ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ബി.ജെ.പി വിജയിച്ചിരിക്കുന്നു. കേരളത്തിലെ പോലെ ഭരണം മാറിമാറി വരുന്ന ഹിമാചൽ പ്രദേശിൽ ഇത്തവണ ബി.ജെ.പിയുടെ ഉൗഴമായിരുന്നു എന്നതുകൊണ്ട് ആ വിജയത്തെ ആരും ഭാവിയിലേക്കുള്ള രാഷ്ട്രീയത്തിെൻറ സൂചികയായി കണക്കാക്കുന്നില്ല. എന്നാൽ, ഗുജറാത്തിലെ ബി.ജെ.പിയുടെ ആറാമത്തെ തുടർച്ചയായ വിജയം ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 182 സീറ്റിൽ 150 സീറ്റ് പിടിക്കാൻ പുറപ്പെട്ട മോദി -അമിത് ഷാ സഖ്യത്തിന് 99 സീറ്റുകൊണ്ട് തൃപ്തിെപ്പടേണ്ടിവന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട 92ൽനിന്ന് ഏഴ് സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് അധികമുള്ളത്. കഴിഞ്ഞ തവണ അത് 115 സീറ്റായിരുന്നു. കോൺഗ്രസ് ആവട്ടെ, 61ൽ നിന്ന് 77ൽ എത്തി. ജിഗ്േനഷ് മേവാനിയുടെ വിജയം ദലിത് വിഭാഗങ്ങളുമായുള്ള കോൺഗ്രസ് സഖ്യത്തിന് പുതിയ മാനം നൽകിയിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എമാരിൽ ഒ.ബി.സി വിഭാഗത്തിെൻറ നേതാവായി ഉയർന്നുവന്ന അൽപേഷ് താകോറും ഉൾപ്പെടുന്നു. പട്ടേൽ സമുദായത്തിെൻറ നേതാവ് ഹാർദിക് പട്ടേലിെൻറ രോഷവും പ്രയോജനപ്പെടുത്തി. ആകെയുള്ള 26 പാർലമെൻറ് സീറ്റിൽ എട്ടിടത്ത് കോൺഗ്രസ് വിജയിച്ചു.
സാമൂഹിക ശക്തികളുമായുള്ള കൂട്ടുകെട്ട് ഫലത്തിൽ മതേതര സഖ്യത്തിന് നല്ല പിൻബലമായി എന്നർഥം. ഒറ്റക്കുനിന്ന് ഒരു സീറ്റിൽ ജയിച്ച എൻ.സി.പിയെയും, അര ശതമാനത്തിലധികം വോട്ട് നേടിയ ബി.എസ്.പിയെയും ഫലപ്രദമായി കൂട്ടിയിണക്കിയെങ്കിൽ ചുരുങ്ങിയത് 10 സീറ്റിൽ കൂടി ബി.ജെ.പിയെ തോൽപിക്കാനും ഒരു രാഷ്ട്രീയ വഴിത്തിരിവുതന്നെ സൃഷ്ടിക്കാനും ഗുജറാത്ത് തെരഞ്ഞെടുപ്പിനു കഴിയുമായിരുന്നു.
ഏതായാലും വിശാല മതേതര ജനാധിപത്യ സഖ്യം ശക്തമാക്കിയാൽ ബി.ജെ.പിയെ കൊമ്പുകുത്തിക്കുവാൻ ആകുമെന്ന ആത്മവിശ്വാസം ഇന്ത്യൻ ജനതയിൽ ഉണ്ടാക്കി എന്നതാണ് രാഹുൽ ഗാന്ധി മുന്നിൽനിന്ന് നയിച്ച തെരഞ്ഞെടുപ്പ് പോരാട്ടത്തിെൻറ ബാക്കിപത്രം. പക്ഷേ, ബി.ജെ.പിയെ തോൽപിക്കാൻ രാഷ്ട്രീയ സഖ്യവും രാഷ്ട്രീയ പ്രചാരണവും മാത്രം പോരാ. കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിലെമ്പാടും, പ്രത്യേകിച്ച് ഇന്ത്യയുടെ ഉത്തര പശ്ചിമ മേഖലയിൽ ബി.ജെ.പി ആർജിച്ച സംഘടനാബലത്തെയും തെരഞ്ഞെടുപ്പ് പാടവത്തെയും ജനാധിപത്യ പാർട്ടികൾ വസ്തുനിഷ്ഠമായി പഠിക്കുകയും മന സ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. സാധാരണ കേഡർ പാർട്ടികൾക്കെല്ലാം ജനാധിപത്യ പാർട്ടികളെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയാറുണ്ട്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള മത്സരത്തിലും പലപ്പോഴും ഇത് എൽ.ഡി.എഫിനെ അധികാരത്തിലേക്ക് ആനയിക്കുന്ന പ്രധാന ഘടകമായിട്ടുണ്ട്.
