ഹാദിയയുടെ മതംമാറ്റവും വിവാഹവും സംബന്ധിച്ച ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും വിധികളും ഫാഷിസ്റ്റ് ശക്തികളുടെ ദുഷ്പ്രചാരണങ്ങളും സമൂഹം വിശാലമായ തലത്തില്‍ ചര്ച്ചചെേയ്യണ്ട കാര്യങ്ങളാണ്. ഈ നാടിെൻറ മഹത്തായ ഭരണഘടനയുടെയും നീതിന്യായ വ്യവസ്ഥയുടെയും വിശ്വാസസ്വാതന്ത്ര്യത്തിെൻറയും സ്ത്രീസ്വാതന്ത്ര്യത്തിെൻറയുമെല്ലാം മൗലികമായ ചില പ്രശ്നങ്ങള്‍ ഇതിലുണ്ട്. ഉത്തരംകിട്ടാത്ത ചില ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയായി കിടക്കുകയും ചെയ്യുന്നുണ്ട്. കോടതിതന്നെ അതിെൻറ ലക്ഷ്മണരേഖ ലംഘിച്ചുവോ എന്ന വിഷയവും ചര്‍ച്ചക്ക് വിധേയമാക്കേണ്ടതുണ്ട്. ലവ് -ജിഹാദ് പോലുള്ള മിഥ്യകളെ പർവതീകരിക്കുന്ന നീക്കങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന അജണ്ടകളും വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട്.
ഇക്കഴിഞ്ഞ മേയ് മാസത്തില്‍ 24 വയസ്സുള്ള ഹാദിയയും ഷെഫിന് ജഹാനും വിവാഹിതരാവുകയായിരുന്നു. അതിനെ തുടര്‍ന്ന് ഹാദിയയുടെ പിതാവ് കേസ് കൊടുത്തതോടെ വിവാഹം കേരള ഹൈകോടതി ദുര്‍ബലപ്പെടുത്തി. കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ അപ്പീല്‍ തീര്‍പ്പു കൽപിക്കുന്ന കാര്യം കോടതി മാറ്റിെവച്ചു. എന്നിട്ട് എൻ.ഐ.എയുടെ അന്വേഷണത്തിന് വിട്ടു. മാത്രമല്ല, ലവ് -ജിഹാദിെൻറ ഭാഗമായി വന്ന ഗൂഢാലോചനയാണോ ഇതിെൻറ പിന്നിലുള്ളതെന്ന് നോക്കാനും കോടതി പറഞ്ഞു. അഖില അശോകന് ഇസ്ലാം മതത്തിലേക്ക് മാറിയത് അവരുടെ സ്വന്ത ഹിതപ്രകാരമാണോ എന്നു പരിശോധിക്കാനും കോടതിവിധിയില്‍ പറഞ്ഞു. ഹാദിയയുടെ പിതാവ് അശോകന് നല്കിയ പരാതിയില്‍ തെൻറ മകളെ ഐ.എസിലേക്ക് ചേര്‍ക്കാന്‍ സിറിയയിലേക്ക് കൊണ്ടുപോകാന്‍ വേണ്ടിയാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞിരുന്നു. ഹൈകോടതി വിധിയില്‍ വിവാഹം ദുര്‍ബലപ്പെടുത്തുന്നതിനുവേണ്ടി പറഞ്ഞ ന്യായം ഇപ്രകാരമായിരുന്നു: ‘‘പെണ്‍കുട്ടി ദുര്‍ബലയും എളുപ്പത്തില്‍ മനസ്സ് മാറ്റാന്‍ കഴിയുന്നവളും ചൂഷണത്തിന് വിധേയമാകാന്‍ സാധ്യതയുള്ളവളുമാണ്. വിവാഹം അവരുടെ ജീവിതത്തിെൻറ സുപ്രധാന തീരുമാനമാകയാല്‍ വിവാഹം നടക്കേണ്ടിയിരുന്നത് രക്ഷിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു.’’
