Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനിരപരാധിത്വം...

നിരപരാധിത്വം തെളിയുംവരെ കുറ്റവാളിയോ?

text_fields
bookmark_border
നിരപരാധിത്വം തെളിയുംവരെ കുറ്റവാളിയോ?
cancel

'ജയിലല്ല, ജാമ്യമാണ് നിയമം' എന്ന പറച്ചിൽ ഒരു മുദ്രാവാക്യമായി ഒതുങ്ങിയിരിക്കുന്നു. ജാമ്യമല്ല ജയിലാണ് നിയമം എന്നതാണ് ഇപ്പോഴത്തെ യാഥാർഥ്യം. കുറ്റവാളിയെന്ന് തെളിയിക്കപ്പെടുംവരെ നിരപരാധി എന്ന സിദ്ധാന്തം നിരപരാധിത്വം തെളിയിക്കപ്പെടുംവരെ കുറ്റവാളി എന്നനിലയിലായിരിക്കുന്നു.

ഈ യാഥാർഥ്യങ്ങളെ നേരാംവിധത്തിലേക്ക് മാറ്റിയെടുക്കാൻ നമ്മളെന്തെങ്കിലും ചെയ്യുന്നുണ്ടോ? ജൂലൈ 17ന് ജയ്പുരിൽ നടന്ന സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റികളുടെ സമ്മേളനത്തിൽ നിയമമന്ത്രി കിരൺ റിജിജു പ്രസ്താവിച്ചത് രാജ്യത്ത് 3.5 ലക്ഷം തടവുകാരുണ്ടെന്നാണ്. രാജ്യത്തെ ആറുലക്ഷം തടവുകാരിൽ 80ശതമാനം പേർ വിചാരണത്തടവുകാരാണെന്നാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പ്രസംഗത്തിൽ പറഞ്ഞത്; അതായത്, നാലര ലക്ഷത്തിലേറെ വരും. അവരിൽ എത്ര വിചാരണത്തടവുകാരുണ്ട് മെച്ചപ്പെട്ട ശാരീരിക അവസ്ഥകളിൽ?

ഉദ്യോഗസ്ഥരുടെ ഉദാസീനതമൂലം ജയിലുകളിലുണ്ടാവുന്ന പരിതാപകരവും ദാരുണവും മനുഷ്യത്വരഹിതവുമായ അവസ്ഥകൾക്കാണ് പ്രാഥമികമായി പ്രതിവിധി വേണ്ടത്. ആക്ടിവിസ്റ്റും ജെസ്യൂട്ട് പുരോഹിതനുമായിരുന്ന ഫാ. സ്റ്റാൻ സ്വാമി വെള്ളം കുടിക്കാൻ സൗകര്യത്തിന് ഒരു സിപ്പറോ സ്‌ട്രോയോ നൽകണമെന്നാണ് അഭ്യർഥിച്ചത്. ജയിലധികൃതർ ആവശ്യം നിരസിച്ചതിനാൽ ആശ്വാസം തേടി കോടതിയെ സമീപിക്കേണ്ടിവന്നു. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അദ്ദേഹത്തിന് ദാരുണാന്ത്യവും സംഭവിച്ചു.

കവി വരവര റാവുവിനോടും സമാനമായ മനുഷ്യത്വരഹിത സമീപനമാണ് പുലർത്തിവരുന്നത്. ആരോഗ്യകാരണങ്ങളാൽ ജാമ്യം അനുവദിക്കണമെന്ന അഭ്യർഥന ജയിലിൽ ചികിത്സിക്കാവുന്നതിലുപരിയായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ല എന്ന വാദം പറഞ്ഞ് തള്ളിയിരിക്കുകയാണ്. 82 വയസ്സുള്ള ആ മനുഷ്യൻ ഏകദേശം നാലു വർഷമായി വിചാരണത്തടവുകാരനാണ്. നിരപരാധിത്വം തെളിയിക്കപ്പെടും വരെ കുറ്റവാളി എന്നാണോ ഇപ്പോഴത്തെ സിദ്ധാന്തം?

അനാവശ്യ അറസ്റ്റുകൾ

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്യുന്നത് മതിയാക്കാൻ സുപ്രീംകോടതി പറഞ്ഞതോടെ നമ്മുടെ കൗശലക്കാരായ അധികാരികൾ ആളുകളെ അറസ്റ്റുചെയ്യാൻ മറ്റു വളഞ്ഞവഴികൾ കണ്ടെത്തി. മാധ്യമപ്രവർത്തകനും വസ്തുത പരിശോധകനുമായ മുഹമ്മദ് സുബൈറിനെ നിരുപദ്രവകരമായ ട്വീറ്റുകളുടെ പേരിലാണ് ഡൽഹി-യു.പി പൊലീസ് അറസ്റ്റുചെയ്തത്. ജൂലൈ 20ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ അദ്ദേഹത്തെ വിട്ടയച്ചു.