ഈ അടുത്തകാലത്തായി ആർ.എസ്.എ ിെൻറ ശക്തമായ മേൽനോട്ടത്തിൽ ബി.ജെ.പിയുടെ തെരെഞ്ഞടുപ്പ് മെഷിനറി അക്ഷരാർഥത്തിൽ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവർത്തിക്കുന്നത്. സാധാരണ കേരളത്തിലും മറ്റും തെരഞ്ഞെടുപ്പിെൻറ തൊട്ടു മുമ്പുള്ള ആഴ്ചകളിൽ ബൂത്ത് കമ്മിറ്റികൾ രൂപവത്കരിക്കുന്ന പതിവാണുള്ളത്. ഈ ബൂത്ത് കമ്മിറ്റികൾ ചലിപ്പിക്കുന്നത് അഞ്ചോ ആറോ പ്രധാന പ്രവർത്തകരായിരിക്കും. ഇവർ ആ ബൂത്ത് അതിർത്തിയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും വോട്ടർമാരെ ബൂത്തിലെത്തിക്കുകയും ചെയ്യുന്നു. ഒരു അസംബ്ലി നിയോജക മണ്ഡലത്തിൽ ശരാശരി 150 ബൂത്തുകളാണുള്ളത്. ഒാരോ ബൂത്തിലും പ്രവർത്തിക്കുന്ന ബൂത്ത് കമ്മിറ്റികൾ ഉണ്ടാക്കുന്നതുപോലും ജനാധിപത്യ പാർട്ടികളെ സംബന്ധിച്ചിടത്തോളം ക്ലേശകരമാണ്. പക്ഷേ, കുറച്ച് വർഷങ്ങളായി ബി.ജെ.പി സംഘ്പരിവാരത്തിെൻറ സഹായത്തോടുകൂടി ഓരോ ബൂത്തിലും യുവാക്കളുടേയും സ്ത്രീകളുടേയും ദലിതുകളുടേയും പ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ടുള്ള ബൂത്ത് കമ്മിറ്റികൾ ഉണ്ടാക്കി എന്നുമാത്രമല്ല, ഓരോ ബൂത്തിലെയും വോട്ടേഴ്സ് ലിസ്റ്റിൽ എത്ര പേജുകളുണ്ടോ ആ പേജ് ഓരോന്നിനും പേജ് പ്രമുഖന്മാരെ നിശ്ചയിച്ചു. പേജ് പ്രമുഖന്മാർക്ക് ഏകദേശം 25 വീടുകളുടെ ചുമതല മാത്രമാണുള്ളത്. ഇവിടെനിന്ന് കൂടുതൽ സഹായികളെ പേജ് പ്രമുഖന് കണ്ടെത്താവുന്നതാണ്.
