Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഏകാന്തതയുടെ നൂറുദിനങ്ങൾക്ക് ശേഷം ഹാജീസ് കഫെയിലൂടെ...
cancel
Homechevron_rightOpinionchevron_rightArticleschevron_rightഏകാന്തതയുടെ...

ഏകാന്തതയുടെ നൂറുദിനങ്ങൾക്ക് ശേഷം ഹാജീസ് കഫെയിലൂടെ...

text_fields
bookmark_border

1951ൽ ഹാജി അബ്ദുൽ റഹ്‌മാൻ എന്ന ഇറാനി സ്‌ഥാപിച്ചതാണ് ഹാജീസ് കഫെ. തിരക്കേറിയ മനാമയിലെ ഒരു തെരുവ് മുഴുവൻ പരന്നുകിടക്കുന്ന കഫെ, ഡൽഹിയിലെ കരീമി പോലെയും മുംബൈയിലെ ബഡേമിയ പോലെയും സ്വദേശികൾക്കും വിദേശികൾക്കും പ്രിയപ്പെട്ടതാണ്.

ഈ മഹാമാരിയുടെ നൂറാം നാളിൽ ഞാൻ നഗരത്തിലേക്ക്‌ കാറോടിച്ചു. നിരത്തിൽ വാഹനങ്ങൾ കുറവ്, നടപ്പാതകൾ വിജനം. ജോലി തേടി നടപ്പാതയിൽ കൂട്ടംകൂടി നിൽക്കുന്ന പാക്കിസ്താനികളെ ഇന്ന് കാണാനില്ല. ബാങ്കിന്‍റെ പാർക്കിങ്ങിൽ നിർത്തിയപ്പോൾ അതിന്‍റെ മുൻവശം സ്‌കൂളിന്‍റെ മുറ്റം പോലെ തോന്നിച്ചു. എങ്ങും ചുവന്ന വൃത്തങ്ങൾ. വന്നവരെല്ലാം ആ വൃത്തത്തിനുള്ളിലായി നിൽക്കുന്നു. ആ വൃത്തം അവസാനിക്കുന്നിടത്ത് മാസ്ക്കുകളും.

ഫെയ്സ്ഷീൽഡ് ധരിച്ച ഒരാൾ നെറ്റിയിൽ തോക്ക് ചൂണ്ടി പനിയുടെ അളവെടുത്തു. ഒരു അപേക്ഷ കൈയ്യിൽ തന്നതിന് ശേഷം പേര്, ഫോൺ നമ്പർ, സി.പി.ആർ നമ്പർ എന്നിവ എഴുതിയെടുത്തു. കഴിഞ്ഞ പതിനാല് ദിവസങ്ങളിൽ അസുഖം വല്ലതുമുണ്ടായിരുന്നോയെന്ന അയാളുടെ ചോദ്യത്തിൽ ഞാനൊന്ന് പകച്ചു. കഴിഞ്ഞ ദിവസങ്ങൾ അത്രക്ക് സുഖകരമായിരുന്നില്ല. വിഷാദം, ഏകാന്തത എന്നൊക്കെ എഴുതിയാൽ കൊറോണയാണെന്ന് കരുതി ആംബുലൻസ് വിളിക്കാനുളള സാധ്യത ഒഴിവാക്കാൻ 'ഇല്ല' എന്ന് മാത്രം എഴുതി.

മൂകതയുടെ മുഖപടം അണിഞ്ഞ ബാങ്കിൽ ഇരിക്കാൻ ആറ് ഇരിപ്പിടങ്ങളാണ് ഉണ്ടായിരുന്നത്. നാലെണ്ണത്തിൽ മാത്രമാണ് ആളുകൾ ഇരിക്കുന്നത്. ബാക്കി രണ്ടെണ്ണം കൊറോണക്ക് വേണ്ടി ഒഴിച്ചിട്ടിരിക്കുന്നു. ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടെന്ന് പറഞ്ഞ് കൊറോണ ഇരിക്കുന്നു. സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ വൈറസിനെ ഒാർത്ത് ഊഴം കാത്ത് നിന്നു.

