ഗ്രാന്റ് സലാം
text_fieldsപ്രശാന്തമായൊരിടത്ത്, അക്ഷോഭമായ കാലാവസ്ഥയിൽ നടക്കുന്ന ആക്രമണോത്സുക പോരാട്ടമെന്നാണ് ടെന്നിസ് കളിയെ വിശേഷിപ്പിക്കാറുള്ളത്. കാൽപന്തുപോലെയോ ക്രിക്കറ്റ് പോലെയോ അല്ലിത്. കളിക്കളത്തിലെ ആവേശം ഒരിക്കലും ഗാലറിയിൽ പ്രതിഫലിക്കില്ല. കാരണം, അവിടെയും അച്ചടക്കത്തിന്റേതായ കളിനിയമങ്ങൾ ബാധകമാണ്. അതിനാൽ, സ്വന്തം താരം പോയന്റ് സമ്പാദിക്കുമ്പോഴോ മറ്റോ കൈയടിക്കാൻ അവസരം കിട്ടുന്നതുതന്നെ മഹാഭാഗ്യമായി കരുതി, കളികണ്ട് ഇറങ്ങിപ്പൊയ്ക്കൊള്ളണമെന്നാണ് നിയമം.
പക്ഷേ, കോർട്ടിലൊരിടത്ത് സാനിയ പ്രത്യക്ഷപ്പെടുന്നതോടെ ഈ കളിനിയമങ്ങളെല്ലാം മാറും. സാനിയ റാക്കറ്റ് പിടിക്കുന്നതോടെ, കോർട്ടിലെ സർവ ആരവങ്ങളും ആക്രോശങ്ങളായി ഗാലറിയിലേക്കും മാധ്യമങ്ങളിലേക്കുമെല്ലാം പടരും. ടെന്നിസ് കളിയുടെ ‘എബിസിഡി’ അറിയാത്തവർപോലും ആ നിമിഷം വലിയ കളിയാരാധകരാവും. സാനിയയുടെ പ്രതിഭാവിലാസം കൊണ്ടായിരുന്നില്ല ഈ ആവേശം; മതം, ലിംഗം, ദേശീയത, രാജ്യസ്നേഹം തുടങ്ങിയ സകല സങ്കൽപങ്ങളുടെയും ഉരകല്ലുകൂടിയായിരുന്നല്ലോ ഈ താരറാണി. 20വർഷത്തെ കരിയർ അവസാനിപ്പിച്ച്, സാനിയ മടങ്ങുമ്പോൾ ചോദ്യം ഇതാണ്: ഈ കളിയാവേശക്കാർ ഇനി എന്തു ചെയ്യും?
അല്ലെങ്കിലും, സാനിയ വിരമിക്കുമ്പോൾ അതിൽ വലിയ വാർത്തയുണ്ട്. ടെന്നിസിൽ ഒരാളുടെ ശരാശരി വിരമിക്കൽ പ്രായം 27 എന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നുവെച്ചാൽ, ഫുട്ബാളിലും ക്രിക്കറ്റിലുമെല്ലാം ഒരാളുടെ പ്രതിഭ പൂർണതയിൽ ശോഭിക്കുന്ന സമയം ടെന്നിസിൽ അസ്തമയ ദശയാണ്. 30 കഴിഞ്ഞ് അവിടെ തിളങ്ങുന്നവർ നന്നേ വിരളം. അവിടെയാണ്, 36ലെത്തി നിൽക്കുന്ന സാനിയയുടെ വിരമിക്കൽ പ്രഖ്യാപനം. ദുബൈ മാസ്റ്റേഴ്സായിരുന്നു അവസാന വേദി.അതിനുമുന്നേ, ഔദ്യോഗിക പ്രഖ്യാപനം വന്നതാണ്. ഇനിയും വയ്യ; പത്തു വർഷം മുമ്പേ സിംഗിൾസ് അവസാനിപ്പിച്ചതാണ്.
