Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ഒ​രു​ക്ക​മാ​ണോ പ്ര​വാ​സി​യു​ടെ കൈ​പി​ടി​ക്കാ​ൻ?

text_fields
bookmark_border
സ​ർ​ക്കാ​ർ ഒ​രു​ക്ക​മാ​ണോ പ്ര​വാ​സി​യു​ടെ കൈ​പി​ടി​ക്കാ​ൻ?
cancel

തൊഴിലില്ലായ്മയും മാന്ദ്യവും വിലക്കയറ്റവുമെല്ലാം തളർത്തുമ്പോഴും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത് ഗൾഫ് നാടുകളിൽ വിയർപ്പൊഴുക്കുന്ന 25 ലക്ഷത്തോളം വരുന്ന മലയാളി പ്രവാസികളാണ്. യു.എ.ഇ, ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നെത്തുന്ന പതിനായിരക്കണക്കിന് കോടി രൂപയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി നമ്മുടെ സമ്പത്തിന്റെ നട്ടെല്ല്. എന്നാൽ, മാറിമാറി വന്ന ഒരു സർക്കാരും രണ്ട് കാര്യങ്ങൾ ഗൗരവത്തോടെ ചിന്തിച്ചില്ല: ഈ മനുഷ്യരുടെ ക്ഷേമം നമ്മൾ എങ്ങനെ ഉറപ്പാക്കും? ഈ പ്രവാസിപ്പണത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും കേരളത്തിന്റെ ഭാവി വികസനങ്ങളിലേക്ക് എങ്ങനെ വഴിതിരിച്ചുവിടും? പ്രവാസിയുടെ സംഭാവനകൾ പ്രസംഗങ്ങളിൽ വാഴ്ത്തപ്പെടുകയും നയരൂപീകരണങ്ങളിൽ അവഗണിക്കപ്പെടുകയും ചെയ്തു. പ്രവാസി വരുമാനം പൊതു അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധനമാക്കി മാറ്റാനുള്ള വലിയൊരു വികസന സാധ്യത നാളിതുവരെ നമ്മൾ തൊടാതെ വിട്ടു.

പുതിയ സർക്കാരിൽ പ്രവാസി വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ നേരിട്ട് വഹിക്കുമ്പോൾ ഒരു വലിയ ജനവിഭാഗത്തിന്റെ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെക്കുകയാണ്. ആ പ്രതീക്ഷയുടെ ചിറകിലേറി നാടിന്റെ വികസനവും പ്രവാസിയുടെ ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാൻ ഉതകുന്ന ഒരു പദ്ധതിയുടെ ആശയം സർക്കാരിന് മുന്നിൽ വെക്കുന്നു.

വികസനത്തിന് മൂലധനം പ്രവാസി നൽകും

പ്രവാസികൾക്ക് വെറും 1000 രൂപയോ അതിന്റെ ഗുണിതങ്ങളോ നൽകി പങ്കാളികളാകാൻ കഴിയുന്ന ഒരു സുസ്ഥിര നിക്ഷേപ പദ്ധതി നോർക്കയുടെ കീഴിൽ ആരംഭിക്കുക. സംഭാവനയായല്ല, പൂർണമായും തിരികെ ലഭിക്കുന്ന സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ. പ്രവാസികളിൽ അൻപത് ശതമാനം പേർ മാത്രം പങ്കാളികളായാൽ പോലും വർഷം തോറും 1000 മുതൽ 1500 കോടി രൂപ വരെയുള്ള വികസന നിധി ഇത്തരത്തിൽ സമാഹരിക്കാനാകും. പദ്ധതികൾ സർക്കാർ വിജയകരമായി നടപ്പിലാക്കിയാൽ പ്രവാസികൾ തുറന്ന മനസ്സോടെ തങ്ങളുടെ വിഹിതം വർധിപ്പിക്കാൻ സന്നദ്ധരാകും.

കേരളത്തെ തുറമുഖ നഗരമാക്കാനും ഏവിയേഷൻ സിറ്റിയാക്കാനുമടക്കമുള്ള വലിയ സ്വപ്ന പദ്ധതികൾക്ക് ഇതുവഴി സ്ഥിരതയുള്ള മൂലധനം ലഭിക്കും. സ്വരൂപിച്ച തുക ശരിയാംവിധം വിനിയോഗിച്ചാൽ നിശ്ചിത കാലാവധിക്ക് ശേഷം അടച്ച തുകക്ക് പുറമെ നല്ലൊരു ലാഭവിഹിതവും തിരികെ നൽകാനാവും. അടിയന്തിര ഘട്ടങ്ങളിൽ ഷെയർ മാർക്കറ്റിലെ പോലെ നിക്ഷേപം എളുപ്പത്തിൽ പിൻവലിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയാൽ പദ്ധതി കൂടുതൽ ആകർഷകമാവും. നിക്ഷേപിക്കുന്ന തുക പൂർണമായും സുരക്ഷിതമായിരിക്കണം. ഫണ്ട് മാനേജ്‌മെന്റ് സുതാര്യമായി ഓഡിറ്റ് ചെയ്യപ്പെടണം. നിക്ഷേപകർക്ക് പരാതികൾ ഉണ്ടായാൽ അത് പരിഹരിക്കാൻ പ്രത്യേക അധികാരമുള്ള ഓംബുഡ്‌സ്‌മാനെക്കൂടി നിയോഗിച്ചാൽ വിശ്വാസ്യതയേറും.

