അമ്മായീ, നമ്മളെന്നാണ് സ്വർഗത്തിലേക്ക് പോവുക?
text_fieldsമാർച്ച് രണ്ടിന് ഗസ്സയിലേക്കുള്ള എല്ലാ വഴികളും അടക്കുന്നു എന്ന് കേട്ടപ്പോൾ, അത് രണ്ടാഴ്ചയിൽ കൂടുതൽ നീളില്ലെന്നാണ് ഞങ്ങൾ കരുതിയത്. അവശേഷിക്കുന്ന ബന്ധുക്കളെ ഇഫ്താറിനായി ക്ഷണിക്കാനും നോമ്പ് തുറക്കാൻ എന്ത് ഭക്ഷണം എന്നോർത്ത് വിഷമിക്കാതിരിക്കാനും സാധിക്കുന്ന ഒരു റമദാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. പക്ഷേ, വിചാരിച്ചതു പോലെയായിരുന്നില്ല കാര്യങ്ങൾ. ടിന്നിലടച്ച ഭക്ഷണം കൊണ്ടാണ് പുണ്യമാസം മുഴുവൻ ഞങ്ങൾ കഴിച്ചുകൂട്ടിയത്.
ഗസ്സയിലെ ഒട്ടുമിക്ക കുടുംബങ്ങളെയും പോലെ ഞങ്ങളും ഭക്ഷണമോ അവശ്യവസ്തുക്കളോ ശേഖരിച്ച് വെച്ചിരുന്നില്ല. കാരണം, അതിർത്തികൾ വീണ്ടും അടക്കുമെന്നോ ക്ഷാമം - അല്ലെങ്കിൽ യുദ്ധം - വീണ്ടും വരുമെന്നോ ആരും പ്രതീക്ഷിച്ചതല്ല.
തുടർന്നുള്ള ദിവസങ്ങളിൽ, ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിപണികളിൽനിന്ന് അപ്രത്യക്ഷമായി, വില കുതിച്ചുയർന്നു. ഒരു കിലോഗ്രാം പച്ചക്കറി കിട്ടാൻ കുറഞ്ഞത് എട്ട് ഡോളറെങ്കിലും കൊടുക്കണമായിരുന്നു. പഞ്ചസാരക്ക് 22 ഡോളറും കുഞ്ഞുങ്ങൾക്കുള്ള പാൽപ്പൊടിക്ക് 11 ഡോളറും വിലയായി. മുമ്പ് എട്ട് ഡോളറിന് ഒരു ചാക്ക് നിറയെ മാവ് ലഭിക്കുമായിരുന്നു. അതിന് വില ആദ്യം അമ്പത് ഡോളറായി; രണ്ടുമാസത്തിനുള്ളിൽ അത് 300 ഡോളറായി ഉയർന്നു.
ഗസ്സയിലെ ആളുകൾക്ക് ഈ വിലക്കയറ്റം താങ്ങാവുന്നതിലുമപ്പുറമാണ്. അതുകൊണ്ട് ഞങ്ങൾ ഭക്ഷണം പ്രാതലും അത്താഴവും മാത്രമായി പരിമിതപ്പെടുത്തി, പ്രാതലിന് അര റൊട്ടി, അത്താഴത്തിന് ഒരു റൊട്ടി എന്നാണ് കണക്ക്. കുറച്ച് റൊട്ടിയോ ഒരു ചെറിയ പ്ലേറ്റ് ഭക്ഷണമോ ലഭിക്കാനായി സ്ത്രീകളും പുരുഷന്മാരും പ്രായമേറിയവരും കുഞ്ഞുങ്ങളും ബേക്കറികളുടെയും ചാരിറ്റി കിച്ചനുകളുടെയും മുന്നിൽ നാണവും സങ്കടവും അടക്കിപ്പിടിച്ച് മണിക്കൂറുകളോളം കാത്തുനിന്നു. നിൽക്കാതെ വയ്യ- ചില കുടുംബങ്ങൾക്ക്, അത് ആ ദിവസത്തെ ഏക ഭക്ഷണമായിരുന്നു.
ഞാൻ താമസിക്കുന്ന മധ്യ ഗസ്സയിലെ മുഴുവൻ ആൾക്കാർക്കുമായി മൂന്നേ മൂന്ന് ബേക്കറികളാണ് അവശേഷിച്ചിരുന്നത്. ഈ ബേക്കറികൾക്കുമുന്നിലെ തിരക്ക് എത്രയായിരുന്നുവെന്നാൽ, അതുമൂലം റോഡുകൾ തടസ്സപ്പെടുകയും പ്രദേശത്തെ ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു. ശ്വാസംമുട്ടിക്കുന്ന ഉന്തിലും തള്ളിലും പെട്ട് എല്ലാ ദിവസവും ആരെങ്കിലുമൊക്കെ കുഴഞ്ഞുവീഴും. ഇതെല്ലാം കഴിഞ്ഞാലും രാവിലെ മുതൽ കാത്തുനിന്നവരിൽ തീരെ കുറച്ചുപേർക്ക് മാത്രമേ ബ്രെഡ് ലഭിക്കാറുള്ളൂ.