അതിനുശേഷവും വലിയ വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്; ഡബ്ൾസിൽ ഒന്നാം റാങ്കിൽ വരെയെത്തി. ഇപ്പോൾ, പഴയപോലെ കാലുകൾക്ക് ചലനവേഗമില്ല; പരിക്കുകൾ നിരന്തരമായി അലട്ടുന്നു. ഇതിനിടയിൽ ഒരു കുഞ്ഞിന് ജന്മം നൽകി. മകൻ വളർന്നുവരുകയാണ്. ഇനി കൂടുതൽ സമയം അവനൊപ്പം ചെലവഴിക്കണം. അപ്പോൾപിന്നെ റാക്കറ്റ് താഴെവെക്കുകതന്നെ.
ജനുവരിയിൽ ആസ്ട്രേലിയൻ ഓപണിന് ഇറങ്ങുമ്പോൾ കായികലോകം ഉറപ്പിച്ചിരുന്നു, ഇത് സാനിയയുടെ അവസാന ഗ്രാന്റ് സ്ലാം ആയിരിക്കുമെന്ന്. വനിത ഡബ്ൾസിൽ രണ്ടാം റൗണ്ടിൽതന്നെ പുറത്തായി. പക്ഷേ, ബൊപ്പണ്ണക്കൊപ്പം മിക്സഡ് ഡബ്ൾസ് ഏവരെയും അതിശയിപ്പിച്ചു. കരിയറിന്റെ അവസാന നിമിഷങ്ങളിലും പ്രതിഭയുടെ മിന്നലാട്ടങ്ങൾ ലോകം കണ്ടു. ആ പോരാട്ടം അവസാനിച്ചത് ഫൈനലിലാണ്. അവിടെ പക്ഷേ, കാലിടറി. അതിനുശേഷമാണ് ദുബൈ മാസ്റ്റേഴ്സിലെ വിടവാങ്ങൽ മത്സരം.
18 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ; എണ്ണം പറഞ്ഞ ആറ് ഗ്രാന്റ് സ്ലാം കിരീടങ്ങൾ; 35ൽപരം മറ്റു ചാമ്പ്യൻഷിപ് നേട്ടങ്ങൾ വേറെയും. വനിത ടെന്നിസിൽ ഇന്ത്യക്ക് സ്വന്തമായൊരു മേൽവിലാസമുണ്ടാക്കിക്കൊടുത്ത സാനിയയുടെ കരിയർ സ്റ്റാറ്റിസ്റ്റിക്സിനെ ഇങ്ങനെ ചുരുക്കാം. അതുവരെയും, തീർത്തുമൊരു ടെലിവിഷൻ വിനോദം മാത്രമായിരുന്ന വനിത ടെന്നിസിനെയാണ് സാനിയ ഇത്രമേൽ ജനപ്രിയമാക്കിയതെന്നോർക്കണം.
അതിന്റെ പേരിൽ അർജുനയും ഖേൽരത്നയും പത്മഭൂഷണുമെല്ലാം നൽകി ആദരിക്കുകയും ചെയ്തു. പക്ഷേ, ഈ സ്റ്റാറ്റിസ്റ്റിക്സിനും ആദരവുകൾക്കുമപ്പുറം നേരത്തേ സൂചിപ്പിച്ച ഉരകല്ലായി മാത്രം മാറാനായിരുന്നു എക്കാലത്തും സാനിയയുടെ വിധി. അതുകൊണ്ടാണ്, വിരമിക്കുന്നതിന്റെ തലേന്നാളും ‘ഞാനൊരു വിമതയല്ല, എന്നെ വെറുതെവിടൂ’ എന്ന് അവർക്ക് പറയേണ്ടി വന്നത്. തിരിഞ്ഞുനോക്കുമ്പോൾ, സാനിയയെ കുറ്റപ്പെടുത്താനാവില്ല. ഓരോ സമയത്തും കോർട്ടിനുപുറത്ത് പരീക്ഷണങ്ങളുടെ പലവിധ ഉരകല്ലുകളിലൂടെയാണ് അവർ കടന്നുപോയത്; മാധ്യമങ്ങൾ അതിനെ ‘വിവാദങ്ങൾ’ എന്നുവിളിച്ചു.
