Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightIn-depthchevron_rightഭൂമിയെ കൊല്ലുന്ന...

ഭൂമിയെ കൊല്ലുന്ന ഭൂഗർഭജല ചൂഷണം

text_fields
bookmark_border
water exploitation
cancel

വേനലിലേക്ക്​ കടക്കു​േമ്പാഴേ മണ്ണ് വിണ്ടുതുടങ്ങി. ജലാശയങ്ങൾ വറ്റുകയാണ്. ഉപരിതല ജല​േസ്രാതസ്സുകളെപ്പോലെ, ഭൂഗർഭജല േസ്രാതസ്സുകളും വരളുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ഭൂഗർഭജല ചൂഷണം നടത്തുന്ന രാജ്യമാണ് ഇന്ത്യ. അനിയന്ത്രിത ജലാപഹരണം രാജ്യത്തിെൻറ ഭൗമസുസ്ഥിരതയെ തകർക്കുന്ന​ു. വിഷമയമായ ജലം ജനങ്ങൾക്ക്​ ഭീഷണിയായിത്തീർന്നിരിക്കുന്നു. ഇതിനുപുറമെ, ഇനിയും നിശ്ചയിക്കാൻ കഴിയാത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെയും.

ഇന്ത്യയിലെ ഹരിതവിപ്ലവത്തിെൻറ ഈറ്റില്ലങ്ങളിൽ ഒന്നാണ് പഞ്ചാബിലെ മുക്തസർ. 1995ൽ രൂപവത്​കരിക്കപ്പെട്ട ശ്രീമുക്തസർ സാഹിബ്​ ജില്ല പരുത്തി ഉൽപാദനത്തിെൻറ വിളനിലമായാണ് ഇന്ത്യയുടെ ഭൂപടത്തിൽ വളരെ മു​േമ്പ സ്ഥാനംപിടിച്ചത്. ഗോതമ്പും നെല്ലും വിളയുന്ന വയലേലകളും കരിമ്പിൻപുരയിടങ്ങളും നിറഞ്ഞ മുക്തസർ ഭൂഗർഭജലത്തിെൻറ പിൻബലം കൊണ്ടുമാത്രമാണ് കഴിഞ്ഞ 75 വർഷക്കാലമായി പച്ചപ്പരവതാനി അണിയുന്നത്. ജനങ്ങളുടെ ഗാർഹികാവശ്യത്തിനുള്ള പ്രധാന ജല​േസ്രാതസ്സും ഭൂഗർഭ ജലം മാത്രം.

രണ്ടുവർഷം മുമ്പ് മുക്തസറിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച ഭൂഗർഭജലത്തിെൻറ രാസപരിശോധന ഫലങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. ജലം പൂർണമായും വിഷലിപ്​തമാണെന്ന വസ്​തുത ഗവൺമെൻറ് ഏജൻസികളും അംഗീകരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരായി. മുക്തസറിനൊപ്പം മാൾവ പ്രദേശത്തെ മറ്റ് 10 ജില്ലകളിലെയും ഭൂഗർഭജലത്തിെൻറ 80 ശതമാനവും വിഷമയമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മലിനീകരിക്കപ്പെടുന്ന ജല​േസ്രാതസ്സുകൾ

കഴിഞ്ഞ10 വർഷത്തിനുള്ളിൽ, ഇന്ത്യയിലെ ഭൂഗർഭജല ഉപയോഗത്തെ സംബന്ധിച്ച് നിരവധി ഗവേഷണ പഠന റിപ്പോർട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. മനുഷ്യനിർമിത മാലിന്യങ്ങളുടെ അളവ് ഭൂഗർഭജലത്തിൽ അനുദിനം വർധിച്ചുവരുന്നതായി ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും അനിയന്ത്രിത പ്രയോഗം മണ്ണിനെ വിഷമയമാക്കുകയും അത് പിന്നീട് ഭൂഗർഭജലത്തിൽ കലർന്ന് വെള്ളം മലിനമാകുന്നതിന് കാരണമാകുകയും ചെയ്യുന്നു. വ്യവസായിക ആവശ്യത്തിന്​ ഉപയോഗിച്ചശേഷം പുറന്തള്ളുന്ന രാസവസ്​തുക്കളുടെ അവശിഷ്​ടങ്ങളും ഭൂഗർഭജല ​േസ്രാതസ്സുകളെ വിഷമയമാക്കുന്നു.

കേന്ദ്ര ജലവിഭവ വകുപ്പിെൻറ റിപ്പോർട്ടിൽ ഗോവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ഭൂഗർഭജലത്തിൽ മാലിന്യം കലർന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും ഭൂഗർഭജലത്തിൽ ഭൗമമാലിന്യങ്ങളായ ഇരുമ്പിെൻറയും 11 ജില്ലകളിൽ നൈേട്രറ്റിെൻറയ​ും അംശം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയുടെ പലഭാഗത്തും ഫ്ലൂറൈഡിെൻറ അംശം ഉയർന്ന തോതിൽ കണ്ടെത്താനായി. ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകുന്നതിലൂടെ ആലപ്പുഴ ജില്ലയിലെ തീരപ്രദേശത്തുള്ള ഭൂഗർഭജലം മലിനീകരിക്കപ്പെട്ടതാണെന്ന് കേന്ദ്ര ഭൂഗർഭജല ബോർഡ് പറയുന്നു.