നേരം വെളുക്കുന്നതിനുമുമ്പേ എന്റെ ഉപ്പ ബേക്കറിക്ക് മുന്നിൽ പോയി ക്യൂ നിൽക്കുമായിരുന്നു. പക്ഷേ, അതിനുമുമ്പേ വന്നവർ ബേക്കറിക്കുമുന്നിൽ വരിയായി കിടന്നുറങ്ങുന്നതിനാൽ അപ്പോൾതന്നെ ക്യൂവിന് നീളം വെച്ചിട്ടുണ്ടാവും. ഉച്ചവരെ കാത്തുനിന്ന ശേഷം എന്റെ സഹോദരനെ ആ സ്ഥാനത്ത് നിർത്തും. അവസാനം ഒന്നും കിട്ടാതെ ഇരുവരും മടങ്ങിവരും. റൊട്ടിയുണ്ടാക്കാനുള്ള മാവിനും ചൂളകൾ കത്തിക്കാനുള്ള ഗ്യാസിനും കടുത്ത ദൗർലഭ്യത വന്നതോടെ ഞങ്ങൾക്ക് എത്തിപ്പെടാൻ കഴിയുന്ന ആ മൂന്ന് ബേക്കറികളും പൂട്ടുകയാണെന്ന് മാർച്ച് 31ന് വേൾഡ് ഫുഡ് പ്രോഗ്രാം അധികൃതർ പ്രഖ്യാപിച്ചു. അത് ഭക്ഷ്യക്ഷാമത്തിന്റെ തുടക്കമായിരുന്നു.
ശേഷിച്ച ഭക്ഷണ ശേഖരവും തീർന്നതോടെ ചാരിറ്റി കിച്ചനുകളും പൂട്ടാൻ തുടങ്ങി. കഴിഞ്ഞയാഴ്ച മാത്രം ഒരു ഡസൻ കിച്ചനുകൾ അടച്ചു. ജനം കൂടുതൽ നിരാശയിലാണ്ടു. ന്യായമായ വിലയിൽ ഒരു ബാഗ് മാവ് ആരെങ്കിലും നൽകുമോ എന്നന്വേഷിച്ച് ആളുകൾ ഫേസ്ബുക്കിലും ടെലഗ്രാമിലും അഭ്യർഥനകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. അടുക്കളകൾ ഇപ്പോഴും പ്രവർത്തനസജ്ജമായ ‘ഭാഗ്യ’മുള്ള ഒരു പ്രദേശത്താണ് ഞങ്ങൾ താമസിക്കുന്നത്.
എന്റെ ഡാന എട്ട് വയസ്സുകാരി അനന്തരവൾ ദിവസവും ചാരിറ്റി കിച്ചനു മുന്നിൽ കൂട്ടുകാരോടൊപ്പം ഊഴംകാത്ത് നിൽക്കും. ഒരു തവി ഭക്ഷണം കിട്ടിയാൽ പോലും അഭിമാനത്തോടെ അവൾ ഓടിവരും, അവൾക്ക് കിട്ടുംമുമ്പ് ഭക്ഷണം തീർന്നുപോയാൽ കണ്ണീരോടെ തിരിച്ചുവരും.
വീടുതകർന്ന്, ഞങ്ങളുടെ അടുത്തുള്ള അൽ-മുഫ്തി സ്കൂളിലെ ക്യാമ്പിലേക്ക് താമസം മാറിയ കുടുംബത്തിലെ ഒരു പയ്യൻ ചാരിറ്റി കിച്ചനിൽ നിന്ന് ഭക്ഷണം വാങ്ങാനുള്ള ശ്രമത്തിനിടെ ഭക്ഷണപ്പാത്രത്തിലേക്ക് വീണു. ദേഹം മുഴുവൻ പൊള്ളലേറ്റ അവൻ പിന്നീട് പട്ടിണിയില്ലാത്ത ലോകത്തേക്ക് പോയി.
വഴികൾ അടച്ചിട്ട് ഏകദേശം ഒന്നര മാസത്തിനകം ഏതാണ്ട് എല്ലായിടത്തും, ഓരോ മനുഷ്യരിലും ക്ഷാമത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങി- ആളുകൾ ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നു, പൊടുന്നനെ ഭാരം കുറയുന്നു, ചുറ്റിലും വിളറിയ മുഖങ്ങൾ, ദുർബല ശരീരങ്ങൾ. പടികൾ കയറാൻ ഇപ്പോൾ ഇരട്ടി പരിശ്രമം വേണ്ടിവരുന്നു.