കരിയറിന്റെ തുടക്കം തൊട്ട് കുതിച്ചുപാഞ്ഞ ചരിത്രമാണ് സാനിയയുടേത്. ആദ്യ അഞ്ച് വർഷത്തിനുള്ളിൽതന്നെ, റാങ്ക് 50ൽ താഴെ എത്തി; അതുപിന്നെ 27 വരെയെത്തി. അപ്പോഴും, നാട്ടുകാർക്ക് പ്രശ്നം സാനിയയുടെ കളിക്കളത്തിലെ വേഷവിധാനമായിരുന്നു. സാനിയയുടെ മതം അതോടെ വലിയ ചർച്ചയായി; സാനിയയെ ഒടുവിൽ രക്ഷിച്ചത് ജംഇയ്യതുൽ ഉലമായെ ഹിന്ദ് ആണെന്ന് വേണമെങ്കിൽ പറയാം. ആ വേഷം മതപരമായി അംഗീകരിക്കാനാവില്ലെങ്കിലും ഒരാളുടെയും വ്യക്തിസ്വാതന്ത്ര്യത്തിൽ കൈകടത്താൻ ആർക്കും അധികാരമില്ലെന്ന് അവർ പ്രസ്താവനയിറക്കിയതോടെ രംഗം ഒരൽപം കെട്ടടങ്ങി.
പെട്ടെന്നാണ് മറ്റൊരു ട്വിസ്റ്റ്. ദേശീയപതാക വെച്ചിരുന്നൊരു മേശയിൽ കാല് കയറ്റിവെച്ച് ഇരിക്കുന്ന സാനിയയുടെ ചിത്രം ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത് ആയിടക്കാണ്. അതോടെ, ‘ദേശവിരുദ്ധ’യായ സാനിയക്കുപിറകെയായി ആൾക്കൂട്ടം. അതുവരെയും മതനിഷേധിയായി മുദ്രയടിക്കപ്പെട്ടിരുന്ന സാനിയ ആ ‘ഒറ്റയിരുപ്പിൽ’ ഒന്നാം തരം മുസ്‍ലിമായി മാറി. അതിന് ആക്കം വെച്ചത് വിവാഹത്തോടുകൂടിയാണ്. പാകിസ്താൻ മുൻ ക്രിക്കറ്റ് നായകൻ ശുഹൈബ് മാലിക്കായിരുന്നു വരൻ. 2010ലെ ആസ്ട്രേലിയൻ ഓപൺ നടക്കുമ്പോൾ പാക് ടീം അവിടെ പര്യടനത്തിലാണ്. സാനിയ ഒന്നാം റൗണ്ടിൽ തന്നെ തോറ്റു പുറത്തായി.
പാകിസ്താന്റെ കാര്യവും ഏതാണ്ട് അതുതന്നെ. നിരാശയുടെ ആ ദിനങ്ങളിലാണ് ശുഹൈബും സാനിയയും കണ്ടുമുട്ടിയതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതും. അതോടെ ‘ദേശവിരുദ്ധ’യായ സാനിയയെ കാവിപ്പട ‘പാകിസ്താന്റെ മരുമകൾ’ എന്ന് ആക്ഷേപിച്ചു. ഇന്ത്യയുടെ ഹൃദയം പാകിസ്‍താനിക്കുകൊടുത്തുവെന്ന് ബാൽ താക്കറെ അലമുറയിട്ടു. തൊട്ടടുത്തവർഷം, ലോകകപ്പ് ക്രിക്കറ്റ് നടക്കുകയാണ്. സെമിയിൽ ഇന്ത്യ-പാക് പോരാട്ടം. ചരിത്ര പ്രസിദ്ധമായ ക്രിക്കറ്റ് നയതന്ത്രത്തിന്റെ നാമ്പുകൾ വിരിഞ്ഞ മത്സരം. സമാധാനത്തിനായുള്ള ആ ‘യുദ്ധ’ത്തിലും പല കാമറക്കണ്ണുകളും സാനിയക്കുനേരെ തിരിച്ചുവെച്ചു.