മുതിർന്ന, ആദരണീയനായ ഒരു രാഷ്ട്രീയനേതാവിനെക്കുറിച്ച് പരോക്ഷ പരാമർശമുള്ള അപകീർത്തി ട്വീറ്റിന്റെ പേരിൽ നടി കേതകി ചിതാലെ ഒരു മാസത്തിലധികം ജയിലിൽ കിടന്നു. ആരോപണങ്ങൾ കെട്ടിച്ചമച്ചാണ് ഗുജറാത്ത് നിയമസഭാംഗം ജിഗ്നേഷ് മേവാനിയെ ഏപ്രിലിൽ അസമിൽ അറസ്റ്റുചെയ്തത്. ബർഷശ്രീ ബുറാഗോഹൈൻ എന്ന കോളജ് വിദ്യാർഥിനി 'ദേശവിരുദ്ധ' കവിതയുടെ പേരിൽ അസമിൽ രണ്ടുമാസത്തോളം ജയിലിൽ കിടന്നു. ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് രാഷ്ട്രീയക്കാരെ അറസ്റ്റുചെയ്തു. ഇത്തരം അറസ്റ്റുകൾ ഇതിനകംതന്നെ നിറഞ്ഞുകവിഞ്ഞ ജയിലുകളിലെ ആൾപ്പെരുപ്പം കൂട്ടുന്നു.

മറുവശത്ത്, ഡൽഹി തിഹാർ ജയിലിൽ വിചാരണത്തടവുകാരനായ സുകേഷ് ചന്ദ്രശേഖറിന്റെ കാര്യം നോക്കുക. തടസ്സമില്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള സൗകര്യവും പ്രത്യേക ബാരക്കും ലഭിക്കുന്നതിന് പ്രതിമാസം ഒന്നരക്കോടി രൂപയാണ് ഇയാൾ നൽകുന്നതെന്ന് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. ഒന്നോ രണ്ടോ രൂപ വിലയുള്ള ഒരു സ്ട്രോക്കുവേണ്ടിയാണ് സ്റ്റാൻ സ്വാമിക്ക് കോടതിയിൽ പോകേണ്ടിവന്നതെന്ന് മറക്കരുത്.

ഏറ്റവും നിസ്സാരമായ കാരണങ്ങളുടെ പേരിൽ ചിലർ തടവറകളിൽ ദയനീയമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോൾ സ്വാധീനമുള്ളവരും ശക്തരും പണമുള്ളവരും ഭരണകൂടത്തിന്റെ അതിഥികളെപ്പോലെ ആസ്വദിക്കുന്നു.

പതിറ്റാണ്ടു മുമ്പേ തിഹാർ ജയിലിലെ തടവുകാർക്ക് ലാൻഡ് ലൈൻ ഉപയോഗിക്കാൻ സൗകര്യമുണ്ടായിരുന്നു. ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എന്നനിലയിൽ ഞാനാണ് ആ സൗകര്യം ഉദ്ഘാടനം ചെയ്തത്. അതിനുശേഷം ഹരിയാന, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ ജയിലുകളിൽ സമാന സൗകര്യം ഏർപ്പെടുത്തി. എന്നാൽ ഇപ്പോൾ മഹാരാഷ്ട്രയിലെ തലോജ ജയിലിൽ ചില തടവുകാർക്ക് ലാൻഡ്‌ലൈൻ സൗകര്യം നിഷേധിക്കപ്പെടുന്നു.

അതേസമയംതന്നെ, സുകേഷ് ചന്ദ്രശേഖറിനെപ്പോലുള്ള ചില വിചാരണത്തടവുകാർ വിലകൊടുത്തും മൊബൈൽ ഫോണിന്റെ അനധികൃത സൗകര്യം ആസ്വദിക്കുന്നു. ജയിലുകളിൽ മൊബൈൽ ഫോണുകളുടെ ലഭ്യത വ്യാപകമാണ്. പഞ്ചാബ്, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ പല സംസ്ഥാനങ്ങളിലും ഈ ഫോണുകൾ തടയാൻ ജാമറുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമറുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയ കേരളത്തിൽ നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിക്കാൻ ആലോചിക്കുന്നു. നിയമപരമായി അനുവദനീയമായ ഒരു സൗകര്യം നിയമവിരുദ്ധ സൗകര്യത്തിന് തടസ്സമില്ലാതെ വഴിമാറി എന്നല്ലേ മനസ്സിലാക്കേണ്ടത്.

ഈ ചളിക്കുണ്ടിൽനിന്ന് രക്ഷപ്പെടാൻ എന്താണ് മാർഗം? അറസ്റ്റിന്റെ കാര്യങ്ങളിൽ പൊലീസിന്റെ റബർ സ്റ്റാമ്പായി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് വിചാരണക്കോടതി ജഡ്ജിമാർക്ക് മനസ്സിലായാൽ അതിന് ഒരു തുടക്കമാവും. പ്രിയപ്പെട്ട ജഡ്ജിമാരേ, നിങ്ങളുടെ മനഃസാക്ഷിയെ ഉപയോഗിക്കുക. ദയവായി ഓർക്കുക, നഷ്ടപ്പെടുത്താൻ കഴിയാത്തത്ര മൂല്യമുണ്ട് സ്വാതന്ത്ര്യത്തിന്. നമ്മുടെ പൗരജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി നിങ്ങൾ നിലകൊള്ളുക.

ഒരു വിചാരണത്തടവുകാരനെ വർഷങ്ങളോളം ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിക്കുക എന്നാൽ ഒരു നിരപരാധിയെ വർഷങ്ങളോളം തടവിലിടുക എന്നതാണ്. കുട്ടികളുൾപ്പെടെ അവരുടെ കുടുംബങ്ങൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madan LokurSupreme Court
News Summary - Guilty until proven innocent?
Next Story