നല്ല പരിചയം ഉള്ള നൂർ എന്ന യുവതിയാണ്‌ കൗണ്ടറിൽ. അകലം പാലിച്ച് ഞാൻ അവളുടെ കണ്ണുകളിൽ നോക്കി. പ്രകാശം നഷ്ടപ്പെട്ട കണ്ണുകളിൽ വിരസത തളംകെട്ടി നിൽക്കുന്നു. നിന്‍റെ വലിയ കണ്ണുകളിലെ തിളക്കത്തിനു യോജിച്ചതാണ് നൂർ (പ്രകാശം) എന്ന പേര് എന്ന്‌ പറഞ്ഞപ്പോൾ അവൾ മനോഹരമായി ചിരിച്ചത് ഓർമ്മ വന്നു. വിഷാദം മുറ്റിയ അവളുടെ കണ്ണുകൾ പഴയ കാല സിനിമാ നടിയും ഗായികയു മായ സുരയ്യയെ ഓർമ്മിപ്പിച്ചു. പ്രകൃതി പ്രകാശം പരത്തി നിൽക്കുന്ന നേരം മനുഷ്യന്‍റെ കണ്ണിലെ പ്രകാശം കെട്ടുപോകുന്ന കെട്ടകാലത്തെപ്പറ്റി ആകുലനായി ഞാൻ തെരുവിലൂടെ നടന്നു.

തുന്നൽക്കാരൻ

തിരക്ക് പിടിച്ച തെരുവിന്‍റെ അറ്റത്താണ് അയാളുടെ തുണിക്കട. എൺപതുകളിൽ ആദ്യം കാണുമ്പോൾ അത് ഒരു തുന്നൽക്കടയായിരുന്നു. പേരുകേട്ട തുന്നൽക്കാരൻ ആയിരുന്നു അയാൾ. അന്ന് ആ കടയിൽ നിന്നും വസ്ത്രം തുന്നിക്കിട്ടാൻ ആളുകൾ തിരക്ക് കൂട്ടിയിരുന്നു. മനോഹരമായ നൃത്തലയത്തോടെ അയാൾ തുന്നുന്നത് പലപ്പോഴും ഞാൻ കണ്ടിരുന്നു. വസ്ത്രം കവിത പോലെ മനോഹരമായിരിക്കണമെന്ന് അയാൾ പറഞ്ഞിരുന്നു.

വർഷം 2000 ആകുമ്പോഴേക്കും റെഡിമെയ്ഡ് വസ്ത്രം വിപണി കീഴടക്കിയപ്പോൾ അയാളുടെ കടയിൽ തിരക്ക് കുറഞ്ഞു. റെഡിമെയ്ഡ് വസ്ത്രം ആരോ എവിടെയോ കീറിമുറിച്ചു തുന്നിക്കൂട്ടുന്നതാണെന്നും ശരീരത്തിന് യോജിക്കുന്നത് സ്വന്തം അളവിൽ തുന്നിയെടുക്കുന്ന വസ്ത്രമാണെന്നും അയാൾ പറഞ്ഞു. പക്ഷെ കാലത്തിനൊപ്പം അയാളും മാറി. തുന്നൽക്കട തുണിക്കടയായി. പിടിച്ച് നിൽക്കാൻ ആകാതെ തയ്യൽക്കട പിറകിലേക്ക് തള്ളപ്പെട്ടു.

തിരക്ക് ഒഴിഞ്ഞ തെരുവിന്‍റെ അറ്റത്ത്, നിർജീവമായ കടയിൽ ആധി പിടിച്ച കണ്ണുകളോടെ അയാൾ ഇരിക്കുന്നു. പനിനീർ തളിച്ച് സ്വീകരിക്കുന്ന പോലെ സാനിറ്റൈസർ തളിച്ച് അയാൾ എന്നെ വരവേറ്റു. കടയിൽ ആരുമില്ല. വിഷു, ഈസ്റ്റർ, പെരുന്നാൾ വസ്ത്രങ്ങൾ കെട്ടുപോലും പൊട്ടിക്കാതെ നിലത്തിരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. തയ്യൽ മെഷീനുകൾ പൊടി പിടിച്ചിരിക്കുന്നു. സ്കൂൾ തുറക്കാത്തതിനാൽ അയാൾ തുന്നിയ യൂനിഫോമുകൾ ഹാങ്കറിൽ കഴുത്തൊടിഞ്ഞ് താഴെക്ക് വീഴും എന്ന ഭാവത്തിൽ തൂങ്ങിയാടുന്നു. പാവ പോലെയുളള മനുഷ്യരെ ഉടുപ്പ് അണിയിച്ചു സുന്ദരനും സുന്ദരിയുമാക്കുന്ന തുന്നൽക്കാരന് ശുഭദിനം നേർന്ന് ഞാൻ ഇറങ്ങി.