അവരുടെ ഭാഗ്യംകൊണ്ടുമാത്രം, പാകിസ്താൻ പരാജയപ്പെട്ടു. 2012ലെ ബെയ്ജിങ് ഒളിമ്പിക്സിലുമുണ്ടായി മറ്റൊരു ദേശീയപതാക വിവാദം. അപ്പോഴും പതിവുപോലെ, ദേശവിരുദ്ധതയും വിമതയുമൊക്കെയായി. രണ്ട് പതിറ്റാണ്ടിന്റെ കരിയർ എടുത്തുപരിശോധിച്ചാൽ, എല്ലാ വർഷവും കാണും ഇതുപോലുള്ള വിവാദങ്ങൾ. ഇതിനിടയിലും കോർട്ടിൽ പൊരുതുകയായിരുന്നു; എതിരാളികളോടും പരിക്കിനോടും ജീവിതത്തോടും. മൂന്നിനെയും ഒരുവിധത്തിൽ അതിജീവിച്ചുവെന്നുതന്നെ പറയണം.
1986 നവംബർ 15ന് ഇംറാൻ മിർസയുടെയും നസീമയുടെയും രണ്ട് പെൺമക്കളിൽ മൂത്തവളായി മുംബൈയിൽ ജനനം.സ്പോർട്സ് ജേണലിസ്റ്റായിരുന്ന ഇംറാൻ ‘സ്പോർട്സ് കാൾ’ എന്ന പേരിൽ സ്വന്തമായി മാസികയൊക്കെ നടത്തിയിരുന്നു. പിന്നീടാണ് ഹൈദരാബാദ് കേന്ദ്രീകരിച്ച് ബിസിനസ് തുടങ്ങിയത്. ഇക്കാലത്താണ് സാനിയയെ ടെന്നിസ് പരിശീലനത്തിന് അയച്ചത്. മഹേഷ് ഭൂപതിയുടെ പിതാവ് സി.കെ. ഭൂപതിയുടെ കീഴിലായിരുന്നു ആദ്യ പരിശീലനം. പരിശീലനത്തിന് പണം തികയാതെ വന്നപ്പോൾ സ്പോൺസർഷിപ്പിനായി ഇംറാൻ കുറെ അലഞ്ഞിട്ടുണ്ട്. പിന്നീട് സെക്കന്തരാബാദിലെ ഒരു അക്കാദമിയിൽ പ്രവേശനം കിട്ടിയതോടെ തലവരയും മാറി.
ജൂനിയർ താരമായിരിക്കെ 10 സിംഗിൾ കിരീടം സ്വന്തമാക്കി. 2001 മുതൽ സീനിയർ തലത്തിൽ മത്സരം തുടങ്ങി. 2002ലെ ദേശീയ ഗെയിംസിൽ സ്വർണം നേടിയതാണ് ആദ്യ നേട്ടങ്ങളിലൊന്ന്. അതേ വർഷം യു.എസ് ഓപണിലെ പ്രകടനവും എടുത്തുപറയണം. ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ സാനിയ ഒരു സെലിബ്രിറ്റിയായി മാറുന്നത് അവിടുന്നങ്ങോട്ടാണ്. ആ ആഘോഷങ്ങൾ ഇപ്പോഴും തുടരുന്നു. അതുകഴിഞ്ഞേ സാനിയയുടെ കളിയും നേട്ടവും പ്രതിപാദിക്കാറുള്ളൂ. അടുത്തൂൺപറ്റിയ സാനിയ ശിഷ്ടകാലം ഇന്ത്യയിലോ അതോ പാകിസ്താനിലോ എന്നതാണ് സർവ പണ്ഡിറ്റുകളുടേയും ചോദ്യം. തൽക്കാലം യു.എ.ഇ സർക്കാർ ഗോൾഡൻ വിസ കൊടുത്തിട്ടുണ്ട്. അതുവെച്ച്, പത്ത് വർഷമെങ്കിലും അവിടെ കഴിയാം.