സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച രഞ്ജൻ ഗൊഗോയിക്ക് രാജ്യസ ഭ സീറ്റ് സമ്മാനിച്ച കേന്ദ്ര സർക്കാറിെൻറ നടപടി അധാർമികവും സ്വതന്ത്ര ജുഡീഷ്യറിക്ക് കളങ്കവും രാജ്യം ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യമൂല്യങ്ങളോടുള്ള വെല്ലുവിളിയുമൊക്കെയാണെങ്കിലും തീരുമാനം മോദി സർക്കാറിേൻറത് ആയതിനാൽ അത് അമ്പരപ്പിക്കുന്ന പ്രഖ്യാപനമായി അനുഭവപ്പെടുന്നില്ല. ജുഡീഷ്യറിയെ ഭരണകൂടത്തിന് അടിയറ വെച്ച ഒരു ന്യായാധിപനായാണ് ചരിത്രം ഗൊഗോയിയെ വിലയിരുത്തുന്നത്.
ബാബരി മസ്ജിദ് കേസിൽ തെളിവുകൾ മുഴുവൻ എതിരായിട്ടും ഭൂരിപക്ഷ മതവിഭാഗത്തെ തൃപ്തിപ്പെടുത്തുന്ന വിധി പ്രസ്താവിച്ചത്, റഫാൽ അഴിമതി ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റമുക്തനാക്കിയത്, ജഡ്ജി ലോയയുടെ ദുരൂഹമരണത്തിൽ ആരോപണവിധേയനായ ആഭ്യന്തരമന്ത്രി അമിത് ഷായെ സംരക്ഷിക്കാനായി കേസ് തന്നെ അവസാനിപ്പിച്ചത്, ജമ്മു-കശ്മീരിെൻറ പ്രത്യേകാവകാശം റദ്ദാക്കിയ കേന്ദ്ര സർക്കാറിെൻറ തീരുമാനത്തെ പിന്തുണക്കുന്ന നിലപാട് സ്വീകരിച്ചത് -എല്ലാം ഗൊഗോയിയുടെ ഭരണകൂട ബാന്ധവത്തിെൻറ വ്യക്തമായ തെളിവുകളാണ്. അതിന് ലഭിച്ച പാരിതോഷികമാണ് രാജ്യസഭാംഗത്വം. അത് സ്വീകരിച്ചതോടെ തെൻറ സംഘ്പരിവാർ ബാന്ധവം ഊട്ടിയുറപ്പിച്ചിരിക്കുന്നു ഗൊഗോയി.
രാഘവൻ മുതൽ സദാശിവം വരെ
ഉദ്ദിഷ്ട കാര്യങ്ങൾ നടപ്പാക്കുന്നവർക്ക് ഔദ്യോഗിക കാലഘട്ടത്തിലോ കാലാവധി അവസാനിക്കുന്ന മുറക്കോ സ്ഥാനമാനങ്ങൾ നൽകുന്ന പരിപാടി മോദി ഭരണത്തിൽ പുതുമയില്ലാത്ത കാര്യമാണ്. ഗുജറാത്ത് കലാപത്തിൽ പ്രതി ചേർക്കപ്പെടുന്നതിൽനിന്ന് തന്നെ രക്ഷിച്ചവർക്കാണ് മോദി ആദ്യം പാരിതോഷികങ്ങൾ സമ്മാനിച്ചത്. മുതിർന്ന ഐ.പി.എസ് ഓഫിസർ യോഗേഷ് ചന്ദർ മോദിയാണ് (വൈ.സി. മോദി) അതിലൊരാൾ. 2017 ഒക്ടോബർ 30ന് അദ്ദേഹം എൻ.ഐ.എ തലവനായി സ്ഥാനമേൽക്കുമ്പോൾ അതിനു പിന്നിൽ നരേന്ദ്രമോദിയുടെ നേരിട്ടുള്ള കരങ്ങൾ ഉണ്ടായിരുന്നു. ഗുജറാത്ത് വർഗീയ കലാപം അന്വേഷിക്കാൻ 2010 ആഗസ്റ്റിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ അംഗമായിരുന്നു വൈ.സി. മോദി. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയിൽ മോദിക്ക് ക്ലീൻചിറ്റ് നൽകിയത് ഈ പ്രത്യേകാന്വേഷണ സംഘമായിരുന്നു. 2021 വരെ എൻ.ഐ.എ മേധാവിയായി വൈ.സി. മോദി തുടരും.