ചുരുക്കിപ്പറഞ്ഞാൽ, ഒരു അസംബ്ലി നിയോജകമണ്ഡലത്തിൽ ഏകദേശം രണ്ടായിരം കേഡർമാരെ ബി.ജെ.പി വിന്യസിക്കുന്നു. മോദി ഗുജറാത്തിൽ നടത്തിയ ആദ്യത്തെ റാലിയിൽ പങ്കെടുത്തത് ഇത്തരത്തിൽ വിന്യസിക്കപ്പെട്ട കേഡർമാരാണ്. ഇവർക്ക് നിരന്തരം പരിശീലനം നൽകാനും മേൽനോട്ടം വഹിക്കാനും ആയിരക്കണക്കിന് നേതാക്കളേയും സജ്ജരാക്കുന്നു. ഈ സുസംഘടിതമായ തെരഞ്ഞെടുപ്പ് യന്ത്രമാണ് വർഗീയത പരത്തുന്നതു മുതൽ ബൂത്ത് പിടിക്കുന്നതു വരെയുള്ള സകല പ്രവർത്തനത്തിനും നേതൃത്വം കൊടുക്കുന്നത്. എന്നാൽ, ഈ സുസംഘടിത, സുശിക്ഷിത അർധ ഫാഷിസ്റ്റ് സംഘടനാ സംവിധാനത്തിനു പോലും അവർ ആഗ്രഹിച്ച നിലയിൽ ജനങ്ങളെ വളച്ചെടുക്കാൻ കഴിഞ്ഞില്ല എന്നത് ഇന്ത്യൻ ജനാധിപത്യ ബോധത്തിെൻറ മഹിമതന്നെയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയവും ഭരണനടപടികളും കൊടുങ്കാറ്റിൽപെട്ട കപ്പൽ പോലെ ആടിയുലഞ്ഞപ്പോൾ അതിശക്തമായ സംഘടനയുടെ ചുക്കാൻ പിടിച്ചതുകൊണ്ട് മാത്രം കപ്പൽ മുങ്ങിത്താഴ്ന്നില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത് ബി.ജെ.പിയുടെ രാഷ്ട്രീയവും സംഘടനശക്തിയും തമ്മിലാണ്. അതിൽ സംഘടനശക്തി തൽക്കാലം ജയിച്ചു എന്നുമാത്രം.
എന്നാൽ, പുതിയ എ.ഐ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് രാഷ്ട്രീയപരമായും സംഘടനാപരമായും കരുത്താർജിച്ചു. നവ സാമൂഹിക ശക്തികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ഇനി കോൺഗ്രസ് ശ്രദ്ധിക്കേണ്ടത്, വരാൻ പോകുന്ന പാർലമെൻറ് തെരഞ്ഞെടുപ്പ് പോരാ ട്ടത്തെ എങ്ങനെ നേരിടണം എന്നതാണ്. പൊടുന്നനെ ആർ.എസ്.എസിേൻറതു പോലുള്ള ഒരു കേഡർസംവിധാനം കെട്ടിപ്പടുക്കുക അസാധ്യമാണ്. അനാവശ്യവുമാണ്. പക്ഷേ, ഓരോ ബൂത്തിലും തെരഞ്ഞെടുപ്പുകാലത്ത് പ്രവർത്തിക്കാൻ തയാറുള്ള ദശലക്ഷക്കണക്കിന് രാഷ്ട്രീയ സന്നദ്ധപ്രവർത്തകരെ കോൺഗ്രസിനും സഖ്യകക്ഷികൾക്കും അവരെ പിന്താങ്ങുന്ന സാമൂഹിക പ്രസ്ഥാനങ്ങൾക്കും സംഘടിപ്പിക്കാൻ സാധിക്കും. ഈ രീതിയിലാണ് യൂറോപ്പിലും അമേരിക്കയിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ഒരു താൽക്കാലിക സൈന്യത്തെ ശേഖരിച്ച് അണിനിരത്താൻ സമയമായി. ഇന്ത്യയുടെ മതേതര രാഷ്ട്രീയത്തെ രക്ഷിക്കാനും, ഫാഷിസ്റ്റുകളെ തൂത്തെറിയാനും കോടിക്കണക്കിനാളുകൾ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് സന്നദ്ധപ്രവർത്തകരെന്ന നിലയിൽ കടന്നുവരേണ്ടതുണ്ട്.
(സി.എം.പി ജനറൽ സെക്രട്ടറിയാണ് ലേഖകൻ)