തുണ സംവിധാനമായായിരിക്കും മിഷന്‍ പ്രവര്‍ത്തിക്കുക.
ഇന്ന് ഒട്ടേറെ സാങ്കേതിക സൗകര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ നാം അനുഭവിക്കുന്നുണ്ട്. ജീവിതം സുഗമവും ആസ്വാദ്യകരവും ആക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നമ്മള്‍ നല്ല താല്‍പര്യം കാണിക്കാറുണ്ട്. എന്നാല്‍, നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യം ആരോഗ്യകരമായ രീതിയില്‍ സംസ്കരിക്കപ്പെടേണ്ടതുണ്ടെന്ന ബോധ്യം സമൂഹത്തിനാകെ ഉണ്ടാകുന്നില്ല. അമിതവേഗത്തില്‍ സംഭവിക്കുന്ന നഗരവത്കരണത്തിന്‍െറകൂടി സൃഷ്ടിയാണ് മലിനീകരണം. കേരളത്തില്‍ നഗരങ്ങളായി സെന്‍സസ് കണക്കാക്കുന്ന പ്രദേശങ്ങളെടുത്താല്‍ മൊത്തം ഭൂവിസ്തൃതിയുടെ 16 ശതമാനമേയുള്ളൂ. എന്നാല്‍, ജനങ്ങളുടെ 50 ശതമാനവും ജീവിക്കുന്നത് ഈ നഗരപ്രദേശങ്ങളിലാണ്. വ്യവസായ-വ്യാപാര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങള്‍കൂടിയാണ് ഇവിടങ്ങള്‍ എന്നതിനാല്‍ പ്ളാസ്റ്റിക്, ഇ-മാലിന്യം, നിര്‍മാണ അവശിഷ്ടങ്ങള്‍ തുടങ്ങി സംസ്കരിക്കാന്‍ ബുദ്ധിമുട്ടുള്ള മാലിന്യങ്ങളുടെ കൂനകള്‍ നഗരകേന്ദ്രങ്ങളിലടക്കം കാണാം.  മാലിന്യം കൈകാര്യംചെയ്യാന്‍ ശാസ്ത്രീയമായ രീതി നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടെങ്കിലേ മലിനീകരണത്തിന്‍െറ വെല്ലുവിളിയെ നേരിടാനാകൂ.
കേരളത്തില്‍ നിരവധി തദ്ദേശഭരണ സ്ഥാപനങ്ങളും സംഘടനകളും ഈ മേഖലകളിലെല്ലാം വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഈ നല്ല അനുഭവങ്ങളില്‍നിന്നെല്ലാം ഊര്‍ജം ഉള്‍ക്കൊണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വൃത്തിയുള്ള നാടാക്കി കേരളത്തെ മാറ്റണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ജലസ്രോതസ്സുകളുടെ വര്‍ധിച്ച മലിനീകരണവും ജലസ്രോതസ്സുകള്‍ നികത്തപ്പെടുന്നതും കുറയുന്ന മഴയും പെയ്തൊഴിയും മുമ്പേ കടലില്‍ ഒഴുകിച്ചേരുന്ന മഴവെള്ളവും നദികളിലെ മണല്‍വാരലും എല്ലാം ചേര്‍ന്ന് ഭീതിദമായ അവസ്ഥയാണ് ഇന്ന് കേരളത്തിന്‍െറ ജലലഭ്യതയില്‍ കാണുന്നത്.
കൃഷിയില്‍ കേരളത്തിന് സംഭവിച്ച പിന്നോട്ടുപോക്കിന് ചരിത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ട്. നെല്ലും കപ്പയും പച്ചക്കറികളും സമൃദ്ധമായി വിളയിച്ച നാട്ടില്‍ പച്ചക്കറികള്‍ക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വരവ് കാത്തിരിക്കുന്ന അവസ്ഥയെക്കുറിച്ച് നമ്മള്‍ ഖേദിക്കാറുണ്ട്. എന്നാല്‍, ഇപ്പോഴും കേരളത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗം ആളുകളും ജീവിതമാര്‍ഗത്തിനായി ആശ്രയിക്കുന്നത് കൃഷിയെയാണ്.
എന്നാല്‍, കൃഷിചെയ്യുന്നതില്‍ ബഹുഭൂരിപക്ഷവും അഞ്ചുസെന്‍റിനും 25 സെന്‍റിനും ഇടയിലുള്ളവരാണ്. അതിന്‍െറയര്‍ഥം നല്ലനിലയിലുള്ള പിന്തുണയില്ളെങ്കില്‍ കൃഷിയില്‍ തുടരാന്‍ ബുദ്ധിമുട്ടുന്നവരാണ് ഏറിയപങ്കും. കേരളത്തിലെ 70 ലക്ഷത്തിലധികം വരുന്ന വീടുകളില്‍ ഓരോ വീട്ടിലും കുറഞ്ഞത് ഒരു പച്ചക്കറിയെങ്കിലും ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തിനുവേണ്ടിയുള്ള മഹത്തായ കരുതലും സ്നേഹവുമായി അത് മാറും.
ഹരിതകേരളം മിഷന്‍െറ ഭാഗമായി സംസ്ഥാനതലം മുതല്‍ താഴേക്കു ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മിഷനുകള്‍ രൂപവത്കരിച്ചാകും പ്രവര്‍ത്തിക്കുക. മിഷനുകളെ സഹായിക്കാന്‍ ബന്ധപ്പെട്ട മേഖലകളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും ഉണ്ടാകും. താഴത്തേട്ടിലെ പ്രശ്നങ്ങള്‍ പഠിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ ഇടപെടല്‍ രീതികളാണ് വികസിപ്പിക്കേണ്ടത്. സംസ്ഥാനം കൈവരിക്കേണ്ട വികസനലക്ഷ്യത്തിന് സര്‍ക്കാറും മിഷനും ചേര്‍ന്ന് രൂപംനല്‍കുമ്പോഴും ഇത് പ്രായോഗികമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഈ രംഗത്ത് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും സഹായം ലഭ്യമാക്കുന്നതിന് മിഷന്‍ മുന്‍കൈയെടുക്കും.
കേരളത്തില്‍ സംസ്ഥാനതലം മുതല്‍ പ്രാദേശികതലം വരെ പ്രവര്‍ത്തിക്കുന്ന വിവിധ സാമൂഹിക സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ ആളുകള്‍ക്കും അര്‍ഥവത്തായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
പ്രകൃതിയെ സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്നു വിശ്വസിക്കുന്ന പൗരബോധവും കര്‍മസന്നദ്ധതയുമുള്ള ജനങ്ങള്‍ക്ക് മാത്രമേ വരും തലമുറയെക്കുറിച്ച് കരുതലോടെ ചിന്തിക്കാനാവൂ. അത്തരമൊരു സമൂഹമായി നമുക്ക് മാറാം. നന്മയുടെ വിത്തിടാന്‍ ഇന്ന് നമുക്ക് ഒരുമിക്കാം.

 

Show Full Article
TAGS:haritha keralam mission 
News Summary - haritha keralam mission
Next Story