ചായക്കാരൻ

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചായക്കാരൻ പ്രശസ്തനായി. കുങ്കുമപ്പൂവിന്‍റെ സുഗന്ധം നിറഞ്ഞ ചായ കുടിക്കാൻ ആളുകൾ തിങ്ങിനിറഞ്ഞു. ചായയോടൊപ്പം ചൂട് സമോസയും ആയപ്പോൾ കച്ചവടം കൂടി. ഒരു വർഷത്തിനകം അയാൾ പത്ത് ചായക്കടകൾ തുറന്നു. ഇന്ന് സുഗന്ധം പരത്തിയ ആ കടയിൽ ചാരം മൂടിയ കണ്ണുകളുമായി ചായക്കാരൻ ഇരിക്കുന്നു. അയാളുടെ കണ്ണുകളിലെ തീ അണഞ്ഞ് പോയിരിക്കുന്നു.

എല്ലാ കടകളും പൂട്ടി. പേര് നിലനിർത്താനും അയാളെ തന്നെ നിലനിർത്താനും ഈ കട തുറന്നിരിക്കുന്നു. ആളൊഴിഞ്ഞ തെരുവിൽ, ഹാജിസ് കഫേയിലെ ബെഞ്ചുകളിൽ പൂച്ചകൾ ഇരിക്കുന്നു. വർഷം മുഴുവൻ തുറന്ന് കിടന്ന കട അടഞ്ഞുകിടക്കുന്നു. കയ്യിൽ ഭക്ഷണ തളികയുമായി ഓടി നടക്കുന്ന വിളമ്പുകാർ, ഇരിപ്പിടം കാത്ത് നിൽക്കുന്ന സ്വദേശികളും വിദേശികളും, ഉച്ചത്തിൽ സംസാരിച്ചു ബഹളം വെച്ചും പൊട്ടിച്ചിരിച്ചും നടക്കുന്ന വൃദ്ധനായ ഹാജി. ഓർമ്മകളിൽ വിഷാദം പടരുന്നു...

പണക്കാരൻ

ദിനാറിനും ഡോളറിനും മൂല്യം കൂടി. ഇന്ത്യൻ രൂപയുടെ വില ഇടിഞ്ഞു. എന്നിട്ടും പണമിടപാട് പഴയ പോലെ നടക്കുന്നില്ലെന്ന് പറയുന്നു എക്സ്ചേഞ്ച് നടത്തുന്ന പണക്കാരൻ. ഇപ്പോൾ ആളുകൾ ഇന്ത്യയിൽ നിന്ന്‌ ഇങ്ങോട്ട് പണം കൊണ്ട് വരികയാണ്‌. പണത്തിന്‍റെ തിരിച്ചൊഴുക്ക്. പുറത്തേക്ക് ഒഴുകിയിരുന്ന പണം ഉറവിടത്തിലേക്ക് തന്നെ തിരിച്ചുവരുന്നു. കലികാലം, അല്ല കൊറോണക്കാലം.