ഈ സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മർമപ്രധാനമായ ചില ചിന്തകളുണ്ട്. 24 വയസ്സുള്ള താന്‍ ആരുടെയും പ്രേരണപ്രകാരമല്ല വിവാഹിതയായതെന്നും ഇസ്ലാം മതം സ്വീകരിച്ചതെന്നും ഇസ്ലാം സ്വയം പഠിച്ച് മനസ്സിലാക്കിയതാണെന്നും ഹാദിയ കോടതിയില്‍ പറഞ്ഞിരുന്നു. ഇത്തരമൊരു മൊഴിക്ക് കോടതി വിലകല്പിക്കാതിരുന്നത് എന്തുകൊണ്ടാണ്? പെണ്‍കുട്ടി ദുര്‍ബലയും എളുപ്പത്തില്‍ മനസ്സ് മാറ്റാന്‍ കഴിയുന്നവളും ചൂഷണത്തിന് വിധേയമാകാന്‍ സാധ്യതയുള്ളവളുമായിരുന്നുവെന്ന കോടതിയുടെ നിരീക്ഷണം എന്തു വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ്? അച്ഛെൻറയും അമ്മയുടെയും സാന്നിധ്യം ആവശ്യമാണെന്നും അതില്ലാത്തതുകൊണ്ട് വിവാഹം ദുര്‍ബലമാക്കുന്നുവെന്നും കോടതി പറഞ്ഞത് ഏതു നിയമത്തിെൻറ പിന്‍ബലത്തിലാണ്?
തന്നെ നിര്‍ബന്ധിച്ച് രക്ഷിതാക്കളോടൊപ്പം പറഞ്ഞയക്കുന്നതില്‍ സങ്കടപ്പെട്ട് വാവിട്ടു കരയുന്ന ഹാദിയയുടെ ചിത്രം ഈ നാട്ടിലെ എല്ലാ പത്രമാധ്യമങ്ങളിലും വന്നിരുന്നു. സുപ്രീം കോടതിയാവട്ടെ, ഹാദിയയെ കേട്ടിട്ടുമില്ല. ഹാദിയയെ വിളിപ്പിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാല്‍, ഈ പ്രശ്നങ്ങള്‍ വ്യാപകമായി സമൂഹത്തില്‍ ചര്‍ച്ച നടന്നിട്ടും കോടതി അങ്ങനെ ചെയ്തില്ല.
എന്തുകൊണ്ടാണ് കോടതി ഈ കുട്ടിയെ കേള്‍ക്കാന്‍ വിസമ്മതിക്കുന്നത്? ഹാദിയ ഇപ്പോള്‍ പൂർണമായും വീട്ടിലെ തടവറയിലാണ്. പുറത്തുപോകാന്‍ കഴിയുന്നില്ല. സ്നേഹ-ജനങ്ങളെ കാണാന്‍ പറ്റുന്നുമില്ല. വാര്‍ത്താമാധ്യമങ്ങളെ അങ്ങോട്ട് ചെല്ലാന്‍ സമ്മതിക്കുന്നില്ല. ഇങ്ങനെ ഒരു കുട്ടിയെ മാനസികമായും ശാരീരികമായും കഷ്ടപ്പാടിലാക്കാന് അതിെൻറ കുടുംബത്തിനാണെങ്കില്പോലും സ്വാതന്ത്ര്യമുണ്ടോ? ഒരു കുട്ടിയെ അച്ഛനും അമ്മയും ചീത്ത പറഞ്ഞാല്‍പോലും, സ്നേഹം ഉള്ളില്‍വെച്ച് ഒന്നു നുള്ളിയാല്‍പോലും കേസെടുക്കാന്‍ നിയമവ്യവസ്ഥയുള്ള രാജ്യമാണിത്. ഇവിടെ ഹാദിയക്കു മാത്രം ബാധകമാവുന്ന ഒരു ഇന്ത്യന്‍ ശിക്ഷ നിയമമുണ്ടോ? അവളുടെ ജീവനുപോലും ഭീഷണിയുണ്ടെന്ന് സ്വന്തം ഭര്‍ത്താവിനുപോലും പരമോന്നത നീതിപീഠത്തില്‍ പരാതിയുമായി ഇപ്പോള്‍ പോകേണ്ടിവന്നിരിക്കുന്നു.