2017ൽതന്നെയാണ് സി.ബി.ഐ മുൻ മേധാവി ആർ.കെ. രാഘവന് സൈപ്രസിലെ ഇന്ത്യൻ ഹൈകമീഷണർ പദവി മോദി നൽകിയത്. എഴുപത്താറുകാരനായ രാഘവൻ കരിയർ ഡിപ്ലോമാറ്റൊന്നുമല്ല. തമിഴ്നാട് കേഡറിലെ ഐ.പി.എസ് ഓഫിസറായിരുന്ന രാഘവൻ സൈബർ സെക്യൂരിറ്റിയിൽ വൈദഗ്ധ്യമുള്ളയാളാണ്. എന്നാൽ, നരേന്ദ്ര മോദിക്ക് അദ്ദേഹം പ്രിയങ്കരനായത് ഗുജറാത്ത് കൂട്ടക്കൊലകളിൽ തന്നെ നിരപരാധിയാക്കി സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടാണ്.
ഗോധ്ര സംഭവവും തുടർന്നുണ്ടായ മുസ്ലിം കൂട്ടക്കൊലകളും അന്വേഷിക്കാനുള്ള പ്രത്യേക സംഘത്തിെൻറ തലവനായി 2008ലാണ് സുപ്രീംകോടതി ആർ.കെ. രാഘവനെ നിയമിക്കുന്നത്. കലാപങ്ങളിൽ മോദിക്ക് പങ്കുണ്ടെന്നതിന് ഒരു തെളിവുമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് 2012ൽ അദ്ദേഹം സമർപ്പിച്ചത്. ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല കേസിലും സുപ്രീംകോടതിയിൽ നൽകിയ റിേപ്പാർട്ടിൽ മോദിയെ രാഘവൻ കുറ്റമുക്തനാക്കി. 2002 ഫെബ്രുവരി 28നാണ് 70 പേരുടെ ജീവനെടുത്ത ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല നടന്നത്. ഭീകരവാദികൾ ചുട്ടുകൊന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഇഹ്സാൻ ജാഫരിയുടെ വിധവ സകിയ്യയുടെ പരാതിയും രാഘവെൻറ സംഘമാണ് അന്വേഷിച്ചത്. കലാപകാരികൾ വീടിനു പുറത്ത് കൊലവിളി നടത്തുമ്പോൾ മോദിയുടെ സഹായം അഭ്യർഥിച്ചിരുന്നുവെന്ന് സകിയ്യയുടെ മൊഴികളിലുണ്ട്. ഗുൽബർഗ് സൊസൈറ്റിയിൽ എത്തിയ കലാപകാരികളിൽനിന്ന് അയൽക്കാരെ രക്ഷിക്കുന്നതിനിടയിലാണ് ഇഹ്സാൻ ജാഫരിയെ പെേട്രാളൊഴിച്ച് കത്തിച്ചത്. സംഭവം നടക്കുമ്പോൾ കലാപകാരികളിൽനിന്ന് ന്യൂനപക്ഷ വിഭാഗങ്ങളെ രക്ഷിക്കാൻ ഒരുവിധ സഹായവും അവിടേക്ക് എത്തരുതെന്ന് മുഖ്യമന്ത്രിയായിരുന്ന മോദിയും മറ്റ് 62 പേരും ഉറപ്പാക്കിയിരുന്നുവെന്ന് തെളിവുകൾ സഹിതം സകിയ്യ ബോധിപ്പിച്ചു.