സംസ്ഥാനത്ത്​ ഭൂഗർഭജലത്തിൽ കണ്ടെത്തിയ മനുഷ്യനിർമിത മാലിന്യം പ്രാദേശിക വിഷയമാണെന്ന് പറയാമെങ്കിലും അത് ഉളവാക്കുന്ന പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങൾ നിസ്സാരമായി തള്ളിക്കളയാനാകില്ല. തിരുവനന്തപുരത്ത് വിളപ്പിൽശാലയിലെ നഗരമാലിന്യങ്ങൾ, കോഴിക്കോട് ജില്ലയിൽ ചില ഫാക്ടറികളിൽനിന്ന് പുറത്തുവിടുന്ന മലിനജലം, ആലപ്പുഴ തുറവൂർ ചന്തിരൂരിലെ മത്സ്യസംസ്​കരണ ഫാക്ടറിയിൽനിന്ന് ഒഴുക്കിവിടുന്ന മലിനജലം, കൊല്ലം ചവറയിലെ കേരള മിനറൽസ്​ ആൻഡ് മെറ്റൽസ്​ തുടങ്ങിയവയെല്ലാം സമീപത്തെ ഭൂഗർഭജല േസ്രാതസ്സുകളെ വിഷമയമാക്കിയിട്ട് വർഷങ്ങൾ ഏറെയായി. ഇരുമ്പിെൻറയും നാകത്തിെൻറയും മാംഗനീസിെൻറയും അളവ് ഭൂഗർഭജലത്തിൽ അനുവദനീയമായ പരിധിക്കു മുകളിലാണെന്നാണ് രാസപരിശോധനയിൽ വ്യക്തമായത്.

ഭൗമസുസ്ഥിരത തകർക്കുന്ന കിണറുകൾ

ബ്രിട്ടീഷ്​ ഇന്ത്യയിൽ ഗാർഹികാവശ്യത്തിനും കൃഷിക്കും പുതിയ ജലസേചന പദ്ധതികൾ വേണമെന്ന ആലോചനഘട്ടത്തിലാണ് ഭൂഗർഭജലം കുഴിച്ചെടുക്കണമെന്ന നിർദേശം ഉണ്ടായത്. സ്വാതന്ത്ര്യം ലഭിച്ച വർഷത്തിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊത്തം ജലത്തിെൻറ 35 ശതമാനം മാത്രമായിരുന്നു ഭൂഗർഭജലത്തിെൻറ ഓഹരി. 1970 വരെ ഗ്രൗണ്ട് വാട്ടർ ഉപഭോഗത്തിെൻറ കാര്യത്തിൽ രാജ്യം മുന്നിലായിരുന്നില്ല. ഹരിതവിപ്ലവമെന്ന ഓമനപ്പേരിൽ മണ്ണിനെ നിർദയം ചൂഷണംചെയ്യുന്ന രാസവള കേന്ദ്രീകൃത കൃഷിരീതി എത്തിയതോടെ ഭൂഗർഭജല ചൂഷണത്തിെൻറ ഗതിവിഗതികൾ മാറിമറിഞ്ഞു. അമേരിക്കയിൽനിന്ന്​ ഇറക്കുമതി നടത്തി, സ്വാർഥതൽപരരായ ഇന്ത്യൻ കാർഷിക ശാസ്​ത്രജ്ഞന്മാരാൽ േപ്രാത്സാഹിപ്പിക്കപ്പെട്ട ഹരിതവിപ്ലവത്തിെൻറ മറവിൽ ലക്ഷക്കണക്കിന് ട്യൂബ്​വെല്ലുകളും ബോർവെല്ലുകളും ഉത്തരേന്ത്യയിൽ ഒരു പകർച്ചവ്യാധിപോലെ കുഴിക്കപ്പെട്ടു.

ഇന്ന്​ ലോകത്ത്​ ഏറ്റവും കൂടുതൽ ഭൂഗർഭജലം ഊറ്റിയെടുക്കുന്ന രാജ്യമാണ് ഇന്ത്യ. തൊട്ടുപിന്നിൽ അമേരിക്കയും ചൈനയും നിലകൊള്ളുന്നു. ആഗോള ഭൂഗർഭജലത്തിെൻറ 25 ശതമാനവും ഇന്ത്യയിൽനിന്നാണ് കുഴിച്ചെടുക്കുന്നത്. രാജ്യത്ത് ഇപ്പോൾ കൃഷിക്കെടുക്കുന്ന മൊത്തം ജലത്തിെൻറ 70 ശതമാനവും ഭൂഗർഭജലമാണ്. 2006-07 വർഷത്തിൽ 1.46 മില്യൺ കുഴൽക്കിണറുകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2013-14 വർഷമായപ്പോഴേക്കും കിണറുകളുടെ എണ്ണം 2.6 ദശലക്ഷമായി ഉയർന്നുവെന്ന് ചെറുകിട ജലസേചനത്തെ സംബന്ധിച്ച് കേന്ദ്ര ജലവിഭവ വകുപ്പ് 2017 ഡിസംബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഭൂഗർഭജലം താഴുന്ന പ്രവണത കേരളത്തിലും ദൃശ്യമാണ്. പാലക്കാട് ജില്ലയിൽ വർഷങ്ങളായി ഭൂജലം താഴുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽക്കിണറുകളുള്ള ജില്ലകളുടെ പട്ടികയിലാണ് പാലക്കാടും തൃശൂരും കാസർകോടും. വേനൽക്കാലമാകുമ്പോൾ ഈ ജില്ലകളിൽ അനധികൃത കിണർ നിർമാണം അതിെൻറ പാരമ്യത്തിൽ എത്തുന്നുവെന്ന് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.