ഹാദിയക്കു മാത്രമല്ല, ഈ നാട്ടിലെ ഏതു പൗരനും ഇത്തരം അനുഭവമുണ്ടാവുകയാണെങ്കില് അത് ഈ നാടിെൻറ ഭരണഘടനയെതന്നെ പിച്ചിച്ചീന്തിയെറിയുന്നതിന് തുല്യമല്ലേ? ഇതില്‍ ലവ് -ജിഹാദിെൻറ സ്വാധീനമുണ്ടോയെന്ന് പരിശോധിക്കാനുള്ള കോടതി ഉത്തരവ് ഇല്ലാത്ത ഒരു സംഗതി ഉണ്ടെന്നു വരുത്തി രാജ്യത്ത് കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉപകരിക്കുന്ന നടപടിയല്ലാതെ മറ്റെന്താണ്?
കേരളത്തില്‍ ലവ് ജിഹാദുണ്ടോ എന്നു പരിശോധിക്കാന്‍ 2012ല്‍ ഒരു കോടതി ഉത്തരവുണ്ടായിരുന്നു. അങ്ങനെയില്ലെന്ന് പൊലീസ് അന്വേഷണത്തിനുശേഷം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇന്ന് ഇവിടെ ഇല്ലാത്ത ലവ് ജിഹാദിെൻറ പെരുപ്പിച്ച കഥകള്‍ പ്രചരിപ്പിക്കുന്നത് ഫാഷിസ്റ്റ് ശക്തികളുടെ ക്രൂരവിനോദമാണ്. ലവ് ജിഹാദ് എന്ന പ്രയോഗംതന്നെ തെറ്റാണ്. പ്രണയവും ജിഹാദും ഒരുമിച്ച് പോകുന്ന രണ്ടു സംഗതികളല്ല. അത് രണ്ടിെൻറയും സ്വഭാവം വ്യത്യസ്തമാണ്. പ്രണയത്തിലൂടെ പെണ്‍കുട്ടികളെ വശത്താക്കി മുസ്ലിംകള് അവരുടെ മതത്തില്‍ എണ്ണം കൂട്ടുന്നു എന്ന് പ്രചരിപ്പിക്കുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്ക് വിഷലിപ്തമായ ചില ലക്ഷ്യങ്ങളുണ്ട്. ഇസ്ലാമില്‍ ഏതെങ്കിലും മാർഗത്തില്‍ ആളെണ്ണം കൂട്ടാന്‍ നിയോഗിക്കപ്പെട്ടവരല്ല മുസ്ലിംകൾ. പ്രലോഭിപ്പിച്ചോ നിര്‍ബന്ധിച്ചോ ഒരാളെ മതംമാറ്റുന്നത് ഒരു ഇസ്ലാമിക നടപടിയല്ല. നിര്ബന്ധിച്ചൊരാളെയും ഇസ്ലാമിലേക്ക് കൊണ്ടുവരുന്നത് പാടില്ലാത്ത നടപടിയാണ്.