എന്നാൽ, സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷമാണ് താൻ വിവരം അറിഞ്ഞതെന്ന നരേന്ദ്ര മോദിയുടെ നുണയാണ് രാഘവൻ ആധികാരികമായി റിപ്പോർട്ടിൽ എഴുതിച്ചേർത്തത്. മോദിക്കെതിരായ മുഴുവൻ തെളിവുകളും തള്ളിക്കളയുകയാണ് രാഘവൻ ചെയ്തതെന്ന് അന്നു തന്നെ വ്യാപകമായ ആരോപണം ഉയർന്നതാണ്. മോദിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി നേരത്തേ നിയമിച്ചിരുന്ന മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രെൻറ റിപ്പോർട്ടിെൻറ നേർവിപരീതമായിരുന്നു രാഘവെൻറ കണ്ടെത്തൽ. കലാപകാരികൾക്ക് അഴിഞ്ഞാടാൻ പൂർണസ്വാതന്ത്ര്യം നൽകണമെന്ന് ഫെബ്രുവരി 27ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മോദി ആവശ്യപ്പെട്ടിരുന്നുവെന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ മോദിയെയും ഉന്നത പൊലീസ് മേധാവികളെയും േക്രാസ് വിസ്താരം നടത്തണമെന്ന് രാജു രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സഞ്ജീവ് ഭട്ടിെൻറ ആരോപണങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്ന് രാഘവൻ വിധിയെഴുതി. മോദിയുടെ പങ്ക് വിളിച്ചുപറഞ്ഞ ഭട്ടിനെ മറ്റൊരു കേസിൽ കുടുക്കി ജയിലിൽ അടച്ചിട്ടിരിക്കുകയാണ് ഭരണകൂടം. കലാപത്തിൽ മോദിയുടെ പങ്ക് വ്യക്തമാക്കി മലയാളിയായ മുൻ ഗുജറാത്ത് ഡി.ജി.പി, എം.ബി. ശ്രീകുമാർ നൽകിയ നാല് സത്യവാങ്മൂലങ്ങൾ പരിശോധിക്കാൻപോലും രാഘവൻ തയാറായില്ല. ഗുജറാത്ത് കലാപത്തിൽ ശിക്ഷിക്കപ്പെടുമായിരുന്ന നരേന്ദ്ര മോദിക്ക് സമ്പൂർണ സുരക്ഷകവചം ഒരുക്കുകയായിരുന്നു ആർ.കെ. രാഘവൻ. ഇത്തരമൊരാളെ പാരിതോഷികം നൽകി ആദരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന ഉദയ് യു. ലളിത് 2014ൽ സുപ്രീംകോടതി ജഡ്ജിയായി അവരോധിക്കപ്പെട്ടതിനു പിന്നിലും മോദി-അമിത് ഷാ കൂട്ടുകെട്ടിെൻറ കളിയുണ്ട്. ബി.ജെ.പി പ്രസിഡൻറായി അമിത് ഷാ ചുമതലയേൽക്കുന്ന സമയത്തുതന്നെയാണ് ലളിതിെൻറ നിയമനവും. മറ്റൊരു മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രമണ്യം പിൻവാങ്ങിയ ഒഴിവിലാണ് ലളിതിെൻറ പേര് പരിഗണിക്കപ്പെടുന്നത്. സൊഹ്റാബുദ്ദീൻ കേസ് ഉൾപ്പെടെയുള്ള വ്യാജ ഏറ്റുമുട്ടലുകളെ ബി.ജെ.പി സർക്കാറുമായി ബന്ധപ്പെടുത്തി ഗോപാൽ സുബ്രമണ്യം നടത്തിയ പരാമർശങ്ങളെ തുടർന്നാണ് അദ്ദേഹത്തിെൻറ പേര് ഉൾപ്പെടുന്ന പട്ടിക മോദി സർക്കാർ തിരിച്ചയച്ചത്.
സൊഹ്റാബുദ്ദീൻ ശൈഖ്, തുൾസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ഗൂഢാലോചന, കൊലക്കുറ്റം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന ഘട്ടത്തിലാണ് അമിത് ഷാ ബി.ജെ.പി പ്രസിഡൻറാകുന്നത്. ഗുജറാത്ത് മന്ത്രിയായിരിക്കെ മേൽ കേസുകളിൽ അമിത് ഷാക്ക് വേണ്ടി ഹാജരായത് ലളിതായിരുന്നു. ബാബരി മസ്ജിദ് തകർത്ത കേസിൽ അന്നത്തെ യു.പി മുഖ്യമന്ത്രി കല്യാൺസിങ്ങിനുവേണ്ടി കേസ് വാദിച്ചതും യു. ലളിതായിരുന്നു.
അദ്ദേഹത്തെ ബാബരി മസ്ജിദ് കേസിൽ വിധി പറയുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, കേസിൽ മുസ്ലിം പക്ഷത്തിനുവേണ്ടി ഹാജരായ രാജീവ് ധവാൻ, സംഘ്പരിവാർ നേതാക്കൾക്കുവേണ്ടി കേസ് വാദിച്ചിരുന്ന അദ്ദേഹത്തിെൻറ മുൻകാല നടപടികൾ പരാമർശിച്ചപ്പോൾ ലളിതിന് പിന്മാറേണ്ടി വന്നു.
വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷാക്ക് എതിരായ രണ്ടാമത്തെ എഫ്.ഐ.ആർ റദ്ദാക്കിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ വിരമിച്ചതിനു തൊട്ടുപിന്നാലെ കേരള ഗവർണറായി കുടിയിരുത്തിയതും മറക്കാറായിട്ടില്ല. മുൻ ചീഫ് ജസ്റ്റിസുമാരെ റിട്ടയർമെൻറിനുശേഷം മറ്റു പദവികളിൽ നിയമിക്കരുതെന്ന് ഗീർവാണം മുഴക്കുന്നതിനിടയിലായിരുന്നു സദാശിവത്തിെൻറ നിയമനം. കെ.വി. ചൗധരി കേന്ദ്ര വിജിലൻസ് കമീഷണറും രാകേഷ് അസ്താന സി.ബി.ഐ സ്പെഷൽ ഡയറക്ടറുമായി നിയമിതരായതും ഇരു ഡിപ്പാർട്മെൻറുകളും സർക്കാറിെൻറ വൃത്തികെട്ട രാഷ്ട്രീയക്കളികളുടെ കേന്ദ്രങ്ങളായി മാറിയതും മറക്കാറായിട്ടില്ല. സി.ബി.ഐ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട അലോക് വർമയെ തൽസ്ഥാനത്ത് വീണ്ടും അവരോധിച്ച സുപ്രീംകോടതി നടപടിയെ പരസ്യമായി തള്ളി 48 മണിക്കൂറിനകം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു മോദി അധ്യക്ഷനായുള്ള സെലക്ഷൻ കമ്മിറ്റി. അസ്താനക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച വർമയോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ട മോദി സർക്കാർ അസ്താനയെ വഴിവിട്ട് സഹായിച്ചു.
1984ലെ ഗുജറാത്ത് കേഡർ ഐ.പി.എസ് ഓഫിസറായിരുന്ന അസ്താന, അന്വേഷണ ഉദ്യോഗസ്ഥൻ അല്ലാതിരുന്നിട്ടും ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിെൻറ അന്വേഷണത്തിൽ അമിത് ഷായെയും മോദിയെയും വഴിവിട്ട് സഹായിക്കുന്നതായി ആരോപിച്ചത് അന്വേഷണ ഉദ്യോഗസ്ഥനായ സതീശ് വർമയാണ്. മോദിയെ വധിക്കാൻ പുറപ്പെട്ടെന്ന് ആരോപിച്ചാണ് പത്തൊമ്പതുകാരിയും കോളജ് വിദ്യാർഥിനിയുമായ ഇശ്റത് ജഹാനെയും കൂട്ടരെയും ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ചത്. ഏറ്റുമുട്ടൽ നാടകത്തിനു പിന്നിലെ വസ്തുതകൾ ചുരുളഴിക്കുന്ന ഹാർഡ് ഡിസ്ക് 2011 മാർച്ച് മൂന്നിന് ഗുജറാത്ത് സർക്കാറിെൻറ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽനിന്ന് സതീശ് വർമ പിടിച്ചെടുത്തിരുന്നു. തങ്ങളുടെ നിലപാടിന് വിരുദ്ധമായതിനാൽ ഇത്തരമൊരു ഹാർഡ് ഡിസ്കിെൻറ കാര്യം ഗുജറാത്ത് സർക്കാർ മറച്ചുവെച്ചു. ഹാർഡ് ഡിസ്ക് എങ്ങനെ ലഭിച്ചുവെന്ന് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തന്നെ ചുമതലപ്പെടുത്തിയെന്ന് പറഞ്ഞ് വർമക്ക് കത്തെഴുതുകയുണ്ടായി അസ്താന. മാത്രമല്ല, മോദി-അമിത് ഷാ കൂട്ടുകെട്ടിനെ സംരക്ഷിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗിക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെ പാരിതോഷികം കാത്തിരിക്കുന്ന ന്യായാധിപന്മാർ മുതൽ ഡി.ജി.പിമാർ വരെയുണ്ട്. വിരമിക്കുന്ന മുറക്ക് അത് അവർക്ക് ലഭിക്കും. വെറും സമയത്തിെൻറ മാത്രം പ്രശ്നമേ അക്കാര്യത്തിലുള്ളൂ.