പെരുകുന്ന കുഴൽക്കിണറുകളും താഴുന്ന ഭൂഗർഭജല നിരപ്പും സൃഷ്​ടിക്കുന്നത് ഭൗമ അസന്തുലിതാവസ്ഥയാണ്​. അമേരിക്കൻ നാഷനൽ എയ്​റോനോട്ടിക്സ്​ ആൻഡ് സ്​പേസ്​ അഡ്മിനിസ്​േട്രഷനിലെ വിദഗ്​ധർ നൽകിയ മുന്നറിയിപ്പ് ഇവിടെ ഓർമിക്കേണ്ടതുണ്ട്. എല്ലാ ഖനനങ്ങളെയും പോലെ കുഴൽക്കിണർ ഖനനവും ഭൂമിക്ക്​ താങ്ങുന്നതിനപ്പുറത്തേക്കാണ് എത്തിയിരിക്കുന്നതെന്നാണ്​.

നിർണയിക്കാനാകാത്ത പരിസ്ഥിതി പ്രശ്നങ്ങൾ

കാലാവസ്ഥ വ്യതിയാനം വരൾച്ചയിലേക്കും ജലദൗർലഭ്യത്തിലേക്കുമാണ് എത്തിക്കുന്നത്. മഴ ലഭിക്കാതിരുന്നാൽ ഭൂമിക്കടിയിലെ ജലഅറകൾ ശോഷിക്കുന്നു. മണ്ണിനെ ചൂഷണം ചെയ്യുന്നതുപോലെ ഈ ജലഅറകളിലെ വെള്ളം ഊറ്റിയെടുത്താൽ ഭൂമിയിലെ ശുദ്ധജല​േസ്രാതസ്സുകൾ ഒരുകാലത്തും പൂർവസ്ഥിതിയിലാക്കാൻ കഴിയാത്തവിധം പൂർണമായും വറ്റിപ്പോകുമെന്ന് പ്ര​േത്യ്രകം പറയേണ്ടതില്ല.

വലിയതോതിൽ ഭൂഗർഭജലം ഊറ്റിയെടുക്കു​േമ്പാൾ മേൽമണ്ണിലെ ജലാംശം കുറഞ്ഞുവരുകയും സസ്യങ്ങൾ കരിയുന്നതിനിടയാക്കുകയും ചെയ്യുന്നു. മണ്ണിനടിയിലെ ജലത്തിെൻറ പ്രകൃതിദത്തമായ ചലനം നിശ്ചലമാക്കുകയും വെള്ളത്തിെൻറ അളവ് കുറയുകയും ചെയ്യു​േമ്പാൾ നിരനിരയായി നിൽക്കുന്ന വൻവൃക്ഷങ്ങൾപോലും ഒരേസമയത്ത് ഉണങ്ങുന്ന ദൃശ്യങ്ങൾ കാണപ്പെട്ടിട്ടുണ്ട്. മേൽമണ്ണ് വിണ്ടുകീറുന്നപോലെ അന്തർഭാഗത്തും വലിയ വിള്ളലുകൾ ഉണ്ടാകുന്നു. മഴ നന്നായി ലഭിച്ചാൽപോലും ഭൂമിക്കുള്ളിലെ ഈ മുറിവുകൾ തുന്നിച്ചേർക്കാൻ പ്രയാസമാണ്.

2025 ആകുമ്പോഴേക്കും ലോകജനസംഖ്യ ഏകദേശം 1000 കോടിയായി ഉയരുമെന്നാണ് കരുതപ്പെടുന്നത്. ഈ ജനസംഖ്യയിൽ മൂന്നിൽ രണ്ടു ഭാഗവും നഗരവാസികളുമായിരിക്കും. വരുംനാളുകളിൽ നാഗരിക ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ഗാർഹികാവശ്യത്തിനുള്ള ജലത്തിെൻറ കുറവായിരിക്കുമെന്ന് സാമൂഹികശാസ്​ത്ര പഠനങ്ങളിൽ പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.

(ലേഖകൻ ലണ്ടൻ ആസ്ഥാനമായുള്ള സയൻസ്​ ഡെവലപ്​മെൻറ് ന്യൂസ്​ ഏജൻസി സീനിയർ കറസ്​പോണ്ടൻറാണ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:earthGround water exploitation
News Summary - Ground water exploitation that kills the earth
Next Story