അല്‍ബഖറ സൂറത്തില്‍ 256ാം ആയത്തിെൻറ അർഥം ഇപ്രകാരമാണ്: ‘‘മതത്തിെൻറ കാര്യത്തില്‍ ബലപ്രയോഗമേയില്ല. സന്മാർഗം ദുര്‍മാർഗത്തില്‍നിന്നു വ്യക്തമായി വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവര്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപ്പോവുകയേ ഇല്ല. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനും കേള്ക്കുന്നവനുമാണ്.’’ പ്രവാചകചര്യയും ഇതുതന്നെയായിരുന്നു. മദീനയില്‍ തിരുനബിയുടെ സാന്നിധ്യത്തില്‍ 10 വര്‍ഷംകൊണ്ട് ഇസ്ലാമിക ഭരണസംവിധാനത്തിന് ശിലപാകി. അതിനോടനുബന്ധിച്ചുണ്ടാക്കിയ കരാറാണ് സുപ്രസിദ്ധമായ മദീന കരാർ. ആ കരാര്‍ ജൂതന്മാരുടെയും ക്രൈസ്തവരുടെയും വിശ്വാസസ്വാതന്ത്ര്യം അവര്‍ക്ക് അംഗീകരിച്ചുകൊടുക്കുന്നതു കൂടിയായിരുന്നു. അതല്ലാതെ ഇസ്ലാമിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ വഴിയൊരുക്കിക്കൊണ്ടായിരുന്നില്ല.
ഇസ്ലാം വളച്ചുകെട്ടില്ലാത്ത സുതാര്യമായ പ്രത്യയശാസ്ത്രമാണ്. ആ പ്രത്യയശാസ്ത്രത്തിെൻറ നന്മ പ്രബോധനം ചെയ്യുന്നതിനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ 25ാം വകുപ്പിെൻറ ആത്മാവുകൂടിയാണ്. ആ സ്വാതന്ത്ര്യം എല്ലാ മതക്കാര്‍ക്കും ഉള്ളതുകൂടിയാണ്. മതംമാറ്റം ഇന്ത്യയിലും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും നടക്കുന്നുമുണ്ട്. അതിന് ഒട്ടേറെ കാര്യകാരണങ്ങളുമുണ്ട്. പല മതങ്ങളിലും അങ്ങോട്ടുമിങ്ങോട്ടും പരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്നത് ഒരു ആഗോള സത്യമാണ്.
2016ല്‍ ടൈംസ് ഓഫ് ഇന്ത്യയില്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഗുജറാത്തില്‍ മതസ്വാതന്ത്ര്യ ആക്ട് പ്രകാരം മതംമാറ്റത്തിന് അപേക്ഷിച്ചവരുടെ ഒരു കണക്ക് വന്നിരുന്നു. അതില്‍ പറഞ്ഞത് 1838 പേര് മതംമാറ്റത്തിനു വേണ്ടി അപേക്ഷ സമര്‍പ്പിച്ചുവെന്നാണ്. അതില്‍ 1735 പേര് ഹിന്ദു മതവിശ്വാസികളായിരുന്നു. 57 മുസ്ലിംകളും 42 ൈക്രസ്തവരും നാല് പാഴ്സികളുമായിരുന്നു.
ഇവിടെ മുസ്ലിംകള് എന്തെങ്കിലും സൂത്രവിദ്യ കാണിച്ച് ആളെ കൂട്ടാന്‍ ശ്രമിക്കുന്നുവെന്നത് യക്ഷിക്കഥകളെപ്പോലും നാണിപ്പിക്കുന്ന കള്ളക്കഥകളാണ്. തുറന്ന മനസ്സോടുകൂടി കാര്യങ്ങളെ വിശകലനം ചെയ്യുന്നതിന് പകരം എല്ലാ പ്രകാശ നാളങ്ങളെയും ഊതിക്കെടുക്കുന്ന പ്രവണത ഒരാള്‍ക്കും ഒരു സ്ഥാപനത്തിനും നല്ലതല്ല. അത് കൂരിരുട്ടും കണ്ണുകാണാത്ത അവസ്ഥയും ഉണ്ടാക്കുകയേ ചെയ്യുന്നുള്ളൂ. അതിനെതിരെ ജാഗ്രത പാലിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്.
(സോളിഡാരിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്)