ഈ പദ്ധതിയുടെ യഥാർഥ വിജയം നിക്ഷേപകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിലാണ്. പദ്ധതിയിൽ പങ്കാളികളാകുന്നവരുടെ കുടുംബത്തിന് സൗജന്യ ആരോഗ്യ ഇൻഷുറൻസ്, മക്കൾക്ക് ചൂഷണങ്ങളില്ലാതെ മികച്ച ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കാൻ വിദ്യാഭ്യാസ വായ്പ, കടബാധ്യതകളില്ലാതെ സ്വപ്നഭവനം പണിയാൻ ലളിതമായ ഭവന വായ്പ, വാഹനങ്ങൾ അടക്കമുള്ള വലിയ പർച്ചേസുകളിൽ പ്രത്യേക ഇളവുകൾ തുടങ്ങിയ സവിശേഷ പിന്തുണകൾ ഏർപ്പെടുത്തിയാൽ ഒരു പ്രവാസി പോലും ഈ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കില്ല എന്നുറപ്പ്. മക്കളുടെ പഠനവും വീടും കുടുംബത്തിന്റെ ക്ഷേമവും മനസ്സിൽകണ്ടാണല്ലോ നാടും നഗരവും വിട്ട്, മഴയും മാമ്പഴക്കാലവും മറന്ന് മലയാളി മരുഭൂമിയിലേക്ക് പ്രവാസപ്പെടുന്നത്. പ്രവാസി കുടുംബത്തിലെ മുതിർന്ന പൗരർക്കായി പ്രത്യേക പരിരക്ഷാ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയാൽ സർക്കാർ പുതുതായി മുന്നോട്ടുവെച്ച വയോജന വകുപ്പിന്റെ പ്രവർത്തനങ്ങളും കൂടുതൽ അർഥവത്താവും.

പലപ്പോഴും പ്രവാസികളുടെ ഏറ്റവും വലിയ ആശങ്ക തിരിച്ചുപോക്കിനെക്കുറിച്ചാണ്. നിക്ഷേപത്തിന്റെ ഒരു ഭാഗം മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി, അവരുടെ പുതിയ സംരംഭങ്ങൾക്ക് വായ്പയായോ സബ്‌സിഡിയായോ നൽകിയാൽ അതിനും പരിഹാരമാവും.

മുന്നിലുണ്ട് ആഗോള മാതൃകകൾ

ഇതൊരു അപ്രായോഗിക സ്വപ്നമല്ല. പ്രവാസികളുടെ ചെറിയ വരിസംഖ്യ ഉപയോഗിച്ച് ഫിലിപ്പീൻസ് ‘ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ’ (OWWA) എന്ന പേരിൽ ഇൻഷുറൻസും സ്കോളർഷിപ്പും വിജയകരമായി നൽകുന്നുണ്ട്. മെക്സിക്കോയും ഇസ്രായേലും സമാനമായ പ്രവാസി ബോണ്ടുകൾ നടപ്പാക്കിയിട്ടുണ്ട്. നമ്മുടെ സ്വന്തം നെടുമ്പാശ്ശേരി വിമാനത്താവളം പ്രവാസി നിക്ഷേപം വിജയകരമായി ഉപയോഗിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്!

തുടങ്ങാം പുതിയൊരു സംസ്കാരം

കേരളത്തിന് ഇത് പൂജ്യത്തിൽ നിന്ന് തുടങ്ങേണ്ടതില്ല. നോർക്കക്ക് കീഴിൽ നിലവിൽ രജിസ്ട്രേഷനും ഇൻഷുറൻസ് പദ്ധതികളും നിക്ഷേപ കമ്പനികളും ഉണ്ട്. പാളങ്ങൾ ഇവിടെ റെഡിയാണ്; അതിനെയെല്ലാം ഒരൊറ്റ വലിയ ജനകീയ പദ്ധതിയായി കോർത്തിണക്കി മുന്നാട്ടുകുതിക്കാനുള്ള ലക്ഷ്യബോധമാണ് ഇനി വേണ്ടത്.

പ്രവാസികളെ കേരളത്തിന്റെ വികസന പങ്കാളിയായി കാണുന്ന ഒരു പുതിയ രാഷ്ട്രീയ സംസ്കാരത്തിന് ഇത് വഴി തുടക്കം കുറിക്കാനാവും. കഴിഞ്ഞ അൻപത് വർഷമായി ഗൾഫ് മലയാളി കേരളത്തെ ചുമലിലേറ്റുകയാണ്. പ്രവാസി എപ്പോഴും നൽകിയിട്ടേയുള്ളൂ. അവർക്ക് അർഹമായത് തിരികെ നൽകാനുള്ള സമയമാണിത്, ഒപ്പം കേരളത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും.

roshanparavoor@gmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatedevelopmentGovernmentArticepreparedExpatriates
News Summary - Will the government come together to hold the hands of the expatriate?
Next Story