ഒന്നരയും രണ്ടും വയസ്സുള്ള എന്റെ അനന്തരവന്മാർ -മുസാബിനും മുഹമ്മദിനും നോമ്പുകാലത്ത് കടുത്ത പനി പിടിപെട്ടു. ഭക്ഷണവും മരുന്നുകളും ഇല്ലാത്തതിനാൽ ഒരു മാസമെടുത്തു അതൊന്ന് ഭേദമാവാൻ. ഫെബ്രുവരിയിൽ കണ്ണിന് ശസ്ത്രക്രിയ ചെയ്ത എന്റെ ഉമ്മയുടെ അവസ്ഥയും അതുപോലെ തന്നെ. പോഷകാഹാരവും കണ്ണിലുറ്റിക്കാനുള്ള മരുന്നും ലഭ്യമല്ലാത്തതിനാൽ മുമ്പത്തേക്കാൾ പ്രയാസമാണ് അവർക്കിപ്പോൾ.
അതിർത്തികൾ അടക്കുന്നതിനുമുമ്പ് നുസൈറത്തിലെ അൽ അദ്വ ആശുപത്രിയിൽ ചെന്ന് ഞാൻ രക്തം ദാനം ചെയ്തിരുന്നു. അതെന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചു. കടുത്ത ബലഹീനതയും ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത സ്ഥിതിയും വന്നതോടെ ഞാൻ ഡോക്ടറെ കണ്ടു. ടിൻഫുഡ് കഴിക്കുന്നത് പൂർണമായും നിർത്താനും കൂടുതൽ പഴങ്ങളും മാംസവും കഴിക്കാനും അദ്ദേഹം നിർദേശിച്ചു. അസാധ്യമായ കാര്യമാണ് നിർദേശിക്കുന്നതെന്ന് ഡോക്ടർക്കറിയാം, പക്ഷേ, അദ്ദേഹത്തിന് മറ്റെന്താണ് പറയാനാവുക?
അഞ്ചു വയസ്സുള്ള അനന്തരവൻ ഖാലിദ് അവന്റെ ഉമ്മയുടെ ഫോണിൽ ഭക്ഷണങ്ങളുടെ ചിത്രം കാണുമ്പോഴെല്ലാം അത് വേണമെന്നുപറയും, ഇറച്ചി വിഭവങ്ങളുടെ ചിത്രം കാണുമ്പോൾ ചോദിക്കും. രക്തസാക്ഷിയായ അവന്റെ ഉപ്പക്ക് സ്വർഗത്തിൽ അതെല്ലാം കിട്ടുന്നുണ്ടാവുമല്ലേ എന്ന്. എന്നാണ് നമ്മൾ സ്വർഗത്തിൽ ഉപ്പയുടെ അരികിൽ പോവുക, ഈ ഭക്ഷണങ്ങൾ നമ്മളും കഴിക്കുക എന്ന് അവൻ ചോദിക്കുമ്പോൾ മറുപടിയെന്ത് പറയണം എന്ന് നിശ്ചയമില്ലാതെ കുഴങ്ങിപ്പോവും. ക്ഷമിക്കണം, ക്ഷമ പാലിക്കുന്നവർക്കൊപ്പമാണ് ദൈവം എന്ന് പറഞ്ഞുകൊടുക്കും.
ദിവസേന കണ്ണിനുമുന്നിൽ കാണുന്ന ക്ഷാമത്തിന്റെയും നിരാശയുടെയും കടുത്ത നിസ്സഹായത പകരുന്നു. മെലിഞ്ഞൊട്ടിയ കുഞ്ഞുങ്ങളെയും മരുന്നും ഭക്ഷണവുമില്ലാതെ പിടയുന്ന രോഗികളെയും മുറിവേറ്റവരെയും കണ്ടിട്ടും ലോകത്തിന് എങ്ങനെയാണ് ഇതുപോലെ നിശ്ശബ്ദത പാലിക്കാൻ സാധിക്കുന്നത്?
ബോംബാക്രമണം, പട്ടിണി, രോഗം....ഞങ്ങളെ കൊന്നൊടുക്കാൻ അധിനിവേശം സകല മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്. ഒരു കഷണം റൊട്ടിക്കായി യാചിക്കേണ്ടിവരുന്ന ദുരവസ്ഥയിലേക്ക് ഞങ്ങൾ ചുരുങ്ങിയിരിക്കുന്നു. ലോകം മുഴുവൻ അത് കാണുകയും അതുപോലും നൽകാൻ സാധിക്കില്ലെന്ന് ഭാവിക്കുകയും ചെയ്യുന്നു.
(ഗസ്സയിൽ നിന്നുള്ള എഴുത്തുകാരിയും ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിനിയുമാണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