പൊലീസുകാരൻ

മധ്യാഹ്ന പ്രാർത്ഥനയുടെ ബാങ്ക് വിളി കേട്ട് അടഞ്ഞു കിടക്കുന്ന കെ.എഫ്.സിയും സ്റ്റാർബ്ക്സും കടന്ന് പളളിയിലെത്തി. വാതിൽ അടഞ്ഞുകിടന്നു. വാതിൽ പാതി തുറന്നു. മാഫി സല്ലി, മാഫി സ്വലാ..പളളി ഇല്ല, നിസ്കാരം ഇല്ല, ബംഗാളി തേങ്ങലോടെ പറഞ്ഞു.അകത്തു കയറണം, എത്ര കാലമായി ഒരു പളളിയുടെ അകം കണ്ടിട്ട്. ശരീരം ശുചിയാക്കി പള്ളിക്കകത്ത് കയറി. നിറ കണ്ണുകളോടെ മനംനൊന്ത് പ്രാർത്ഥിച്ചു. ആത്മനിർവൃതിയോടെ പളളിയിൽ നിന്ന് ഇറങ്ങി. പള്ളിയുടെ കൽപ്പടവിൽ പൊലീസ്. ബംഗാളി ഞെട്ടി, പണി പോയത് തന്നെ. ബംഗാളിയുടെ കണ്ണുകളിൽ തേങ്ങൽ. സലാം.. (സമാധാനം..)പൊലീസ് പറഞ്ഞു.

പിന്നീട് പൊലീസ് അറബിയിൽ പറഞ്ഞത് ഇപ്രകാരം ആണെന്ന് തോന്നുന്നു. എല്ലാം ദൈവത്തിന്‍റെ കൈയിൽ അർപ്പിച്ച് പ്രാർത്ഥിക്കുക. ശിഫ എന്ന വാക്ക് അയാൾ ആവർത്തിച്ചു പറഞ്ഞു. പൊലീസിനും ദൈവത്തിനും നന്ദി പറഞ്ഞു. കാറിനടുത്തേക്ക് നടന്നു.

നഗരം പിന്നിട്ട് വാഹനം മരുഭൂമിയുടെ അറ്റത്തേക്ക് നീങ്ങുമ്പോൾ റോഡിന് അരികെ തണൽ വീശി നിൽക്കുന്ന വലിയ മരത്തിനു ചുവടെ തണ്ണിമത്തൻ വിൽപ്പനക്കാരന്‍റെ പിക്കപ്പ് കണ്ട് കാർ നിർത്തി. തണ്ണിമത്തൻ വാങ്ങി. മൂടുപടം ഇട്ട അയാളെ നല്ല പരിചയം തോന്നി. മനാമയിൽ പിക്കപ്പ് ഓടിച്ചിരുന്ന അദ്ദേഹം പിക്കപ്പിൽ ആളുകൾ കയറായതോടെ കുടുംബം പോറ്റാൻ പിക്കപ്പിൽ പച്ചക്കറികൾ വിൽക്കാൻ തുടങ്ങി. അടുത്ത ഫാമിൽ നിന്നും നല്ല പച്ചക്കറികൾ വീട്ടിൽ എത്തിച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു.

എന്‍റെ അയൽവാസിയായ സുഡാനി വീടിനു മുന്നിൽ വാഹനം കാത്ത് നിൽക്കുകയാണ്. അയാൾ വാടക കുറഞ്ഞ സ്ഥലത്തേക്ക് താമസം മാറുകയാണ്. കഴിഞ്ഞ മാസങ്ങളിൽ ജീവൻ നിലനിർത്തി. ഇനി ജീവിതം നിലനിർത്താൻ ജീവിതച്ചെലവ് കുറക്കണം. എന്നെ കണ്ടതും സുഡാനി പറഞ്ഞു അല്ലാഹ് കരീം..

പിറ്റേ ദിവസം കാലത്ത് മണി നാദം കേട്ടാണ് ഉണർന്നത്. വാതിൽ തുറന്നപ്പോൾ ഒരാൾ ഒരു നോട്ടീസ് തന്നു. വീട്ട് സാധനങ്ങൾ ഏത് സ്ഥലത്തേക്കും ചുരുങ്ങിയ ചെലവിൽ മാറ്റിത്തരും. ഉറക്കച്ചടവുളള കണ്ണുകൾ കൊണ്ട് ഞാൻ അയാളെ നോക്കി. ചായക്കാരൻ!!!! അയാളുടെ കണ്ണുകൾ തിളങ്ങുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hajees CafeBahrain DiaryBahrain News
Next Story